Saturday, 28 May 2016

കാസ്പർ ഷുൾട്സ് – 7ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...

ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകൻ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു.

തുടർന്ന് വായിക്കുക...


അടഞ്ഞ വാതിലിൽ ചാരി നിന്നിരുന്ന അയാൾ വലതു കൈയിൽ ഒരു ഇറ്റാലിയൻ ബിറെറ്റാ ഓട്ടോമാറ്റിക്ക് റിവോൾവർ പിടിച്ചിട്ടുണ്ടായിരുന്നു. ശരാശരി ഉയരവും വണ്ണവുമുള്ള അയാളുടെ കരുവാളിച്ച മുഖത്തിന് ചേരാത്ത വിധം നീല നിറമായിരുന്നു കണ്ണുകൾക്ക്. ആ രംഗം ആസ്വദിക്കുന്നത് പോലെ ഒരു മന്ദസ്മിതം അയാളുടെ ചുണ്ടിന്റെ കോണുകളിൽ തത്തിക്കളിക്കുന്നുണ്ടായിരുന്നു.

“നിങ്ങൾ കാര്യങ്ങളൊക്കെ മൊത്തത്തിൽ ഒന്ന് ചൂടാക്കിയെന്ന് തോന്നുന്നല്ലോ...” തരക്കേടില്ലാത്ത ഇംഗ്ലീഷിൽ അയാൾ പറഞ്ഞു.

ട്രെയിൻ പൂർണ്ണമായും നിന്നതോടെ പുറത്ത് ഇടനാഴിയിൽ ഒച്ചയും ബഹളവും കേൾക്കാറായി. ഷാവേസ് ശ്രദ്ധാപൂർവ്വം ചെവിയോർത്തു. സ്റ്റെയ്നറുടെ സ്വരം തിരിച്ചറിഞ്ഞതും അദ്ദേഹം ചാടിയെഴുന്നേറ്റു.

“സ്റ്റെയ്നർ വല്ലാത്ത ദ്വേഷ്യത്തിലാണല്ലോ... നിങ്ങളെന്താണയാളെ ചെയ്തത്...?” അയാൾ ആരാഞ്ഞു.

ഷാവേസ് ചുമൽ വെട്ടിച്ചു. “ഒരു ജൂഡോ പ്രയോഗം... കണ്ഠനാളത്തിൽ തന്നെയാണ് ഞാൻ കുത്തിയത്... പക്ഷേ, അത് എത്രത്തോളം ഏറ്റു എന്നറിയാനും മാത്രമുള്ള സമയം എനിക്ക് ലഭിച്ചില്ല...” അദ്ദേഹം അയാളുടെ കൈയിലെ റിവോൾവറിലേക്ക് നോക്കി തലയാട്ടി. “ആ സാധനം അവിടെയെവിടെയെങ്കിലും മാറ്റി വയ്ക്കാം... നിങ്ങളോട് മല്ലിടാനൊന്നും ഞാനില്ല... പ്രോമിസ്...”

പുഞ്ചിരിച്ചുകൊണ്ട് അയാൾ റിവോൾവർ തന്റെ പോക്കറ്റിൽ നിക്ഷേപിച്ചു. “മുറിയ്ക്കുള്ളിലേക്ക് പെട്ടെന്ന് പിടിച്ച് വലിച്ച് കയറ്റുമ്പോൾ എന്തായിരിക്കും നിങ്ങളുടെ പ്രതികരണമെന്ന് എനിക്കുറപ്പില്ലായിരുന്നു...” അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് പാക്കറ്റ് എടുത്ത് തുറന്ന് ഷാവേസിന് നേർക്ക് നീട്ടി. അതിൽ നിന്ന് ഒന്നെടുത്ത ഷാവേസ് അയാൾ കത്തിച്ചുകൊടുത്ത ലൈറ്ററിൽ നിന്നും തീ കൊളുത്തി.

കഴിഞ്ഞ അഞ്ച് വർഷമായി ചീഫിനൊപ്പം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന തനിക്ക് ഒരു പ്രൊഫഷണലിനെ കണ്ടാൽ തീർച്ചയായും തിരിച്ചറിയാൻ കഴിയും.  ഈ രംഗത്ത് വർക്ക് ചെയ്യുന്നവർക്ക് ഒരു പ്രത്യേക പരിവേഷം തന്നെയുണ്ട്. കൃത്യമായി വിവരിക്കാനാവില്ലെങ്കിലും നല്ല പരിശീലനം സിദ്ധിച്ച ഒരു ഇന്റലിജൻസ് ഏജന്റിന് മാത്രം മനസ്സിലാക്കാൻ കഴിയുന്ന ഒരു പരിവേഷം. അല്പം കൂടി ചുഴിഞ്ഞിറങ്ങിയാൽ ഒരു പക്ഷേ അവരുടെ ദേശീയത പോലും മനസ്സിലാക്കിയെടുക്കുവാൻ കഴിഞ്ഞേക്കും. എന്നാൽ ഇയാളുടെ കാര്യത്തിൽ ഷാവേസിന് അല്പം ചിന്താക്കുഴപ്പം ഉണ്ടാകുക തന്നെ ചെയ്തു.

“ആരാണ് നിങ്ങൾ...?”  ഷാവേസ് ചോദിച്ചു.

“എന്റെ പേര് ഹാർഡ്ട്, മിസ്റ്റർ ഷാവേസ്... മാർക്ക് ഹാർഡ്ട്...”  അയാൾ പറഞ്ഞു.

“അതൊരു ജർമ്മൻ നാമമാണല്ലോ... പക്ഷേ, നിങ്ങളൊരു ജർമ്മൻ‌കാരനല്ല താനും...” ഷാവേസ് നെറ്റി ചുളിച്ചു.

“ഇസ്രയേലി...”  ഹാർഡ്ട് പുഞ്ചിരിച്ചു. “ഇമ്മാനുവൽ കോളേജിന്റെ സന്തതി... പക്ഷേ, വിഞ്ചസ്റ്ററിൽ വച്ച് അല്പം വഴി പിഴച്ചു പോയി എന്ന് മാത്രം...”

ഇപ്പോൾ ചിത്രം വ്യക്തമായി വരുന്നു... “ഇസ്രയേലി ഇന്റലിജൻസ്...?”  ഷാവേസ് ചോദിച്ചു.

ഹാർഡ്ട് തലയാട്ടി. “ആയിരുന്നു... പണ്ട്... അത്രകണ്ട് ഔദ്യോഗികം എന്ന് പറയാൻ കഴിയില്ലെങ്കിലും വളരെ രഹസ്യസ്വഭാവത്തോടെ പ്രവർത്തിക്കുന്ന ഒരു സംഘടനയിലെ അംഗമാണ് ഞാൻ...”

“അത് ശരി...” ഷാവേസ് പതുക്കെ പറഞ്ഞു. “ആട്ടെ, എന്താണ് നിങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യം...?”

“നിങ്ങളുടെ അതേ ലക്ഷ്യം തന്നെ...”  തികഞ്ഞ ലാഘവത്തോടെ ഹാർഡ്ട് പറഞ്ഞു. “ആ കൈയെഴുത്തുപ്രതി എനിക്ക് വേണം... അതിനേക്കാളുപരി ഐ വാണ്ട് കാസ്പർ ഷുൾട്സ്...”

ഷാവേസിന് എന്തെങ്കിലും പറയാൻ അവസരം ലഭിക്കുന്നതിന് മുമ്പ് അയാൾ തിരിഞ്ഞു. “പുറത്തിറങ്ങി  ഒന്ന് നോക്കിയിട്ട് വരാം ഞാൻ... എന്താണവിടെ സംഭവിക്കുന്നതെന്ന് നോക്കട്ടെ...”

വാതിൽ പതുക്കെ ചാരിയിട്ട് അയാൾ ഇടനാഴിയിലേക്കിറങ്ങി. ഹാർഡ്ട് വെളിപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ഷാവേസ് ബങ്കിന്റെ ഒരരികിലേക്ക് കയറിയിരുന്നു. യുദ്ധം അവസാനിച്ചതിന് ശേഷം ലോകത്തിന്റെ ഒട്ടുമിക്കയിടങ്ങളിലും ജൂതന്മാരുടെ രഹസ്യാന്വേഷണ സംഘങ്ങൾ അവിരാമം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്ന വസ്തുത പരസ്യമായ ഒരു രഹസ്യമാണ്. 1945 ൽ സഖ്യകക്ഷികളുടെ നെറ്റ്‌വർക്കിലേക്ക് നുഴഞ്ഞുകയറിയ നാസി യുദ്ധക്കുറ്റവാളികളെ കണ്ടെത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ബെൽ‌സെൻ, ഓഷ്‌വിറ്റ്സ് പോലുള്ള കോൺസൻ‌ട്രേഷൻ ക്യാമ്പുകളിലെ നരധാമന്മാരെ തേടിപ്പിടിച്ച് നിയമത്തിന് മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തിനായി തികഞ്ഞ ആത്മാർത്ഥതയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് അത്തരം യൂണിറ്റിലെ അംഗങ്ങൾ.

തന്റെ ഔദ്യോഗിക ജീവിതത്തിൽ പലപ്പോഴും ഇതുപോലെ തന്റെ അതേ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന പല ഏജന്റുമാരെയും കണ്ടുമുട്ടുകയും അവരോട് മത്സരിക്കേണ്ടിയും വന്നിട്ടുണ്ട്... പക്ഷേ, ഇത് അത് പോലെയല്ല... തികച്ചും വ്യത്യസ്ഥം...

ട്രെയിൻ വീണ്ടും നീങ്ങിത്തുടങ്ങിയിരിക്കുന്നു. അടുത്ത നിമിഷം ഡോർ തുറന്ന് ഒരു പുഞ്ചിരിയോടെ ഹാർഡ്ട് പ്രവേശിച്ചു. “സ്റ്റെയ്നറെ ഞാൻ കണ്ടു... വെകിളി പിടിച്ച സിംഹത്തെപ്പോലെ ട്രാക്കിൽ അങ്ങോട്ടുമിങ്ങോട്ടും പായുകയായിരുന്നു അയാൾ... നിങ്ങൾ മിക്കവാറും മൈലുകൾക്കപ്പുറം എത്തിക്കഴിഞ്ഞിരിക്കും എന്ന അനുമാനത്തിൽ അയാൾ തിരികെ ട്രെയിനിൽ തന്നെ കയറിയിട്ടുണ്ട്.... വീണ്ടും അയാളുടെ കൈയിലെങ്ങാനും നിങ്ങൾ എത്തിപ്പെട്ടാലത്തെ അവസ്ഥ എനിക്ക് ആലോചിക്കാൻ പോലും വയ്യ...”

“അങ്ങനെയൊരവസരം ഞാനിനി നൽകിയിട്ട് വേണ്ടേ...?” മടക്കി വച്ചിരിക്കുന്ന അമേരിക്കൻ യൂണിഫോമിലേക്ക് ഷാവേസ് വിരൽ ചൂണ്ടി. “നിങ്ങളുടെ പ്രച്ഛന്നവേഷം ഉഗ്രൻ... കുറ്റകൃത്യത്തിന് ശേഷം കുറ്റവാളി തന്നെ ഇല്ലാതാകുന്ന അവസ്ഥ... അല്ലേ...?”

ഹാർഡ്ട് തല കുലുക്കി. “ഈ വേഷം പല തവണ അതിന്റെ മൂല്യം തെളിയിച്ചിട്ടുള്ളതാ‍ണ്... ആ കട്ടിക്കണ്ണട മാത്രമാണ് ഒരു ബുദ്ധിമുട്ട്... അത് വച്ച് കഴിഞ്ഞാൽ ഒരു വസ്തു പോലും നേരാം വിധം കാണാൻ കഴിയില്ല...”

ഡോർ ലോക്ക് ചെയ്തിട്ട് അയാൾ ബങ്കിനടിയിൽ നിന്നും ഒരു സ്റ്റൂൾ എടുത്ത് വാ‍തിലിനരികിലായി ഇട്ടു. ശേഷം അതിന്മേൽ ഇരുന്ന് പിന്നിലെ ചുമരിലേക്ക് ചാഞ്ഞു. “അതൊക്കെ പോട്ടെ... നമുക്ക് കാര്യത്തിലേക്ക് കടക്കേണ്ട സമയമായെന്ന് തോന്നുന്നില്ലേ...? എന്ത് പറയുന്നു...?”

“ഓൾ റൈറ്റ്...”  ഷാവേസ് തല കുലുക്കി. “പക്ഷേ, തുടങ്ങി വയ്ക്കേണ്ടത് നിങ്ങളാണ്... ഈ വിഷയത്തെക്കുറിച്ച് എത്രത്തോളം ഇൻഫർമേഷനുണ്ട് നിങ്ങൾക്ക്...?”

“ഞാൻ തുടങ്ങി വയ്ക്കുന്നതിന് മുമ്പ്, ജസ്റ്റ് റ്റെൽ മീ വൺ തിങ്ങ്...” ഹാർഡ്ട് പറഞ്ഞു. “മുള്ളർ എന്ന വ്യക്തി ഇപ്പോൾ കൊല്ലപ്പെട്ടിരിക്കുന്നു... ശരിയല്ലേ...? വെടിവെപ്പ് നടന്നതിനെക്കുറിച്ച് യാത്രക്കാരിലാരോ ഒരാൾ പറയുന്നത് ഞാൻ കേട്ടു... അല്പം കഴിഞ്ഞ് സ്റ്റെയ്നർ നിങ്ങളെ ഇടനാഴിയിലൂടെ കൊണ്ടു പോകുന്നതും ഞാൻ കണ്ടു...”

ഷാവേസ് തല കുലുക്കി. “ഓസ്നബ്രൂക്കിൽ എത്തുന്നതിന് തൊട്ടു മുമ്പായി ഒരു കപ്പ് കോഫി ഞാൻ കുടിച്ചിരുന്നു... അതിൽ കലർത്തിയിരുന്നത് എന്ത് തന്നെയായിരുന്നാലും ശരി, ഏതാണ്ട് അര മണിക്കൂർ നേരത്തേക്ക് ഞാൻ അബോധാവസ്ഥയിലായിരുന്നു... കണ്ണു തുറന്നപ്പോൾ ഞാൻ കണ്ടത് കമ്പാർട്ട്മെന്റിന്റെ മൂലയിൽ നെഞ്ചിൽ വെടിയേറ്റ് ഇരിക്കുന്ന മുള്ളറെയാണ്...”

“കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതിയെക്കുറിച്ച് അറിയാവുന്ന മറ്റാരുടെയോ വിദഗ്ദ്ധമായ കരവിരുത്...”  ഹാർഡ്ട് പറഞ്ഞു.

“സത്യം പറഞ്ഞാൽ നിങ്ങളായിരിക്കും അത് ചെയ്തതെന്നായിരുന്നു ഞാൻ കരുതിയത്...” ഷാവേസ് പറഞ്ഞു. “എന്റെ കമ്പാർട്ട്മെന്റിൽ വന്ന് എന്തായിരുന്നു നിങ്ങൾ തെരഞ്ഞുകൊണ്ടിരുന്നത്...?”

“നിങ്ങളെക്കുറിച്ച് ലഭിക്കാവുന്ന എന്തും...” ഹാർഡ്ട് പറഞ്ഞു. “ഓസ്നബ്രൂക്കിൽ വച്ച് മുള്ളർ ട്രെയിനിൽ കയറുമെന്നും നിങ്ങളെ സന്ധിക്കുമെന്നുമുള്ള വിവരം എനിക്ക് ലഭിച്ചിരുന്നു... ആ കൈയെഴുത്തുപ്രതി അദ്ദേഹം കൂടെ കൊണ്ടുവരുമെന്ന് പ്രതീക്ഷയൊന്നും ഇല്ലായിരുന്നുവെങ്കിലും അതുള്ളയിടത്തേക്ക് നിങ്ങളെ അയാൾ കൂട്ടിക്കൊണ്ടുപോകുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു... ഒരു പക്ഷേ, കാസ്പർ ഷുൾട്സിന്റെ അടുത്തേക്ക് പോലും...”

“അങ്ങനെ ഞങ്ങളെ പിന്തുടരുവാനായിരുന്നു നിങ്ങളുടെ ഉദ്ദേശ്യം...?”  ഷാവേസ് ആരാഞ്ഞു.

“സ്വാഭാവികമായും...”  ഹാർഡ്ട് പറഞ്ഞു.

ഷാവേസ് മറ്റൊരു സിഗരറ്റിന് കൂടി തീ കൊളുത്തി. “ഇതും കൂടി പറയൂ... ഹൌ ദി ഹെൽ ഡൂ യൂ നോ സോ മച്ച്...?”

ഹാർഡ്ട് പുഞ്ചിരിച്ചു. “രണ്ടാഴ്ച്ച മുമ്പാണ് ഈ മുള്ളറെക്കുറിച്ച് ഞങ്ങൾക്ക് ഇൻഫർമേഷൻ ലഭിക്കുന്നത്... ഷുൾട്സിന്റെ കൈയെഴുത്തുപ്രതി പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായി ഒരു ജർമ്മൻ പബ്ലിഷറെ  അദ്ദേഹം സമീപിച്ചപ്പോൾ...”

“ആ പബ്ലിഷറെക്കുറിച്ചുള്ള വിവരം എങ്ങനെ നിങ്ങൾക്ക് ലഭിച്ചു...?”

“കഴിഞ്ഞ മൂന്ന് വർഷങ്ങളായി ആ പബ്ലിഷർ ഞങ്ങളുടെ നിരീക്ഷണത്തിലായിരുന്നു... അയാളുടെ ഓഫീസിൽ ഒരു യുവതിയെ ഞങ്ങൾ ജോലിക്കായി ഏർപ്പെടുത്തിയിരുന്നു... മുള്ളർ അവിടെ എത്തിയ വിവരം അവളാണ് ഞങ്ങളെ അറിയിച്ചത്...”

“എന്നിട്ട് മുള്ളറുമായി സന്ധിക്കുവാൻ സാധിച്ചോ നിങ്ങൾക്ക്...?”

ഹാർഡ്ട് തലയാട്ടി. “ഇല്ല... നിർഭാഗ്യവശാൽ ആ പബ്ലിഷറുടെ ചില നാസി സുഹൃത്തുക്കൾ സംഭവം അറിയാനിടയായി... ബ്രെമൻ നഗരത്തിലായിരുന്നു മുള്ളർ അന്ന് താമസിച്ചിരുന്നത്...  അപകടം മണത്തറിഞ്ഞ മുള്ളർ ആ പബ്ലിഷറെയും ഞങ്ങളെയും വെട്ടിച്ച് കടന്നു കളഞ്ഞു...”

“അതോടെ അദ്ദേഹത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ വഴി മുട്ടി...?”

ഹാർഡ്ട് തല കുലുക്കി. “നിങ്ങളെക്കുറിച്ച് ഞങ്ങൾ അറിയുന്നത് വരെയും...”

“എന്നെക്കുറിച്ചുള്ള വിവരങ്ങൾ...?” ഷാവേസ് അത്ഭുതം കൂറി. “അതെവിടെ നിന്നും ലഭിച്ചു...? പറയൂ... ഇറ്റ് ഷുഡ് ബീ മോസ്റ്റ് ഇന്ററസ്റ്റിങ്ങ്...”

(തുടരും)


അടുത്ത ലക്കം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Saturday, 21 May 2016

കാസ്പർ ഷുൾട്സ് – 6ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനായ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു. 

തുടർന്ന് വായിക്കുക...


പിന്നീടെപ്പോഴോ ഇരുട്ടിന്റെ നീർച്ചുഴിയിലെവിടെ നിന്നോ എന്ന പോലെ ഒരു നേർത്ത പ്രകാശ കിരണം തന്നെ തേടിയെത്തുന്നതായി ഷാവേസിന് തോന്നി. മുകളിൽ ഇരുവശങ്ങളിലേക്കും നിയതമായ രേഖയിൽ ആടിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക്ക് ബൾബ്... അനേകം കഷണങ്ങളായി ചിന്നിച്ചിതറിയ അതേ ബൾബ്... കുറെയധികം തവണ അദ്ദേഹം കണ്ണുകൾ മുറുക്കെയടച്ച് വീണ്ടും തുറന്നു. ഇപ്പോൾ വ്യക്തമായി കാണാനാകുന്നു... ചലിക്കുവാൻ കഴിയാത്ത വിധം കമ്പാർട്ട്മെന്റിന്റെ റൂഫിൽ ഘടിപ്പിച്ചിരിക്കുന്ന ബൾബിന് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല.

കമ്പാർട്ട്മെന്റിൽ തറയിൽ മലർന്ന് കിടക്കുകയായിരുന്നു ഷാവേസ്. എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കുവാൻ അദ്ദേഹം കിണഞ്ഞ് പരിശ്രമിച്ചെങ്കിലും തലച്ചോർ പ്രവർത്തിക്കുവാൻ മടിച്ചു. നാശം... താനെങ്ങനെ ഇവിടെ തറയിൽ വീണു...? ആയാസപ്പെട്ട് ബങ്കിനരികിലേക്ക് ഇഴഞ്ഞ് നീങ്ങി അതിന്റെ അറ്റത്ത് പിടിച്ച് അദ്ദേഹം എഴുന്നേറ്റ് ഇരുന്നു.

അപ്രതീക്ഷിതമായിരുന്നു ആ ദൃശ്യം. റൂമിന്റെ മൂലയിലുള്ള വാഷ് ബേസിനരികിലായി തറയിൽ ആരോ ഒരാൾ ഇരിക്കുന്നു... കണ്ണുകൾ വലിച്ചടച്ച് ഷാവേസ് ദീർഘമായി ഒന്ന് ശ്വസിച്ചു. വീണ്ടും കണ്ണുകൾ തുറന്നു. അയാൾ അവിടെത്തന്നെ ഇരിക്കുകയാണ്... പക്ഷേ, എന്തോ ഒരു അസ്വാഭാവികത... അയാളുടെ കണ്ണുകൾ അനന്തതയിലേക്ക് നട്ടിരിക്കുന്നു...! പാതി തുറന്ന ജാക്കറ്റിനടിയിൽ ധരിച്ചിരിക്കുന്ന വെള്ള ഷർട്ടിൽ നെഞ്ചിന്റെ ഇടത് ഭാഗത്തായി പുകയേറ്റ് ഇരുണ്ടത് പോലെ ഒരു ദ്വാരം... തൊട്ടടുത്ത് നിന്ന് ആരോ വെടിയുതിർത്തതാണെന്നത് വ്യക്തം.

പതുക്കെ എഴുന്നേറ്റ് വാഷ് ബേസിനരികിലെത്തി ഷാവേസ് ഒരു നിമിഷം ആ മൃതശരീരത്തെ നോക്കിക്കൊണ്ട് നിന്നു. പല ചിന്തകളും അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്ന് പോയി. പെട്ടെന്നാണ് മനം പിരട്ടുന്നത് പോലെ തോന്നിയതും തടഞ്ഞ് നിർത്താനാവാതെ വാഷ് ബേസിനിലേക്ക് ഛർദ്ദിച്ചതും.

വായ് കഴുകിയതിന് ശേഷം ഗ്ലാസിൽ അല്പം വെള്ളമെടുത്ത്  പതുക്കെ കുടിച്ചിറക്കി. രണ്ടോ മൂന്നോ മിനിറ്റ് വേണ്ടി വന്നു ഒരു വിധം സാധാരണ നിലയിലേക്ക് എത്തിച്ചേരുവാൻ.

കണ്ണാടിയിൽ നോക്കിയപ്പോഴാണ് അദ്ദേഹം അത് ശ്രദ്ധിച്ചത്. തന്റെ വലത് കവിളിൽ മുറിവേറ്റതിന്റെ അടയാളം. ചെറുതായി രക്തം ഒലിച്ചിറങ്ങിയതിന്റെ പാടുണ്ട്. ഉത്ക്കണ്ഠയോടെ ഷാവേസ് വാച്ചിലേക്ക് നോക്കി. സമയം പന്ത്രണ്ടേകാൽ...  എന്ന് വച്ചാൽ ഓസ്നബ്രൂക്ക് താണ്ടിയ ട്രെയിൻ, ബ്രെമെൻ നഗരം ലക്ഷ്യമാക്കി ഇരുളിന്റെ വിരിമാറിലൂടെ കുതിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ...!

  മൃതശരീരം പരിശോധിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിനറിയാമായിരുന്നു എന്താണ് താൻ കണ്ടെത്താൻ പോകുന്നതെന്ന്. ശരാശരി ആകാരം മാത്രമുള്ള ഇരുണ്ട നിറമുള്ള അയാളുടെ മുഖത്ത് സ്പർശിച്ചപ്പോൾ തണുത്ത ഒരു മെഴുകുകട്ടയുടെ പ്രതീതിയായിരുന്നു. വലത് കൈയിലെ വിരലുകൾ വളഞ്ഞ് വാഷ് ബേസിനടിയിൽ ചിതറിക്കിടക്കുന്ന കറൻസി നോട്ടുകളുടെ അരികിലെത്തി വിശ്രമിക്കുന്നു.

ഷാവേസ് തേടിയതും പ്രതീക്ഷിച്ചിരുന്നതുമായ വസ്തു കണ്ടെത്തിയത് അയാളുടെ കോട്ടിന്റെ പോക്കറ്റിനുള്ളിൽ നിന്നായിരുന്നു. ഹാംബർഗിലെ റീപ്പർബാൻ തെരുവിലെ ഒരു ക്ലബിൽ നിന്നും ഇഷ്യൂ ചെയ്തിരിക്കുന്ന ഹാൻസ് മുള്ളർ എന്ന പേരിലുള്ള മെമ്പർഷിപ്പ് കാർഡ്, ലുഫ്ത്‌വെയ്ഫ് യൂണിഫോമിലുള്ള അദ്ദേഹം ഒരു പെൺകുട്ടിയെ ചേർത്ത് പിടിച്ചുകൊണ്ട് നിൽക്കുന്ന പഴക്കം ചെന്ന ഫോട്ടോഗ്രാഫ്, പിന്നെ ഹാംബർഗിൽ ഗ്ലുക്ക്സ്ട്രാസയിലുള്ള ഹോട്ടലിലെ അഡ്രസ്സിലേക്ക് ലില്ലി എന്ന പേരിൽ എഴുതിയിട്ടുള്ള ഏതാനും കത്തുകൾ എന്നിവയൊക്കെയായിരുന്നു അത്.

മൃതശരീരത്തിനടുത്ത് നിന്നും പതുക്കെ എഴുന്നേറ്റ ഷാവേസ് ചിന്താമഗ്നനായി തിരിയവെയാണ് മൂലയിൽ കിടക്കുന്ന മോസർ ഓട്ടോമാറ്റിക്ക് ഗൺ ശ്രദ്ധിച്ചത്. അതെടുക്കുവാനായി കുനിഞ്ഞതും കമ്പാർട്ട്മെന്റിന്റെ ഡോറിൽ ശക്തിയായി ആരോ തട്ടുന്ന സ്വരം കേട്ടു. അടുത്ത നിമിഷം വാതിൽ തള്ളിത്തുറക്കപ്പെട്ടു.

ഇൻസ്പെക്ടർ സ്റ്റെയ്നർ ആയിരുന്നു അത്. അയാളുടെ ചുമലിന് മുകളിലൂടെ ആകാംക്ഷയോടെ ഉള്ളിലേക്ക് എത്തി നോക്കുന്ന പരിചാരകൻ...

“ഹെർ ഷാവേസ്...”  സ്റ്റെയ്നർ വിളിച്ചു. “ബുദ്ധിമുട്ടിക്കുന്നതിൽ ഖേദിക്കുന്നു... ഈ കമ്പാർട്ട്മെന്റിൽ നിന്നും ഒരു വെടിയൊച്ച കേട്ടു എന്ന് ഇയാൾ എന്റെയടുത്ത് റിപ്പോർട്ട് ചെയ്തു... അതേക്കുറിച്ച് എന്താണ് നിങ്ങൾക്ക് പറയാനുള്ളത്...?”

അപ്പോഴാണ് തറയിൽ കിടക്കുന്ന മോസർ ഇൻസ്പെക്ടർ സ്റ്റെയ്നറുടെ ശ്രദ്ധയിൽ പതിഞ്ഞത്. അയാളത് കുനിഞ്ഞെടുത്തു. പരിചാരകൻ ഭയം കൊണ്ട് വായ് തുറക്കവെ സ്റ്റെയ്നർ ഷാവേസിനെ പിടിച്ച് തള്ളി ബങ്കിൽ കൊണ്ട് ചെന്നിരുത്തി.

ഷാവേസിന്റെ ശരീരമൊട്ടാകെ പെട്ടെന്നൊരു പരിശോധന നടത്തിയിട്ട് സ്റ്റെയ്നർ പരിചാരകനെ ഉള്ളിലേക്ക് വിളിച്ചു.

“നിങ്ങളുടെ പേരെന്താണ്...?”

“ഷ്‌മിഡ്ട്, ഹെർ സ്റ്റെയ്നർ...  ഓട്ടോ ഷ്മിഡ്ട്...”  അയാളുടെ മുഖം വിവർണമായി. ഇപ്പോൾ ഛർദ്ദിക്കുമെന്ന് തോന്നി അയാളുടെ മുഖഭാവം കണ്ടിട്ട്.

“ഇതാ, ഇയാളെ ഇതിന് മുമ്പ് കണ്ടിട്ടുണ്ടോ...?” മൃതദേഹത്തെ ചൂണ്ടി പരുഷസ്വരത്തിൽ സ്റ്റെയ്നർ ആരാഞ്ഞു.

ഷ്മിഡ്ട് തല കുലുക്കി. “കണ്ടിരുന്നു...  ഓസ്നബ്രൂക്കിൽ വച്ചാണ് ഇയാൾ ട്രെയിനിൽ കയറിയത്, ഹെർ സ്റ്റെയ്നർ...”

“എന്നിട്ട്...?”

ഒരു കള്ള ലക്ഷണത്തോടെ ഷ്മിഡ്ട് ഷാവേസിന്റെ നേർക്ക് നോക്കി. “എന്നിട്ട് ഈ കമ്പാർട്ട്മെന്റിലേക്ക് പ്രവേശിക്കുന്നത് കണ്ടു...”

“ഐ സീ...”  സ്റ്റെയ്നർ തല കുലുക്കി. “ഡോക്ടർ ക്രൂഗറോട് ഇങ്ങോട്ടൊന്ന് വരാൻ പറയൂ...”
.
ഷ്മിഡ്ട് പുറത്തിറങ്ങിയതും സ്റ്റെയ്നർ തിരിഞ്ഞ് കൈകൾ നീട്ടി. അപ്പോഴാണ് ഷാവേസ് ഓർത്തത്, മുള്ളറുടെ പോക്കറ്റിൽ നിന്നും എടുത്ത വസ്തുക്കളെല്ലാം അപ്പോഴും തന്റെ കൈയിൽ തന്നെ ഇരിക്കുകയാണെന്ന്. അദ്ദേഹം അത് സ്റ്റെയ്നർക്ക് കൈമാറി.

ആ കത്തുകളെല്ലാം പരിശോധിച്ചതിന് ശേഷം സ്റ്റെയ്നർ തലയുയർത്തി മുരണ്ടു. “ഈ മനുഷ്യൻ... അതായത് ഹാൻസ് മുള്ളർ... ആരായിരുന്നു ഇയാൾ...? എന്തിനാണ് നിങ്ങൾ ഇയാളെ കൊന്നത്...?”

“അത് പറയേണ്ടത് നിങ്ങളാണ്...” ഷാവേസ് ചുമൽ വെട്ടിച്ചു.

സ്റ്റെയ്നർ കുനിഞ്ഞ് വാഷ് ബേസിനടിയിൽ ചിതറിക്കിടക്കുന്ന നോട്ടുകെട്ടുകൾ എടുത്തു. “അധികം ഉരുണ്ടു കളിക്കാതെ എന്താണിവിടെ നടന്നതെന്ന് പറയൂ... ഈ പണം നിങ്ങളുടേതാണെന്നാണോ പറയാൻ ശ്രമിക്കുന്നത്...?”

“ആ പണം എന്റേതല്ല...” ഷാവേസ് നിഷേധ രൂപേണ തലയാട്ടി.

സ്റ്റെയ്നർ ഒന്ന് തണുത്തത് പോലെ തോന്നി. “ഗുഡ്... അപ്പോൾ നേരായ വഴിയിലാണ് നിങ്ങൾ വരുന്നത്... ഈ പണത്തെ സംബന്ധിച്ച് നിങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടായി...  ദ്വേഷ്യം മൂത്ത ഇയാൾ നിങ്ങളെ ഇടിച്ചു... നിങ്ങളുടെ മുഖത്ത് അതിന്റെ പാടും കാണാനുണ്ട്... നിങ്ങളുടെ മുഖത്തുള്ള ഈ മുറിവ് ഇയാളുടെ വലത് കൈയിലെ നടുവിരലിലുള്ള ഈ കല്ല് വച്ച് മോതിരം ഉരഞ്ഞ് സംഭവിച്ചതാകാം...”
   
“അതിൽ ക്രൂദ്ധനായി ഞാൻ ഇയാൾക്ക് നേരെ നിറയൊഴിച്ചു...?”  സ്റ്റെയ്നറെ കളിയാക്കുന്ന മട്ടിൽ ഷാവേസ് ചോദിച്ചു.

സ്റ്റെയ്നർ ചുമൽ വെട്ടിച്ചു. “അതെ... അത് സമ്മതിച്ചേ തീരൂ... കാരണം സാഹചര്യത്തെളിവുകൾ വിരൽ ചൂണ്ടുന്നത് അതിലേക്കാണ്...”

ആ നിമിഷമാണ് ഡോക്ടർ ക്രൂഗർ കമ്പാർട്ട്മെന്റിൽ പ്രവേശിച്ചത്.  ചോദ്യരൂപേണ അയാൾ ഇൻസ്പെക്ടർ സ്റ്റെയ്നറെ നോക്കി. തറയിൽ ഇരിക്കുന്ന നിലയിൽ കാണപ്പെട്ട മൃതശരീരത്തിന് നേർക്ക് സ്റ്റെയ്നർ കൈ ചൂണ്ടി. തെല്ലൊരമ്പരപ്പോടെ ഡോക്ടർ ക്രൂഗർ അതിനരികിൽ മുട്ടുകുത്തി നിന്ന് പരിശോധിച്ചതിന് ശേഷം എഴുന്നേറ്റു.

“ഹൃദയത്തിലൂടെയാണ് വെടിയുണ്ട തുളച്ച് കയറിയിരിക്കുന്നത്... മരണം ഉടൻ തന്നെ സംഭവിച്ചിരിക്കണം...”  ക്രൂഗർ പറഞ്ഞു.

പണം തന്റെ പോക്കറ്റിൽ നിക്ഷേപിച്ചിട്ട് ഇൻസ്പെക്ടർ സ്റ്റെയ്നർ ഷാവേസിന് നേർക്ക് തിരിഞ്ഞു. “ഹെർ ഷാവേസ്... കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ നിങ്ങൾക്ക്...?”

നിഷേധാർത്ഥത്തിൽ ഷാവേസ് തല കുലുക്കി. “ഇല്ല... അനുവദിക്കുമെങ്കിൽ ഒരേയൊരു കാര്യം മാത്രം ചോദിക്കാനുണ്ടെനിക്ക്... മിസ്റ്റർ ഷ്മിഡ്ടിനോട്...” സ്റ്റെയനറുടെ മറുപടിക്കായി കാത്തു നിൽക്കാതെ അദ്ദേഹം പരിചാരകന് നേർക്ക് തിരിഞ്ഞു.  “പറയൂ ഷ്മിഡ്ട്... ഒരു അമേരിക്കൻ ആർമി സെർജന്റ് ഈ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടോ...?”

അയാളുടെ അമ്പരപ്പിൽ ഒട്ടും തന്നെ കൃത്രിമത്വം തോന്നിച്ചില്ല. “അമേരിക്കൻ ആർമി സെർജന്റ്...?  ഇല്ലേയില്ല... ഒരു പക്ഷേ, താങ്കൾക്ക് തെറ്റ് പറ്റിയതാകാം...”

ഷാവേസ് പുഞ്ചിരിച്ചു. “എന്തോ, അങ്ങനെയൊരാളെ കണ്ടത് പോലെ എനിക്ക് തോന്നി...”  അദ്ദേഹം എഴുന്നേറ്റ് സ്റ്റെയനറുടെ നേർക്ക് തിരിഞ്ഞു. “ശരി ഇൻസ്പെക്ടർ... അപ്പോൾ എന്നെ എങ്ങോട്ടാണ് നിങ്ങൾ കൊണ്ടുപോകുന്നത്...?”

സ്റ്റെയ്നർ അന്വേഷണഭാവത്തിൽ ഷ്മിഡ്ടിനെ നോക്കി.  “ഒഴിഞ്ഞ കമ്പാർട്ട്മെന്റ് ഏതെങ്കിലുമുണ്ടോ...?”

“തീർച്ചയായും, ഹെർ സ്റ്റെയ്നർ... അടുത്തതിന്റെ അടുത്ത കോച്ചിൽ ഒരെണ്ണമുണ്ട്...”

എല്ലാം ശ്രവിച്ചു കൊണ്ടിരുന്ന ഡോക്ടർ ക്രൂഗർ ഒരു വശത്തേക്ക് ഒതുങ്ങി നിന്നു. സ്റ്റെയ്നർ ഷാവേസിനെ പുറത്ത് ഇടനാഴിയിലേക്ക് തള്ളി. ഒച്ചയും ബഹളവും കേട്ട് മറ്റ് കമ്പാർട്ട്മെന്റിലെ യാത്രക്കാർ മിക്കവരും തങ്ങളുടെ വാതിൽക്കൽ വന്ന് ഇടനാഴിയിലേക്ക് എത്തി നോക്കുന്നുണ്ടായിരുന്നു. ഇടനാഴിയിലൂടെ ഷ്മിഡ്ടിനെ അനുഗമിച്ച ഷാവേസിനെ അവരെല്ലാം ജിജ്ഞാസയോടെ തുറിച്ച് നോക്കി.

തന്റെ കമ്പാർട്ട്മെന്റിന്റെ വാതിൽക്കൽ സർ ജോർജ്ജ് ഹാർവി അത്ഭുത ഭാവത്തിൽ നിൽക്കുന്നുണ്ടായിരുന്നു. അങ്ങോട്ട് അടുക്കവെ എന്ത് സംഭവിച്ചു എന്ന രൂപേണ കൈ ഉയർത്താൻ ശ്രമിച്ച അദ്ദേഹത്തെ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ച് ഷാവേസ് പിന്തിരിപ്പിച്ചു. കമ്പാർട്ട്മെന്റിനുള്ളിലേക്ക് പിന്മാറിയ അദ്ദേഹം കതകടച്ചു.

ഏതാണ്ട് പത്ത് മിനിറ്റ് മുമ്പേ തന്നെ ഷാവേസ് ഒരു കാര്യം തീരുമാനിച്ചുറപ്പിച്ചിരുന്നു. തന്റെ വിധിയും കാത്ത് അഭിഭാഷകരുടെ ദാക്ഷിണ്യത്തിൽ ആറു മാസം ഹാംബർഗിലെ ഏതെങ്കിലും തടവറയിൽ കഴിയാൻ ഉദ്ദേശിച്ചിട്ടില്ല എന്ന്... രണ്ടാമത്തെ കോച്ചിന്റെ പകുതിയും താണ്ടിയപ്പോഴേക്കും അതിനുള്ള പദ്ധതി അദ്ദേഹത്തിന്റെ തലയിൽ ഉരുത്തിരിഞ്ഞു കഴിഞ്ഞിരുന്നു.

ഒഴിഞ്ഞ കമ്പാർട്ട്മെന്റ് മൂന്നാമത്തെ കോച്ചിന്റെ ഏറ്റവും ഒടുവിലായിട്ടായിരുന്നു. അവിടെ എത്തുമ്പോഴേക്കും ഷാവേസിന്റെ പദ്ധതി റെഡിയായിക്കഴിഞ്ഞിരുന്നു. തൊട്ടു പിറകിൽ നിൽക്കുന്ന സ്റ്റെയ്നറിൽ നിന്നും ശ്രദ്ധ മാറാതെ തന്നെ, ഷ്മിഡ്ട് ഡോറിന്റെ ലോക്ക് തുറക്കുന്നതും കാത്ത് ഷാവേസ് നിന്നു. വാതിൽ തുറന്നതും അദ്ദേഹം ഷ്മിഡ്ടിനെ പിടിച്ച് ഉള്ളിലേക്ക് ശക്തിയായി തള്ളി. അപ്രതീക്ഷിതമായ ആ പ്രവൃത്തിയിൽ നിയന്ത്രണം തെറ്റിയ ഷ്മിഡ്ട് കമ്പാർട്ട്മെന്റിന് ഉള്ളിൽ പോയി വീണു. അതേ നിമിഷം തന്നെ വെട്ടിത്തിരിഞ്ഞ ഷാവേസ് തന്റെ ഇടംകൈയുടെ വിരലുകൾ നീട്ടി സ്റ്റെയ്നറുടെ കണ്ഠനാളത്തിൽ ഒരു കുത്തു കൊടുത്തു.

അസഹനീയമായ വേദനയാൽ പുളഞ്ഞ സ്റ്റെയ്നർ കഴുത്തിൽ കൈ പൊത്തിപ്പിടിച്ചു കൊണ്ട് ഇടനാഴിയിൽ കുഴഞ്ഞു വീണു. ഷ്മിഡ്ടിന്റെ ശബ്ദം പുറത്ത് കേൾക്കാതിരിക്കാനായി വാതിൽ വലിച്ചടച്ച് ലോക്ക് ചെയ്ത ഷാവേസ് വേദന കൊണ്ട് പുളയുന്ന സ്റ്റെയ്നറുടെ ശരീരത്തിന് മുകളിലൂടെ ചാടിക്കടന്ന് വന്ന വഴിയിലൂടെ തിരിഞ്ഞോടി.

സർ ജോർജ്ജ് ഹാർവിയുടെ കമ്പാർട്ട്മെന്റിൽ അഭയം തേടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ചുരുങ്ങിയത് ഹാംബർഗിൽ എത്തിച്ചേരുന്നത് വരെയെങ്കിലും സുരക്ഷിതമായിരിക്കും... പക്ഷേ, ആദ്യമായി ചെയ്യേണ്ടത് താൻ ട്രെയിനിൽ നിന്നും രക്ഷപെട്ടു എന്ന് ഇൻസ്പെക്ടർ സ്റ്റെയ്നറെ വിശ്വസിപ്പിക്കുകയാണ്.

കോച്ചിന്റെ അറ്റത്തെത്തിയതും അദ്ദേഹം വാതിലിന് മുകളിലുള്ള അപായ ചങ്ങല വലിച്ചു. ട്രെയിനിന്റെ വേഗത കുറയാൻ തുടങ്ങിയതും അദ്ദേഹം കോച്ചിന്റെ വാതിൽ തുറന്നു. പുറത്തെ തണുത്ത കാറ്റ് ഉള്ളിലേക്കടിച്ചു കയറി.

ഒട്ടും സമയം കളയാതെ അദ്ദേഹം അടുത്ത കോച്ചിലേക്ക് നീങ്ങി. ഇടനാഴിയുടെ അറ്റത്തായി സർ ജോർജ്ജ് ഹാർവിയുടെ കമ്പാർട്ട്മെന്റിന് ഏതാനും വാര അടുത്ത് എത്തിയതും എതിർ ദിശയിൽ നിന്നും വരുന്ന ആരുടെയൊക്കെയോ ശബ്ദകോലാഹലങ്ങൾ കേട്ടു. ഒരു നിമിഷം സംശയിച്ച് നിന്നിട്ട് അദ്ദേഹം തിരിഞ്ഞ് ഓടുവാനായി തുനിഞ്ഞു. പെട്ടെന്നാണ് അരികിലെ കമ്പാർട്ട്മെന്റിന്റെ വാതിൽ പതുക്കെ തുറന്നതും ആരുടെയോ കരങ്ങൾ അദ്ദേഹത്തെ ഉള്ളിലേക്ക് പിടിച്ച് വലിച്ചതും.

നിയന്ത്രണം തെറ്റിയ ഷാവേസ് തറയിൽ വീണു. ഒരു നിമിഷം പോലും വൈകാതെ കമ്പാർട്ട്മെന്റിന്റെ ഡോർ അടഞ്ഞ് ലോക്ക് വീണു. ഒരു സ്പ്രിങ്ങ് പോലെ തറയിൽ നിന്നും ചാടിയെഴുന്നേറ്റ അദ്ദേഹം മുന്നിലെ ബങ്കിലേക്ക് നോക്കി.

വൃത്തിയായി മടക്കി വച്ചിരിക്കുന്ന അമേരിക്കൻ ആർമി യൂണിഫോം... സെർജന്റ് റാങ്കിനെ സൂചിപ്പിക്കുന്ന സ്ട്രിപ്പുകൾ... യൂണിഫോമിന് മുകളിൽ വിശ്രമിക്കുന്ന മിലിട്ടറി ക്യാപ്പ്... അതിന് മുകളിൽ അദ്ദേഹം അത് കണ്ടു... കട്ടിയുള്ള ലെൻസുകൾ ഫിറ്റ് ചെയ്ത സ്റ്റീൽ ഫ്രെയിമുള്ള കണ്ണട.


(തുടരും)

അടുത്ത ലക്കം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...