Sunday, 26 June 2016

കാസ്പർ ഷുൾട്സ് – 9ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...


ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനായ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.തുടർന്ന് വായിക്കുക...


ണ്ണാടിയിലെ തന്റെ പ്രതിരൂപത്തിലേക്ക് നോക്കി ഷാവേസ് സ്വയം വിലയിരുത്തി. ഹാഡ്ട് നൽകിയ ഒരു വെള്ള റെയിൻ‌കോട്ടും പച്ച നിറമുള്ള ഹാറ്റുമായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. ഹാറ്റിന്റെ മുൻ‌ഭാഗം കണ്ണിന് മുകളിലേക്ക് താഴ്ത്തി വച്ചിട്ട് അദ്ദേഹം പുഞ്ചിരിച്ചു.

“കണ്ടിട്ട് എങ്ങനെയുണ്ട്...?”

ഹാഡ്ട് അദ്ദേഹത്തിന്റെ ചുമലിൽ പതുക്കെ ഒന്ന് തട്ടി. “ഫൈൻ... ജസ്റ്റ് ഫൈൻ... ട്രെയിനിൽ നിന്നും ധാരാളം പേർ ഇറങ്ങുവാനുണ്ടാകും... ഞാൻ പറയുന്നത് പോലെ നീങ്ങിയാൽ വെറും രണ്ട് മിനിറ്റിനുള്ളിൽ നിങ്ങൾക്ക് സ്റ്റേഷനിൽ നിന്നും പുറത്ത് കടക്കാം... എന്നിട്ട് ഒരു ടാക്സി പിടിക്കുക...”

ഷാവേസ് തല കുലുക്കി. “എന്നെക്കുറിച്ചോർത്ത് വേവലാതിപ്പെടേണ്ട... അടുത്ത കാലത്തൊന്നും ഞാൻ ഹാംബർഗിൽ വന്നിട്ടില്ലെങ്കിലും റീപ്പർബാനിലേക്കുള്ള വഴി കണ്ടുപിടിക്കാൻ അത്രയൊന്നും ബുദ്ധിമുട്ടേണ്ടി വരില്ല...”

“എങ്കിൽ ശരി... നമുക്ക് പിന്നീട് കാണാം...” കമ്പാർട്ട്മെന്റിന്റെ വാതിൽ തുറന്ന് ഇരുവശവും നിരീക്ഷിച്ചിട്ട് ഹാഡ്ട് ഒതുങ്ങി നിന്നു. “ഓൾ ക്ലിയർ...”

പുറത്തിറങ്ങിയ ഷാവേസ് വിജനമായ ഇടനാഴിയിലൂടെ വേഗം നടന്നു. വേഗത കുറഞ്ഞ് ട്രെയിൻ സ്റ്റേഷനിലേക്ക് പ്രവേശിക്കുകയാണ്. പിന്നോട്ട് പായുന്ന പ്ലാറ്റ്ഫോം ജാലകത്തിലൂടെ ദൃശ്യമാകുന്നുണ്ട്. കമ്പാർട്ട്മെന്റുകളിൽ നിന്നും പുറത്തേക്കിറങ്ങുവാൻ തുടങ്ങിയ ആളുകളെ വകഞ്ഞു മാറ്റിക്കൊണ്ട് ഷാവേസ് കോച്ചുകൾ ഓരോന്നും പിന്നിട്ട് ഏറ്റവും മുന്നിലെ കോച്ചിൽ എത്തി. ട്രെയിൻ പൂർണ്ണമായും നിന്നതോടെ വാതിൽ തുറന്ന് അദ്ദേഹം പ്ലാറ്റ്ഫോമിലേക്കിറങ്ങി.

ടിക്കറ്റ് ചെക്കിങ്ങ് പോയിന്റ് കടന്ന് ആദ്യം പുറത്തിറങ്ങിയത് ഷാവേസായിരുന്നു. നിമിഷങ്ങൾക്കകം അദ്ദേഹം പ്രധാന കവാടത്തിലൂടെ റോഡിൽ എത്തിക്കഴിഞ്ഞിരുന്നു. സമയം പുലർച്ചെ രണ്ടരയായിരിക്കുന്നു. *എസ്-ബാൻ  സർവീസ് അവസാനിപ്പിച്ചിരിക്കുന്നു. (*എസ്-ബാൻ - ഹാംബർഗിലെ സബർബൻ ഇലക്ട്രിക് ട്രെയിൻ). ചാറ്റൽ മഴയിലൂടെ ഒഴുകിയെത്തുന്ന ശരത്‌ക്കാല സുഗന്ധം... പെട്ടെന്നുണ്ടായ ഒരു ഉൾപ്രേരണയാലെന്ന പോലെ അദ്ദേഹം നടക്കുവാൻ തീരുമാനിച്ചു.  കോട്ടിന്റെ കോളർ തെല്ലൊന്ന് ഉയർത്തി വച്ച് അദ്ദേഹം മോൺബെർഗ്സ്ട്രാസയിലൂടെ സെന്റ് പോളി ലക്ഷ്യമാക്കി നടക്കുവാനാരംഭിച്ചു. ഹാംബർഗിലെ കുപ്രസിദ്ധമായ നിശാക്ലബുകൾ അവിടെയാണ്.

വിജനവും നിശബ്ദവുമായിരുന്നു തെരുവുകൾ. തലയുയർത്തി നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങളുടെ അരികിലൂടെ നീങ്ങവെ ഷാവേസിന്റെ ചിന്ത അല്പം പിറകോട്ട് പോയി. യുദ്ധത്തിന്റെ അവസാന കാലഘട്ടത്തിൽ ഇതായിരുന്നില്ല ഹാംബർഗ് നഗരത്തിന്റെ സ്ഥിതി. കനത്ത ബോംബിങ്ങിൽ തകർന്നടിഞ്ഞ കെട്ടിടങ്ങൾ... 1943 ലെ കനത്ത റെയ്ഡിങ്ങിൽ ഏതാണ്ട് എഴുപത്തിയയ്യായിരത്തോളം ആൾക്കാർ കൊല്ലപ്പെട്ട നഗരമാണ് ഈ കാണുന്നതെന്ന് വിശ്വസിക്കാനാവുന്നില്ല... ചാരക്കൂമ്പാരത്തിൽ നിന്നും ജർമ്മനി ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റിരിക്കുന്നു...

രാത്രിയുടെ ആ അന്ത്യയാമത്തിലും അവിശ്വസനീയമാം വിധം സജീവമായിരുന്നു റീപ്പർബാൻ തെരുവ്. നിയോൺ ലാമ്പുകളുടെ വർണ്ണവൈവിദ്ധ്യത്തിലൂടെ ഒഴുകുന്ന ആൾക്കൂട്ടത്തിനിടയിലൂടെ നടക്കുമ്പോൾ അദ്ദേഹത്തിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. പുലർച്ചെ മൂന്നുമണി നേരത്തെ ലണ്ടൻ നഗരവുമായി വെറുതേ ഒന്ന് താരത‌മ്യം ചെയ്ത് നോക്കി ഷാവേസ്. സെന്റ് പോളിയുടെ ഹൃദയഭാഗമാണ് റീപ്പർബാൻ... എന്താണവർ ഇതിനെ വിളിക്കുന്നത്...? Die Grosse Freiheit ... എന്ന് വച്ചാൽ... ദി ഗ്രേറ്റ് ഫ്രീഡം... എന്തുകൊണ്ടും ഉചിതമായ വിശേഷണം...

നിയോൺ ലൈറ്റുകളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രഭാപൂരത്തിൽ കുളിച്ച് നിൽക്കുന്ന നൈറ്റ് ക്ലബ്ബുകളുടെ മുന്നിലൂടെ അദ്ദേഹം നടന്നു. അവിടവിടെയായി നിലകൊണ്ടിരുന്ന കൂട്ടിക്കൊടുപ്പുകാരുടെ പ്രലോഭനങ്ങളെ അവഗണിച്ച് ഷാവേസ് ഡേവിഡ്സ്ട്രാസ്സയിലേക്ക് കടന്നു. കെട്ടിടങ്ങളുടെ ജാലകങ്ങൾക്കരികിൽ നിന്ന് വശീകരണ തന്ത്രങ്ങളുമായി ഉപഭോക്താക്കളെ ആകർഷിക്കുന്ന യുവതികൾ... അന്വേഷണത്തിനൊടുവിൽ ടാൾസ്ട്രാസ്സയിലെ ഒരു ഇടുങ്ങിയ തെരുവിൽ അദ്ദേഹം താജ്മഹൽ ക്ലബ്ബ് കണ്ടെത്തി.

ഒരു ഇന്ത്യൻ ക്ഷേത്രത്തിന്റെ കവാടം പോലെ അലങ്കരിച്ചിരുന്നു അതിന്റെ മുൻഭാഗം. തലപ്പാവും അലങ്കാര വസ്ത്രവുമണിഞ്ഞ് ഇന്ത്യൻ വേഷവിധാനത്തിൽ നിൽക്കുന്ന കാവൽക്കാരൻ... കവാടത്തിന്റെ ഇരുഭാഗത്തും ചെടിച്ചട്ടിയിൽ വളർത്തിയിരിക്കുന്ന ചെറിയ ഈന്തപ്പനകളുടെ മദ്ധ്യത്തിലൂടെ നടന്ന് ഉള്ളിലെത്തിയ ഷാവേസിനെ സ്വീകരിച്ചത് സുതാര്യമായ സാരി ധരിച്ച ഒരു യുവതിയായിരുന്നു. അദ്ദേഹത്തിന്റെ കോട്ടും ഹാറ്റും അവൾ ഉപചാരപൂർവ്വം ഊരി വാങ്ങി.

ക്ലബ്ബിന്റെ ഉൾത്തളവും ഇന്ത്യൻ രീതിയിലുള്ളതായിരുന്നു. നീണ്ട ഹാളിന്റെ ഇരുവശവും പ്ലാസ്റ്റർ ഓഫ് പാരീസിന്റെ തൂണുകളാൽ ഡിസൈൻ ചെയ്തിരിക്കുന്നു. അവയ്ക്കിടയിൽ ചെടിച്ചട്ടിയിൽ വളരുന്ന ചെറിയ ഈന്തപ്പനകൾ.  ഒഴിഞ്ഞ് കിടന്നിരുന്ന ഒരു മേശയുടെ സമീപത്തേക്ക് അദ്ദേഹത്തെ നയിച്ച വെയ്റ്റർ ധരിച്ചിരുന്നത് സുവർണ്ണ നിറമുള്ള ഷെർവാണിയും തലപ്പാവുമായിരുന്നു. എന്നാൽ അയാളുടെ ഫ്രെയിമില്ലാത്ത കണ്ണടയും ജർമ്മൻ ചുവയുള്ള ഇംഗ്ലീഷും ആ ഇന്ത്യൻ വേഷവിധാനത്തിന്റെ ചാരുത നശിപ്പിക്കുന്നതായി തോന്നി. ഒരു ബ്രാണ്ടി ഓർഡർ ചെയ്തിട്ട് ഷാവേസ് ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു.

ആ ക്ലബ്ബിനുള്ളിൽ ഏതാണ്ട് പാതിയോളം പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാർട്ടി തുടങ്ങിയിട്ട് ഏറെ നേരമായതിനാലാണെന്ന് തോന്നുന്നു പലരുടെയും മുഖം ക്ഷീണിതമാണ്. അത്ര വിശാലമല്ലാത്ത സ്റ്റേജിൽ ഒരു ടാബ്ലോ പോലെ പോസ് ചെയ്തിരിക്കുന്ന അര ഡസനോളം യുവതികൾ... ബാത്ത് ടൈം ഇൻ ഹരേം എന്ന ഓയിൽ പെയ്ന്റിങ്ങിന്റെ രംഗാവിഷ്കാരമാണ് അവർ ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. അവർക്ക് നടുവിലായി മദാലസയായ ഒരു യുവതി ശലോമിയുടെ  “ഏഴു മൂടുപടങ്ങൾ” എന്ന നൃത്തരൂപം അവതരിപ്പിക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിനോട് ഒട്ടും നീതിപുലർത്തുന്നുണ്ടായിരുന്നില്ല. അവസാനത്തെ വസ്ത്രവും ദൂരെയെറിഞ്ഞതോടെ കാണികൾക്കിടയിൽ നിന്നും അങ്ങിങ്ങായി ചെറിയ തോതിൽ ഹർഷാരവം ഉയർന്നു. അടുത്ത നിമിഷം ഹാളിലെ വൈദ്യുതദീപങ്ങളെല്ലാം അണഞ്ഞു. നിമിഷങ്ങൾക്ക് ശേഷം അവ വീണ്ടും തെളിഞ്ഞപ്പോൾ സ്റ്റേജിലെ യുവതികളെല്ലാം തന്നെ അപ്രത്യക്ഷരായിക്കഴിഞ്ഞിരുന്നു.

“ഇവിടെ ഒരു *ഫ്രോലീൻ ഹാർട്ട്മാൻ ജോലി നോക്കുന്നുണ്ടല്ലോ... അവളെ ഒന്ന് സന്ധിക്കുവാൻ എന്താണ് മാർഗ്ഗം...?”  (*ഫ്രോലീൻ - മിസ് എന്നതിന്റെ ജർമ്മൻ പദം) ബ്രാണ്ടിയുമായി അരികിലെത്തിയ വെയ്റ്ററോട് ഷാവേസ് ആരാഞ്ഞു.  

സ്വർണ്ണ മകുടം വച്ച പല്ല് കാട്ടി അയാൾ ചിരിച്ചു. “ഒന്നും അത്ര എളുപ്പമല്ല സർ... ഓരോ ഷോയും കഴിഞ്ഞതിന് ശേഷം പെൺകുട്ടികൾ ഡാൻസ് ഹോസ്റ്റസുമാരായി സ്റ്റേജിലെത്തും... ഫ്രോലീൻ ഹാർട്ട്മാന്റെ ഊഴമെത്തുമ്പോൾ ഞാൻ ചൂണ്ടിക്കാണിച്ചു തരാം...”

അത്ര മോശമല്ലാത്ത ടിപ്പ് അയാൾക്ക് നൽകിയിട്ട് ഒരു ഹാഫ് ബോട്ട്‌ൽ ഷാമ്പെയ്നും രണ്ടു ഗ്ലാസുകളും കൊണ്ടുവരാൻ ഓർഡർ കൊടുത്തു. സ്റ്റേജിൽ ഒരു ചെറിയ ബാൻഡ് രൂപം കൊള്ളുകയാണിപ്പോൾ. വാദ്യാലാപനം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു അവർ. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും ഒരു ഭാഗത്തെ വാതിൽ തുറന്ന് വരിവരിയായി ഷോ ഗേൾസ് പുറത്തേക്ക് എത്തിത്തുടങ്ങി.


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Friday, 10 June 2016

കാസ്പർ ഷുൾട്സ് – 8ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...


ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകൻ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.


നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.


റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാർഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു.തുടർന്ന് വായിക്കുക...


ഹാർഡ്ട് പുഞ്ചിരിച്ചു. “ഞങ്ങളുടേത് പോലുള്ള ഒരു സംഘടനയ്ക്ക് ലോകത്തെമ്പാടും സുഹൃത്തുക്കളുണ്ടായിരിക്കും... നിങ്ങൾ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെടുന്ന ആ പബ്ലിഷേഴ്സുമായി  മുള്ളർ ബന്ധപ്പെട്ട ഉടൻ തന്നെ ഷെയർ ഹോൾഡറായ സർ ജോർജ്ജ് ഹാർവിയെ അവർ വിവരമറിയിച്ചിരുന്നു... ആ വിവരം അദ്ദേഹം ഫോറിൻ സെക്രട്ടറിയുമായി പങ്കു വച്ചു... ഫോറിൻ സെക്രട്ടറി അപ്പോൾ തന്നെ അത് നിങ്ങളുടെ ബ്യൂറോയ്ക്ക് കൈമാറി...”

“ബ്യൂറോയെക്കുറിച്ച് നിങ്ങൾക്കെന്തറിയാം...?”  ഷാവേസ് നെറ്റി ചുളിച്ചു.

“അങ്ങേയറ്റം സങ്കീർണ്ണവും മലീമസവുമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാനായി രൂപീകരിച്ചിരിക്കുന്ന ഒരു സംഘടനായാണെന്നറിയാം...”  ഹാർഡ്ട് പറഞ്ഞു. “M.I.5 ഉം സീക്രട്ട് സർവീസും കൈ വയ്ക്കുവാൻ മടിക്കുന്ന പ്രശ്നങ്ങൾ ഏറ്റെടുക്കുന്നവർ...”

“മുള്ളറെ സന്ധിക്കുവാനായി ഞാൻ ഈ ട്രെയിനിൽ യാത്ര ചെയ്യുന്ന വിവരം എങ്ങനെയാണ് നിങ്ങൾക്ക് ലഭിച്ചത്...?”  ഷാവേസ് ചോദിച്ചു.

“ഓസ്നബ്രൂക്കിൽ വച്ച് നിങ്ങളെ സന്ധിക്കുവാൻ മുള്ളറിനെ ഏർപ്പാടാക്കിയത് പബ്ലിഷിങ്ങ് കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടറാണെന്ന കാര്യം അറിയാമല്ലോ... സ്വാഭാവികമായും ആ വിവരം അദ്ദേഹം രഹസ്യമാക്കി വയ്ക്കണമായിരുന്നു...”

“അങ്ങനെ ചെയ്തില്ലെന്നാണോ...?”

ഹാർഡ്ട് തല കുലുക്കി. “ഇത്രയും സെൻസേഷനായ ഒരു വാർത്ത രഹസ്യമാക്കി വയ്ക്കാൻ അദ്ദേഹത്തിനായില്ല... അന്ന് വൈകുന്നേരത്തെ ഡിന്നർ പാർട്ടിയിൽ വച്ച് അദ്ദേഹം അത് മറ്റ് ഡയറക്ടർമാരുടെ മുന്നിൽ വിളമ്പി... ഭാഗ്യം എന്ന് പറയട്ടെ, അതിലൊരാൾ ഞങ്ങളുടെ സംഘടനയോട് നേരിയ അനുഭാവം ഉള്ളയാളായിരുന്നു... ഞങ്ങൾക്ക് എന്തെങ്കിലും പ്രയോജനമുണ്ടാകുമെങ്കിൽ ആയിക്കോട്ടെ എന്ന് കരുതി അയാളത് ലണ്ടനിലെ ഞങ്ങളുടെ ഏജന്റിനെ അറിയിച്ചു... ഒട്ടും വൈകാതെ തന്നെ ആ വിവരം എന്റെ പക്കലുമെത്തി... ആ സമയം ഞാൻ ഹാംബർഗിൽ ആയിരുന്നു... പെട്ടെന്നായിരുന്നെങ്കിലും രാവിലത്തെ റോട്ടർഡാം ഫ്ലൈറ്റിൽ ഒരു സീറ്റ് ബുക്ക് ചെയ്യുവാൻ സാധിച്ചു എനിക്ക്... റോട്ടർഡാമിൽ നിന്നും ഞാൻ ഈ ട്രെയിനിൽ കയറിപ്പറ്റി...”

“ഞാനും മുള്ളറും ഈ ട്രെയിനിൽ വച്ച് സന്ധിക്കുവാൻ പോകുന്നു എന്ന വിവരം മുള്ളറെ വകവരുത്തിയവർ എങ്ങനെ അറിഞ്ഞു എന്നതിന് ഉത്തരമാകുന്നില്ല നിങ്ങളുടെ വിശദീകരണം...” ഷാവേസ് പറഞ്ഞു. “ലണ്ടനിൽ വച്ച് മറ്റൊരു ചോർച്ച കൂടി സംഭവിച്ചുവോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു... ഞാൻ പ്രതിനിധാനം ചെയ്യുന്നു എന്ന് പറയപ്പെടുന്ന ആ ഡയറക്ടർ ബോർഡിൽ ഒരു നാസി അനുഭാവി കൂടി ഉൾപ്പെട്ടിരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല...”

ഹാർഡ്ട് തല കുലുക്കി. “അതെക്കുറിച്ച് ചില നിഗമനങ്ങളിൽ ഞാൻ എത്തിച്ചേർന്നിട്ടുണ്ട്... മുള്ളർ ബ്രെമൻ നഗരത്തിൽ താമസിച്ചിരുന്നത്  ലില്ലി പാഹൽ എന്നൊരു വനിതയോടൊപ്പമായിരുന്നു... എന്നാൽ ഇന്ന് രാവിലെ അവരെ കണ്ടെത്തിയത് മരിച്ച നിലയിലാണ്... ആത്മഹത്യയാണെന്നാണ് സംസാരം...”

“അതൊരു കൊലപാതകമാണെന്ന് നിങ്ങൾ കരുതുന്നു...?”

ശരി വയ്ക്കുന്ന വിധം ഹാർഡ്ട് തല കുലുക്കി. “നഗരത്തിൽ നിന്നും മുള്ളർ യാത്ര തിരിച്ച അതേ ദിവസം തന്നെയാണ് ലില്ലിയും അപ്രത്യക്ഷയാകുന്നത്... എന്റെ അനുമാനം ഇതാണ്... മുള്ളറുടെ ഓരോ ചലനവും മറുഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു... അദ്ദേഹത്തിലൂടെ കാസ്പർ ഷുൾട്‌സിലേക്ക് എത്തിച്ചേരാമെന്ന് അവർ കണക്കു കൂട്ടി... ആ സംഘത്തിന്റെ കണ്ണ് വെട്ടിച്ച് കഴിഞ്ഞ രാത്രി അദ്ദേഹം ഹാംബർഗിൽ നിന്നും ഓസ്നബ്രൂക്കിലേക്ക് കടന്നു...  അതോടെ എങ്ങോട്ടാണ് അദ്ദേഹം പോയതെന്ന് അറിവുള്ള ഏക വ്യക്തിയായി മാറി ലില്ലി പാഹൽ...”

“ആ വാദഗതിയോട് ഞാൻ യോജിക്കുന്നു...”  ഷാവേസ് പറഞ്ഞു. “തികച്ചും യുക്തിസഹം... പക്ഷേ, എന്തിനവർ അദ്ദേഹത്തെ കൊലപ്പെടുത്തി എന്നത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു...”

ഹാർഡ്ട് ചുമൽ വെട്ടിച്ചു. “ഒരു പക്ഷേ, ആ കൈയെഴുത്തുപ്രതി മുള്ളറുടെ കൈവശം ഉണ്ടായിരുന്നിരിക്കാം... എങ്കിലും എന്തോ, എനിക്കങ്ങനെ വിശ്വസിക്കാനാവുന്നില്ല...  എന്റെ നിഗമനത്തിൽ അത് അബദ്ധത്തിൽ സംഭവിച്ച ഒരു കൊലപാതകമാണ്... മുള്ളറെയും കാത്ത് നിങ്ങളുടെ കമ്പാർട്ട്മെന്റിൽ ഒളിച്ചിരുന്ന ആ അജ്ഞാതനുമായുള്ള വാക്കുതർക്കം മൽപ്പിടുത്തത്തിൽ കലാശിച്ചതിനിടയിൽ നിറയുതിർന്നതാവാം...”

ഹാർഡ്ടിന്റെ വിശദീകരണങ്ങൾ മുഴുവനും കേട്ടു കഴിഞ്ഞിട്ടും ഷാവേസ് ചിന്താക്കുഴപ്പത്തിൽ തന്നെയായിരുന്നു. അല്പം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു. “എനിക്കിപ്പോഴും ഒരു കാര്യം മനസ്സിലാകുന്നില്ല... മുള്ളറിന്റെ മരണത്തോടെ കാസ്പർ ഷുൾട്സിനെ കണ്ടെത്തുക എന്ന എന്റെ ലക്ഷ്യത്തിന് പൂർണ്ണവിരാമം സംഭവിച്ചിരിക്കുകയാണ്... എന്നെക്കൊണ്ട് ഇനി നിങ്ങൾക്ക് യാതൊരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല... അപ്പോൾ പിന്നെ ഇൻസ്പെക്ടർ സ്റ്റെയ്നറിൽ നിന്നും എന്നെ രക്ഷപെടുത്തി അനാവശ്യമായ കുരുക്കുകളിൽ ചാടുവാൻ നിങ്ങൾ തുനിഞ്ഞതിന് പിന്നിലെ ചേതോവികാരം എന്താണ്...?”

“ഞാൻ അല്പം സെന്റിമെന്റൽ ആണെന്ന് തന്നെ കൂട്ടിക്കോളൂ...” ഹാർഡ്ട് പറഞ്ഞു. “ഇസ്രയേലികളോട് അനുകമ്പ പ്രകടിപ്പിക്കുന്നവരോട് എന്നും എനിക്കൊരു സോഫ്റ്റ് കോർണർ ഉണ്ടായിരുന്നു... അത്തരത്തിൽ ഒരുവനാണ് നിങ്ങളെന്ന് ഞാൻ നേരത്തെ അറിഞ്ഞിരുന്നു...”

“അതെങ്ങനെ...?”

“ജോയൽ ബെൻ ഡേവിഡ് എന്നൊരാളെ നിങ്ങൾ ഓർക്കുന്നുണ്ടോ...?”  ഹാർഡ്ട് ചോദിച്ചു. കെയ്‌റോയിൽ ഇസ്രയേലി ഇന്റലിജൻസ് ഏജന്റായിരുന്നു അയാൾ... 1956 ൽ... അയാളുടെ ജീവൻ രക്ഷിച്ചത് നിങ്ങളായിരുന്നു... സിനായ് യുദ്ധകാലത്ത് വിലപ്പെട്ട ഇൻഫർമേഷനുമായി സമരമുഖത്ത് നിന്നും ഇസ്രയേലിലേക്ക് രക്ഷപെടാൻ നിങ്ങൾ അയാളെ സഹായിച്ചു... ഞങ്ങളുടെ ആർമിയെ സംബന്ധിച്ചിടത്തോളം വലിയൊരു സേവനമായിരുന്നു നിങ്ങൾ ചെയ്തത്...”

“ഞാൻ ഓർക്കുന്നു...” ഷാവേസ് പറഞ്ഞു. “നിങ്ങളത് മറന്നിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു... അത്ര സുഖകരമായ ഒന്നല്ല എനിക്ക് ആ ഓർമ്മ... അങ്ങനെയൊരു ഇസ്രയേൽ പക്ഷപാതിയൊന്നും ആയിരുന്നുമില്ല ഞാൻ...”

“പക്ഷേ, ഞങ്ങൾ ജൂതന്മാർ, സഹായിച്ചവരെ മറക്കാറില്ല...” ശാന്തസ്വരത്തിൽ ഹാർഡ്ട് പറഞ്ഞു.  

വല്ലാത്ത അസ്വസ്ഥത തോന്നിയ ഷാവേസ് പൊടുന്നനെ ചോദിച്ചു. “ഈ ഷുൾട്സിന്റെ കാര്യത്തിൽ എന്താണ് നിങ്ങൾക്ക് ഇത്രമാത്രം താല്പര്യം...? മറ്റൊരു അഡോൾഫ് ഐക്മാനൊന്നുമല്ലല്ലോ അദ്ദേഹം...?  എന്തായാലും അദ്ദേഹത്തിനെതിരെ ഒരു അന്താരാഷ്ട്ര കുറ്റവിചാരണയ്ക്കുള്ള മുറവിളി ഉയരാൻ സാദ്ധ്യതയുണ്ട്... റഷ്യക്കാർ അതിന് ശ്രമിക്കുന്നുമുണ്ട്...”

നിഷേധരൂപേണ ഹാർഡ്ട് തലയാട്ടി. “എന്നെനിക്ക് തോന്നുന്നില്ല... എന്തായാലും ശരി, കുറ്റ വിചാരണയും കാത്ത് അദ്ദേഹത്തെ ജർമ്മനിയിൽ തന്നെ കഴിയാൻ അനുവദിക്കുന്നതിനോട് ഞങ്ങൾക്ക് താല്പര്യമില്ല... ജർമ്മൻ നിയമങ്ങൾ വച്ച് അദ്ദേഹത്തിന് ലഭിക്കാവുന്ന ശിക്ഷയ്ക്ക് ചില പരിധികളൊക്കെയുണ്ട്... കൂട്ട നരഹത്യയുമായി ബന്ധപ്പെട്ട വിചാരണകൾ കുറ്റകൃത്യം നടന്ന് പതിനഞ്ച് വർഷങ്ങൾക്കുള്ളിൽ നടന്നിരിക്കണം... വ്യക്തിപരമായ കൊലപാതകമാണെങ്കിൽ ഇരുപത് വർഷങ്ങൾക്കുള്ളിലും...”

“ഷുൾട്സ് കോടതിയിൽ സന്നിഹിതനാകാൻ തയ്യാറാവില്ല എന്നാണോ...?”  ഷാവേസ് നെറ്റി ചുളിച്ചു.

ഹാർഡ്ട് ചുമൽ വെട്ടിച്ചു. “ആർക്കറിയാം...! എന്തും സംഭവ്യമാണ്...”  അയാൾ എഴുന്നേറ്റ് അക്ഷമയോടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. “നിങ്ങൾ വിചാരിക്കുന്നത് പോലെ നരധാമന്മാരല്ല ഷാവേസ്, ഞങ്ങൾ... ഷുൾട്സിനെ കണ്ടെത്തി ബലിക്കല്ലിനടുത്ത് കൊണ്ടു ചെന്ന് ഓശാന ചൊല്ലുക എന്നതല്ല ഞങ്ങൾ ജൂതന്മാരുടെ ലക്ഷ്യം... അദ്ദേഹത്തെ വിചാരണ ചെയ്യുക എന്നതാണ്... ഐക്മാനെ വിചാരണ ചെയ്തത് പോലെ... മാനവികതയുടെ മേൽ അദ്ദേഹം ചെയ്ത കൊടും ക്രൂരത ലോകത്തിന് മുന്നിൽ തുറന്ന് കാണിക്കുവാൻ വേണ്ടി... മനുഷ്യൻ തന്റെ സഹോദരങ്ങളോട് എങ്ങനെയാണ് പെരുമാറിയിരുന്നതെന്ന് ലോകം മറക്കാതിരിക്കാൻ വേണ്ടി...”

ഹാർഡ്ടിന്റെ കണ്ണുകൾ ജ്വലിക്കുന്നത് പോലെ തോന്നി. അയാളുടെ ദേഹം മൊത്തത്തിൽ വിറയ്ക്കുന്നത് പോലെ... ഹൃദയവും ആത്മാവും എല്ലാം തന്നെ തന്റെ വിശ്വാസത്തിനായി പൊരുതുന്നത് പോലെ... ഈ ലോകത്ത് മറ്റൊന്നിനും തന്നെ ഇതിൽ കവിഞ്ഞ പ്രാധാന്യമില്ലാത്തത് പോലെ...

“ആത്മസമർപ്പണം ചെയ്ത മനുഷ്യൻ...”  ഷാവേസ് പതുക്കെ മന്ത്രിച്ചു. “ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ളവരെ കണ്ടെത്താൻ കഴിയില്ലെന്നായിരുന്നു കരുതിയത്...”

ഒരു കൈ ഉയർത്തി ഷാവേസിനെ തന്നെ ഉറ്റു നോക്കിക്കൊണ്ട് അല്പനേരം അയാൾ നിന്നു. പിന്നെ പൊട്ടിച്ചിരിച്ചു. അയാളുടെ മുഖത്ത് വീണ്ടും രക്തവർണ്ണം വ്യാപിച്ചു.  “ഐ ആം സോറി... ചിലപ്പോഴെല്ലാം ഞാൻ ഇങ്ങനെയാണ്... ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ആവേശം കൊണ്ടുപോകുന്നു... എന്തു ചെയ്യാം... പലപ്പോഴും നമ്മുടെ വിശ്വാസധാരകൾക്ക് വിപരീതമായ പ്രവൃത്തികൾ ചെയ്യുവാൻ നാം നിർബന്ധിതരായിത്തീരുന്നു...”

“ഇത്തരം വിഷയങ്ങളിൽ എന്തുകൊണ്ടാണ് നിങ്ങളിങ്ങനെ ചിന്താക്കുഴപ്പത്തിൽ പെട്ടു പോകുന്നത്...?”  ഷാവേസ് ചോദിച്ചു.

ഹാർഡ്ട് ബങ്കിൽ ഇരുന്നു. “ജർമ്മൻ ജൂതന്മാരായിരുന്നു തലമുറകളായി ഞങ്ങൾ... ഭാഗ്യമെന്ന് പറയട്ടെ, 1933 ആയപ്പോഴേക്കും ഭാവിയെക്കുറിച്ചുള്ള ഏകദേശ രൂപം മുൻ‌കൂട്ടി കാണുവാൻ എന്റെ പിതാവിന് സാധിച്ചു...  എന്നെയും മാതാവിനെയും കൂട്ടി അദ്ദേഹം ഇംഗ്ലണ്ടിലേക്ക് കുടിയേറി... വളരെ സന്തോഷകരമായ ജീവിതമായിരുന്നു അവിടെ ഞങ്ങൾക്ക്... ഒരിക്കലും ഞാനൊരു തികഞ്ഞ മത വിശ്വാസിയായിരുന്നില്ല... ഇപ്പോഴും അല്ല... ചെറുപ്പത്തിന്റെ വന്യമായ ഒരു എടുത്തുചാട്ടമായിരുന്നു എന്ന് വേണമെങ്കിൽ പറയാം... 1947 ൽ ഞാൻ കേംബ്രിഡ്ജിനോട് യാത്ര ചൊല്ലി... മാഴ്സെയ്‌ൽ‌സിൽ നിന്നും അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ട ഒരു ബോട്ടിൽ ഞാൻ പലസ്തീനിലേക്ക് യാത്ര തിരിച്ചു... അവിടെ വച്ച് ഞാൻ ഇസ്രയേൽ പ്രതിരോധ സേനയായ ഹംഗാനയിൽ ചേരുകയും ഒന്നാം അറബ് യുദ്ധത്തിൽ പങ്കാളിയാകുകയും ചെയ്തു...”

“അങ്ങനെ നിങ്ങളൊരു സയണിസ്റ്റായി മാറി...?”

ഒന്ന് പുഞ്ചിരിച്ചിട്ട് ഹാർഡ്ട് നിഷേധാർത്ഥത്തിൽ തലയാട്ടി. “അത് എന്നെ ഒരു ഇസ്രയേലി ആക്കി മാറ്റി... രണ്ടിനും തമ്മിൽ വ്യത്യാസമുണ്ട് ഷാവേസ്... വിശ്വാസപ്രമാണങ്ങൾക്ക് വേണ്ടി മരിച്ച് വീഴുന്ന യുവാക്കളെ ഞാൻ കണ്ടു... വിദ്യാലയങ്ങളിൽ പോയി അറിവ് നേടേണ്ട പ്രായത്തിൽ മെഷീൻ ഗണ്ണുകൾ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്ന കൊച്ചു പെൺകുട്ടികളെ ഞാൻ കണ്ടു... അന്ന് വരെയും എന്റെ ജീവിതത്തിന് പ്രത്യേകിച്ചൊരു ലക്ഷ്യമുണ്ടായിരുന്നില്ല... എന്നാൽ ആ ദൃശ്യങ്ങൾക്ക് ശേഷം എനിക്കൊരു ലക്ഷ്യ ബോധം കൈവന്നു...”

ഒരു നെടുവീർപ്പിന് ശേഷം ഷാവേസ് അയാൾക്ക് നേരെ ഒരു സിഗരറ്റ് നീട്ടി. “ഒരു കാര്യം പറയട്ടെ...? സത്യം പറഞ്ഞാൽ നിങ്ങളോട് എനിക്ക് അസൂയ തോന്നുന്നു...”

ഹാർഡ്ടിന്റെ മുഖത്ത് ആശ്ചര്യം വിടർന്നു. “ഒന്ന് ഞാൻ ചോദിച്ചോട്ടെ...? നിങ്ങൾ ചെയ്യുന്നതെല്ലാം  ശരിയാണെന്ന് നിങ്ങൾക്ക് വിശ്വാസമുണ്ടോ...? ചെയ്യുന്ന ജോലി... നിങ്ങളുടെ രാഷ്ട്രത്തിന്റെ നിലപാടുകൾ... അതിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ...?”

“എനിക്കോ...?” ഷാവേസ് തലയാട്ടി. “തീർച്ചയില്ല... ഈ ലോകത്തെ പല വൻശക്തികൾക്കും വേണ്ടി എന്നെപ്പോലെ ജോലിയെടുക്കുന്ന നിരവധി പേരുണ്ട്... എന്റെ രാജ്യത്തെ സാധാരണക്കാരെക്കാളും പരിചയമുണ്ട് എനിക്ക് റഷ്യയുടെ ചാരസംഘടനയായ സ്മെർഷിലെ അംഗങ്ങളുമായി... ഒരു കാര്യം ചെയ്യുവാൻ എന്നോട് ആവശ്യപ്പെട്ടാൽ അത് ചെയ്തിരിക്കുമെന്ന് ഞാൻ ഉറപ്പ് വരുത്തുന്നു... ഐ ഡോണ്ട് ആസ്ക് ക്വസ്റ്റ്യൻസ്... എന്നെപ്പോലുള്ളവർക്ക് ഒരേയൊരു തത്വസംഹിതയേയുള്ളൂ... ദി ജോബ് മസ്റ്റ് കം ബിഫോർ എനിതിങ്ങ് എൽ‌സ്...” ഷാവേസ് ഉറക്കെ ചിരിച്ചു. “കുറേക്കൂടി മുമ്പായിരുന്നു ഞാൻ ജനിച്ചിരുന്നതെങ്കിൽ, അതും ഒരു ജർമ്മൻ വംശജനായിട്ടായിരുന്നുവെങ്കിൽ, ഒരു പക്ഷേ, ഗെസ്റ്റപ്പോയ്ക്ക് വേണ്ടിയായിരുന്നിരിക്കും ഞാൻ ജോലി ചെയ്തിട്ടുണ്ടാകുക...”

“പിന്നെയെന്തിന് നിങ്ങൾ കെയ്‌റോയിൽ വച്ച് ജോയൽ ബെൻ ഡേവിഡിനെ സഹായിച്ചു...? നിങ്ങൾ പറയുന്ന സ്വഭാവത്തിന് ചേരാത്ത പ്രവൃത്തിയായിരുന്നല്ലോ അത്...”  ഹാർഡ്ട് ചോദിച്ചു.

“അതാണ് എന്റെ ഒരു ദൌർബല്യവും... അറിയാതെ തന്നെ ചില മനുഷ്യരുമായി ഞാൻ അടുത്തു പോകുന്നു... പലപ്പോഴും അത് തെറ്റായ തീരുമാനങ്ങളിൽ എന്നെ എത്തിച്ചിട്ടുമുണ്ട്...” ഹാർഡ്ടിന് എന്തെങ്കിലും പറയാൻ അവസരം നൽകാതെ അദ്ദേഹം തുടർന്നു. “ബൈ ദി വേ... സ്റ്റെയ്നർ എത്തുന്നതിന് മുമ്പ് തന്നെ ഞാൻ മുള്ളറുടെ ദേഹം പരിശോധിച്ചിരുന്നു... അദ്ദേഹത്തിന്റെ കോട്ടിന്റെ ഉള്ളിലെ പോക്കറ്റിൽ ചില കത്തുകൾ ഞാൻ കണ്ടു... നിങ്ങൾ സൂചിപ്പിച്ച ആ ലില്ലി പാഹൽ എഴുതിയത്... ഹാംബർഗിലെ ഗ്ലുക്ക്സ്ട്രാസെ തെരുവിലെ ഒരു ഹോട്ടൽ അഡ്രസ്സിലേക്കായിരുന്നു ആ കത്തുകൾ വന്നത്...”

ഹാർഡ്ട് നെറ്റി ചുളിച്ചു. “വിചിത്രമായിരിക്കുന്നു... ഞാൻ കരുതിയത് അദ്ദേഹം മറ്റേതെങ്കിലും പേര് ഉപയോഗിക്കും എന്നായിരുന്നു... ആട്ടെ, മറ്റെന്തെങ്കിലും കണ്ടെത്തുവാൻ സാധിച്ചുവോ...?”

“ഒരു പഴയ ഫോട്ടോ... യുദ്ധകാലത്ത് എപ്പോഴോ എടുത്തതാണെന്ന് തോന്നുന്നു... ഒരു യുവതിയെയും ചേർത്ത് പിടിച്ച്  *ലുഫ്ത്‌വാഫ് യൂണിഫോമിൽ (ലുഫ്ത്‌വാഫ് - ജർമ്മൻ എയർഫോഴ്സ്) നിൽക്കുന്ന അദ്ദേഹത്തിന്റെ ചിത്രം...”

ഹാർഡ്ട് അദ്ദേഹത്തെ സൂക്ഷിച്ച് നോക്കി. “തീർച്ചയാണോ നിങ്ങൾക്കത്...? ലുഫ്ത്‌വാഫ് യൂണിഫോം തന്നെയായിരുന്നോ അത്...?”

ഷാ‍വേസ് തല കുലുക്കി. “നൂറ് ശതമാനവും... എന്തേ ചോദിച്ചത്...?”

ഹാർഡ്ട് ചുമൽ വെട്ടിച്ചു. “ഏയ്, അത്ര കാര്യമാക്കാനില്ലായിരിക്കാം... ഞാൻ മനസ്സിലാക്കിയത് അദ്ദേഹം ആർമിയിൽ ആയിരുന്നുവെന്നാണ്... എനിക്ക് ലഭിച്ച ഇൻഫർമേഷൻ ഒരു പക്ഷേ, തെറ്റായിരിക്കാം...” ഒരു നിമിഷത്തെ മൌനത്തിന് ശേഷം അയാൾ തുടർന്നു. “ഗ്ലുക്ക്സ്ട്രാസെയിലുള്ള ആ ഹോട്ടലിൽ ഒന്ന് അന്വേഷിക്കുന്നതു കൊണ്ട് ചിലപ്പോൾ എന്തെങ്കിലും വിവരം ലഭിച്ചേക്കാം...”

ഷാവേസ് തലയാട്ടി. “അത്യന്തം അപകടകരമാണത്... ആ സ്ഥലത്തെക്കുറിച്ച് സ്റ്റെയ്നറിന് അറിയാമെന്ന കാര്യം മറക്കേണ്ട... തീർച്ചയായും അയാൾ അവിടെ അന്വേഷണത്തിന് എത്തിയിരിക്കും...”

“പക്ഷേ, നേരിട്ടങ്ങോട്ട് പോകാൻ സാദ്ധ്യതയില്ല...” ഹാർഡ്ട് പറഞ്ഞു. “ഹാംബർഗിൽ ഇറങ്ങിയ നിമിഷം തന്നെ ചെല്ലുകയാണെങ്കിൽ പോലീസിനെക്കാൾ മുന്നെ എനിക്കവിടെ എത്തിച്ചേരുവാൻ കഴിയും... മാത്രവുമല്ല, അവരുടെ കാഴ്ച്ചപ്പാടിൽ ഇത്ര പെട്ടെന്നൊന്നും അങ്ങോട്ട് ചെല്ലേണ്ട കാര്യവുമില്ലല്ലോ...”

ഷാവേസ് തല കുലുക്കി. “നിങ്ങൾ പറയുന്നതിലും കാര്യമില്ലാതെയില്ല...”

“അപ്പോൾ ഇനി ഒരു കാര്യം മാത്രമേ തീരുമാനിക്കുവാൻ അവശേഷിക്കുന്നുള്ളൂ...” ഹാർഡ്ട് പറഞ്ഞു. “അതാണ് നിങ്ങളിനി ചെയ്യാൻ പോകുന്നതും...”

“ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്ക് നന്നായി അറിയാം...” ഷാവേസ് പറഞ്ഞു. “എനിക്ക് കോഫി കൊണ്ടുവന്നു തന്ന ആ സ്ലീപ്പിങ്ങ് കാർ അറ്റൻഡന്റ് ഷ്മിഡ്‌ട്... ഒരു അഞ്ച് മിനിറ്റ് അയാളെ ഒറ്റയ്ക്കൊന്ന് കാണണം... ആർക്ക് വേണ്ടിയാണ് അയാൾ പ്രവർത്തിക്കുന്നതെന്ന് അറിയണം...”

“അക്കാര്യം എനിക്ക് വിട്ടു തരികയാണ് തൽക്കാലം നല്ലതെന്ന് തോന്നുന്നു...” ഹാർഡ്ട് പറഞ്ഞു. “അയാളുടെ അഡ്രസ് വാങ്ങിയിട്ട് പിന്നീടെപ്പോഴെങ്കിലും പോയി കാണുന്നതായിരിക്കും നല്ലത്... ഹാംബർഗിൽ എത്തിയാൽ സ്റ്റേഷനിൽ അധികമൊന്നും ചുറ്റിക്കറങ്ങാതിരിക്കുന്നതാണ് ബുദ്ധി...”

“പിന്നെ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ പറയുന്നത്...?”

ഹാർഡ്ട് ചുഴിഞ്ഞ് ചിന്തിക്കുന്നത് പോലെ തോന്നി. ഏതാനും നിമിഷങ്ങൾക്ക് ശേഷം അയാൾ ഒരു തീരുമാനത്തിലെത്തി. “കൂടുതലെന്തെങ്കിലും സംസാരിക്കുന്നതിന് മുമ്പ് ഒരു കാര്യം എനിക്കറിയണം... ഈ ഷുൾട്സ് വിഷയത്തിൽ എന്നോടൊപ്പം പ്രവർത്തിക്കുവാൻ നിങ്ങൾ തയ്യാറാണോ എന്ന കാര്യം...”

അതിലെ പ്രായോഗിക ബുദ്ധിമുട്ട് മുൻ‌കൂട്ടി ദർശിച്ച ഷാവേസ് ഉടൻ തന്നെ പറഞ്ഞു. “ആ കൈയെഴുത്തുപ്രതി കണ്ടെത്തി എന്ന് കരുതുക... ആർക്കായിരിക്കും അതിന്റെ അവകാശം...?”

ഹാർഡ്ട് ചുമൽ വെട്ടിച്ചു. “വളരെ ലളിതം... നമുക്കതിന്റെ ഫോട്ടോ കോപ്പി എടുക്കാവുന്നതേയുള്ളൂ...”

“ഷുൾട്സിനെയോ...? അയാളുടെ കോപ്പി എടുക്കാൻ കഴിയില്ലല്ലോ...”

“അത്... ആ അവസരം വന്നു ചേരുമ്പോൾ നമുക്ക് തീരുമാനിക്കാം...”

ഷാവേസ് നിഷേധരൂപേണ തലയാട്ടി. “അതിന് എന്റെ ചീഫ് സമ്മതിക്കുമെന്ന് തോന്നുന്നില്ല...”

ഹാർഡ്ട് ഹൃദ്യമായി പുഞ്ചിരിച്ചു. “തീരുമാനിക്കേണ്ടത് നിങ്ങളാണ്... എന്റെ സഹായം കൂടാതെ നിങ്ങൾക്ക് എവിടെയുമെത്താനാവില്ല എന്ന് ഓർമ്മ വേണം... എന്റെ കൈയിലാണ് തുരുപ്പ് ചീട്ട്... ഒരു പക്ഷേ, നിഗൂഢതയുടെ വാതിലുകൾ മലർക്കെ തുറക്കാനുള്ള താക്കോൽ...”

“പിന്നെയെന്തിനാണ് എന്റെ ആവശ്യം നിങ്ങൾക്ക്...?”  ഷാവേസ് ചോദിച്ചു.

“ഞാൻ മുമ്പ് പറഞ്ഞല്ലോ... അല്പം സെന്റിമെന്റലാണ് ഞാൻ...” ഹാർഡ്ട് മന്ദഹസിച്ചു. “ഓകെ... ഞാൻ ഒന്നും മറച്ച് വയ്ക്കുന്നില്ല... ഞാൻ വിചാരിച്ചതിലും വേഗത്തിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്... ഒരു സഹായത്തിനായി ഹാംബർഗിൽ മറ്റൊരാളില്ല എനിക്ക്... അതുകൊണ്ട് തന്നെ നിങ്ങളെ എനിക്ക് ഉപയോഗപ്പെടുത്താൻ കഴിയും...”

ഹാർഡ്ടിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിന്റെ പ്രയോജനം വളരെ വ്യക്തമായിരുന്നു ഷാവേസിന്. അതുകൊണ്ട് തന്നെ പെട്ടെന്നൊരു തീരുമാനത്തിലെത്തിച്ചേർന്നു അദ്ദേഹം. “ഓൾ റൈറ്റ്... ഐം ആം യുവർ മാൻ...”  ഷാവേസ് കൈകൾ നീട്ടി. “എങ്ങനെ പങ്കിട്ടെടുക്കണമെന്ന് ലക്ഷ്യം നേടിയതിന് ശേഷം നമുക്ക് തീരുമാനിക്കാം...”

“ഗുഡ് മാൻ...” ഹാർഡ്ടിന്റെ സ്വരത്തിൽ തികഞ്ഞ ആഹ്ലാദമുണ്ടായിരുന്നു. “ഞാൻ പറയാൻ പോകുന്നത് ശ്രദ്ധിച്ച് കേൾക്കണം... മുള്ളറിന് ഒരു സഹോദരിയുണ്ടായിരുന്നു എന്ന കാര്യം ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്... പക്ഷേ, മറുഭാഗത്തിന് അതറിയുമോ എന്ന കാര്യം സംശയമാണ്... 1943 ജൂലൈയിൽ നടന്ന കലാപത്തിൽ അവൾ കൊല്ലപ്പെട്ടു എന്നാണ് മുള്ളർ കരുതിയിരുന്നത്... ഈ അടുത്ത കാലത്താണ് അവർ തമ്മിൽ വീണ്ടും കണ്ടു മുട്ടിയത്... ഹാംബർഗിലെ ചുവന്ന തെരുവായ റീപ്പർബാൻ തെരുവിലുള്ള താജ്മഹൽ എന്ന നൈറ്റ് ക്ലബിൽ ഒരു ഷോ ഗേൾ ആയി ജോലി നോക്കുകയാണവൾ... കാറ്റി ഹോൾഡ്ട് എന്നാണവളുടെ പേര്... കഴിഞ്ഞ ഒരാഴ്ച്ചയായി എന്റെ ഒരു ഏജന്റ് ആ ക്ലബിൽ വർക്ക് ചെയ്യുന്നുണ്ട്... കാറ്റിയുമായി ചങ്ങാത്തം കൂടി മുള്ളറിലേക്ക് എത്തുവാനുള്ള വഴികൾ തേടുവാനാണ് ഞാനവളെ ഏൽപ്പിച്ചിരിക്കുന്നത്...”

അത്ഭുതത്തോടെ ഷാവേസ് പുരികമുയർത്തി. “നിങ്ങളുടെ ഏജന്റായി നിയോഗിച്ചിരിക്കുന്നത് ഒരു ജർമ്മൻ യുവതിയെയാണോ...?”

ഹാർഡ്ട് തലയാട്ടി. “ഇസ്രയേലി... ജർമ്മൻ വംശജരായ ജൂതദമ്പതികൾക്ക് ജനിച്ചവൾ... അന്നാ ഹാർട്മാൻ എന്നാണവളുടെ പേര്...”  അയാൾ തന്റെ ഇടതുകൈയിലെ നടുവിരലിൽ അണിഞ്ഞിരുന്ന വെള്ളി മോതിരം ഊരിയെടുത്തു. “ഇതാ, ഈ മോതിരം അവളെ കാണിച്ചിട്ട് നിങ്ങൾ ആരാണെന്ന് വെളിപ്പെടുത്തുക... നിങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അവൾക്കറിയാം... അവസാനത്തെ ഷോ കഴിഞ്ഞ് നിങ്ങളെ അവളുടെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ആവശ്യപ്പെടുക... അധികം താമസിയാതെ അവിടെ വന്ന് ഞാൻ നിങ്ങളെ കണ്ടുകൊള്ളാം...”

ഷാവേസ് ആ മോതിരം തന്റെ വിരലിലണിഞ്ഞു. “എല്ലാത്തിനും ഒരു തീരുമാനമായത് പോലെ തോന്നുന്നു... ട്രെയിൻ എപ്പോഴാണ് ഹാംബർഗിൽ എത്തിച്ചേരുന്നത്...?”

ഹാർഡ്ട് വാച്ചിൽ നോക്കി. “ഏതാണ്ട് രണ്ട് മണിക്കൂർ... ചോദിക്കാൻ കാരണം...?”

ഷാവേസ് പുഞ്ചിരിച്ചു. “കുറച്ച് ദിവസമായി നന്നായിട്ടൊന്ന് ഉറങ്ങാൻ സാധിച്ചിട്ടില്ല എനിക്ക്... വിരോധമില്ലെങ്കിൽ നിങ്ങളുടെ അപ്പർ ബെർത്ത് ഉപയോഗിക്കാൻ പോകുകയാണ് ഞാൻ...”

ഹാർഡ്ടിന്റെ മുഖത്ത് മന്ദഹാസം വിരിഞ്ഞു. അയാൾ എഴുന്നേറ്റ് മുകളിലേക്കുള്ള കോണി വലിച്ച് ശരിയാക്കി വച്ചു കൊടുത്തു. “യൂ നോ... നിങ്ങളുടെ മനോഭാവം എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു... അധികം താമസിയാതെ നാം ഇരുവരും പ്രശസ്തരാകാൻ പോകുകയാണ്...”

“അതെ... പരസ്പര സഹകരണത്തോടെ...” ഷാവേസ് പറഞ്ഞു.

വാതിലിന്റെ പിന്നിൽ ജാക്കറ്റ് കൊളുത്തിയിട്ട് ഷാവേസ് കോണി വഴി മുകളിലെ ബെർത്തിലേക്ക് കയറി. പിന്നെ നീണ്ട് നിവർന്ന് കിടന്നു. സകല പേശികളും തളർത്തിയിട്ടു കൊണ്ട്... മനസ്സ് ശാന്തമാകുമ്പോൾ മാത്രം ചെയ്യാൻ സാധിക്കുന്ന ആ പഴയ തന്ത്രം...

പരിശീലനത്തിന്റെയും പ്രായോഗിക പരിചയത്തിന്റെയും ഉല്പന്നമായ ഒരു എക്സ്ട്രാ സെൻസ്... എല്ലാം വളരെ ഭംഗിയായി പുരോഗമിക്കുന്നു എന്ന് അതിലൂടെ ഷാവേസ് തിരിച്ചറിഞ്ഞു.  അത്യന്തം ഭംഗിയായിത്തന്നെ... അല്പം ചരിഞ്ഞ് തലയിണയിലേക്ക് മുഖം പൂഴ്ത്തി അദ്ദേഹം ഞൊടിയിടയിൽ നിദ്രയിലേക്ക് വഴുതി വീണു... ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ശാന്തമായി...


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...