Friday, 24 February 2017

കാസ്പർ ഷുൾട്സ് – 37ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകൻ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അൽപ്പനേരം കഴിഞ്ഞ് മാർക്ക് ഹാഡ്ട് അവിടെയെത്തുന്നു. ട്രെയിനിൽ വച്ച് കൊല്ലപ്പെട്ടത് ഹാൻസ് മുള്ളർ അല്ല എന്ന വസ്തുത വെളിപ്പെടുന്നതോടെ കൂടുതൽ വിവരങ്ങൾക്കായി ട്രെയിനിലെ പരിചാരകൻ ഓട്ടോ ഷ്മിഡ്ടിന്റെ ഫ്ലാറ്റിൽ ഷാവേസും ഹാഡ്ടും എത്തുന്നു. ഏതാനും നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ വാതിലിൽ തട്ടുന്നു. കെട്ടിടത്തിന്റെ പിൻ‌ഭാഗത്തെ ഫയർ എസ്കേപ്പ് വഴി ഷാവേസും ഹാഡ്ടും രക്ഷപെടുന്നു. അവർക്ക് പിന്നാലെ രക്ഷപെടാനുള്ള ശ്രമത്തിൽ ഷ്മിഡ്ട് താഴെ വീണ് മരിക്കുന്നു.പരസ്പരം സന്ധിച്ച് മടങ്ങുവാനൊരുങ്ങവെ ഇൻസ്പെക്ടർ സ്റ്റെയ്നറെ കണ്ട് ഷാവേസും സർ ജോർജ്ജും പരിഭ്രാന്തരാകുന്നു. സർ ജോർജ്ജിന്റെ കാറിന്റെ പിൻസീറ്റിനടിയിൽ ഒളിച്ചുകിടന്ന് രക്ഷപെട്ട ഷാവേസ് അന്നയുടെ ഫ്ലാറ്റിൽ എത്തുന്നു. ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്ക് കണ്ടുപിടിച്ച  മാർക്ക് ഹാഡ്ടിനെ കാണുവാനായി ബ്ലാങ്കെനീസിലേക്ക് പോകുവാൻ ഇരുവരും തീരുമാനിക്കുന്നു. അന്നയെ കാറിൽ ഇരുത്തിയ ശേഷം ഷാവേസും ഹാഡ്ടും കൂടി മതിൽ ചാടിക്കടന്ന് ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്കിനുള്ളിൽ പ്രവേശിക്കുന്നു. അപ്രതീക്ഷിതമായി എത്തിയ പരിചാരികയുടെ കണ്ണിൽപ്പെടാതിരിക്കാൻ ഷാവേസ് ഒരു അലമാരയുടെയുള്ളിൽ കയറി ഒളിക്കുന്നു. അലമാരയുടെ വാതിൽ തുറന്ന പരിചാരിക ജിസേലയിൽ നിന്നും മുള്ളറിന്റെ റൂം നമ്പർ മനസ്സിലാക്കി അവിടെയെത്തിയ ഷാവേസ് കണ്ടത് ഇൻസ്പെക്ടർ സ്റ്റെയ്നറുടെ പിടിയിലായ ഹാഡ്ടിനെയാണ്. മൽപ്പിടുത്തത്തിലൂടെ അയാളിൽ നിന്നും രക്ഷപെട്ട് ഇരുവരും മതിൽ ചാടുന്നതിനിടയിൽ ചുമലിൽ വെടിയേറ്റ ഹാഡ്ട് വീണ്ടും സ്റ്റെയ്നറുടെ പിടിയിലാകുന്നു. റോഡിലെത്തിയ ഷാവേസ് അന്നയെ വീട്ടിൽ കൊണ്ടുചെന്നാക്കിയിട്ട് കാറുമായി തിരികെയെത്തി ക്ലിനിക്കിന് എതിർവശത്തുള്ള ബാറിൽ കയറുന്നു. ക്ലിനിക്കിൽ നിന്നും പുറത്തേക്ക് വന്ന ആംബുലൻസ് പോയിരിക്കുന്നത് ബേൺ‌ഡോർഫിലുള്ള കുർട്ട് നാഗെലിന്റെ കൊട്ടാരത്തിലേക്കാണെന്ന് ഷാവേസ് മനസ്സിലാക്കുന്നു.അന്നയുടെ അപ്പാർട്ട്മെന്റിൽ തിരികെയെത്തിയ ഷാവേസ് നേരം പുലർന്നതും അവളോടൊപ്പം  ബേൺ‌ഡോർഫിലേക്ക് പുറപ്പെടുന്നു. അന്നയെ അവിടെ നിർത്തിയിട്ട് തടാകത്തിന് നടുവിൽ നിലകൊള്ളുന്ന കൊട്ടാരം അടുത്ത് വീക്ഷിക്കുവാനായി ഷാവേസ് ഒരു ചെറുവള്ളത്തിൽ യാത്രയാകുന്നു. ഒരു മോട്ടോർ ബോട്ടിൽ അവിടെയെത്തിയ സ്റ്റെയ്നറും സഹായിയും ഷാവേസിനെ പിടികൂടി കൊട്ടാരത്തിനുള്ളിലേക്ക് കൊണ്ടുപോകുന്നു. സംഘത്തിന്റെ പിടിയിലായ അന്നയെയും ഹാഡ്ടിനെയും ഷാവേസ് അവിടെ കണ്ടുമുട്ടുന്നു. കാസ്പർ ഷുൾട്സിനെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തുവാനായി മറ്റൊരു മുറിയിൽ തടങ്കലിൽ കഴിയുന്ന മുള്ളറിനരികിലേക്ക് ഷാവേസിനെ സംഘം അയക്കുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് കാസ്പർ ഷുൾട്സ് മരണമടഞ്ഞുവെന്നും അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ ഇപ്പോൾ തന്റെ സഹോദരിയുടെ കൈവശമാണുള്ളതെന്നും പറഞ്ഞിട്ട് മുള്ളർ അന്ത്യശ്വാസം വലിക്കുന്നു. തന്ത്രത്തിൽ ഹാൻസിനെ മുറിയിലേക്കെത്തിച്ച ഷാവേസ് അയാളെ കൊലപ്പെടുത്തിയിട്ട് പുറത്ത് കടന്ന് തന്റെ കൂട്ടാളികളെ രക്ഷിക്കുവാൻ ശ്രമിക്കുന്നു. അന്നയെയും ഹാഡ്ടിനെയും സ്വതന്ത്രരാക്കി തടാകത്തിൽ ചാടി നീന്തി കരയിലെത്തിയ മൂവരെയും തേടി സ്റ്റെയ്നറും സംഘവും വേട്ടനായ്ക്കളോടൊപ്പം എത്തുന്നു. ജർമ്മൻ നവീകരണ പ്രസ്ഥാനത്തിന്റെ നായകൻ ഹോപ്റ്റ്മാന് നേർക്കുള്ള വധശ്രമം തടയുന്നതിനായി അവരിലൊരാളെങ്കിലും ഹാംബർഗിൽ എത്തിയേ തീരൂ എന്നത് കൊണ്ട് രണ്ട് ഗ്രൂപ്പുകളായി നീങ്ങുവാൻ അവർ തീരുമാനിക്കുന്നു. വേട്ടനായ്ക്കളോടൊപ്പമുള്ള സ്റ്റെയ്നറെയും സംഘത്തെയും വഴി തെറ്റിക്കാനായി ഹാഡ്ട് ഒറ്റയ്ക്ക് ഇറങ്ങിപ്പെടുന്നു.തിരികെ സത്രത്തിൽ എത്തിയ ഷാവേസും അന്നയും സഹായത്തിനായി സർ ജോർജ്ജിനെ ഫോണിൽ ബന്ധപ്പെടുന്നു. സർ ജോർജിന്റെ കാറിൽ ഹാംബർഗിൽ എത്തിയ ഷാവേസ് അന്നയെ അവളുടെ താമസസ്ഥലത്ത് വിട്ടിട്ട് സർ ജോർജിന്റെ ഹോട്ടലിലേക്ക് പോകുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി മുള്ളറുടെ സഹോദരി തപാൽ വഴി എത്തിച്ച വിവരം അന്ന ഹോട്ടലിലേക്ക് വിളിച്ച് ഷാവേസിനെ അറിയിക്കുന്നു. ഹോപ്റ്റ്മാൻ വിഷയം ചർച്ച ചെയ്യുവാനായി ജർമ്മൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ വോൺ ക്രോളിനെ കാത്ത് ഷാവേസ് ഹോട്ടലിൽ ഇരിക്കുന്നു.ഷാവേസിൽ നിന്നും കാര്യങ്ങൾ ഗ്രഹിച്ച വോൺ ക്രോൾ അദ്ദേഹത്തെയും കൂട്ടി ഹോപ്റ്റ്മാനെ രക്ഷിക്കാനായി പുറപ്പെടുന്നു. പോകുന്ന വഴിയിൽ അന്നയുടെ അപ്പാർടെമെന്റിൽ കയറിയ ഷാവേസ് അവളെ ആരോ തട്ടിക്കൊണ്ടു പോയി എന്നറിയുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി അഗ്നിക്കിരയാക്കിയതായും അന്നയെ കൊലപ്പെടുത്തിയതായും സ്റ്റെയ്നർ ഷാവേസിനെ ഫോണിൽ വിളിച്ചറിയിക്കുന്നു.നാഗെലിന്റെ വസതിയിലെ പൂന്തോട്ടത്തിൽ എത്തിയ ഇരുവരും സ്റ്റെയ്നറെയും കാത്ത് ഇരിക്കുന്നു. ഹോപ്റ്റ്മാനെ വധിക്കുവാൻ എത്തിയ സ്റ്റെയ്നറെയും സ്റ്റെയ്നർക്ക് അടയാളം കൊടുക്കുവാനായി ടെറസിന് മുകളിൽ എത്തിയ നാഗെലിനെയും വോൺ ക്രോൾ വെടിവച്ച് കൊല്ലുന്നു. ശേഷം തോക്ക് സ്റ്റെയ്നറുടെ കൈകളിൽ പിടിപ്പിച്ചിട്ട് ഇരുവരും പുറത്ത് കടക്കുന്നു. തിരികെ അന്നയുടെ അപ്പാർട്മെന്റിൽ എത്തിയ ഷാവേസ്, ഹാഡ്ടിനെ അവിടെ കണ്ട് സ്ത്ബ്ധനാകുന്നു. അന്നയുടെ വിയോഗത്തിൽ മനം തകർന്ന ഹാഡ്ടിനെ ആശ്വസിപ്പിക്കാനാവാതെ ഷാവേസ് പുറത്തിറങ്ങുന്നു.ഇംഗ്ലണ്ടിലേക്കുള്ള മടക്കയാത്രയിൽ കപ്പലിൽ വച്ച് ഷാവേസ് സർ ജോർജിനെ കണ്ടു മുട്ടുന്നു. അദ്ദേഹവുമായുള്ള സംഭാഷണത്തിനിടയിൽ ഞെട്ടിക്കുന്ന ആ രഹസ്യത്തിന്റെ വിത്തുകൾ ഷാവേസിന് മുന്നിൽ വീണു കിട്ടുന്നു. യുദ്ധകാലത്ത് ഇംഗ്ലണ്ടിന് മേൽ ജർമ്മനി വിജയം കൈവരിക്കുകയാണെങ്കിൽ അധിനിവേശ ഇംഗ്ലണ്ടിന്റെ ഭരണാധികാരിയായി സ്ഥാനമേറ്റെടുക്കുവാൻ സർ ജോർജ് ഹാർവി കാസ്പർ ഷുൾട്സുമായി ധാരണയിലെത്തിയിരുന്നുവെന്നും നാഗെൽ ആയിരുന്നു അതിന്റെ ഇടനിലക്കാരൻ എന്നും വെളിപ്പെടുത്തിയതിന് ശേഷം അദ്ദേഹം ഷാവേസിന് നേർക്ക് നിറയൊഴിക്കുവാൻ ഒരുങ്ങുന്നു. അപ്രതീക്ഷിതമായി ഒരു നാവികന്റെ വേഷത്തിൽ സർ ജോർജിന് പിന്നിലെത്തിയ ഹാഡ്ട് അദ്ദേഹത്തെ അടിച്ച് വീഴ്ത്തി കടലിൽ എറിയുന്നു. ഇനിയൊരിക്കലും പരസ്പരം കാണാൻ സാദ്ധ്യതയില്ല എന്ന വാക്കോടെ വിട ചൊല്ലി ഹാഡ്ട് തിരിഞ്ഞു നടക്കുന്നു.തുടർന്ന് വായിക്കുക...


ഓഫീസിലേക്ക് കയറിച്ചെല്ലുമ്പോൾ കാര്യമായി എന്തോ ടൈപ്പ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ജീൻ ഫ്രേസർ. അവളുടെ മേശയുടെ ഒരരികിൽ കയറിയിരുന്ന് പാക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് അവൾ ടൈപ്പിങ്ങ് പൂർത്തിയാക്കുന്നത് വരെ ഷാവേസ് കാത്തിരുന്നു.

കണ്ണാടി ഊരിമാറ്റി പിറകോട്ട് ചാരിയിരുന്നിട്ട് അവൾ അദ്ദേഹത്തെ അത്ഭുതത്തോടെ നോക്കി. “എന്ത് പറ്റി...? വല്ലാതെ ക്ഷീണിച്ചിരിക്കുന്നുവല്ലോ... അത്രയ്ക്കും കഠിനമായിരുന്നുവോ...?”

“എന്ന് ചോദിച്ചാൽ ശരിക്കും ബുദ്ധിമുട്ടി... ആട്ടെ, എന്റെ റിപ്പോർട്ട് അദ്ദേഹം വായിച്ചുവോ...?”

അവൾ തല കുലുക്കി. “രാവിലെ ഓഫീസിൽ എത്തിയ ഉടൻ അദ്ദേഹം ചെയ്തത് അതാണ്... റിപ്പോർട്ട് താങ്കൾ നേരിട്ട് കൊണ്ടുവരുമെന്നാണ് കരുതിയത്...”

“എനിക്ക് അല്പം ഉറങ്ങണമായിരുന്നു... കഴിഞ്ഞ കുറേ ദിവസങ്ങളായി ഒട്ടും സമയം കിട്ടിയിട്ടില്ല ഉറങ്ങാൻ...” ഷാവേസ് പറഞ്ഞു.

“ങ്‌ഹും... ഒരു അവധിയാണ് താങ്കൾക്കിപ്പോൾ അത്യാവശ്യം...” അവൾ അഭിപ്രായപ്പെട്ടു.

“അതെ... അത് തന്നെയാണ് എന്റെ ഇപ്പോഴത്തെ ആവശ്യവും... അദ്ദേഹം അകത്തുണ്ടോ...?”

“ഉണ്ട്... താങ്കളെ കാത്തിരിക്കുകയാണ്...” അവൾ തല കുലുക്കി.

കണ്ണാടി തിരികെ മുഖത്ത് വച്ചിട്ട് അവൾ വീണ്ടും ടൈപ്പിങ്ങിലേക്ക് ശ്രദ്ധ തിരിച്ചു. ഷാവേസ് എഴുന്നേറ്റ് എതിർവശത്തുള്ള വാതിലിന് നേർക്ക് നടന്നു.

വാതിൽ തുറന്ന് പ്രത്യക്ഷപ്പെട്ട ഷാവേസിന്റെ നേർക്ക് തലയുയർത്തിയ ചീഫിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. “പോൾ, നിങ്ങളുടെ കോൾ വരുന്നതും കാത്ത് ഇരിക്കുകയായിരുന്നു ഞാൻ... റിപ്പോർട്ട് വായിച്ച് നോക്കിയിട്ട് ഇത്തവണ നിങ്ങൾ ശരിക്കും കഷ്ടപ്പെട്ടുവെന്നാണല്ലോ തോന്നുന്നത്...”

എതിരെയുള്ള കസേരയിൽ ഷാവേസ് ചടഞ്ഞിരുന്നു. “ഒരു വല്ലാത്ത ദൌത്യമായിപ്പോയി... സർ ജോർജ് ഹാർവിയെക്കുറിച്ച് ഒരു നേരിയ സംശയം പോലും തോന്നിയില്ലേ താങ്കൾക്കൊരിക്കലും...?”

ചീഫ് തലയാട്ടി. “യുദ്ധാരംഭത്തിന് മുമ്പ് പല പ്രമുഖരും നാസി ആദർശങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു എന്നത് സത്യമാണ്... തുടക്കത്തിൽ കുറേ നാൾ  വളരെ നല്ല രീതിയിലാണ് ഹിറ്റ്‌ലർ ഭരണം നടത്തിയിരുന്നതെന്ന കാര്യവും മറക്കരുത്... ഹാർവിയെപ്പോലെ തന്നെ ചിന്തിച്ചിരുന്ന പല രാഷ്ട്രീയ പ്രവർത്തകരും അക്കാലത്ത് ഇംഗ്ലണ്ടിലുണ്ടായിരുന്നു...”

“കൂർമ്മബുദ്ധിയോടെ എല്ലാം നോക്കിക്കണ്ട് അണിയറയിൽത്തന്നെ മറഞ്ഞിരിക്കുവാൻ അവസാനം വരെയും അദ്ദേഹത്തിന് കഴിഞ്ഞു....” ഷാവേസ് പറഞ്ഞു. “എന്ത് വില കൊടുത്തും കാസ്പർ ഷുൾട്സിന്റെ ലിഖിതങ്ങൾ നശിപ്പിച്ചു കളയുക എന്നത് അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു...”

“ങ്ഹും... ഒന്നോർത്താൽ കാര്യങ്ങൾ ഈ വിധത്തിൽ കൈകാര്യം ചെയ്തതിൽ നിങ്ങൾ അഭിനന്ദനം അർഹിക്കുന്നു... ലോകത്തിന് മുന്നിൽ അഭിമുഖീകരിച്ചേക്കാമായിരുന്ന വലിയൊരു അപവാദത്തിൽ നിന്നുമാണ് ഇംഗ്ലണ്ടിനെ നിങ്ങൾ രക്ഷിച്ചത്...”

“അതിന് താങ്കൾ നന്ദി പറയേണ്ടത് എന്നോടല്ല... ഹാഡ്ടിനോടാണ്...” ഷാവേസ് പറഞ്ഞു. “കൃത്യസമയത്ത് അയാൾ അത് ചെയ്തില്ലായിരുന്നെങ്കിൽ സർ ജോർജിന് പകരം ഞാനാകുമായിരുന്നു ആ കൈവരികൾക്ക് മുകളിലൂടെ കടലിൽ പതിക്കുന്നത്...”

“കേട്ടിട്ട് അയാൾ ആള് കൊള്ളാമെന്ന് തോന്നുന്നല്ലോ...” ചീഫ് പറഞ്ഞു. “അയാൾക്ക് ഒരു ജോലിയുടെ ആവശ്യമൊന്നും ഇല്ലെന്നുണ്ടോ...?”

ഷാവേസ് നിഷേധാർത്ഥത്തിൽ തലയാട്ടി. “താങ്കൾ വെറുതെ സമയം കളയുകയാണ്... വ്യക്തമായ കാഴ്ച്ചപ്പാടുകളുള്ള ഒരു മനുഷ്യനാണയാൾ...”

“വെറുതെ ഒരു ചിന്ത മനസ്സിലൂടെ പോയി എന്ന് മാത്രം...” ഒന്ന് ചിരിച്ചിട്ട് ചീഫ് ആ റിപ്പോർട്ട് എടുത്ത് ഒന്നു കൂടി ഓടിച്ചു നോക്കി.

അല്പനേരം കഴിഞ്ഞ് അദ്ദേഹം തുടർന്നു. “അപ്പോൾ ഈ പറയുന്ന സംഘത്തിലെ നാഗെലും സ്റ്റെയ്നറും ഇനിയൊരിക്കലും ആർക്കും പ്രശ്നങ്ങളൊന്നും ഉണ്ടാക്കില്ല എന്നുറപ്പായി അല്ലേ...?

“അതെ... പിന്നെ ആ കൊട്ടാരത്തിലെ കാവൽക്കാരൻ ഒരു ഹാൻസ്... അയാളെ ഞാൻ തന്നെ വകവരുത്തി...”

“ഡോക്ടർ ക്രൂഗർ... അയാളുടെ കാര്യമോ...? പലർക്കും ഒരു ശല്യമായി അയാൾ ഇനിയും അവിടെത്തന്നെയുണ്ടല്ലോ...”  ചീഫ് അഭിപ്രായപ്പെട്ടു.

പോക്കറ്റിൽ നിന്നും ഒരു ന്യൂസ്പേപ്പർ എടുത്ത് ഷാവേസ് മേശപ്പുറത്തിട്ടു. “ഇന്നത്തെ മദ്ധ്യാഹ്നപത്രമാണ്... രണ്ടാമത്തെ പേജിൽ താഴെ നോക്കിയാൽ താങ്കൾക്കൊരു വാർത്ത കാണാം... ഹാംബർഗിലെ പേരുകേട്ട ഡോക്ടറായ ഓട്ടോ ക്രൂഗറിന് അകാല മരണം... ഹാംബർഗിലെ ഒരു സ്വകാര്യ  എയർഫീൽഡിൽ നിന്നും പറന്നുയർന്ന വിമാനം തകർന്ന് വീണ് ഡോക്ടർ ക്രൂഗർ കൊല്ലപ്പെട്ടു...  മുന്നൂറടി ഉയരത്തിൽ നിന്നും കൂപ്പുകുത്തിയ ആ ചെറുവിമാനത്തിന്റെ ലക്ഷ്യം അജ്ഞാതമായിരുന്നു...”

“എങ്ങോട്ടായിരുന്നിരിക്കാം അയാൾ രക്ഷപെടാൻ ശ്രമിച്ചത്...? യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക്...?” ചീഫ് സംശയം പ്രകടിപ്പിച്ചു.

ഷാവേസ് തല കുലുക്കി. “ആയിരിക്കും... അതാണല്ലോ ഇങ്ങനെയുള്ളവരുടെ ഇപ്പോഴത്തെ ഇഷ്ടകേന്ദ്രം...”

“ലക്ഷ്യം ഏതായിരുന്നെങ്കിലും അത് ഫലം കണ്ടില്ല...” ചീഫ് പുഞ്ചിരിച്ചു. “അതാണ് വോൺ ക്രോൾ... തന്റെ കാൽക്കീഴിൽ ഒരു ചെറുപുല്ല് പോലും വളരാൻ അദ്ദേഹം അനുവദിക്കില്ല...”

“അദ്ദേഹത്തിന്റെ പ്രവർത്തന രീതി... അതെനിക്കിഷ്ടപ്പെട്ടു...” ഷാവേസ് പറഞ്ഞു. “ഇത്രയും കഴിവുള്ള വ്യക്തിയാണെന്നും ഇതാണ് അദ്ദേഹത്തിന്റെ പ്രവൃത്തിമണ്ഡലമെന്നും കണ്ടാൽ പറയില്ല... അതൊരു മുതൽക്കൂട്ടാണ് അദ്ദേഹത്തിന്...”

“അതെ... ഒരു ഉത്തമ വ്യക്തിത്വം...” ചീഫ് നെടുവീർപ്പിട്ടു. “എന്തായാലും ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്... എല്ലാ ജർമ്മൻ‌കാരും നാസികളായിരുന്നില്ല... അതുപോലെ തന്നെ ഹാംബർഗ് പോലീസിലെ എല്ലാവരും സ്റ്റെയ്നറെപ്പോലെ അല്ല എന്നതും...”

അഭിപ്രായമൊന്നും പ്രകടിപ്പിക്കാതെ ഷാവേസ് തല കുലുക്കി. തുടർച്ചയായുള്ള ഉറക്കക്കുറവ് കുറച്ചൊന്നുമല്ല അലട്ടുന്നത്. ഇത്രയധികം ക്ഷീണിതനായി ഒരിക്കലും താൻ കാണപ്പെട്ടിട്ടില്ലെന്ന് അദ്ദേഹത്തിന് തോന്നി. കണ്ണുകളടച്ച് അല്പനേരം വിശ്രമിക്കുവാനായി അദ്ദേഹം ശ്രമിച്ചു.

പൊരുതിത്തോൽപ്പിക്കുവാൻ ശ്രമിക്കുന്ന ക്ഷീണത്തോട് മല്ലിട്ടുകൊണ്ട് അദ്ദേഹം കണ്ണുകൾ വലിച്ചു തുറന്നു. റിപ്പോർട്ട് അടച്ചു വച്ചിട്ട് തലയുയർത്തി ചീഫ് അദ്ദേഹത്തെ നോക്കി. “എല്ലാം കൂടി നോക്കുമ്പോൾ കാര്യങ്ങൾ ഇതിലും വഷളാവേണ്ടതായിരുന്നുവെന്ന് തോന്നുന്നു... പക്ഷേ, ഭാഗ്യത്തിന് അതുണ്ടായില്ല...”

“താങ്കളതിനെ അത്തരത്തിൽ കാണുന്നതിൽ സന്തോഷമുണ്ട്....” ഷാവേസ് പറഞ്ഞു. “ആ കൈയെഴുത്തുപ്രതി നമുക്ക് നഷ്ടമായി... ഷുൾട്സ് ആണെങ്കിൽ മുമ്പേ മരണമടയുകയും ചെയ്തു...”

“പക്ഷേ, ഹെൻ‌ട്രിച്ച് ഹോപ്റ്റ്മാന്റെ ജീവനാണ് നിങ്ങൾ രക്ഷിച്ചത്...” ചീഫ് പറഞ്ഞു. “മാത്രവുമല്ല മാളം പുകച്ച് കുറേ വൃത്തികെട്ട എലികളെ വകവരുത്തുകയും ചെയ്തു നിങ്ങൾ... അതുകൊണ്ട് തന്നെ അത്ര നിരാശനൊന്നുമല്ല ഞാൻ...”

അദ്ദേഹം തന്റെ സിഗരറ്റ് പാക്കറ്റ് തുറന്ന് ഒരെണ്ണം പുറത്തെടുത്തു. “പക്ഷേ, ആ പെൺകുട്ടി... അന്നാ ഹാർട്മാൻ... അവൾക്ക് സംഭവിച്ചത്... വല്ലാത്ത കഷ്ടമായിപ്പോയി... അസാമാന്യ ധൈര്യവതി തന്നെയായിരുന്നിരിക്കണം അവൾ...”

ഷാവേസ് പതുക്കെ തലയാട്ടി. “ധൈര്യവതി... അതിനുമപ്പുറമായിരുന്നു അവൾ... പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ ഭാഗം എന്ന നിലയിൽ ഏറെ അവഹേളനങ്ങൾ ഏറ്റുവാങ്ങിയവൾ... താങ്കൾക്കറിയുമോ... ഞാനുമായി പ്രണയത്തിലായിരുന്നു അവൾ...”

അത് പറഞ്ഞു കഴിഞ്ഞതും തന്റെ കൈകൾക്ക് വിറയൽ അനുഭവപ്പെടുന്നത് പോലെ തോന്നി ഷാവേസിന്. കസേരയിൽ നിന്നും എഴുന്നേറ്റ് ജാലകത്തിനരികിൽ ചെന്ന് അദ്ദേഹം പൂന്തോട്ടത്തിലേക്ക് നോക്കിക്കൊണ്ട് നിന്നു. ദൂരെ എവിടെ നിന്നോ വന്ന ഒരു കുഞ്ഞു കാറ്റ് ജാലകച്ചില്ലിൽ തഴുകി കടന്നു പോയി. പൂന്തോട്ടത്തിലെ മരത്തിന്റെ ചില്ലയിൽ ഉണ്ടായിരുന്ന അവസാനത്തെ ഇല ആ ഇളംകാറ്റിൽ കൊഴിഞ്ഞ് തത്തിക്കളിച്ച് താഴെ ഈർപ്പം നിറഞ്ഞ പുൽപ്പരപ്പിലേക്ക് പതിച്ചു. ഘനീഭവിച്ച ദുഃഖം കടിച്ചമർത്തിയെന്ന പോലെ ആ മരം അനാവൃതമായി നിലകൊണ്ടു.

“അപ്പോൾ അങ്ങനെയായിരുന്നുവല്ലേ...?” പിന്നിലെത്തിയ ചീഫ് പതുക്ക് ചോദിച്ചു.

ഷാവേസ് പതുക്കെ തിരിഞ്ഞു. “ഈ ഓഫീസിലേക്ക് പ്രവേശിക്കുമ്പോൾ എന്റെ രാജിക്കത്ത് താങ്കൾക്ക് കൈമാറുവാനായിരുന്നു എന്റെ ഉദ്ദേശ്യം...”

“എന്നിട്ട് ഇപ്പോഴോ...?”

ഒരു നെടുവീർപ്പിന് ശേഷം കുട്ടിത്തം നിറഞ്ഞ മുഖത്തോടെ ഷാവേസ് മന്ദഹസിച്ചു. “ഇപ്പോൾ... താങ്കൾ അന്ന് വാഗ്ദാനം ചെയ്ത ആ അവധിക്കാലം ഇപ്പോൾ ലഭിച്ചിരുന്നെങ്കിൽ എന്ന് ആശിക്കുന്നു...”

ചീഫിന്റെ മുഖത്ത് ആശ്വാസത്തിന്റെ തണൽ പടർന്നു. “ആ പറഞ്ഞത് ന്യായം... ഒരു നിമിഷനേരത്തേക്ക് നിങ്ങൾ എന്നെ വിഷമിപ്പിച്ചു കളഞ്ഞു...” അദ്ദേഹം പുഞ്ചിരിച്ചു. “നിങ്ങൾ അങ്ങേയറ്റം ക്ഷീണിച്ചിരിക്കുന്നു... അതാണ് കാര്യം... എനിക്കറിയാം... ഒന്നിന് പിറകെ ഒന്നായി രണ്ട് കഠിനദൌത്യങ്ങൾ... സാരമില്ല... ഇനി ഒരു ആറ് ആഴ്ച്ചക്കാലം ഇതിൽ നിന്നെല്ലാം മാറി നിന്ന് നിങ്ങൾക്ക് വിശ്രമിക്കാം... കുറച്ച് നാൾ പോയി വെയിൽ കായാം... ബർമുഡയിലേക്കൊരു വിനോദയാത്ര എന്തുകൊണ്ടും അഭികാമ്യമായിരിക്കും ഈ സീസണിൽ...”

“അപ്പോൾ ചെലവുകളൊക്കെ...?” ഷാവേസ് പുരികമുയർത്തി.

ചീഫ് പുഞ്ചിരിച്ചു. “പുറത്തിറങ്ങുമ്പോൾ ജീനിനെ കാണൂ... എങ്ങോട്ടാണ് പോകേണ്ടതെന്ന് പറഞ്ഞാൽ മതി... ടിക്കറ്റും മറ്റ് ചെലവുകളും അവൾ അറേഞ്ച് ചെയ്യും...” ഒരു ദീർഘശ്വാസത്തിന് ശേഷം അദ്ദേഹം ആ ഫയൽ എടുത്തു. “ഇനി ഞാൻ ഈ റിപ്പോർട്ട് ഒന്ന് തയ്യാറാക്കിക്കോട്ടെ... ഇന്ന് രാത്രി ഫോറിൻ സെക്രട്ടറിയോടൊപ്പം ഒരു അത്താഴവിരുന്നിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തുന്നുണ്ട്... ഈ ദൌത്യത്തെക്കുറിച്ചുള്ള സകലവിവരങ്ങളും അറിയാൻ അദ്ദേഹത്തിന് തിടുക്കമായത്രെ...”

ചീഫ് പേനയെടുത്ത് ഫയലിൽ എഴുതുവാനുള്ള തയ്യാറെടുപ്പ് തുടങ്ങിയതും കതക് തുറന്ന് ഷാവേസ് പുറത്ത് കടന്നു.

ഫയലിങ്ങ് ക്യാബിനറ്റിന് സമീപം നിൽക്കുകയായിരുന്ന ജീൻ ഫ്രേസർ അദ്ദേഹത്തെ കണ്ടതും പുഞ്ചിരിയോടെ അരികിലെത്തി. “നിങ്ങളുടെ ആഗ്രഹം സാധിച്ചുവോ...?”

“എന്ന് പറയാം...” അദ്ദേഹം തല കുലുക്കി.

അവൾ മെമ്മോ പാഡ് എടുത്തു. “എങ്ങോട്ടാണ്...? ബർമുഡ...?”

നിഷേധരൂപേണ ഷാവേസ് തലയാട്ടി. “എൽ അൽ ഓഫീസിലേക്ക് വിളിച്ച് ടെൽ അവീവിലേക്ക് നാളെ രാവിലത്തെ അവരുടെ ഫസ്റ്റ് ഫ്ലൈറ്റിൽ ഒരു സീറ്റ് ബുക്ക് ചെയ്യൂ...”

“പക്ഷേ, എന്തുകൊണ്ട് ഇസ്രയേലിലേക്ക്...?” വാതിൽ തുറന്ന് പുറത്തേക്കിറങ്ങാൻ തുനിഞ്ഞ ഷാവേസിനോട് അവൾ ചോദിച്ചു.

തിരിഞ്ഞ് അവളെ നോക്കി അദ്ദേഹം പുഞ്ചിരിച്ചു. “അവിടെ ഒരു കുന്നുണ്ട്... ഗലീലി കടലിന് സമീപം  മിഗ്‌ദൽ എന്ന സ്ഥലത്ത്... അതിന് മുകളിൽ ചെന്ന് ആ കടലിലേക്ക് നോക്കി അല്പനേരം ഇരിക്കണം... ഒരു സുഹൃത്തിന് പണ്ടെങ്ങോ ഞാൻ കൊടുത്ത വാക്കാണ്...” വാതിൽ പതുക്കെ ചാരിയിട്ട് ഷാവേസ് പുറത്തേക്ക് നടന്നു.

പണ്ടെങ്ങോ...? താഴെ ഹാളിലേക്ക് നടക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിരിഞ്ഞു. കാരണം, ഒരിക്കൽക്കൂടി അവൾ തന്നോട് ചേർന്ന് തൊട്ടുരുമ്മി നടക്കുന്നത് പോലെ ഷാവേസിന് തോന്നുന്നുണ്ടായിരുന്നു. 
                                                        
                                                          * * *

പുതിയ സംരംഭമായ ‘ദി ഈഗ്‌ൾ ഹാസ് ഫ്ലോൺ’ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...