Saturday, 30 April 2016

കാസ്പർ ഷുൾട്സ് – 3ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...

ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനാണ് പോൾ ഷാവേസ്. തന്നെ ഏൽപ്പിച്ചിരുന്ന ഒരു ദൌത്യം പൂർത്തീകരിച്ച് ഗ്രീസിൽ നിന്നും ലണ്ടനിൽ മടങ്ങിയെത്തി ഒന്നുറങ്ങുവാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഓഫീസിൽ ഉടൻ റിപ്പോർട്ട് ചെയ്യുവാൻ ആവശ്യപ്പെട്ട് ഫോൺ കോൾ വരുന്നത്. ഉറക്കം മാറ്റി വച്ച് മനസ്സില്ലാ മനസോടെ രാത്രിയുടെ അന്ത്യയാമത്തിൽ തന്നെ ഓഫീസിലെത്തിയ ഷാവേസ് ചീഫിന്റെ റൂമിൽ പ്രവേശിക്കുന്നു. പുതിയ ദൌത്യത്തെക്കുറിച്ച് ചീഫ് ഷാവേസിനോട് വിവരിക്കുന്നു. രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.തുടർന്ന് വായിക്കുക...സമ്മതഭാവത്തിൽ തല കുലുക്കിയിട്ട് സർ ജോർജ് പിന്നോട്ട് ചാഞ്ഞ് ഇരുന്നു. പിന്നെ റിവോൾവിങ്ങ് ചെയറിൽ അൽപ്പം ഒന്ന് തിരിഞ്ഞ് ഷാവേസിനെ അഭിമുഖീകരിച്ചു.

“മിസ്റ്റർ ഷാവേസ്... മറ്റ് പല ബിസിനസുകളോടൊപ്പം തന്നെ ഒരു പുസ്തക പ്രസാധക കമ്പനിയുടെ സിംഹഭാഗം ഓഹരികളും എനിക്ക് സ്വന്തമാണ്... ഇന്നലെ രാവിലെ കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടർ അസാധാരണമായ ഒരു കത്തുമായി എന്നെ കാണാൻ വന്നു... ആ കത്തിനെക്കുറിച്ച് ഫോറിൻ സെക്രട്ടറി തീർച്ചയായും അറിഞ്ഞിരിക്കണമെന്ന് അദ്ദേഹത്തിനും മറ്റ് ബോർഡ് അംഗങ്ങൾക്കും തോന്നിയത്രെ... ഫോറിൻ സെക്രട്ടറിയുമായി എനിക്കുള്ള സൌഹൃദം കണക്കിലെടുത്ത് ആ ചുമതല അവർ എന്നെ ഏൽപ്പിക്കുകയായിരുന്നു...”

“ആരുടേതായിരുന്നു ആ ലെറ്റർ...?”  ഷാവേസ് ചോദിച്ചു.

“ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റെ...” സർ ജോർജ് പറഞ്ഞു.  “ആ കത്തിൽ അയാൾ അവകാശപ്പെടുന്നത് കാസ്പർ ഷുൾട്‌സ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നാണ്... മാത്രമല്ല, 1955 വരെ പോർച്ചുഗലിൽ കഴിഞ്ഞിരുന്ന ഷുൾട്സ് തിരികെ വന്ന് മറ്റൊരു പേർ സ്വീകരിച്ച് ആരാലും അറിയപ്പെടാതെ ഇപ്പോൾ ജർമ്മനിയിൽ തന്നെ കഴിയുകയുമാണെന്നാണ്  കത്തിൽ പറയുന്നത്...”

“പക്ഷേ, ഒരു പുസ്തക പ്രസാധക കമ്പനിയിൽ നിന്നും എന്താണയാൾക്ക് വേണ്ടത്...?” ഷാവേസ് ചോദിച്ചു.

“അതിലേക്കാണ് ഞാൻ വരുന്നത്...” സർ ജോർജ് പറഞ്ഞു. “ആ കത്തിൽ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാമെങ്കിൽ കാസ്പർ ഷുൾട്സ് തന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാനാഗ്രഹിക്കുന്നു...”

“മുള്ളറെ ഒരു മദ്ധ്യവർത്തിയായി നിർത്തിക്കൊണ്ട്...? പക്ഷേ, അത് പ്രസിദ്ധീകരിക്കാൻ എന്തുകൊണ്ട് അയാൾ ഒരു ജർമ്മൻ കമ്പനിയെ സമീപിച്ചില്ല...?” ഷാവേസ് ചോദിച്ചു. “അതുപോലൊരു പുസ്തകം വെളിച്ചം കാണുകയാണെങ്കിൽ ഇംഗ്ലണ്ടിനെക്കാൾ ജർമ്മനിയിലായിരിക്കില്ലേ അത് സെൻസേഷനാവുക...?”

“മുള്ളർ അതിന് ശ്രമിച്ചിരുന്നു എന്നതാണ് വാസ്തവം...” സർ ജോർജ് പറഞ്ഞു. “നിർഭാഗ്യവശാൽ ഒരിക്കലും സമീപിക്കാൻ പാടില്ലാത്തവരുടെയടുത്തായിരുന്നു അദ്ദേഹം എത്തിപ്പെട്ടത്... ഇതുപോലൊരു കത്തുമായി പ്രസാധകരെ സമീപിച്ച് ഏതാനും മണിക്കൂറുകൾക്കകം തന്നെ നാസി അധോലോകം അയാളെ തേടി എത്തിക്കഴിഞ്ഞിരുന്നു... ഹിറ്റ്‌ലറുടെ അനുചരന്മാർ എന്നറിയപ്പെട്ടിരുന്ന, ഇപ്പോൾ ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ പല ഉന്നത വ്യക്തികളും യഥാർത്ഥത്തിൽ ഹിറ്റ്‌ലറുടെ പ്രവൃത്തികളെ പിന്താങ്ങിയിരുന്നില്ല എന്ന സ്തോഭജനകമായ വസ്തുത ഷുൾട്സിന്റെ കുറിപ്പുകളിലുണ്ടെന്നാണ് മുള്ളർ പറയുന്നത്... മാത്രമല്ല, ഇവിടെ ഇംഗ്ലണ്ടിൽ തന്നെ ധാരാളം നാസി അനുഭാവികൾ ഉണ്ടായിരുന്നതായും കാസ്പർ ഷുൾട്സ് അവരുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു എന്നും പറയുന്നു... 1940 ൽ ജർമ്മൻ അധിനിവേശം ഏതാണ്ട് ഉറപ്പായ അവസരത്തിൽ അധിനിവേശ ഇംഗ്ലണ്ടിന്റെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായ ഒരു പ്രമുഖ വ്യക്തിയെക്കുറിച്ച് ഒരു അദ്ധ്യായം തന്നെ എഴുതിയിട്ടുണ്ടത്രെ അദ്ദേഹം...”

അവിശ്വസനീയതയോടെ ഷാവേസ് പതുക്കെ ചൂളമടിച്ചു. “ആരുടെയെങ്കിലും പേരുകൾ പരാമർശിക്കുന്നുണ്ടോ ആ കത്തിൽ...?”

“ഇല്ല...” അദ്ദേഹം തലയാട്ടി. “ഷുൾട്സിന്റെ കൈയെഴുത്തുപ്രതി തന്റെ കൈവശമുണ്ടെന്ന് മാത്രമാണ് മുള്ളർ പറയുന്നത്... അത് ഷുൾട്സിന്റെ കൈയക്ഷരം തന്നെയാണോ എന്ന് നമുക്ക് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നത് മറ്റൊരു വശം... പക്ഷേ, ഒരേയൊരു കോപ്പി മാത്രമേയുള്ളൂ എന്നതാണ് പ്രധാന പ്രശ്നം... അതുകൊണ്ട് തന്നെ പറയേണ്ട കാര്യമില്ലല്ലോ... വളരെ വലിയ തുകയാണ് അതിനദ്ദേഹം ആവശ്യപ്പെടുന്നത്...”  സർ ജോർജ് പറഞ്ഞു.

“ഒട്ടും അത്ഭുതമില്ല...” ഷാവേസ് പറഞ്ഞു. “പക്ഷേ, ആ പാവം അറിയുന്നില്ല, ഒരു ടൈം ബോംബ് ആണ് അദ്ദേഹം ഒപ്പം കൊണ്ടു നടക്കുന്നതെന്ന്...”  ഷാവേസ് ചീഫിന് നേർക്ക് തിരിഞ്ഞു. “ഏതാണ്ട് മൂന്ന് വർഷമായി ഞാൻ ജർമ്മനിയിൽ പോയിട്ട്... എത്രമാത്രം ശക്തരാണ് നാസികൾ ഇപ്പോൾ...?”

“ലോകജനത കരുതുന്നതിനെക്കാൾ വളരെ ശക്തരാണ് ഇപ്പോഴും അവർ...” ചീഫ് പറഞ്ഞു. “വാർ ക്രൈംസിനെക്കുറിച്ച് അന്വേഷിക്കാനായി യുദ്ധാനന്തര ഗവണ്മന്റ് ലുഡ്‌വിഗ്സ്ബർഗിൽ ഒരു ഓഫീസ് തുറന്ന അന്ന് മുതൽക്കേ തുടങ്ങിയതാണ് നാസി അധോലോകവുമായുള്ള സംഘർഷം... മുതിർന്ന മുൻ എസ്. എസ്. ഉദ്യോഗസ്ഥർ പോലീസിൽ എമ്പാടും നുഴഞ്ഞു കയറിയിട്ടുണ്ട്... അതുകൊണ്ട് തന്നെ ഉടൻ അറസ്റ്റ് ചെയ്യപ്പെടാൻ സാദ്ധ്യതയുള്ള മുൻ എസ്. എസ്. ഓഫീസർമാർക്ക് മുന്നറിയിപ്പ് കൊടുക്കാൻ നാസി ഇന്റലിജൻസിന് സാധിച്ചിട്ടുണ്ട്... അവരിൽ പലരും ഇതിനോടകം തന്നെ യുണൈറ്റഡ് അറബ് റിപ്പബ്ലിക്കിലേക്ക് രക്ഷപെടുകയും ചെയ്തിരിക്കുന്നു...”

“പക്ഷേ, ഇനിയും ധാരാളം നാസികൾ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ടെന്നാണല്ലോ കേൾക്കുന്നത്...”

“അത് തർക്കമില്ലാത്ത കാര്യമാണ്... ഗവണ്മന്റ് തസ്തികകളിൽ എന്നു വേണ്ട, മറ്റെല്ലാ തുറകളിലും അവരുടെ സാന്നിദ്ധ്യം ഇപ്പോഴുമുണ്ട്...” ചീഫ് ഉറക്കെ ചിരിച്ചു. “ആ ജർമ്മൻ പബ്ലിഷിങ്ങ് കമ്പനിയിലേക്ക് പ്രസ്തുത കത്തയച്ചതിന് ശേഷമായിരിക്കും ഒരു പക്ഷേ, മുള്ളർ ഇതെല്ലാം അറിഞ്ഞിട്ടുണ്ടാകുക...”

“ആ പബ്ലിഷിങ്ങ് കമ്പനിയുടെ പേർ അദ്ദേഹം സൂചിപ്പിച്ചുവോ...?”

“ഇല്ല... സ്വന്തം മേൽ‌വിലാസം പോലും അദ്ദേഹം തന്നിട്ടില്ല... ആവശ്യം വരുമ്പോൾ ഫോണിൽ ബന്ധപ്പെടാമെന്നാണ് പറഞ്ഞത്...”  ചീഫ് പറഞ്ഞു.

“എന്നിട്ട് ഫോൺ ചെയ്തുവോ...?”

“ചെയ്തു... പറഞ്ഞ പ്രകാരം ഇന്നലെ വൈകിട്ട് കൃത്യം ആറ് മണിക്ക്... മാനേജിങ്ങ് ഡയറക്ടറാണ് ഫോൺ അറ്റന്റ് ചെയ്തത്... ഈ വിഷയത്തിൽ തീർച്ചയായും താല്പര്യമുണ്ടെന്നും അദ്ദേഹത്തെ നേരിൽ സന്ധിക്കുന്നതിനായി കമ്പനിയുടെ ഒരു ഡയറക്ടറെ ജർമ്മനിയിലേക്ക് അയക്കുവാനുള്ള ഏർപ്പാടാക്കിയിട്ടുണ്ടെന്നും ഞങ്ങൾ അറിയിച്ചു...”

“ആന്റ് ദാറ്റ്സ് മീ, ഐ സപ്പോസ്...”

“കറക്റ്റ്...” ചീഫ് പറഞ്ഞു. “ഇന്ന് വൈകിട്ടത്തെ ബോട്ടിൽ നിങ്ങൾ ഹുക്ക് ഓഫ് ഹോളണ്ട് ക്രോസ് ചെയ്യണം...  എന്നിട്ട് ഹാംബർഗിലേക്കുള്ള നോർത്ത് വെസ്റ്റ് എക്സ്പ്രസ്സ് പിടിക്കണം...” മേശവലിപ്പ് തുറന്ന് ചീഫ് ഒരു വലിയ എൻ‌വലപ്പ് പുറത്തെടുത്തു. “നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ രേഖകളും ഇതിലുണ്ട്... നിങ്ങളുടെ പേരിലുള്ള പുതിയ പാസ്പോർട്ട്... ഒരേയൊരു മാറ്റം മാത്രം... നിങ്ങളുടെ ഉദ്യോഗം പബ്ലിഷർ എന്നാക്കി മാറ്റിയിരിക്കുന്നു... ജർമ്മനിയിലെ ആവശ്യത്തിനുള്ള പണവും മറ്റു ചില അവശ്യവസ്തുക്കളും ഇതിലുണ്ട്...”

“എന്തിനാണ് ഹാംബർഗിലേക്കുള്ള രാത്രി വണ്ടി തന്നെ പിടിക്കണമെന്ന് നിർബന്ധം...?”

“അതിലേക്കാണ് ഞാൻ വരുന്നത്...” ചീഫ് പറഞ്ഞു. “റിസർവ്‌ഡ് കമ്പാർട്ട്‌മെന്റിൽ ഒരു ഫസ്റ്റ് ക്ലാസ് സ്ലീപ്പിങ്ങ് കാർ ബെർത്ത് ഞാൻ അറേഞ്ച് ചെയ്തിട്ടുണ്ട്... ടിക്കറ്റ് ഈ എൻ‌വലപ്പിൽ തന്നെയുണ്ട്... പാതിരാത്രിയാകുന്നതിന് ഏതാനും മിനിറ്റുകൾ മുമ്പ് ഓസ്‌നാബ്രൂക്കിൽ നിന്നും ട്രെയിനിൽ കയറുന്ന മുള്ളർ നേരെ നിങ്ങളുടെ കമ്പാർട്ട്‌മെന്റിലേക്ക് എത്തുന്നതായിരിക്കും...”

“അദ്ദേഹത്തെ കണ്ടുമുട്ടിക്കഴിഞ്ഞാൽ പിന്നെ എന്റെ ജോലി എന്താണ്...?”

ചീഫ് ചുമൽ വെട്ടിച്ചു. “അത് പൂർണ്ണമായും നിങ്ങളുടെ മനോധർമ്മത്തിന് വിടുന്നു... ആ കൈയെഴുത്തുപ്രതി എനിക്ക് വേണം... അതിനേക്കാളുപരി, ഐ വാണ്ട് കാസ്പർ ഷുൾട്സ്... പിന്നെ ഒരു കാര്യം കൂടി... ഇതേ ട്രെയിനിൽ തന്നെ സർ ജോർജും ഹാംബർഗിലേക്ക് പോകുന്നുണ്ട്... യുണൈറ്റഡ് നേഷൻസിന്റെ ഒരു പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ... അതുകൊണ്ട് കൂടിയാണ് നിങ്ങളോട് അഭിപ്രായം ആരായുക പോലും ചെയ്യാതെ ഞാൻ ഈ അറേഞ്ച്മെന്റ്സ് ഒക്കെ നടത്തിയത്... മുള്ളറെ ശരിക്കും വരുതിയിലാക്കാൻ നോക്കുക... ആ കൈയെഴുത്തുപ്രതിയോ അല്ലെങ്കിൽ അതിന്റെ ഒരു ഭാഗമോ കണ്ടേ തീരൂ എന്ന് നിർബന്ധം പിടിക്കണം... വേണ്ടി വന്നാൽ അദ്ദേഹവും  സർ ജോർജുമായി ഒരു മീറ്റിങ്ങിന് അവസരമൊരുക്കുക... സർ ജോർജിന് ഈ കമ്പനിയിൽ നല്ലൊരു ഷെയർ ഉണ്ടെന്നും കൈയെഴുത്തുപ്രതിയുടെ വിശ്വാസ്യതയെക്കുറിച്ച് ഉറപ്പ് വരുത്തുവാൻ വേണ്ടിയാണ് നിങ്ങളോടൊപ്പം അദ്ദേഹത്തെയും അയച്ചിരിക്കുന്നതെന്നും പറയുക...”

സർ ജോർജ് എഴുന്നേറ്റു. “തീർച്ചയായും മിസ്റ്റർ ഷാവേസ്... എന്ത് സഹായം വേണമെങ്കിലും എന്നോട് ചോദിക്കാൻ മടിക്കേണ്ട...” അദ്ദേഹം പുഞ്ചിരിച്ചു. “വീണ്ടും ആ യുദ്ധകാലത്തേക്ക് എത്തിപ്പെട്ടത് പോലെ... നൂറു കൂട്ടം പ്രശ്നങ്ങൾക്കിടയിലേക്ക്... ബൈ ദി വേ, ഞാൻ ഇറങ്ങുകയാണ്... പത്തു മണിക്കാണ് ട്രെയിൻ ലിവർപൂൾ സ്ട്രീറ്റ് വിടുന്നത്... അതിന് മുമ്പായി ഒന്നോ രണ്ടോ മണിക്കൂർ ഉറങ്ങിയാൽ കൊള്ളാമെന്നുണ്ടെനിക്ക്...”  ഹസ്തദാനത്തിനായി അദ്ദേഹം കൈ നീട്ടി. “കണ്ടിട്ട് നിങ്ങൾക്കും അല്പം ഉറക്കം ആവശ്യമുണ്ടെന്ന് തോന്നുന്നു... ഐ വിൽ സീ യൂ ഓൺ ദി ട്രെയിൻ, ഐ ഹോപ്...”

വാതിൽക്കൽ വരെ അദ്ദേഹത്തെ കൊണ്ടു ചെന്നാക്കിയിട്ട് ചീഫ് തിരികെയെത്തി.  “വെൽ... വാട്ട് ഡൂ യൂ തിങ്ക്...?” കസേരയിൽ ഇരിക്കവെ അദ്ദേഹം ആരാഞ്ഞു.

ഷാവേസ് ചുമൽ വെട്ടിച്ചു. “എല്ലാം മുള്ളറെ ആശ്രയിച്ചിരിക്കുന്നു... അദ്ദേഹത്തെക്കുറിച്ച് എത്രത്തോളം വിവരം ലഭ്യമാണ് നമ്മുടെ പക്കൽ...?”“അദ്ദേഹത്തിന്റെ ഫയൽ ഞാൻ പരിശോധിച്ചു...  ആദ്യമായിട്ടാണ് ഈ കഥാപാത്രം നമ്മുടെ പരിധിയിലേക്ക് വരുന്നത്... കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല... ഒരു പക്ഷേ, മറ്റേതെങ്കിലും പേരാണോ അദ്ദേഹം ഇതിനു മുമ്പ് ഉപയോഗിച്ചിരുന്നതെന്നും സംശയമുണ്ട്...”  ചീഫ് പറഞ്ഞു.

“കാസ്പർ ഷുൾട്സുമായി അദ്ദേഹത്തിനുള്ള ബന്ധം എന്തായിരുന്നുവെന്ന് സൂചിപ്പിച്ചുവോ...?”

ചീഫ് തലയാട്ടി. “ദാറ്റ് ഈസ് ഓൾസോ എ കം‌പ്ലീറ്റ് മിസ്റ്ററി...”


(തുടരും)
 


അടുത്ത ലക്കം ഇവിടെ ...

Friday, 22 April 2016

കാസ്പർ ഷുൾട്സ് – 2

ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...കഥ ഇതുവരെ...

ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനാണ് പോൾ ഷാവേസ്. തന്നെ ഏൽപ്പിച്ചിരുന്ന ഒരു ദൌത്യം പൂർത്തീകരിച്ച് ഗ്രീസിൽ നിന്നും ലണ്ടനിൽ മടങ്ങിയെത്തി ഒന്നുറങ്ങുവാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഓഫീസിൽ ഉടൻ റിപ്പോർട്ട് ചെയ്യുവാൻ ആവശ്യപ്പെട്ട് ഫോൺ കോൾ വരുന്നത്. ഉറക്കം മാറ്റി വച്ച് മനസ്സില്ലാ മനസോടെ രാത്രിയുടെ അന്ത്യയാമത്തിൽ തന്നെ ഓഫീസിലെത്തിയ ഷാവേസ് ചീഫിന്റെ റൂമിൽ പ്രവേശിക്കുന്നു.തുടർന്ന് വായിക്കുക...
മേശപ്പുറത്തെ ഷെയ്ഡഡ് ലാമ്പിൽ നിന്നുമുള്ള അരണ്ട വെട്ടമേയുണ്ടായിരുന്നുള്ളൂ ആ റൂമിൽ. ടൈപ്പ് ചെയ്ത ഏതാനും പേപ്പറുകൾ ശ്രദ്ധാപൂർവ്വം പരിശോധിച്ചുകൊണ്ടിരുന്ന ചീഫ് പെട്ടെന്ന് തലയുയർത്തി. ആ മുഖത്തെ അമ്പരപ്പ് ഷാവേസിനെ കണ്ടതും മന്ദഹാസത്തിന് വഴി മാറി. അദ്ദേഹം കസേരയുടെ നേർക്ക് കൈ ചൂണ്ടി.

“ഒടുവിൽ അവർ നിങ്ങളെ കണ്ടെത്തി അല്ലേ പോൾ...? ഇരിക്കൂ... എന്നിട്ട്, ഗ്രീസിൽ എന്തുണ്ടായി എന്ന് പറയൂ...”

കസേരയിൽ ചടഞ്ഞിരുന്ന ഷാവേസ് തന്റെ ഹാറ്റ് നെറ്റിയിൽ നിന്നും മുകളിലേക്ക് ഉയർത്തി വച്ചു.

“ഏതൻസിലെ എംബസിയിൽ നിന്നും ഞാൻ അയച്ച കോഡഡ് മെസ്സേജ് ലഭിച്ചില്ലേ താങ്കൾക്ക്...?”

ചീഫ് തല കുലുക്കി. “ഇന്നലെ ഞാനത് ഒന്ന് ഓടിച്ച് നോക്കിയിരുന്നു... കണ്ടിട്ട് തൃപ്തികരമാണെന്ന് തോന്നുന്നു... എന്തെങ്കിലും പഴുതുകൾ...?”

ഷാവേസ് ചുമൽ വെട്ടിച്ചു. “എന്ന് പറയാൻ കഴിയില്ല... സ്കിറോസിനെ കുറിച്ചുള്ള താങ്കളുടെ ഊഹം ശരിയായിരുന്നു... ഹീ വാസ് എ ഡബിൾ ഏജന്റ്... കഴിഞ്ഞ നാല് വർഷങ്ങളായി അയാൾ കമ്മ്യൂണിസ്റ്റുകൾക്ക് വേണ്ടി പ്രവർത്തിക്കുകയായിരുന്നു... ഇനിയൊരിക്കലും അവർക്ക് അയാളിൽ നിന്ന് ഒരു റിപ്പോർട്ടും ലഭിക്കില്ല...”

മേശപ്പുറത്ത് കിടന്നിരുന്ന പാക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ച് ചീഫ് തീ കൊളുത്തി.

“എങ്ങനെ സാധിച്ചു നിങ്ങളത്...?”

“അയാളെ പിന്തുടർന്ന് ഞാൻ എത്തിയത് ലെസ്ബോസ് ദ്വീപിലാണ്...” ഷാവേസ് പറഞ്ഞു. “ഒഴിവ് ദിനം പ്രമാണിച്ച് സ്കൂബാ ഡൈവിങ്ങിന് ഇറങ്ങിയ അയാളെ പക്ഷേ, ഭാഗ്യം തുണച്ചില്ല... അയാൾ ധരിച്ചിരുന്ന ശ്വസനോപകരണത്തിന് തകരാറ് സംഭവിച്ചു... അടിത്തട്ടിൽ നിന്നും പുറത്തെടുത്ത് അയാളെ ബീച്ചിലെത്തിച്ചപ്പോഴേക്കും വൈകിപ്പോയിരുന്നു...”

“തികച്ചും നിർഭാഗ്യകരം...”  ചീഫ് നെടുവീർപ്പിട്ടു.

ഷാവേസ് അല്പം മുന്നോട്ടാഞ്ഞിരുന്നു.  “ഇത്രയുമാണ് കാര്യങ്ങൾ... എല്ലാം വ്യക്തമായി അറിഞ്ഞ നിലയ്ക്ക് എനിക്ക് തിരികെ പോയി അല്പമൊന്ന് ഉറങ്ങാമല്ലോ...?”  അദ്ദേഹം എഴുന്നേറ്റ് ജാലകത്തിന്‌ നേർക്ക് നടന്നു. “താങ്കൾക്കറിയുമോ... ഞാൻ ശരിയ്ക്കൊന്നുറങ്ങിയിട്ട് ഒരു മാസമാകുന്നു...” ജാലകത്തിനപ്പുറം പെയ്യുന്ന മഴയിലേക്ക് ഉറ്റുനോക്കിക്കൊണ്ട് നിന്ന ഷാവേസ് പെട്ടെന്ന് തിരിഞ്ഞു. “സത്യം പറയാമല്ലോ ചീഫ്...  കാറിൽ ഇരിക്കുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു, എല്ലാം മതിയാക്കിയാലോ എന്ന്...”

അത്ഭുതത്തോടെ ചീഫ് നെറ്റി ചുളിച്ചു.   “എന്ത്...!  തിരികെ ചെന്ന് യൂണിവേഴ്സിറ്റിയിലെ ആ പഴയ ലെക്ചറർ ഉദ്യോഗം നോക്കാനോ...?”  നിഷേധാർത്ഥത്തിൽ അദ്ദേഹം തലയാട്ടി. “നോ വേ, പോൾ... എനിക്ക് ലഭിച്ച ഏറ്റവും മിടുക്കനായ വ്യക്തിയാണ് നിങ്ങൾ... അധികം വൈകാതെ തന്നെ ഈ കസേരയിൽ ഇരിക്കേണ്ടയാൾ...”

“അതുവരെ ഞാൻ ജീവിച്ചിരുന്നാലല്ലേ...?”  നീരസത്തോടെ ഷാവേസ് പറഞ്ഞു.

ചീഫ് വീണ്ടും കസേരയുടെ നേർക്ക് കൈ ചൂണ്ടി. “പോൾ... വരൂ... ഇരുന്ന് ഒരു സിഗരറ്റ് എടുത്ത് പുകയ്ക്ക്...  എപ്പോഴും ഇങ്ങനെയാണല്ലോ... ഒരു ദൌത്യം തീരുന്നതോടെ നിങ്ങളുടെ മനസ്സിൽ ഈ ചിന്ത ഓടിയെത്തും... പ്രത്യേകിച്ചും ഒരാളുടെ ജീവൻ എടുത്തു കഴിയുന്നതോടെ... നിങ്ങൾക്ക് വേണ്ടത് ഒരു നീണ്ട അവധിക്കാലമാണ്...”

“എന്നാൽ പിന്നെ അതങ്ങ് തന്നു കൂടേ...?”  ഷാവേസ് ചോദിച്ചു.  “ഒരു അവധി കിട്ടിയ കാലം മറന്നു... കഴിഞ്ഞ തവണത്തേതാണെങ്കിൽ അറിയാമല്ലോ... നരകമായിരുന്നു...”

“അറിയാം പോൾ... അറിയാം...” ചീഫ് സാന്ത്വനിപ്പിച്ചു.  “അടുത്ത ദൌത്യം കൂടി ഒന്ന് കഴിഞ്ഞോട്ടെ... തീർച്ചയായും നിങ്ങൾക്ക് അവധി ലഭിച്ചിരിക്കും...”

ദ്വേഷ്യത്തോടെ ജാലകത്തിനരികിൽ നിന്നും ഷാവേസ് തിരിഞ്ഞു. “എനിക്കറിയാത്തത് കൊണ്ട് ചോദിക്കുകയാണ്... ബ്യൂറോയിൽ ഞാൻ മാത്രമേയുള്ളോ...? എന്തുകൊണ്ട് വിൽ‌സണെയോ ലാ കോസ്റ്റയെയോ ഏല്പിച്ചു കൂടാ...?”

ചീഫ് നിഷേധരൂപേണ തലയാട്ടി. “കഴിഞ്ഞ മാസമാണ് വിൽ‌സണെ ഞാൻ അങ്കാറയിലേക്ക് അയച്ചത്... പക്ഷേ, അവിടെ ചെന്നിറങ്ങി രണ്ടാമത്തെ ദിവസം തന്നെ അയാൾ അപ്രത്യക്ഷനായി... നമ്മുടെ ബ്യൂറോയിലെ ലിസ്റ്റിൽ നിന്നും അയാളുടെ പേര് വെട്ടുകയേ ഇനി മാർഗ്ഗമുള്ളുവെന്നാണ് തോന്നുന്നത്...”

“ലാ കോസ്റ്റയുടെ കാര്യമോ...?”

“ക്യൂബയിലെ ദൌത്യത്തിന് ശേഷം അയാളുടെ മാനസിക നില തകിടം മറിഞ്ഞിരിക്കുകയാണ്... ആറ് മാസത്തെ അവധിയാണ് ഞാനയാൾക്ക് കൊടുത്തത്...” ചീഫ് നെടുവീർപ്പിട്ടു.  “ഇന്ന് രാവിലെ സൈക്യാട്രിസ്റ്റിന്റെ റിപ്പോർട്ടുണ്ടായിരുന്നു... അത്ര നല്ല വാർത്തയല്ല... ലാ കോസ്റ്റയെക്കൊണ്ട് ഇനി നമുക്ക് യാതൊരു പ്രയോജനവും ഉണ്ടാകില്ല എന്നാണ് തോന്നുന്നത്...”

ഷാവേസ് പതുക്കെ നടന്ന് വന്ന് കസേരയിൽ കുഴഞ്ഞിരുന്നു. പിന്നെ എത്തി വലിഞ്ഞ് പാക്കറ്റിൽ നിന്നും എടുത്ത സിഗരറ്റിന് ചീഫ് തീ കൊളുത്തി കൊടുത്തു. രണ്ട് പുകയെടുത്ത് നെടുവീർപ്പിട്ടതിന് ശേഷം ഷാവേസ് പുഞ്ചിരിച്ചു.

“ഓൾ റൈറ്റ്... സമ്മതിച്ചിരിക്കുന്നു... പറയൂ... എന്താണെന്റെ പുതിയ ദൌത്യം...?”

ചീഫ് എഴുന്നേറ്റു. “എനിക്കറിയാമായിരുന്നു പോൾ, നിങ്ങൾ എന്നോടൊപ്പം നിൽക്കുമെന്ന്... വിഷമിക്കേണ്ട...  ഞാൻ ഉറപ്പു തരുന്നു, ആ ഒഴിവുകാലം നിങ്ങൾക്ക് ലഭിക്കുമെന്ന്... ഏറിയാൽ രണ്ടോ മൂന്നോ ആഴ്ചകൾ കൊണ്ട് തീരുന്നതായിരിക്കും ഈ ദൌത്യം...”

“എങ്ങോട്ടാണ് ഞാൻ പോകേണ്ടത്...?”  ഷാവേസ് ചോദിച്ചു.

“വെസ്റ്റ് ജർമനി...!”  ജാ‍ലകത്തിനരികിലേക്ക് നീങ്ങവേ അദ്ദേഹം തുടർന്നു. “കാസ്പർ ഷുൾട്‌സ് എന്ന വ്യക്തിയെക്കുറിച്ച് നിങ്ങൾക്ക് എന്തൊക്കെയാണ് അറിയാവുന്നത്, പോൾ...?”

ഷാവേസ് നെറ്റി ചുളിച്ചു. “നാസി ഉന്നതന്മാരിൽ ഒരുവൻ... റഷ്യൻ സൈന്യം ബെർലിൻ കീഴടക്കിയപ്പോൾ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് വിശ്വസിച്ചു പോരുന്നു... ഹിറ്റ്‌ലറുടെയും ബോർമാന്റെയും അന്ത്യ നിമിഷങ്ങളിൽ അവരോടൊപ്പം ബങ്കറിൽ ഉണ്ടായിരുന്നു എന്നല്ലേ കേട്ടിട്ടുള്ളത്...?”

ജാലകവാതിൽക്കൽ നിന്നും തിരിഞ്ഞ് ചീഫ് തല കുലുക്കി. “അതെ... അങ്ങനെയാണ് നാം കേട്ടിട്ടുള്ളത്... അവസാന നിമിഷം ഒരു സൈനിക ടാങ്കിൽ കയറി നഗരത്തിന് പുറത്ത് കടക്കുവാൻ ശ്രമിച്ചിരുന്നു എന്നും കേൾക്കുന്നു... വാസ്തവം എന്താണെന്നതിനെക്കുറിച്ച് ആർക്കും ഉറപ്പില്ല... പക്ഷേ, ഒരു കാര്യം തീർച്ചയാണ്... അദ്ദേഹത്തിന്റെ മൃതശരീരം ഒരിക്കലും കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല...”

ഷാവേസ് ചുമൽ വെട്ടിച്ചു. “അതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു...? റഷ്യൻ സൈന്യം ബെർലിനെത്തിയപ്പോൾ എത്രയോ പേർ കൊല്ലപ്പെട്ടിരിക്കുന്നു...”

ചീഫ് തിരികെ വന്ന് കസേരയിൽ ഇരുന്നു. “പല കാലഘട്ടങ്ങളിലുമായി ഷുൾട്‌സിനെക്കുറിച്ച് ധാരാളം കിംവദന്തികൾ പ്രചരിക്കപ്പെട്ടിട്ടുണ്ട്... അതിലൊന്ന്  യുദ്ധാനന്തരം അദ്ദേഹം അർജന്റീനയിൽ ജീവിച്ചിരുന്നുവെന്നതാണ്... മറ്റൊന്ന് അയർലണ്ടിൽ കൃഷിത്തോട്ടവും മറ്റുമൊക്കെയായി ശേഷിച്ച ജീവിതം കഴിച്ചു കൂട്ടിയെന്നും... ഈ രണ്ട് കഥകളും ഗൌരവമായി ഞങ്ങൾ അപഗ്രഥിച്ചുവെങ്കിലും അതിനൊന്നും യാതൊരു അടിത്തറയുമില്ല എന്നാണ് കണ്ടെത്തിയത്...”

ഷാവേസിന്റെ ഉള്ളിലൂടെ പെട്ടെന്നാണ് ഒരു ചിന്ത കടന്നു പോയത്. പതുക്കെ അദ്ദേഹം നിവർന്നിരുന്നു. “എന്നാൽ ഇപ്പോൾ നിങ്ങളുടെ കൈവശം മറ്റൊരു റിപ്പോർട്ട് എത്തിപ്പെട്ടിരിക്കുന്നു... കുറേക്കൂടി വിശ്വാസയോഗ്യമായ ഉള്ളടക്കവുമായി...?”

“അതെ...” ചീഫ് തല കുലുക്കി.  “സർ ജോർജ് ഹാർവിയെക്കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങൾ...?”

ഷാവേസ് നെറ്റി ചുളിച്ചു. “യുദ്ധ സമയത്ത് സഖ്യകക്ഷി ഗവണ്മന്റിൽ ഇന്റലിജൻസ് മിനിസ്റ്റർ ആയിരുന്നില്ലേ അദ്ദേഹം...?”

“അതെ... അദ്ദേഹം തന്നെ...” ചീഫ് പറഞ്ഞു. “യുദ്ധം അവസാനിച്ചതിന് ശേഷം രാഷ്ട്രീയത്തിൽ നിന്നും വിരമിച്ച അദ്ദേഹം സ്വന്തം ബിസിനസ് കാര്യങ്ങളും മറ്റുമായി ജീവിക്കുകയാണ്... എന്നാൽ ഇന്നലെ തികച്ചും വിചിത്രമായ ഒരു കഥയുമായി അദ്ദേഹം ഫോറിൻ അഫയേഴ്സ് ഓഫീസിൽ കയറിച്ചെന്നു... അത് മുഴുവൻ ശ്രവിച്ച ഫോറിൻ സെക്രട്ടറി അദ്ദേഹത്തെ നേരെ എന്റെയടുത്തേക്കാണ് അയച്ചത്...  സർ ഹാർവിയ്ക്ക് എന്താണ് പറയാനുള്ളതെന്ന് നിങ്ങൾ കൂടി കേൾക്കണം...”

മേശപ്പുറത്തെ ബസറിൽ അദ്ദേഹം രണ്ട് തവണ വിരലമർത്തി. നിമിഷങ്ങൾക്കകം വാതിൽ തുറന്ന ജീൻ ഫ്രേസർ, അറുപതുകളുടെ ആരംഭത്തിൽ നിൽക്കുന്ന സാമാന്യം ഉയരമുള്ള ഒരു വ്യക്തിയെ മുറിയിലേക്ക് ആനയിച്ചു. കതക് ചാരി ജീൻ പുറത്തേക്കിറങ്ങിയതും ചീഫ് എഴുന്നേറ്റു. “കം ഇൻ സർ ജോർജ്... ഐ വുഡ് ലൈക്ക് യൂ റ്റു മീറ്റ് പോൾ ഷാവേസ്... നേരത്തെ ഞാൻ സൂചിപ്പിച്ച ആ ചെറുപ്പക്കാരൻ...”

ഷാവേസ് എഴുന്നേറ്റ് അദ്ദേഹത്തിന് ഹസ്തദാനം നൽകി. ആ പ്രായത്തിലും സർ ജോർജ് ഹാർവി തികഞ്ഞ ആരോഗ്യവാനായി തന്നെയാണ് കാണപ്പെട്ടത്. തികച്ചും ദൃഢമായിരുന്നു അദ്ദേഹത്തിന്റെ കൈപ്പടം. ഭംഗിയായി ട്രിം ചെയ്ത മീശ അദ്ദേഹത്തിന് ഒരു മിലിട്ടറി ഉദ്യോഗസ്ഥന്റെ രൂപഭാവം നൽകി.

വളരെ പ്രസന്നഭാ‍വത്തിൽ പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം ഇരിപ്പുറപ്പിച്ചു.  “നിങ്ങളെക്കുറിച്ച് വളരെ അഭിമാനകരമായ വസ്തുതകളാണല്ലോ ഞാൻ കേട്ടത്, മിസ്റ്റർ ഷാവേസ്...”

മന്ദഹാസം നിറഞ്ഞ മുഖത്തോടെ ഷാവേസ് അദ്ദേഹത്തിന് നേർക്ക് സിഗരറ്റ് പാക്കറ്റ് നീട്ടി. “എന്റെ ഷെയർ ഞാൻ മുന്നേ തന്നെ എടുത്തിരുന്നു...”

അതിൽ നിന്നും ഒരു സിഗരറ്റ് എടുത്തിട്ട് സർ ജോർജ് വീണ്ടും പുഞ്ചിരിച്ചു. “ശരിയാണ്... നിങ്ങളുടെ ജോലിയുടെ സ്വഭാവമനുസരിച്ച് സിഗരറ്റ് തീർച്ചയായും കൂടിയേ തീരൂ സുഹൃത്തേ...”

തീപ്പെട്ടിക്കൊള്ളി ഉരച്ച് കൈക്കുമ്പിളിൽ മറച്ചു പിടിച്ച് ചീഫ് അദ്ദേഹത്തിന് നേർക്ക് നീട്ടി. “സർ ജോർജ്... താങ്കൾ ഇന്നലെ എന്നോട് പറഞ്ഞ ആ കാര്യങ്ങളെല്ലാം ഷാവേസിനോടും കൂടി പറയുന്നതിൽ വിരോധമില്ലല്ലോ...?”


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...