Saturday 29 October 2016

കാസ്പർ ഷുൾട്സ് – 22



ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...



ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനായ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.



റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.



ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അൽപ്പനേരം കഴിഞ്ഞ് മാർക്ക് ഹാഡ്ട് അവിടെയെത്തുന്നു. ട്രെയിനിൽ വച്ച് കൊല്ലപ്പെട്ടത് ഹാൻസ് മുള്ളർ അല്ല എന്ന വസ്തുത വെളിപ്പെടുന്നതോടെ കൂടുതൽ വിവരങ്ങൾക്കായി ട്രെയിനിലെ പരിചാരകൻ ഓട്ടോ ഷ്മിഡ്ടിന്റെ ഫ്ലാറ്റിൽ ഷാവേസും ഹാഡ്ടും എത്തുന്നു. ഏതാനും നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ വാതിലിൽ തട്ടുന്നു. കെട്ടിടത്തിന്റെ പിൻ‌ഭാഗത്തെ ഫയർ എസ്കേപ്പ് വഴി ഷാവേസും ഹാഡ്ടും രക്ഷപെടുന്നു. അവർക്ക് പിന്നാലെ രക്ഷപെടാനുള്ള ശ്രമത്തിൽ ഷ്മിഡ്ട് താഴെ വീണ് മരിക്കുന്നു.



പരസ്പരം സന്ധിച്ച് മടങ്ങുവാനൊരുങ്ങവെ ഇൻസ്പെക്ടർ സ്റ്റെയ്നറെ കണ്ട് ഷാവേസും സർ ജോർജ്ജും പരിഭ്രാന്തരാകുന്നു. സർ ജോർജ്ജിന്റെ കാറിന്റെ പിൻസീറ്റിനടിയിൽ ഒളിച്ചുകിടന്ന് രക്ഷപെട്ട ഷാവേസ് അന്നയുടെ ഫ്ലാറ്റിൽ എത്തുന്നു. ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്ക് കണ്ടുപിടിച്ച  മാർക്ക് ഹാഡ്ടിനെ കാണുവാനായി ബ്ലാങ്കെനീസിലേക്ക് പോകുവാൻ ഇരുവരും തീരുമാനിക്കുന്നു. അന്നയെ കാറിൽ ഇരുത്തിയ ശേഷം ഷാവേസും ഹാഡ്ടും കൂടി മതിൽ ചാടിക്കടന്ന് ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്കിനുള്ളിൽ പ്രവേശിക്കുന്നു. അപ്രതീക്ഷിതമായി എത്തിയ പരിചാരികയുടെ കണ്ണിൽപ്പെടാതിരിക്കാൻ ഷാവേസ് ഒരു അലമാരയുടെയുള്ളിൽ കയറി ഒളിക്കുന്നു. അലമാരയുടെ വാതിൽ തുറന്ന പരിചാരിക ജിസേലയിൽ നിന്നും മുള്ളറിന്റെ റൂം നമ്പർ മനസ്സിലാക്കി അവിടെയെത്തിയ ഷാവേസ് കണ്ടത് ഇൻസ്പെക്ടർ സ്റ്റെയ്നറുടെ പിടിയിലായ ഹാഡ്ടിനെയാണ്. മൽപ്പിടുത്തത്തിലൂടെ അയാളിൽ നിന്നും രക്ഷപെട്ട് ഇരുവരും മതിൽ ചാടുന്നതിനിടയിൽ ചുമലിൽ വെടിയേറ്റ ഹാഡ്ട് വീണ്ടും സ്റ്റെയ്നറുടെ പിടിയിലാകുന്നു. റോഡിലെത്തിയ ഷാവേസ് അന്നയെ വീട്ടിൽ കൊണ്ടുചെന്നാക്കിയിട്ട് കാറുമായി തിരികെയെത്തി ക്ലിനിക്കിന് എതിർവശത്തുള്ള ബാറിൽ കയറുന്നു.



തുടർന്ന് വായിക്കുക...


ഏതാനും നിമിഷങ്ങൾക്ക് ശേഷം ഒരു വലിയ ആംബുലൻസ് ആ ഗേറ്റിനകത്ത് നിന്നും പുറത്തേക്ക് വന്ന് മെയിൻ റോഡിലേക്ക് തിരിഞ്ഞു. തൊട്ടു പിന്നാലെ തന്നെ ഒരു വലിയ കറുത്ത സലൂൺ കാറും ഉണ്ടായിരുന്നു. ഷാവേസ് ശപിച്ചു. ആരും തങ്ങളെ പിന്തുടരുന്നില്ലെന്ന് ഉറപ്പ് വരുത്തുകയാണവർ...

ബാറിൽ നിന്നും പുറത്തിറങ്ങി നടപ്പാതയിലൂടെ നടക്കുമ്പോൾ അടുത്ത നീക്കം എന്തായിരിക്കണമെന്നതിനെക്കുറിച്ച് ആലോചിക്കുക്കയായിരുന്നു ഷാവേസ്. ആ നിമിഷമാണ് കോമ്പൌണ്ടിൽ നിന്നും പുറത്തിറങ്ങി തെരുവിലൂടെ മെയിൻ റോഡിലേക്ക് നടന്നു പോകുന്ന ജിസേലയെ അദ്ദേഹം ശ്രദ്ധിച്ചത്. അവൾക്കൊപ്പമെത്താനായി ഷാവേസ് നടപ്പിന്റെ വേഗത കൂട്ടി. തന്റെ കാറിന് സമീപത്ത് വച്ച് അവൾക്കൊപ്പമെത്തിയ അദ്ദേഹം ഒന്ന് മുരടനക്കി.

“ഒരു ലിഫ്റ്റ് തന്നാൽ സ്വീകരിക്കുമോ...?”  അദ്ദേഹം ചോദിച്ചു.

ഞെട്ടിത്തിരിഞ്ഞ അവളുടെ മുഖം അടുത്ത മാത്രയിൽ പ്രകാശിച്ചു. “ഓഹ്...! നിങ്ങളോ... ?” 

അവൾ അദ്ദേഹത്തിനടുത്തേക്ക് നീങ്ങി. അവളുടെ സ്വരത്തിൽ ഒരു വീരാരാധന നിറഞ്ഞിരുന്നു. “ആ കാളിനെ നിങ്ങൾ എന്താണ് ചെയ്തത്...!  അയാളുടെ രണ്ട് കാലുകളും ഒടിഞ്ഞു നുറുങ്ങിയെന്നാണവർ പറയുന്നത് കേട്ടത്...”

മന്ദഹസിച്ചു കൊണ്ട് ഷാവേസ് കാറിന്റെ ഡോർ തുറന്നു. “എവിടെയാണ് നിനക്ക് പോകേണ്ടത്...?”

അവൾ തലയാട്ടി. “ബുദ്ധിമുട്ടാവില്ലേ നിങ്ങൾക്ക്...? പോകേണ്ടത് ഫ്ലോട്ട്ബെക്കിലേക്കാണ്...”

“ങും... ആവശ്യത്തിന് ദൂരമുണ്ടല്ലോ...”  കാറിനുള്ളിലേക്ക് അദ്ദേഹം  അവളെ കൈപിടിച്ച് കയറ്റി.

മറുവശത്തെത്തി ഡോർ തുറന്ന് ഡ്രൈവിങ്ങ് സീറ്റിൽ കയറി അദ്ദേഹം കാർ സ്റ്റാർട്ട് ചെയ്തു. വിജനമായ തെരുവുകളിലൂടെ നീങ്ങവെ അദ്ദേഹം പറഞ്ഞു.  “ആ റൂം നമ്പർ പന്ത്രണ്ടിൽ എന്റെ സുഹൃത്ത് ഉണ്ടായിരുന്നില്ല... അയാളെ അവർ അവിടെ നിന്നും മാറ്റിയെന്ന് തോന്നുന്നു...”

“ഓഹ്...! അത് ഞാനറിഞ്ഞിരുന്നില്ല...”ആ പറഞ്ഞത് സത്യമാണെന്ന് അവളുടെ സ്വരത്തിൽ നിന്നും അദ്ദേഹത്തിന് മനസ്സിലായി.

“നിന്നെ അവിടെ വിട്ട് ഞാൻ പോന്നതിന് ശേഷം കൂടുതൽ പ്രശ്നങ്ങളെന്തെങ്കിലുമുണ്ടായോ പിന്നെ...?”

അവൾ ചുമൽ വെട്ടിച്ചു. “അവിടെ എപ്പോഴും എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ ഉണ്ടാകാറുള്ളതാണ്... അതു കൊണ്ട് ആരും അങ്ങനെ ഒന്നും പ്രത്യേകം ശ്രദ്ധിക്കാറില്ല... അവിടുത്തെ അന്തേവാസികളിൽ ചിലർ... പ്രത്യേകിച്ചും ചില സ്ത്രീകൾ അങ്ങേയറ്റം ആക്രമണകാരികളാണ്...”

“ഓ, ശരിക്കും...?” ഷവേസ് ചോദിച്ചു. “പറയൂ... ഈ ഡോക്ടർ ക്രൂഗറിന് വേറെ എവിടെയെങ്കിലും ക്ലിനിക്ക് ഉണ്ടോ...?”

“എന്റെയറിവിൽ ഇല്ല...” അവൾ തലയാട്ടി.

“കുറച്ച് മുമ്പ് നിങ്ങളുടെ ആംബുലൻസ് ഡ്രൈവർ ആ ബാറിൽ വന്നിരുന്നു... ഏതോ ഒരു രോഗിയെ ബേൺ‌ഡോർഫ് എന്ന സ്ഥലത്തേക്ക് കൊണ്ടുപോകാനുണ്ടെന്ന് പറയുന്നത് കേട്ടു...”  ഷാവേസ് പറഞ്ഞു.

ഓ, ബേൺ‌ഡോർഫ്...”  അവൾ പറഞ്ഞു. “ഇടയ്ക്കിടെ ആൾക്കാരെ അവർ അങ്ങോട്ട് കൊണ്ടുപോകാറുണ്ട്... ക്ലിനിക്കൊന്നുമല്ല അത്... ഒരു വിധം രോഗശമനം വന്നവരെയാണ് അങ്ങോട്ട് കൊണ്ടുപോകുന്നത്... പൂർണ്ണ രോഗമുക്തിക്കായി... ഡോക്ടർ ക്രൂഗലിന് ഒരു സുഹൃത്തുണ്ട്... ഒരു ഹെർ നാഗെൽ... അദ്ദേഹത്തിന് സ്വന്തമായി ഒരു കൊട്ടാരമുണ്ടവിടെ... അങ്ങോട്ടാണവരെ കൊണ്ടുപോകുന്നത്... മനോഹരമായ പ്രദേശമാണെന്നാണ് കേട്ടത്...”

“അത് ശരി...”  ഷാവേസ് സാധാരണ മട്ടിൽ പറഞ്ഞു. “ആട്ടെ, ഈ നാഗെൽ എന്ന് പറയുന്നയാൾ നിങ്ങളുടെ ക്ലിനിക്കിലെ സ്ഥിര സന്ദർശകനാണോ...?”

“അതെ... അദ്ദേഹവും ഡോക്ടർ ക്രൂഗലും ഉറ്റ സുഹൃത്തുക്കളാണ്...  മാത്രവുമല്ല, വലിയ ധനികനുമാണദ്ദേഹം... ഉരുക്ക് വ്യവസായമോ അങ്ങനെ എന്തൊക്കെയോ കുറേ പരിപാടികളുണ്ടെന്ന് തോന്നുന്നു...”  അവൾ പറഞ്ഞു.

പെട്ടെന്നാണ് ഷാവേസിനത് ഓർമ്മ വന്നത്... അന്നയുടെ അപ്പാർട്ട്മെന്റിൽ വച്ച് പത്രത്തിൽ വായിച്ച ഒരു വാർത്ത... കുർട്ട് നാഗെൽ എന്ന ഒരു വമ്പൻ വ്യവസായി... രാഷ്ട്രീയ വൃത്തങ്ങളിൽ നല്ല പിടിപാടുള്ള വ്യക്തി... ഹാംബർഗിൽ നടക്കുന്ന പീസ് കോൺഫറൻസിന്റെ സംഘാടകരിൽ പ്രമുഖൻ അദ്ദേഹമാണത്രെ... മാത്രവുമല്ല, കോൺഫറൻസിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ഈ വാരാന്ത്യത്തിൽ വലിയ വിരുന്നും അദ്ദേഹം ഒരുക്കുന്നുണ്ടത്രെ...

നാഗെലിനെപ്പോലെ ഒരു വ്യക്തി നാസി അധോലോകവുമായി കൈകോർത്ത് പ്രവർത്തിക്കുന്നു എന്നത് സത്യമാണെങ്കിൽ ചീഫ് വിചാരിച്ചതിനെക്കാളും ഗൌരവതരമാണ് കാര്യങ്ങളുടെ പോക്ക്...!

ജിസേലയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി ഡ്രൈവ് ചെയ്ത് കൊണ്ടിരിക്കവെ അദ്ദേഹത്തിന്റെ മനസ്സിൽ കണക്കുകൾ കൂട്ടലും കിഴിക്കലും നടത്തിക്കൊണ്ടിരുന്നു. ഒരു സാധാരണ തെരുവിലെ ഇടത്തരം വീടിന്റെ മുന്നിൽ കാർ പതുക്കെ നിന്നു.

“നിന്നോടൊപ്പമുള്ള യാത്ര ഞാൻ ശരിക്കും ആസ്വദിച്ചു...” അവൾ ഡോർ തുറക്കവെ അദ്ദേഹം പറഞ്ഞു.

അവൾ തിരിഞ്ഞ് ഷാവേസിനെ നോക്കി. “നിങ്ങൾ വരുന്നില്ലേ...? കുറച്ച് കഴിഞ്ഞിട്ട് പോകാം... ഭയപ്പെടാനൊന്നുമില്ല... വളരെ സുരക്ഷിതമാണ്... എല്ലാവരും ഉറങ്ങിയിട്ടുണ്ടാവും ഇപ്പോൾ...”

“ഇല്ല ജിസേലാ...” അദ്ദേഹം തലയാട്ടി. “പിന്നീടൊരിക്കലാവാം...”

മുന്നോട്ടാഞ്ഞ് അവൾ അദ്ദേഹത്തിന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. പിന്നെ ഒന്ന് നെടുവീർപ്പിട്ടു.

“നിങ്ങൾ പുരുഷന്മാർ... വല്ലാത്ത നുണയന്മാർ തന്നെ... എനിക്കറിയാം... വേണമെങ്കിൽ ഞാൻ ബെറ്റ് വയ്ക്കാം... ഒരിക്കലും ഇനി നിങ്ങളെ കാണാൻ കിട്ടില്ല എന്നതിന്...”  അവൾ പുറത്തേക്കിറങ്ങി.

അത് കാര്യമാക്കാതെ ഷാവേസ് വണ്ടി മുന്നോട്ടെടുത്തു. അല്പമൊരു പ്രത്യാശയോടെ അവൾ പാതവക്കിൽ തന്റെ കാറിനെ നോക്കി നിൽക്കുന്നത് അദ്ദേഹം റിയർ വ്യൂ മിററിലൂടെ കാണുന്നുണ്ടായിരുന്നു.  നിമിഷങ്ങൾകം ഷാവേസ് അവളെ മറന്നു കഴിഞ്ഞിരുന്നു. തന്റെ മുന്നിലുള്ള പ്രശ്നങ്ങളിൽ മാത്രമായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ ചിന്ത മുഴുവനും.

കാര്യങ്ങളുടെ ഗതി വച്ച് നോക്കിയാൽ ബേൺ‌ഡോർഫിൽ നാഗെലിന്റെ കൊട്ടാരത്തിലേക്കാണ് അവർ ഹാഡ്ടിനെ കൊണ്ടുപോയിരിക്കുന്നത്... അതിനർത്ഥം മുള്ളറും അവിടെത്തന്നെ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ്... അങ്ങോട്ട് ഒരു സന്ദർശനം നടത്തുക എന്നതാണ് അവശേഷിക്കുന്ന ഏക മാർഗ്ഗം... പക്ഷേ, അപകടകരമായിരിക്കും അത്... അത്യന്തം അപകടകരം... അന്നയുടെ അപ്പാർട്ട്മെന്റിലേക്കുള്ള പടവുകൾ കയറുമ്പോഴും അതേക്കുറിച്ച് തന്നെ ചിന്തിക്കുകയായിരുന്നു അദ്ദേഹം.

“നിങ്ങൾ വാക്ക് പാലിക്കുമെന്ന് എനിക്കറിയാമായിരുന്നു...” കിച്ചണിൽ പാചകം ചെയ്തു കൊണ്ടിരുന്ന അന്ന ഷാവേസിനെ കണ്ടതും പറഞ്ഞു.

ഷാവേസ് പുഞ്ചിരിച്ചു. “ഒരു നല്ല വാർത്തയുണ്ട്...  ഹാഡ്ടിനെ എങ്ങോട്ടാണവർ കൊണ്ടുപോയതെന്ന് അറിയാൻ കഴിഞ്ഞു.... മുള്ളറും അവിടെത്തന്നെ ഉണ്ടാകാനാണ് സാദ്ധ്യത... അവരുടെ തടവിൽ...”

അവളുടെ മുഖം പെട്ടെന്ന് പ്രകാശമാനമായി. കൂടുതൽ വിവരങ്ങൾക്കായി അവൾ അദ്ദേഹത്തിനരികിലെത്തി. എല്ലാം വിശദമായി കേട്ടതിന് ശേഷം അവൾ ആരാഞ്ഞു. “നമ്മുടെ അടുത്ത നീക്കം എന്താണ്...?”

ഒരു നിമിഷം അതെക്കുറിച്ചോർത്തിട്ട് ഷാവേസ് പുഞ്ചിരിച്ചു. “നാളെ രാവിലെ നമുക്ക് അവിടെ വരെ ഒന്ന് പോയാലോ എന്നാലോചിക്കുകയാണ്... ആ ഗ്രാമത്തിൽ സത്രം പോലെ എന്തെങ്കിലും ഉണ്ടാകാതിരിക്കില്ല... യുവമിഥുനങ്ങൾക്ക് നേരമ്പോക്കിനായി...”

ലജ്ജാവിവശയായി തിരിഞ്ഞ് അടുക്കളയിലേക്ക് നടക്കാനൊരുങ്ങിയ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ച ഷാവേസ് അവളുടെ താടി പിടിച്ചുയർത്തി ആ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി.

 “എന്നോടൊപ്പം ഒരു മധുവിധു ആഘോഷിക്കുന്നതിൽ എന്തെങ്കിലും വിരോധമുണ്ടോ നിനക്ക്...?”

അവളുടെ മുഖത്തെ ലജ്ജ മന്ദസ്മിതത്തിന് വഴി മാറിയത് പെട്ടെന്നായിരുന്നു. “ഇല്ലേയില്ല... എനിക്കൊരു മധുവിധു സമ്മാനിക്കുവാൻ അർഹതയുള്ള ഒരേയൊരു വ്യക്തി ഒരു പക്ഷേ, നിങ്ങൾ മാത്രമായിരിക്കും...”

ഷാവേസിന്റെ പുഞ്ചിരി മാഞ്ഞത് പെട്ടെന്നായിരുന്നു. ആ മുഖത്ത് പൊടുന്നനെ ഗൌരവം നിറഞ്ഞു. അവളെ തന്റെ മാറോടമർത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. “നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഒരിക്കലും അങ്ങനെയൊരു വിശ്വാസം വച്ചു പുലർത്തില്ലായിരുന്നു...”

“അങ്ങനെയാണെങ്കിൽ എനിക്ക് ഇനിയും പ്രതീക്ഷയുണ്ട്...” ഷാവേസിന്റെ കരവലയത്തിൽ നിന്നും അകന്നു മാറി അവൾ പുഞ്ചിരിച്ചു.  പിന്നെ അദ്ദേഹത്തെ പതുക്കെ തള്ളിക്കൊണ്ടു പോയി ലിവിങ്ങ് റൂമിൽ എത്തിച്ചു.  “ഇവിടെ ഇരിക്കൂ... ഞാൻ ഭക്ഷണം എടുത്തു കൊണ്ടു വരാം...”

ഷാവേസ് ഇരുന്ന സോഫയുടെ മുന്നിൽ അവൾ ഒരു ചെറിയ ടേബിൾ നീക്കിയിട്ടു. പിന്നെ കിച്ചണിൽ പോയി ഭക്ഷണം എടുത്തു കൊണ്ടുവന്ന് വിളമ്പിയിട്ട് എതിരെ ഒരു കസേരയിട്ട് അദ്ദേഹം കഴിക്കുന്നതും നോക്കി ഇരുന്നു.

അത്താഴം കഴിഞ്ഞ് പാത്രങ്ങളെല്ലാം എടുത്തു കൊണ്ടുപോയ അവൾ കോഫി തയ്യാറാക്കുന്നതും നോക്കി സോഫയിൽ ചാരിക്കിടന്ന ഷാവേസിന്റെ ഹൃദയം മധുരമായ ഒരു വികാരത്താൽ നിറഞ്ഞിരുന്നു. അവളോടൊത്തുള്ള ജീവിതവുമായി മുന്നോട്ട് പോകാമെന്നുള്ള തോന്നൽ ബലപ്പെട്ടിരിക്കുന്നു... ഈ ദൌത്യം കഴിയുന്നതോടെ ഈ രംഗത്ത് നിന്നും വിട പറയാനുള്ള തീരുമാനം ചീഫിന് മുന്നിൽ ശക്തിയുക്തം അവതരിപ്പിക്കേണ്ടിയിരിക്കുന്നു...

പക്ഷേ, വിചാരിക്കുന്നയത്ര എളുപ്പമായിരിക്കുമോ അത്...? ഷാവേസ് ചിന്തിച്ചു. കിച്ചണിലെ ജോലി കഴിഞ്ഞ് അരികിലെത്തിയ അവൾ മടിയിൽ കയറിയിരുന്ന് കഴുത്തിലൂടെ കൈകൾ കോർത്ത് കണ്ണുകളിലേക്ക് പ്രേമാർദ്രമായി നോക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ നിന്നും ആ ചിന്ത വിട്ടു പോയിരുന്നില്ല.
  
(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ല്ലിക്ക് ചെയ്യുക...

Saturday 22 October 2016

കാസ്പർ ഷുൾട്സ് – 21



ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...



ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനായ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.



റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.



ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അൽപ്പനേരം കഴിഞ്ഞ് മാർക്ക് ഹാഡ്ട് അവിടെയെത്തുന്നു. ട്രെയിനിൽ വച്ച് കൊല്ലപ്പെട്ടത് ഹാൻസ് മുള്ളർ അല്ല എന്ന വസ്തുത വെളിപ്പെടുന്നതോടെ കൂടുതൽ വിവരങ്ങൾക്കായി ട്രെയിനിലെ പരിചാരകൻ ഓട്ടോ ഷ്മിഡ്ടിന്റെ ഫ്ലാറ്റിൽ ഷാവേസും ഹാഡ്ടും എത്തുന്നു. ഏതാനും നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ വാതിലിൽ തട്ടുന്നു. കെട്ടിടത്തിന്റെ പിൻ‌ഭാഗത്തെ ഫയർ എസ്കേപ്പ് വഴി ഷാവേസും ഹാഡ്ടും രക്ഷപെടുന്നു. അവർക്ക് പിന്നാലെ രക്ഷപെടാനുള്ള ശ്രമത്തിൽ ഷ്മിഡ്ട് താഴെ വീണ് മരിക്കുന്നു.



പരസ്പരം സന്ധിച്ച് മടങ്ങുവാനൊരുങ്ങവെ ഇൻസ്പെക്ടർ സ്റ്റെയ്നറെ കണ്ട് ഷാവേസും സർ ജോർജ്ജും പരിഭ്രാന്തരാകുന്നു. സർ ജോർജ്ജിന്റെ കാറിന്റെ പിൻസീറ്റിനടിയിൽ ഒളിച്ചുകിടന്ന് രക്ഷപെട്ട ഷാവേസ് അന്നയുടെ ഫ്ലാറ്റിൽ എത്തുന്നു. ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്ക് കണ്ടുപിടിച്ച  മാർക്ക് ഹാഡ്ടിനെ കാണുവാനായി ബ്ലാങ്കെനീസിലേക്ക് പോകുവാൻ ഇരുവരും തീരുമാനിക്കുന്നു. അന്നയെ കാറിൽ ഇരുത്തിയ ശേഷം ഷാവേസും ഹാഡ്ടും കൂടി മതിൽ ചാടിക്കടന്ന് ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്കിനുള്ളിൽ പ്രവേശിക്കുന്നു. അപ്രതീക്ഷിതമായി എത്തിയ പരിചാരികയുടെ കണ്ണിൽപ്പെടാതിരിക്കാൻ ഷാവേസ് ഒരു അലമാരയുടെയുള്ളിൽ കയറി ഒളിക്കുന്നു. അലമാരയുടെ വാതിൽ തുറന്ന പരിചാരിക ജിസേലയിൽ നിന്നും മുള്ളറിന്റെ റൂം നമ്പർ മനസ്സിലാക്കി അവിടെയെത്തിയ ഷാവേസ് കണ്ടത് ഇൻസ്പെക്ടർ സ്റ്റെയ്നറുടെ പിടിയിലായ ഹാഡ്ടിനെയാണ്. മൽപ്പിടുത്തത്തിലൂടെ അയാളിൽ നിന്നും രക്ഷപെട്ട് ഇരുവരും മതിൽ ചാടുന്നതിനിടയിൽ ചുമലിൽ വെടിയേറ്റ ഹാഡ്ട് വീണ്ടും സ്റ്റെയ്നറുടെ പിടിയിലാകുന്നു.



തുടർന്ന് വായിക്കുക...


പിന്നെ ഒന്നിനും വേണ്ടി കാത്തു നിന്നില്ല ഷാവേസ്. ഔട്ട് ഹൌസിന്റെ ടെറസിൽ നിന്നും അദ്ദേഹം താഴേക്ക് ചാടി ഗേറ്റ് ലക്ഷ്യമാക്കി ഓടി.

ഗേറ്റ് കടന്ന് നടപ്പാതയിലൂടെ കാറിന് നേർക്ക് ഓടുമ്പോൾ അദ്ദേഹത്തിന്റെ കൈത്തണ്ട നന്നായി വേദനിക്കുന്നുണ്ടായിരുന്നു. ശ്വാസകോശങ്ങൾക്കുള്ളിൽ തീ പടർന്നത് പോലെ എരിയുന്നു... കാറിന്റെ ഡോർ തുറന്ന് ഉള്ളിൽ കയറി അത് വലിച്ചടച്ചു.

“ലെറ്റ്’സ് ഗെറ്റ് ഔട്ട് ഓഫ് ഹിയർ...!”   കിതച്ചുകൊണ്ട് അദ്ദേഹം അന്നയോട് പറഞ്ഞു.

“മാർക്ക് എവിടെ...?”  പരിഭ്രാന്തിയോടെ അന്ന അദ്ദേഹത്തെ നോക്കി.

“അന്നാ... തർക്കിക്കാതെ നീ വണ്ടിയെടുക്ക്... എത്രയും പെട്ടെന്ന് രക്ഷപെടണം...” ഷാവേസ് ശബ്ദമുയർത്തി.

ഒരു നിമിഷം അവൾ പ്രതിഷേധിക്കുവാനൊരുങ്ങുന്നത് പോലെ തോന്നി. പിന്നെ മനസ്സില്ലാ മനസ്സോടെ കാർ സ്റ്റാർട്ട് ചെയ്തു. ഏതാനും നിമിഷം കൊണ്ട് മെയിൻ റോഡിലെത്തിയ അവർ വേഗതയാർജിച്ച് ഹാംബർഗ് ലക്ഷ്യമാക്കി കുതിച്ചു.

“ആർ യൂ ഓൾ‌റൈറ്റ്...?” അല്പനേരത്തെ മൌനത്തിന് ശേഷം അവൾ ചോദിച്ചു.

ഷാവേസ് തല കുലുക്കി. “ആ മതിൽ ചാടിക്കടക്കുന്നതിനിടയിൽ എന്റെ കൈത്തണ്ട നന്നായി മുറിഞ്ഞു... എന്നാലും അത്ര സീരിയസ് ഒന്നുമല്ല...”

“മാർക്കിനെന്ത് സംഭവിച്ചു...?”

നടന്ന സംഭവങ്ങളെല്ലാം ചുരുങ്ങിയ വാക്കുകളിൽ അദ്ദേഹം അവളെ ധരിപ്പിച്ചു. എല്ലാം കേട്ട ശേഷം അവൾ ചോദിച്ചു. “എത്രത്തോളം മാരകമാണ് അദ്ദേഹത്തിന്റെ മുറിവ്...?”  അസാധാരണമാം വിധം ശാന്തമായിരുന്നു അവളുടെ സ്വരം.

“ചുമലിലാണ് വെടിയേറ്റതെന്നാണ് അയാൾ പറഞ്ഞത്... എങ്കിലും പേടിക്കാനൊന്നുമില്ലെന്ന് തോന്നുന്നു...” ഷാവേസ് പറഞ്ഞു.

“ഐ സീ.... നമ്മുടെ അടുത്ത നീക്കം എന്താണ്...?”

“ആദ്യം ഈ കൈത്തണ്ടയ്ക്ക് അല്പം ഫസ്റ്റ് എയ്ഡ് വേണം... വേദന സഹിക്കാൻ കഴിയുന്നില്ല...”

“അത് നമുക്ക് ശരിയാക്കാം... എന്റെ അപ്പാർട്ട്മെന്റിൽ ഫസ്റ്റ് എയ്ഡ് ബോക്സ് ഉണ്ട്...” അവൾ പറഞ്ഞു.

നിശ്ശബ്ദയായി അവൾ ഡ്രൈവിങ്ങ് തുടർന്നു. സീറ്റ് പിന്നോട്ടാക്കി ചാരിക്കിടന്ന് ഷാവേസ് കണ്ണുകളടച്ചു.  എല്ലാം കൈവിട്ട് പോയി എന്ന് പറഞ്ഞാൽ മതി... ഷ്മിഡ്ടിനെ പോയി കണ്ട് സംസാരിച്ചു എന്ന് മനസ്സിലാക്കിയ നിമിഷം തന്നെ സ്റ്റെയ്നർ കണക്ക് കൂട്ടിക്കാണും താനും ഹാഡ്ടും കൂടി ക്ലിനിക്ക് സന്ദർശിക്കാതിരിക്കില്ല എന്ന്... അതല്ലാതെ വേറെന്ത് നീക്കമാണ് തങ്ങൾക്ക് നടത്തുവാൻ കഴിയുമായിരുന്നിരിക്കുക...?

കാർ നിർത്തി അന്നയുടെ അപ്പാർട്ടെമെന്റിലേക്കുള്ള പടവുകൾ കയറുമ്പോഴും ഷാവേസ് അതേക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ഉള്ളിലെത്തി ലൈറ്റ് ഓൺ ചെയ്ത് അദ്ദേഹത്തെ വെളിച്ചത്തിൽ കണ്ടതും അവൾ ഭയം കൊണ്ട് നിലവിളിച്ചു പോയി.

ഷാവേസിന്റെ ജാക്കറ്റിന്റെ കൈകൾ പലയിടത്തും കുത്തിക്കീറി രക്തത്തിൽ കുതിർന്നിരിക്കുന്നു. തന്റെ കോട്ട് ഊരിമാറ്റി അവൾ ബാത്ത്‌റൂമിലേക്ക് നടന്നു. ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്ത് എല്ലാം തയ്യാറാക്കിയതിന് ശേഷം അദ്ദേഹത്തിനരികിലെത്തിയ അവൾ ഷാവേസിന്റെ ജാക്കറ്റ് ശ്രദ്ധാപൂർവ്വം ഊരിയെടുത്ത് ഒരു മൂലയിലേക്കെറിഞ്ഞു.

ഒരു കൈയിൽ ആഴമുള്ള മൂന്ന് മുറിവുകളുണ്ടായിരുന്നു. മറുകൈയിൽ നാലും. ആന്റിസെപ്റ്റിക് സൊലൂഷൻ കൊണ്ട് അവൾ അത് വൃത്തിയാക്കവെ ഷാവേസ് ചിരിച്ചു. “നിനക്കറിയുമോ... ശരിക്കും തീക്കളിയായിരുന്നു അവിടെ...  എല്ലാം അവസാനിച്ചു എന്ന് തന്നെ കരുതി ഒരു ഘട്ടത്തിൽ...”

മുഖമുയർത്തി അദ്ദേഹത്തെ ഒന്ന് നോക്കിയ അവളുടെ കണ്ണുകളിൽ ദൈന്യത നിറഞ്ഞിരുന്നു. സർജിക്കൽ ടേപ്പ് റോളിൽ നിന്നും മുറിച്ചെടുക്കുന്നതിനിടയിൽ അവൾ ചോദിച്ചു. “എന്നിട്ടും നിങ്ങൾ അത് ശരിക്ക് ആസ്വദിച്ചു അല്ലേ പോൾ...?”

ഇല്ല എന്ന് പറയാൻ തുനിഞ്ഞതായിരുന്നു ഷാവേസ്. എന്നാൽ അടുത്ത നിമിഷം അദ്ദേഹം തല കുലുക്കി. “എങ്ങനെ അത് വിശദീകരിക്കുമെന്ന് എനിക്കറിയില്ല... ആ സമയം എന്തെല്ലാമോ എന്റെ ശരീരത്തിലേക്ക് കയറിക്കൂടുന്നത് പോലെ... വല്ലാത്തൊരു ആവേശം... ഈ ദൌത്യത്തിന്റെ തന്നെ അനിശ്ചിതത്വം... എല്ലാം എല്ലാം...”

“ആന്റ് ദാറ്റ്‌സ് വൈ യൂ വിൽ നെവർ ചെയ്ഞ്ച്...”  ഒരു ദീർഘശ്വാസമെടുത്തിട്ട് അവൾ അദ്ദേഹത്തിന്റെ കൈയിലെ മുറിവുകൾ ഡ്രെസ്സ് ചെയ്ത് തീർത്തു.

തർക്കിക്കാൻ സമയമുണ്ടായിരുന്നില്ല അദ്ദേഹത്തിന്. അവളുടെ കൈയിൽ നിന്നും കത്രിക പിടിച്ചു വാങ്ങി ഷാവേസ് തന്റെ ഷർട്ടിന്റെ കൈകളിലെ രക്തം പുരണ്ട ഭാഗങ്ങൾ മുറിച്ചു കളഞ്ഞു.

“മാർക്കിന്റെ ജാക്കറ്റുകളിലൊന്ന് എടുക്കാനുണ്ടാവുമോ ഇവിടെ...?” ഷാവേസ് ചോദിച്ചു.

അവൾ തല കുലുക്കി. “കാണും... എടുത്തു കൊണ്ട് വരട്ടേ...?”

അവളോടൊപ്പം ഷാവേസ് ലിവിങ്ങ് റൂമിലേക്ക് നടന്നു. ബെഡ്‌റൂമിൽ ചെന്ന് അന്ന ഒരു ചാര നിറമുള്ള ജാക്കറ്റ് എടുത്തു കൊണ്ടു വന്നു. അത് വാങ്ങി അണിഞ്ഞ് ബട്ടൺസ് ഇട്ടുകൊണ്ടിരിക്കെ അദ്ദേഹം പുഞ്ചിരിച്ചു. “അല്പം ചെറുതാണ്... സാരമില്ല... തൽക്കാലത്തെ ആവശ്യത്തിന് ഇത് മതി...”

ബാത്ത്‌റൂമിൽ ചെന്ന് രക്തം പുരണ്ട തന്റെ ജാക്കറ്റിന്റെ പോക്കറ്റിൽ നിന്നും അദ്ദേഹം മോസർ പുറത്തെടുത്തു. പിന്നെ തിരിച്ചു വന്ന് ലിവിങ്ങ് റൂമിന്റെ വാതിലിന് പിന്നിൽ കൊളുത്തിയിരുന്ന റെയിൻ കോട്ടും ഹാഡ്ട് നൽകിയിരുന്ന ഹരിത നിറമുള്ള ഹാറ്റും എടുത്തു.

“നിങ്ങളെങ്ങോട്ടാണ് പോകുന്നത്...?” റെയിൻ കോട്ടിന്റെ ബട്ടൺസ് ഇടുന്ന ഷാവേസിനെ അന്ന സംശയത്തോടെ നോക്കി. 

“ഹാഡ്ടിന് എന്ത് സംഭവിച്ചു എന്നറിയാൻ... അയാളെ ഇന്ന് രാത്രി അവിടെ നിന്ന് മാറ്റുമെന്ന് എനിക്കൊരു തോന്നൽ... അതെങ്ങോട്ടാണെന്ന് അറിയണം...” ഷാവേസ് പറഞ്ഞു.

“ഞാനും വരുന്നു...” അവൾ തന്റെ കോട്ട് എടുക്കുവാനായി നീങ്ങി.

അവളുടെ കൈയിൽ നിന്നും ആ കോട്ട് വാങ്ങി അദ്ദേഹം വാതിലിന് പിന്നിൽ കൊളുത്തിയിട്ടു.  “ഇല്ല... നീ വരുന്നില്ല... ഇത്തരം ജോലിയ്ക്ക് നമ്മളിൽ ഒരാൾ മതി...”

അവൾ ചുമൽ വെട്ടിച്ചു. “ഓൾ റൈറ്റ്... എന്നാൽ പിന്നെ ഞാൻ എന്താണ് ചെയ്യേണ്ടത്...?”

ഷാവേസ് പുഞ്ചിരിച്ചു. “പറ്റുമെങ്കിൽ അത്താഴത്തിന് എന്തെങ്കിലും നല്ല വിഭവമുണ്ടാക്കൂ... ഏറിയാൽ ഒരു മണിക്കൂറിനുള്ളിൽ ഞാൻ തിരിച്ചെത്തും...”

ഒന്നും ഉരിയാടാതെ അവൾ തിരിഞ്ഞു. വാതിൽ തുറന്ന് പടികളിറങ്ങി ഷാവേസ് കാറിനരികിലെത്തി. വണ്ടി സ്റ്റാർട്ട് ചെയ്ത് അദ്ദേഹം നേരെ ബ്ലാങ്കെനീസിലേക്ക് ഡ്രൈവ് ചെയ്തു. ക്ലിനിക്കിലേക്കുള്ള റോഡിന്റെ കോർണറിൽ പാർക്ക് ചെയ്തിട്ട് മെയിൻ ഗേറ്റിൻ എതിരെയുള്ള ബാറിനുള്ളിൽ കയറി അദ്ദേഹം ഒരു ബിയർ ഓർഡർ ചെയ്തു.

ബാർ വിജനമാണ്.  കൌണ്ടറിന് പിറകിൽ നിൽക്കുന്ന ബാർ ഉടമ അല്പം മുന്നോട്ടാഞ്ഞ് തന്റെ പത്രവായന തുടർന്നു. കർട്ടനിട്ട ജാലകത്തിനരികിൽ ഇരിപ്പിടം കണ്ടെത്തിയ ഷാവേസ് ക്ലിനിക്കിന്റെ മെയിൻ ഗേറ്റിന്റെ പരിസരം നിരീക്ഷിച്ചു.

നോക്കിക്കൊണ്ടിരിക്കെ ആ ഗേറ്റ് ഇരുവശത്തേക്കും മലർക്കെ തുറന്നു കൊണ്ട് യൂണിഫോമും ക്യാപ്പും ധരിച്ച ഒരാൾ പ്രത്യക്ഷപ്പെട്ടു. പിന്നെ റോഡ് മുറിച്ചു കടന്ന് അയാൾ ബാറിനുള്ളിലേക്ക് പ്രവേശിച്ചു.

അയാളെ നോക്കി പുഞ്ചിരിച്ചിട്ട് ബാർ ഉടമ പത്രം താഴെ വച്ചു.  “ഈ രാത്രിയിൽ അവർ വീണ്ടും നിങ്ങളെ പുറത്തേക്ക് അയയ്ക്കുകയാണെന്ന് മാത്രം പറഞ്ഞേക്കരുത്...”

യൂണിഫോംധാരി തല കുലുക്കി. “അത് തന്നെ സംഭവം... ആ തന്തയില്ലാത്തവന്മാർ ഇതൊരു പതിവാക്കിയിരിക്കുകയാണിപ്പോൾ...” നീരസത്തോടെ അയാൾ പറഞ്ഞു. “ഒരു പാക്കറ്റ് സിഗരറ്റ് തരുമോ, പ്ലീസ്...?”

“ഇത്തവണ എങ്ങോട്ടാണ്...?”  സിഗരറ്റ് പാക്കറ്റ് നൽകിക്കൊണ്ട് ബാർ ഉടമ ആരാഞ്ഞു.

“വീണ്ടും ബേൺ‌ഡോർഫിലേക്ക് തന്നെ...” അയാൾ മുരണ്ടു. “ആ നാട്ടുപാതയിലൂടെ പകൽ തന്നെ ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ടാണ്... പിന്നെയാണ് ഈ രാത്രിയിൽ...”  വാതിൽ വലിച്ചടച്ച് പുറത്തിറങ്ങിയ അയാൾ റോഡ് മുറിച്ചു കടന്ന് അപ്പുറത്തെ ഗേറ്റിനുള്ളിലേക്ക് മറഞ്ഞു.
    
(തുടരും)

അടുത്ത ലക്കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക...