Thursday, 28 July 2016

കാസ്പർ ഷുൾട്സ് - 12ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...

ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനായ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.


ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.

തുടർന്ന് വായിക്കുക...

ഇരുകൈകളും കപ്പിൽ ചേർത്ത് പിടിച്ചുകൊണ്ട് അവൾ പതുക്കെ കോഫി നുകർന്നു. “നാസികൾ ജൂതന്മാരെ വേട്ടയാടുവാൻ തുടങ്ങിയപ്പോൾ പലസ്തീനിലേക്ക് പലായനം ചെയ്ത ജർമ്മൻ അഭയാർത്ഥികളായിരുന്നു എന്റെ മാതാപിതാക്കൾ... ഞാനൊരു സബ്രയാണ്... എന്ന് വച്ചാൽ ഇസ്രയേലിൽ ജനിച്ച് ഇസ്രയേലിൽ വളർന്നവൾ... എങ്ങനെ പറഞ്ഞ് മനസ്സിലാക്കും എന്നെനിക്കറിയില്ല... മറ്റുള്ളവരിൽ നിന്നും എന്നെ വ്യത്യസ്ഥയാക്കുന്നു അത്... എന്റെ മാതാപിതാക്കൾ സഹിച്ചതിന്റെ നൂറിലൊരംശം പോലും ഞാൻ അറിഞ്ഞിട്ടില്ല... ഒരു പ്രത്യേക ഉത്തരവാദിത്തവും കടമയും അതെന്നിൽ നിക്ഷിപ്തമാക്കിയിരിക്കുന്നു...”

“മറ്റൊരു വിധത്തിൽ പറഞ്ഞാൽ കുറ്റബോധം...?”

നിഷേധരൂപേണ അവൾ തലയാട്ടി. “എന്ന് പറയാൻ കഴിയില്ല... സ്വന്തം ഇഷ്ടപ്രകാരമാണ് ഞാൻ ഈ ജോലിക്ക് ഇറങ്ങിത്തിരിച്ചത്... എന്റെ വംശത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നി...”

“അങ്ങനെയെങ്കിൽ അങ്ങ് ഇസ്രയേലിൽ മറ്റെന്തെല്ലാം ചെയ്യാമായിരുന്നു നിനക്ക്... പുതിയൊരു രാഷ്ട്രം തന്നെ പടുത്തുയർത്തേണ്ടിയിരിക്കുന്നു നിങ്ങൾക്കായി...”  ഞാൻ പറഞ്ഞു.

“എന്നെ സംബന്ധിച്ചിടത്തോളം അതുകൊണ്ട് മാത്രം ഒന്നുമാകുന്നില്ല... എന്റെ ഇപ്പോഴത്തെ ജോലിയിലാണെങ്കിൽ, ഐ ഫീൽ ഐ ക്യാൻ ഡൂ സംതിങ്ങ് ഫോർ ഓൾ മെൻ... എന്റെ വംശത്തിന് മാത്രമായിട്ടല്ല...”

ചിന്താക്കുഴപ്പത്തോടെ പുരികം ചുളിച്ച് ഷാവേസ് അല്പം കോഫി നുകർന്നു.

അവൾ നെടുവീർപ്പിട്ടു. “ഐ ആം സോറി... വ്യക്തമായി പറഞ്ഞറിയിക്കാൻ എനിക്ക് വാക്കുകൾ ലഭിക്കുന്നില്ല... പറഞ്ഞറിയിക്കാനാവാത്ത ഏതോ ഒരു വികാരം...” കിമോണയുടെ കീശയിൽ നിന്നും ഒരു സിഗരറ്റ് പാക്കറ്റെടുത്ത് അവൾ അദ്ദേഹത്തിന് നീട്ടി. “ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചാൽ... എങ്ങനെയാണ് നാം ഓരോ ജോലിയിലും എത്തിപ്പെടുന്നത്...? ഉദാഹരണത്തിന്, നിങ്ങൾ എങ്ങനെയാണ് ഈ രംഗത്തേക്ക് കടന്ന് വന്നത്...?”

പുഞ്ചിരിച്ചുകൊണ്ട് ഷാവേസ് അവളുടെ സിഗരറ്റിന് തീ കൊളുത്തി കൊടുത്തു. “ഒരു യുണിവേഴ്സിറ്റി ലെക്ചറർ ആയിരുന്നു ഞാൻ... പി.എച്ച്.ഡി ഇൻ മോഡേൺ ലാംഗ്വേജസ്... എന്റെ ഒരു സുഹൃത്തിന്റെ മൂത്ത സഹോദരിയുണ്ടായിരുന്നു... ഒരു ചെക്കോസ്ലോവാക്യക്കാരനെയാണ് അവർ വിവാ‍ഹം കഴിച്ചിരുന്നത്... യുദ്ധാനന്തരം അവരുടെ ഭർത്താവ് മരണമടഞ്ഞു... തന്റെ രണ്ട് മക്കളുമായി ഇംഗ്ലണ്ടിലേക്ക് മടങ്ങുവാൻ അവർ ശ്രമിച്ചു... പക്ഷേ, ക‌മ്യൂണിസ്റ്റുകൾ അവരെ അതിന് അനുവദിച്ചില്ല...”

“അവരെ അവിടെ നിന്നും പുറത്തെത്തിക്കുവാൻ നിങ്ങൾ തീരുമാനിച്ചു...?”

ഷാവേസ് തല കുലുക്കി. “ബ്രിട്ടീഷ് ഗവണ്മന്റിന് ഒന്നും തന്നെ ചെയ്യുവാൻ കഴിയുമായിരുന്നില്ല... അവിടുത്തെ ഭാഷ സംസാരിക്കുവാൻ അറിയുമെന്നതിനാൽ അനൌദ്യോഗികമായി എന്തെങ്കിലും ചെയ്യുവാൻ ഞാൻ തീരുമാനിച്ചു...”

“വളരെ ശ്രമകരമായിരുന്നിരിക്കുമല്ലോ അത്...” അന്ന അഭിപ്രായപ്പെട്ടു.

ഷാവേസ് പുഞ്ചിരിച്ചു. “ആ ദൌത്യം വിജയകരമായി പൂർത്തീകരിച്ചുവെന്ന് ഇപ്പോഴും എനിക്ക് വിശ്വസിക്കാനാവുന്നില്ല... എങ്ങനെയോ അവരെയും കൊണ്ട് ഞാൻ ചെക്കോസ്ലോവാക്ക്യയിൽ നിന്നും പുറത്ത് കടന്നു... അതിനിടയിൽ സംഭവിച്ച മുറിവുമായി വിയന്നയിലെ ഒരു ആശുപത്രിയിൽ കഴിയവെയാണ് ഇപ്പോൾ ഞാൻ ജോലി ചെയ്യുന്ന സംഘടനയുടെ ചീഫ് എന്നെ കാണാൻ വന്നത്... അദ്ദേഹം എനിക്ക് നല്ലൊരു ഉദ്യോഗം വാഗ്ദാനം ചെയ്തു...”

“പക്ഷേ, എന്തിന് നിങ്ങൾ ആ ഉദ്യോഗം സ്വീകരിച്ചു എന്നതിന് വിശദീകരണമാകുന്നില്ല അത്...”

ഷാവേസ് ചുമൽ വെട്ടിച്ചു. “ഇല്ല... ആ ഉദ്യോഗം ഞാൻ സ്വീകരിച്ചില്ല... ഒരു വർഷം കൂടി ഞാൻ യൂണിവേഴ്സിറ്റിയിലെ ഉദ്യോഗത്തിൽ തുടർന്നു...”

“പിന്നീടെന്ത് സംഭവിച്ചു...?”

അദ്ദേഹം എഴുന്നേറ്റ് ജാലകത്തിനരികിലേക്ക് നടന്നു. മഴ ഇനിയും ശമിച്ചിട്ടില്ല. ഇരുട്ടിലേക്ക് തുറിച്ച് നോക്കി ഷാവേസ് തന്റെ ഓർമ്മകളെ ചികഞ്ഞെടുക്കുവാൻ ശ്രമിച്ചു. ഒടുവിൽ അതെല്ലാം വീണ്ടെടുത്തതും അവൾക്ക് നേരെ തിരിഞ്ഞു. “ഞാൻ ചെയ്യുന്ന ജോലിയിലെ നിരർത്ഥകത എനിക്ക് ബോദ്ധ്യപ്പെട്ടു... ജീവിതകാലം മുഴുവനും മറ്റുള്ളവരെ വിവിധ ഭാഷകൾ പഠിപ്പിച്ചുകൊണ്ടിരിക്കുക... പിന്നീട് അവരും തങ്ങളുടെ ജീവിതം ഇതേ കാര്യത്തിന് തന്നെ ഉഴിഞ്ഞ് വയ്ക്കുന്നു... തികച്ചും വ്യർത്ഥമായ ജീവിതം...”

“പക്ഷേ, അതൊരു കാരണം എന്ന് പറയാൻ കഴിയില്ല... മനുഷ്യകുലത്തിന്റെ ചരിത്രം തന്നെ അങ്ങനെയാണല്ലോ...”  അവൾ അഭിപ്രായപ്പെട്ടു.

“പക്ഷേ, ഒന്നുണ്ട്... എന്നെക്കുറിച്ച് എനിക്കറിവില്ലാത്ത പലതും ഞാൻ തിരിച്ചറിഞ്ഞു... കണക്ക് കൂട്ടി റിസ്ക് എടുത്ത് എതിർപക്ഷത്തെ പ്രഹരിക്കുന്നതിൽ ഞാൻ ആനന്ദം കണ്ടെത്തിയിരുന്നു എന്ന വസ്തുത... ഒന്ന് തിരിഞ്ഞു നോക്കിയാൽ, ആ ചെക്കോസ്ലോവാക്യൻ ദൌത്യം ഞാൻ ശരിക്കും ആസ്വദിച്ചു എന്നതായിരുന്നു വാസ്തവം... മനസ്സിലാകുന്നുണ്ടോ നിനക്ക്...?”

“അത്രയ്ക്കങ്ങ് മനസ്സിലാകുന്നില്ല...” അവൾ പതുക്കെ പറഞ്ഞു. “എന്നും മരണത്തെ മുന്നിൽ കണ്ടുകൊണ്ട് ജീവിക്കുക ആസ്വാദ്യകരമാണ് എന്ന് ആത്മാർത്ഥമായി പറയുവാൻ സാധിക്കുമോ നിങ്ങൾക്ക്...?”

“ആ വശത്തെക്കുറിച്ച് ഞാൻ ചിന്തിക്കാറില്ല... ഒരു കാറോട്ട മത്സരക്കാരന്റെ മനോനിലയിൽ കവിഞ്ഞൊന്നും തന്നെ ഞാനതിൽ കാണുന്നില്ല...”

“പക്ഷേ, ഒരു വിദ്യാഭ്യാസ വിചക്ഷണനാണ് നിങ്ങൾ... ആ വിജ്ഞാനമെല്ലാം എങ്ങനെ പാഴാക്കിക്കളയാൻ തോന്നുന്നു നിങ്ങൾക്ക്...?”

“ഇപ്പോഴത്തെ പ്രവൃത്തിമണ്ഡലത്തിൽ ബുദ്ധിശക്തിയ്ക്കാണ് പ്രാമുഖ്യം...” അദ്ദേഹം പറഞ്ഞു.

മൌനത്തിന്റെ ഒരു നേർത്ത ഇടവേളയ്ക്ക് ശേഷം അവൾ തലയുയർത്തി. “ഇതൊക്കെ മതിയാക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ലേ നിങ്ങൾക്ക്...?”

ഒരു നെടുവീർപ്പിന് ശേഷം ഷാവേസ് അവളെ നോക്കി. “തോന്നിയിട്ടുണ്ട്... പുലർച്ചെ നാലു മണിയായിട്ടും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ... ഒരു സിഗരറ്റും പുകച്ച് ഇരുട്ടിലേക്ക് തുറിച്ച് നോക്കി ജാലകത്തിൽ വീശിയടിക്കുന്ന കാറ്റിന്റെ ചൂളം വിളി കേട്ട് കിടക്കയിൽ കിടക്കുമ്പോൾ... ഈ ലോകവുമായുള്ള സകല ബന്ധവുമറ്റ് ഏകനായ പ്രതീതി...”

ഷാവേസിന്റെ സ്വരത്തിലെ വിഷാദഛായ അവളുടെ മനസ്സിനെ സ്പർശിച്ചു. പൊടുന്നനെ എഴുന്നേറ്റ് അവൾ അദ്ദേഹത്തിനരികിലെത്തി ആ കരം കവർന്നു. “ഏകാന്തത പങ്ക് വയ്ക്കുവാൻ ഒരാളെപ്പോലും കണ്ടെത്താനായില്ല...?”

“എ വുമൺ, യൂ മീൻ...?” അദ്ദേഹം പൊട്ടിച്ചിരിച്ചു. “എന്നെക്കൊണ്ട് എന്ത് വാഗ്ദാനമാണ് ഒരു സ്ത്രീയ്ക്ക് നൽകുവാൻ കഴിയുക...? വിശദീകരണങ്ങളില്ലാത്ത നീണ്ട വിരഹമോ...? സാന്ത്വനിപ്പിക്കുവാൻ ഒരു കത്ത് പോലും അയയ്ക്കുവാൻ കഴിയാത്ത വിധം തിരക്കു പിടിച്ച ജോലി...”

ആ കണ്ണുകളിൽ അനുകമ്പ നിറയുന്നത് ശ്രദ്ധിച്ച അദ്ദേഹം അവളുടെ കൈപ്പടം ഇരുകൈകളാലും പൊതിഞ്ഞു. “എന്നെക്കുറിച്ചോർത്ത് വേദനിക്കാതിരിക്കൂ അന്നാ... ഡോൺ‌ട് എവർ ഫീൽ സോറി ഫോർ മീ...”

അവൾ കണ്ണുകളടച്ചു. ഇരുണ്ട കൺപീലികൾക്ക് ചുറ്റും നീർക്കണങ്ങൾ തളം കെട്ടി. തെല്ലൊരു ദ്വേഷ്യത്തോടെ എഴുന്നേറ്റ ഷാവേസ് പരുഷ സ്വരത്തിൽ പറഞ്ഞു. “നിന്റെ അനുകമ്പ നിന്നോടൊപ്പം ഇരിക്കട്ടെ അന്നാ... നിനക്കത് ആവശ്യം വരും... ഞാനൊരു പ്രൊഫഷണലാണ്... പ്രൊഫഷണലുകളായ എതിരാളികളുമായി പോരാടുന്നവൻ... എന്നെപ്പോലുള്ളവർ പിന്തുടരുന്നത് ഒരേയൊരു തത്വം മാത്രം... ദി ജോബ് മസ്റ്റ് കം ഫസ്റ്റ്...”

മിഴികൾ തുറന്ന് അവൾ അദ്ദേഹത്തെ നോക്കി. “അതേ തത്വം തന്നെയാണ് ഞാനും പിന്തുടരുന്നതെന്ന് നിങ്ങൾക്ക് തോന്നിയില്ലേ...? അതും നൂറ് ശതമാനം...?”

കസേരയിൽ നിന്നും പിടിച്ചെഴുന്നേൽപ്പിക്കവെ അദ്ദേഹത്തിന്റെ വിരലുകൾ അവളുടെ കൈത്തണ്ടയിൽ തെല്ലൊരു നൊമ്പരം പകർന്നു. “എന്നെ ചിരിപ്പിക്കല്ലേ അന്നാ... നീയും ഹാഡ്ടും നിങ്ങളുടെ ജോലികളിൽ അങ്ങേയറ്റം ആത്മാർത്ഥത പുലർത്തുന്നവരാണെന്ന കാര്യത്തിൽ സംശയമില്ല... പക്ഷേ, പ്രൊഫഷണലിസം ഇനിയും കൈവന്നിട്ടില്ല... തീ കൊണ്ടാണ് നിങ്ങൾ കളിക്കുന്നത്...” ദൂരേയ്ക്ക് മുഖം തിരിച്ച അവളുടെ കീഴ്ത്താടി പിടിച്ചുയർത്തിയിട്ട് അദ്ദേഹം തുടർന്നു. “ഇത്രയും നിഷ്കളങ്കയാകാൻ പാടില്ല അന്നാ... അല്പം പരുഷഭാവമൊക്കെ പ്രകടിപ്പിക്കാൻ കഴിയണം നിനക്ക്... ഉദാഹരണത്തിന്, കാലിൽ വെടിയേറ്റ് പുളയുന്ന ഹാഡ്ടിനെ വഴിയിൽ ഉപേക്ഷിച്ച് ജീവനും കൊണ്ട് ഓടുവാനും മാത്രം മനഃക്കരുത്തുണ്ടോ നിനക്ക്...?”

അവളുടെ കണ്ണുകളിൽ ഭീതി നിറയുന്നത് അദ്ദേഹം ശ്രദ്ധിച്ചു. “അത്തരം സന്ദർഭങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട് അന്നാ... ഒന്നല്ല, നിരവധി തവണ...”

ഷാവേസിന്റെ ചുമലിലേക്ക് അവൾ മുഖം ചായ്ച്ചു. അദ്ദേഹത്തിന്റെ കരങ്ങൾ അവളെ വലയം ചെയ്ത് ഒന്നു കൂടി ചേർത്ത് നിർത്തി. “സ്വന്തം രാജ്യമായ ഇസ്രയേലിൽ തന്നെ കഴിയാമായിരുന്നില്ലേ അന്നാ നിനക്ക്...?”

മുഖമുയർത്തി അവൾ അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കി. കരയുകയായിരുന്നില്ല അവളപ്പോൾ. “അവിടെ എന്റെ രാജ്യത്ത് സ്ഥിരതാമസത്തിനുള്ള മാർഗ്ഗം തേടിയാണ് എനിക്കിങ്ങോട്ട് വരേണ്ടി വന്നത്...” ഷാവേസിനെയും കൊണ്ട് അവൾ സോഫയിൽ ചെന്ന് ഇരുന്നു. “ബാല്യത്തിൽ ഇസ്രയേലിലെ മിഗ്‌ദലിൽ ആയിരുന്നു ഞാൻ താമസിച്ചിരുന്നത്... അവിടെയുള്ള ആ ചെറിയ കുന്നിൻ‌മുകളിലേക്ക് എന്നും പോകുമായിരുന്നു ഞാൻ... അവിടെ നിന്നാൽ ദൃശ്യമാകുന്ന ഗലീലി കടലിന്റെ മനോഹാരിതയിലേക്ക് കണ്ണും നട്ട് ഇരിക്കുമായിരുന്ന സായാഹ്നങ്ങൾ... എത്ര കണ്ടാലും മതി വരാത്ത സൌന്ദര്യം... പക്ഷേ, ജീവിതത്തിൽ മറ്റെന്തിനും എന്നത് പോലെ സൌന്ദ്യര്യത്തിനും അതിന്റേതായ വില കൊടുക്കേണ്ടതുണ്ട്... മനസ്സിലാവുന്നുണ്ടോ നിങ്ങൾക്ക്...?”

തൊട്ടു തൊട്ടില്ല എന്ന വിധം അരികിൽ ഇരിക്കുന്ന അവളുടെ കണ്ണുകളിലേക്ക് അദ്ദേഹം ഉറ്റു നോക്കി. ഏതോ ഉൾപ്രേരണയാലെന്ന പോലെ ഇരുവരും ഒന്നു കൂടി ചേർന്നിരുന്നു. ഒരു നിമിഷം... സ്വാഭാവികമായും അവരുടെ അധരങ്ങൾ പരസ്പരം ഒട്ടിച്ചേർന്നു. ഒട്ടുനേരം... കുറേയേറെ നേരം എല്ലാം മറന്ന് ആ നിലയിൽ അവരങ്ങനെ ഇരുന്നു. പിന്നെ ഒരു നെടുവീർപ്പോടെ അവൾ തന്റെ ചുണ്ടുകൾ അദ്ദേഹത്തിൽ നിന്നും മോചിപ്പിച്ചു. “സംഭവിക്കാൻ പാടില്ലായിരുന്നു, അല്ലേ...?”

ഷാവേസ് തല കുലുക്കി. “അതേ... ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു...”

“പക്ഷേ, എനിക്കറിയാമായിരുന്നു ഇത് സംഭവിക്കുമെന്ന്...” അവൾ മൊഴിഞ്ഞു. “ക്ലബ്ബിൽ വച്ച് നിങ്ങൾ ആദ്യമായി എന്നോട് സംസാരിക്കുവാനാരംഭിച്ച മാത്രയിൽ തന്നെ അറിയാമായിരുന്നു ഇത് സംഭവിക്കുമെന്ന്... ഒന്നുമില്ലെങ്കിലും മനുഷ്യരല്ലേ നാമെല്ലാം...”

“ആണോ...?” ഷാവേസ് എഴുന്നേറ്റു. ജാലകത്തിനരികിൽ ചെന്ന് പതുക്കെ സാവധാനം പാക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു. “മനുഷ്യർ... ഒരു പക്ഷേ, നീ അതിൽ പെടുമായിരിക്കും...  ഒന്നോർത്തോളൂ... വേണമെന്ന് ആഗ്രഹിച്ചാൽ പോലും ഇനി എനിക്ക് മനുഷ്യനായി മാറുവാൻ കഴിയില്ല...”

അദ്ദേഹത്തിനരികിൽ ചെന്ന് അഭിമുഖമായി അവൾ നിന്നു. “എങ്കിൽ പിന്നെ അല്പം മുമ്പ് നിങ്ങളിൽ സംഭവിച്ച മാറ്റം... അതൊരു മാറ്റമല്ലേ...?”

വിഷാദഭാവത്തിൽ ഷാവേസ് തലയാട്ടി. “ഈ പുലർകാലത്ത് നാല് മണി നേരത്ത് എന്റെ ഏകാന്തതയുടെ തീവ്രത വർദ്ധിപ്പിക്കാമെന്നല്ലാതെ...”

വിവിധ ഭാവങ്ങൾ മിന്നിമറഞ്ഞ അവളുടെ വദനം എന്തോ ഒരു തീരുമാനത്തിൽ വന്നെത്തിയത് പോലെ പ്രകാശിച്ചു. മറുമൊഴിക്കായി ചുണ്ടുകളനക്കാൻ ഭാവിച്ചതും വാതിലിൽ ആരോ തട്ടുന്ന സ്വരം കേൾക്കാറായി. വാതിലിന് നേരെ നീങ്ങിയ അവൾ കതക് തുറന്നതും മാർക്ക് ഹാഡ്ട് ഉള്ളിലേക്ക് പ്രവേശിച്ചു.

(തുടരും)

അടുത്ത ലക്കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക...

Tuesday, 19 July 2016

കാസ്പർ ഷുൾട്സ് – 11ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...

ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനായ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.


ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.

തുടർന്ന് വായിക്കുക...

തന്റെ ദൌത്യത്തെക്കുറിച്ച് തന്നെ മറന്നു പോയിരുന്നു ഷാവേസ്. ദൌത്യമെന്നല്ല ഈ ലോകത്തെ സകലതും മറന്നു പോയിരുന്നു അദ്ദേഹം. മനം മയക്കുന്ന കോമളാംഗിയായ ഒരു യുവതിയോടൊപ്പമാണ് താൻ ചുവട് വയ്ക്കുന്നതെന്ന യാഥാർത്ഥ്യം മാത്രമായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ കൺ‌മുന്നിൽ. അവളുടെ ദേഹത്ത് നിന്നും ഉതിർന്ന പരിമളം ഷാവേസിനെ മത്തു പിടിപ്പിച്ചു. ആത്മനിയന്ത്രണം കൈവിട്ടുപോകുന്നതിന്റെ ലക്ഷണങ്ങൾ തന്നിൽ ഉടലെടുക്കുന്നത് പതുക്കെ അദ്ദേഹം തിരിച്ചറിഞ്ഞു. ഒരു പെണ്ണിനോടൊപ്പം ശയ്യ പങ്കിട്ടിട്ട് വളരെ നാളുകളായിരിക്കുന്നു. പക്ഷേ, അത് മാത്രമായിരുന്നില്ല അപ്പോഴത്തെ അവസ്ഥക്ക് കാരണം. അന്നാ ഹാർട്ട്മാന്റെ രൂപലാവണ്യം അനിഷേദ്ധ്യമാണെന്നത് നേര് തന്നെ... പക്ഷേ, അതിനുമപ്പുറം മറ്റു പലതും ഉണ്ടായിരുന്നു അവളിൽ. തനിക്ക് തന്നെ മനസ്സിലാക്കാൻ സാധിക്കാത്ത അത്രയും ആഴത്തിൽ ഒളിഞ്ഞു കിടക്കുന്ന എന്തോ ഒന്ന്.

ഏതാണ്ട് കാൽ മണിക്കൂറോളമാകുന്നു അവളോടൊട്ടിച്ചേർന്ന് നൃത്തം തുടങ്ങിയിട്ട്. ഒടുവിൽ ആ ആലിംഗനാവസ്ഥയിൽ നിന്നും അവൾ പതുക്കെ അടർന്ന് മാറി.

“വരൂ... ഇനി നമുക്ക് പോകാൻ നോക്കാം...”  അവൾ അദ്ദേഹത്തെ മേശയ്ക്കരികിലേക്ക് ആ‍നയിച്ചു.

മേശപ്പുറത്ത് നിന്നും തന്റെ ഹാൻഡ്ബാഗ് എടുത്ത് തിരിഞ്ഞ് അവൾ പുഞ്ചിരിച്ചു. “ഞാൻ നേരത്തെ സൂചിപ്പിച്ചത് പോലെ ചെറിയൊരു തുക അടയ്ക്കേണ്ടി വരും... അല്ലെങ്കിൽ അവർ അനുവദിക്കില്ല...”  അവൾ വാച്ചിലേക്ക്  നോക്കി.  “ഒരു മുപ്പത് മാർക്ക് ധാരാളമായിരിക്കുമെന്ന് തോന്നുന്നു...”

പേഴ്സിൽ നിന്നും നോട്ടുകളെടുത്ത് ഷാവേസ് എണ്ണി. “ഇങ്ങനെ ഇതിനു മുമ്പും പതിവുണ്ടോ നിനക്ക്...?”  കുസൃതിയോടെ ഷാവേസ് ചോദിച്ചു.

ഒരു കൊച്ചു കുട്ടിയുടേത് പോലെ അവളുടെ മുഖത്ത് മനോഹരമായ പുഞ്ചിരി വിടർന്നു. “ഇല്ലേയില്ല... എന്റെ ആദ്യത്തെ തവണയാണിത്... ഇങ്ങനെ പോകുന്നില്ല എന്ന പരാതിയാണ് മാനേജർക്ക് എന്നെക്കുറിച്ച് എപ്പോഴും... എന്നാൽ ഇന്നത്തോടെ ആ പരാതി തീരും... സന്തോഷത്തോടെയായിരിക്കും ഇന്നയാൾ ക്ലബ്ബ് അടച്ച് പോകുന്നത്...”

മേശകൾക്കിടയിലൂടെ നീങ്ങി ക്ലബ്ബിന്റെ പിൻഭാഗത്തുള്ള വാതിലിലൂടെ അവൾ അപ്രത്യക്ഷയായി. ഒട്ടും വൈകാതെ ഷാവേസ് വെയ്റ്ററെ വിളിച്ച് ബിൽ അടച്ച് ക്ലോക്ക് റൂമിൽ നിന്നും തന്റെ ഹാറ്റും കോട്ടും തിരികെ വാങ്ങി പുറത്തേക്ക് നടന്നു.

ക്ലബ്ബിന് പുറത്ത് പാതയോരത്ത് ഒരു സിഗരറ്റിന് തീ കൊളുത്തി അദ്ദേഹം കാത്തു നിന്നു. ഏതാണ്ട് അഞ്ച് മിനിറ്റ് കഴിഞ്ഞതും അവൾ അദ്ദേഹത്തിനരികിലെത്തി. കമ്പിളി കൊണ്ടുള്ള ഒരു ഓവർക്കോട്ട് അണിഞ്ഞിരുന്നു അവൾ. ഗ്രാമങ്ങളിലെ കർഷക പെൺകൊടികളുടേത് പോലെ ഒരു സിൽക്ക് സ്കാർഫ് കൊണ്ട് തലമുടി കെട്ടിയിരിക്കുന്നു.

“അധികം ദൂരം നടക്കാനുണ്ടോ...?”  തന്റെ കരം കവർന്ന് നടപ്പാതയിലൂടെ മുന്നോട്ട് നടക്കുന്ന അവളോട് ഷാവേസ് ചോദിച്ചു.

“ഇല്ല... കാർ ഉണ്ടെനിക്ക്... ഈ സമയത്ത് റോഡ് വിജനമായതിനാൽ ഏറിയാൽ പത്ത് മിനിറ്റ് കൊണ്ട് റൂമിലെത്താം നമുക്ക്...”

അധികമകലെയല്ലാതെ പാർക്ക് ചെയ്തിരുന്ന ആ പഴഞ്ചൻ ഫോക്സ്‌വാഗൺ കാറിൽ അവർ കയറി. നിമിഷങ്ങൾക്കകം ആ കാർ മഴയുടെ അവശേഷിപ്പുകൾ നിറഞ്ഞ തെരുവുകളിലൂടെ മുന്നോട്ട് നീങ്ങി. തികച്ചും അനായാസകരമായിരുന്നു അവളുടെ ഡ്രൈവിങ്ങ്. സീറ്റ് അല്പം പിന്നോട്ട് ചായ്ച്ച് ഷാവേസ് വിശാലമായി ഇരുന്നു.

അവളെക്കുറിച്ച് അപ്പോഴും ചിന്താക്കുഴപ്പത്തിലായിരുന്നു അദ്ദേഹം. ഈ രംഗത്ത് ഒരു തുടക്കക്കാരിയാണെന്ന് തോന്നുന്നു. ഈ ജോലിയുടെ വിജയത്തിന് തീർച്ചയായും  സ്വായത്തമാക്കേണ്ട അലിവില്ലായ്മയും യാന്ത്രികതയും അവളെ തൊട്ട് തെറിച്ചിട്ടില്ല. മറിച്ച് ബുദ്ധിയും സൌന്ദര്യവും ഊഷ്മളതയും ഒത്തു ചേർന്ന ഒരു മിടുക്കിപ്പെൺകൊടി. ഇവൾ എങ്ങനെ ഈ രംഗത്തേക്ക് എത്തിപ്പെട്ടു എന്നോർത്ത് ഒരു നിമിഷം അത്ഭുതവും കോപവും എല്ലാം ഷാവേസിന്റെ മനസ്സിലേക്കോടിയെത്തി.

ഒരു ഇടുങ്ങിയ തെരുവിലെ പഴയ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിന് മുന്നിൽ കാർ നിന്നു. ഒന്നാമത്തെ നിലയിലായിരുന്നു അവളുടെ ഫ്ലാറ്റ്. പടവുകൾ കയറവെ തെല്ല് ക്ഷമാപണപൂർവ്വം അവൾ മൊഴിഞ്ഞു.

“അത്ര സൌകര്യമൊന്നുമില്ലാത്തതാണ്... പക്ഷേ, എന്താണെന്നറിയില്ല, ആ കുലീനത്വവും പൌരാണികതയുടെ ഗന്ധവും എന്നെ ഇവിടെത്തന്നെ പിടിച്ച് നിർത്തുന്നു... തികച്ചും ശാന്തമായ ഒരിടം...”

വാതിൽ തുറന്ന് അവൾ ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു. സാമാന്യം വലിപ്പമുള്ള അത്യാവശ്യം സൌകര്യങ്ങളുള്ള ഒരു റൂമായിരുന്നു അത്. “എക്സ്ക്യൂസ് മീ ഫോർ എ മോമെന്റ്... ഞാനീ വേഷം ഒന്ന് മാറിയിട്ട് വരാം...” അവൾ പറഞ്ഞു.

ഒരു സിഗരറ്റിന് തീ കൊളുത്തി ഷാവേസ് ആ മുറിയിൽ അലസമായി ഉലാത്തി. ജാലകത്തിനരികിൽ ഇട്ടിരിക്കുന്ന മേശമേൽ ഹീബ്രു ഭാഷയിലുള്ള ചില ടെൿസ്റ്റ് പുസ്തകങ്ങളും എന്തൊക്കെയോ കുറിപ്പുകൾ രേഖപ്പെടുത്തിയ ഒരു നോട്ടുപുസ്തകവും വിശ്രമിക്കുന്നുണ്ട്. അതിന്റെ പേജുകൾ മറിച്ചു നോക്കിക്കൊണ്ടിരിക്കവെ അവൾ തിരികെയെത്തി.

ചിത്രപ്പണികളോടു കൂടിയ ഒരു ജാപ്പനീസ് സിൽക്ക് കിമോണയായിരുന്നു അവളുടെ വേഷം. റിബ്ബൺ ഉപയോഗിച്ച് മുടി പിറകിലേക്ക് കെട്ടിയിരിക്കുന്നു. ഇപ്പോൾ അവളെ കണ്ടാൽ ഒരു പതിനാറ് വയസ്സിൽ ഒട്ടും കൂടുതൽ തോന്നുമായിരുന്നില്ല.

“എന്റെ ഹോം വർക്ക് മറിച്ചുനോക്കുകയായിരുന്നുവല്ലേ...?” അവൾ ചോദിച്ചു. “മാർക്ക് പറഞ്ഞിരുന്നു നിങ്ങളൊരു ബഹുഭാഷാ പണ്ഡിതനാണെന്ന്... ഹീബ്രു സംസാരിക്കുമോ നിങ്ങൾ...?”

“അത്യാവശ്യം ആശയവിനിമയം നടത്താമെന്നാല്ലാതെ അധികമൊന്നും അറിയില്ല...”

സംസാരം നിർത്താതെ കിച്ചണിലേക്ക് നടന്ന അവളെ ഷാവേസ് അനുഗമിച്ചു. “സാമാന്യം നന്നായിത്തന്നെ ഞാൻ ഹീബ്രു സംസാരിക്കും... പക്ഷേ, എഴുതുവാൻ ഇനിയും പരിശീലനം ആവശ്യമാണ്...”  അവൾ പറഞ്ഞു.

കോഫി തയ്യാറാക്കിക്കൊണ്ടിരിക്കുന്ന അവളെ വാതിൽക്കൽ നിന്ന് അദ്ദേഹം കൌതുകത്തോടെ വീക്ഷിച്ചു. “റ്റെൽ മി സംതിങ്ങ്... നിന്നെപ്പോലൊരു പെൺകുട്ടി എങ്ങനെയാണ് ഈ രംഗത്തേക്ക് എത്തിപ്പെട്ടത്...?”

തല ചരിച്ച് അദ്ദേഹത്തെ നോക്കി ഒന്ന് മന്ദഹസിച്ചിട്ട് അവൾ ജോലി തുടർന്നു. “വളരെ ലളിതം... പതിനാറാമത്തെ വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഞാൻ ജറുസലേമിലെ ഹീബ്രു യൂണിവേഴ്സിറ്റിയിൽ ഇക്കണോമിക്സിന് ചേർന്നു... അതിന് ശേഷം ഇസ്രയേലി ആർമിയിലും...”

“യുദ്ധനിരയിൽ പോകേണ്ടി വന്നിട്ടുണ്ടോ...?”

“തീർച്ചയായും... ഇനിയും എത്രയോ പോരാട്ടങ്ങൾ നടത്തേണ്ടിയിരിക്കുന്നു എന്ന് ബോദ്ധ്യം വന്നത് അതിനു ശേഷമായിരുന്നു...” അവൾ പറഞ്ഞു.

കാപ്പിപ്പാത്രവും കപ്പുകളും ഒരു ട്രേയിൽ വച്ചിട്ട് ഷെൽഫിന് നേർക്ക് നീങ്ങി അതിനുള്ളിൽ നിന്നും ഒരു ടിൻ പാൽപ്പൊടി അവൾ എടുത്തു. ആ ചെറിയ അടുക്കളയിൽ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്ന അവളെ വീക്ഷിച്ചുകൊണ്ട് നിൽക്കവെ അദ്ദേഹത്തിന്റെ തൊണ്ട വരണ്ടു. അവളുടെ ഓരോ ചലനത്തിലും തന്റെ ഉള്ളിൽ നിന്നും അദ‌മ്യമായ വികാരാവേശം ഉയരുന്നത് പോലെ...

മേശപ്പുറത്ത് നിന്നും ട്രേ എടുക്കുവാനായി അൽപ്പം മുന്നോട്ട് കുനിഞ്ഞപ്പോൾ അവൾ ധരിച്ചിരുന്ന കിമോണ വലിഞ്ഞു മുറുകി ശരീരത്തിന്റെ രൂപലാവണ്യം പ്രകടമാകുന്നത് ഷാവേസ് ഉദ്വേഗത്തോടെ വീക്ഷിച്ചു. കൈപ്പടങ്ങളിൽ വിയർപ്പ് പൊടിയുന്നത് പോലെ... സകല നിയന്ത്രണങ്ങളുടെയും കെട്ട് പൊട്ടി അവളെ കരവലയത്തിലാക്കുവാനായി ഒരടി മുന്നോട്ട് വച്ച മാത്രയിലാണ് പൊടുന്നനെ അവൾ തിരിഞ്ഞത്. കൈയിൽ ട്രേയുമായി അദ്ദേഹത്തെ നോക്കി ഹൃദ്യമായി അവൾ മന്ദഹസിച്ചു.

ജീവിതത്തിൽ ഒരിക്കൽ പോലും ഒരു പെൺകുട്ടി ഇത്രയും മനോഹരമായി തന്നെ നോക്കി പുഞ്ചിരിച്ചിട്ടുണ്ടാകില്ല...  ആ പഴയ അപ്പാർട്ട്മെന്റിലെ പൌരാണികതയുമായി ഇഴുകിച്ചേരും വിധം തന്റെ ആത്മാവിനെ അവളിലേക്ക് ആവാഹിച്ചു കൊണ്ട് ആർദ്രതയോടെയും ആർജ്ജവത്തോടെയുമുള്ള ആ മന്ദഹാസം പുതിയൊരു അനുഭവമായിരുന്നു ഷാവേസിന്.

തന്റെ മനോവ്യാപാരം തിരിച്ചറിഞ്ഞത് പോലെ പൊടുന്നനെ ആ മന്ദഹാസം അവളുടെ മുഖത്ത് നിന്നും മാഞ്ഞു. അവളുടെ മുഖം ലജ്ജയാൽ തുടുത്തു. അവളുടെ കൈകളിൽ നിന്നും ആ ട്രേ വാങ്ങിയിട്ട് പതിഞ്ഞ സ്വരത്തിൽ അദ്ദേഹം പറഞ്ഞു. “കോഫിയുടെ മയക്കുന്ന സുഗന്ധം... വരൂ, നമുക്ക് ഇരിക്കാം...”

അവൾക്ക് പിന്നാലെ അദ്ദേഹം അടുത്ത മുറിയിലേക്ക് നടന്നു. നെരിപ്പോടിന് സമീപമുള്ള ചെറിയ മേശമേൽ ട്രേ വച്ചിട്ട് ഇരുവശവുമായി അവർ ഇരുന്നു. കപ്പുകളിലേക്ക് അവൾ കോഫി പകരവെ ഷാവേസ് പറഞ്ഞു. “നിന്നെപ്പോലൊരു പെൺകുട്ടി ഈ വൃത്തികെട്ട ജോലിയിലേക്ക് എന്തിന് വന്നു എന്നതിന് വ്യക്തമായ ഒരു വിശദീകരണം ഇതുവരെ നീ തന്നില്ല...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...