Sunday, 16 October 2016

കാസ്പർ ഷുൾട്സ് – 20



ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...



ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനായ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.



റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.



ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അൽപ്പനേരം കഴിഞ്ഞ് മാർക്ക് ഹാഡ്ട് അവിടെയെത്തുന്നു. ട്രെയിനിൽ വച്ച് കൊല്ലപ്പെട്ടത് ഹാൻസ് മുള്ളർ അല്ല എന്ന വസ്തുത വെളിപ്പെടുന്നതോടെ കൂടുതൽ വിവരങ്ങൾക്കായി ട്രെയിനിലെ പരിചാരകൻ ഓട്ടോ ഷ്മിഡ്ടിന്റെ ഫ്ലാറ്റിൽ ഷാവേസും ഹാഡ്ടും എത്തുന്നു. ഏതാനും നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ വാതിലിൽ തട്ടുന്നു. കെട്ടിടത്തിന്റെ പിൻ‌ഭാഗത്തെ ഫയർ എസ്കേപ്പ് വഴി ഷാവേസും ഹാഡ്ടും രക്ഷപെടുന്നു. അവർക്ക് പിന്നാലെ രക്ഷപെടാനുള്ള ശ്രമത്തിൽ ഷ്മിഡ്ട് താഴെ വീണ് മരിക്കുന്നു.



പരസ്പരം സന്ധിച്ച് മടങ്ങുവാനൊരുങ്ങവെ ഇൻസ്പെക്ടർ സ്റ്റെയ്നറെ കണ്ട് ഷാവേസും സർ ജോർജ്ജും പരിഭ്രാന്തരാകുന്നു. സർ ജോർജ്ജിന്റെ കാറിന്റെ പിൻസീറ്റിനടിയിൽ ഒളിച്ചുകിടന്ന് രക്ഷപെട്ട ഷാവേസ് അന്നയുടെ ഫ്ലാറ്റിൽ എത്തുന്നു. ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്ക് കണ്ടുപിടിച്ച  മാർക്ക് ഹാഡ്ടിനെ കാണുവാനായി ബ്ലാങ്കെനീസിലേക്ക് പോകുവാൻ ഇരുവരും തീരുമാനിക്കുന്നു. അന്നയെ കാറിൽ ഇരുത്തിയ ശേഷം ഷാവേസും ഹാഡ്ടും കൂടി മതിൽ ചാടിക്കടന്ന് ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്കിനുള്ളിൽ പ്രവേശിക്കുന്നു. അപ്രതീക്ഷിതമായി എത്തിയ പരിചാരികയുടെ കണ്ണിൽപ്പെടാതിരിക്കാൻ ഷാവേസ് ഒരു അലമാരയുടെയുള്ളിൽ കയറി ഒളിക്കുന്നു.



തുടർന്ന് വായിക്കുക...


റൂമിൽ നിന്നും പുറത്തിറങ്ങിയ അവൾ അലമാരയുടെ കതക് വലിച്ച് തുറന്നു. പരസ്പരം കണ്ട മാത്രയിൽ ആരാണ് ആദ്യം ഞെട്ടിയതെന്ന് ഷാവേസിന് തീർച്ചയുണ്ടായിരുന്നില്ല. ഒരു കൈ തലയിൽ വച്ച് മറുകൈ കതകിന്റെ പിടിയിലുമായി അന്തം വിട്ട് നിന്ന അവളുടെ കണ്ണുകൾ വികസിച്ചു.

നിലവിളിക്കുവാനായി വായ് തുറന്ന അവളെ തടയുന്നതിനായി ഷാവേസിന് മുന്നിൽ ഒരേയൊരു മാർഗ്ഗമേയുണ്ടായിരുന്നുള്ളൂ. അവളെ മുന്നോട്ട് വലിച്ചടുപ്പിച്ച് ആ അധരങ്ങളിലേക്ക് തന്റെ ചുണ്ടുകൾ അമർത്തവെ അദ്ദേഹം അലമാരയുടെ കതക് മറുകൈ കൊണ്ട് വലിച്ചടച്ചു.

തന്റെ കൈകളിൽ നിന്നും കുതറി മാറാൻ ശ്രമിച്ച അവളെ ഷാവേസ് നെഞ്ചോട് ചേർത്ത് മുറുകെ പിടിച്ച് ചുംബനത്തിൽ നിന്നും മോചിതയാകാനുള്ള അവസരം നിഷേധിച്ചു. ക്രമേണ പ്രതിരോധം അവസാനിപ്പിച്ച അവൾ ഇരുകൈകളും ഉയർത്തി അദ്ദേഹത്തിന്റെ കഴുത്തിനെ വലയം ചെയ്ത് ചുംബനവുമായി സഹകരിക്കുവാനാരംഭിച്ചു.

ഏതാനും നിമിഷങ്ങൾക്ക് ശേഷം തല പിറകോട്ട് മാറ്റി അദ്ദേഹം അവളുടെ കാതിൽ മന്ത്രിച്ചു. “ഭയപ്പെടേണ്ട ഡാർലിങ്ങ്... നിന്നെ ഉപദ്രവിക്കാൻ വന്നതല്ല ഞാൻ...”

“അതെനിക്ക് മനസ്സിലായി...”  അവളുടെ സ്വരത്തിൽ ചിരിയുടെ കിലുക്കം ഉണ്ടായിരുന്നു. “ആരാണ് നിങ്ങൾ ഹെർ...? മോഷ്ടാവോ മറ്റോ ആണോ...?”

ഷാവേസ് തലയാട്ടി.   “അത്രത്തോളമൊന്നുമില്ല...”

“എനിക്ക് തോന്നി...” അവൾ പുഞ്ചിരിച്ചു.  “ഇത്രയും കാലം നിങ്ങൾ രഹസ്യമായി എന്നെ മോഹിക്കുകയായിരുന്നു... ഒടുവിൽ ഇന്നാണത് വെളിപ്പെടുത്താൻ അവസരം ലഭിച്ചത്... ശരിയല്ലേ...?”

പൊട്ടിച്ചിരിക്കാനാണ് ഷാവേസിന് പെട്ടെന്ന് തോന്നിയത്.  “നിന്റെ പേരെന്താണ് ഡാർലിങ്ങ്...?”

“ജിസേല...”  അവൾ പറഞ്ഞു. “ഇവിടുത്തെ പരിചാരികമാരിൽ ഒരാളാണ്...”

“എങ്കിൽ ഒരു പക്ഷേ നിനക്ക് എന്നെ സഹായിക്കാൻ സാധിച്ചേക്കും...”  അദ്ദേഹം പറഞ്ഞു. “എന്റെ ഒരു സുഹൃത്തിനെ അന്വേഷിച്ചെത്തിയതാണ് ഞാൻ... ഇന്ന് പുലർച്ചെയാണ് അയാളെ ഇവിടെ കൊണ്ടുവന്നത്... ഹാംബർഗ് റെയിൽ‌വേ സ്റ്റേഷനിൽ നിന്നും ആംബുലൻസിൽ...”

“ഓ, അതാണോ... ഒന്നാം നിലയിൽ പന്ത്രണ്ടാം നമ്പർ റൂമിൽ...  പൂട്ടിയിട്ടിരിക്കുകയാണവർ... മനോനില തെറ്റി തീർത്തും അപകടകാരിയാണ് അയാൾ എന്നാണ് ചീഫ് നേഴ്സ് കാൾ പറഞ്ഞത്...”

“അതാണ് ഏറ്റവും വലിയ പ്രശ്നം...” ഷാവേസ് പറഞ്ഞു. “അയാൾ അത്ര അപകടകാരിയാണെന്ന് എനിക്ക് തോന്നുന്നില്ല... പക്ഷേ, അയാളെ കാണാൻ അവരെന്നെ അനുവദിക്കില്ല... അതുകൊണ്ടാണ് ഇത്തരമൊരു മാർഗ്ഗം തേടാൻ ഞാൻ നിർബ്ബന്ധിതനായത്...”

അവൾ അദ്ദേഹത്തെ മൊത്തത്തിൽ ഒന്ന് വിലയിരുത്തുന്നത് പോലെ നോക്കി. “നിങ്ങളൊരു സുന്ദരൻ തന്നെ... പറയാതിരിക്കാനാവില്ല...”

“മിക്ക പെൺകുട്ടികളും അത് തന്നെയാണ് എന്നോട് പറയാറുള്ളത്...” ഷാവേസ് കതക് തുറക്കാനായി ഹാന്റിലിന് നേർക്ക് കൈ നീട്ടി.

അതിൽ നിന്നും പിന്തിരിപ്പിക്കാനെന്ന വണ്ണം അവൾ ഒരു കൈ ഷാവേസിന്റെ കഴുത്തിന് വലയം ചെയ്ത് തന്റെ തളിർമേനി അദ്ദേഹത്തോട് ചേർത്തമർത്തി. ഷാവേസ് പതുക്കെ അവളുടെ കരവലയത്തിൽ നിന്നും അടർന്നു മാറിയെങ്കിലും അവൾ  പ്രതീക്ഷ കൈവെടിഞ്ഞില്ല.

“പതിനൊന്നരയ്ക്ക് എന്റെ ഡ്യൂട്ടി അവസാനിക്കും... ഈ ആഴ്ച്ച എന്റെ ഷിഫ്റ്റ് ഇങ്ങനെയാണ്...” അവൾ മൊഴിഞ്ഞു.

“സോറി, ജിസേലാ...” അദ്ദേഹം പറഞ്ഞു. “നിന്നെ നിരാശപ്പെടുത്തേണ്ടി വന്നതിൽ ഖേദിക്കുന്നു... സിനിമ അവസാനിക്കുന്നതിന് മുമ്പ് എനിക്ക് അയാളെ കണ്ടെത്തിയേ തീരൂ... റൂം നമ്പർ പന്ത്രണ്ട് എന്നല്ലേ നീ പറഞ്ഞത്...?”

“എന്ത് ചെയ്യാൻ പോകുകയാണെങ്കിലും ഒന്ന് സൂക്ഷിച്ചോളൂ... ആ കാൾ അപകടകാരിയാണ്... എന്തും ചെയ്യാൻ മടിക്കാത്തവൻ...”  അലമാരയിൽ നിന്നും പുറത്തേക്കിറങ്ങവെ പതിഞ്ഞ സ്വരത്തിൽ അവൾ മുന്നറിയിപ്പ് നൽകി.

ഇടനാഴിയിലൂടെ അതിവേഗം അദ്ദേഹം ഒന്നാം നിലയിലേക്കുള്ള സ്റ്റെയർകെയ്സിന് നേർക്ക് നീങ്ങി. വെറും പത്ത് മിനിറ്റ് മാത്രമേ ഇനി എല്ലാറ്റിനും കൂടി അവശേഷിക്കുന്നുള്ളൂ. പടവുകളിറങ്ങി ഇടനാഴിയിലേക്ക് നീങ്ങവെ ഷാവേസ് ആലോചിക്കുകയായിരുന്നു, ഹാഡ്ട് എന്ത് ചെയ്യുകയായിരിക്കുമെന്ന്.

തുറന്ന് കിടക്കുന്ന റൂം നമ്പർ പന്ത്രണ്ടിനുള്ളിൽ നിന്നും ഇൻസ്പെക്ടർ സ്റ്റെയനറുടെ പരുഷശബ്ദം ഉയർന്നത് പെട്ടെന്നായിരുന്നു.   “ശരിക്കും ഞാൻ നിരാശനാണ്... നമ്മുടെ സുഹൃത്ത് ഹെർ ഷാവേസിനെയും കൂടി പിടികൂടാമെന്നായിരുന്നു ഞാൻ കരുതിയത്... സാരമില്ല, തൽക്കാലത്തേക്ക് നിങ്ങളെ കിട്ടിയല്ലോ... അത് മതി...  ഐ ആം സോറി... നിങ്ങളെ സ്വീകരിക്കാൻ ഹെർ മുള്ളർ ഇപ്പോൾ ഇവിടെയില്ല... പക്ഷേ, അതോർത്ത് വിഷമിക്കേണ്ട... അധികം താമസിയാതെ തന്നെ നിങ്ങൾക്ക് അയാളെ കാണാം...” സ്റ്റെയ്നറുടെ വാക്കുകൾ ഒന്നു കൂടി ഉയർന്നു. “ഇനി നല്ല കുട്ടിയായി കൈകൾ രണ്ടും ഉയർത്തി പുറത്തേക്കിറങ്ങൂ...”

മൂന്ന് പടികൾ മുകളിലേക്ക് കയറി ചുമരിനോട് കഴിയുന്നതും ഒട്ടിച്ചേർന്ന് ഷാവേസ് കാത്തു നിന്നു. കൺ‌‌മുന്നിലൂടെ ആദ്യം കടന്നു പോയത് ഇരുകൈകളും ഉയർത്തിപ്പിടിച്ച ഹാഡ്ട് ആയിരുന്നു. തൊട്ടുപിന്നാലെ സ്റ്റെയ്നർ ദൃഷ്ടിപഥത്തിലെത്തി.  സൈലൻസർ ഘടിപ്പിച്ച ഒരു മോസർ അയാൾ ഹാഡ്ടിന്റെ തലയ്ക്ക് നേരെ നീട്ടിപ്പിടിച്ചിരുന്നു. യുദ്ധകാലഘട്ടത്തിന്റെ ശേഷിപ്പായ ഇത്തരം മോസർ ഇപ്പോൾ ജർമ്മൻ കൌണ്ടർ ഇന്റലിജൻസാണ് വ്യാപകമായി ഉപയോഗിച്ചു വരുന്നത്.

“സ്റ്റെയ്നർ...!” ഷാവേസ് വിളിച്ചു. 

അപ്രതീക്ഷിതമായ ആ സ്വരം കേട്ട് ഞെട്ടിത്തിരിഞ്ഞ സ്റ്റെയ്നറുടെ കൈയിലെ മോസർ ഷാവേസിന്റെ ഒറ്റച്ചവിട്ടിന് തെറിച്ച് ചുമരിൽ തട്ടി സ്റ്റെയർകെയ്സിന്റെ താഴത്തെ പടിയിൽ ചെന്നു വീണു.  താഴെ വീണ തോക്ക് എടുക്കുവാനായി മുന്നോട്ട് നീങ്ങിയ സ്റ്റെയ്നറുടെ കഴുത്തിന് പിറകിൽ തക്കസമയത്ത് തന്നെ മാരകമായ ഒരു പ്രഹരമേൽപ്പിച്ച ഹാഡ്ട് അയാളെ നിലം‌പരിശാക്കി.

പടിക്കെട്ടിൽ നിന്നും ഇടനാഴിയിലേക്ക് ഷാവേസ് ചാടിയിറങ്ങി. അതേ നിമിഷം തന്നെയായിരുന്നു റൂം നമ്പർ പന്ത്രണ്ടിൽ നിന്നും വെള്ള കോട്ട് ധരിച്ച ഒരാൾ പുറത്തേക്കിറങ്ങി അവരുടെ നേർക്ക് കുതിച്ചത്. അത് കണ്ട ഹാഡ്ട് ഷാവേസിന് ഉച്ചത്തിൽ മുന്നറിയിപ്പ് നൽകി.

ഏതാണ്ട് ആറര അടിയോളം ഉയരമുണ്ടായിരുന്നു അയാൾക്ക്. ഒറ്റ മുടി പോലും ഇല്ലാത്ത തലയിൽ എപ്പോഴോ സംഭവിച്ച മുറിപ്പാട്. ക്രൂരതയുടെ പര്യായം എന്ന മട്ടിലുള്ള മുഖഭാവം. പാഞ്ഞു വരുന്ന അയാളിൽ നിന്നും രക്ഷപെടാനായി പെട്ടെന്ന് തന്നെ കുനിഞ്ഞുവെങ്കിലും അയാളുടെ കരാളഹസ്തങ്ങൾ ഷാവേസിന്റെ കണ്ഠനാളത്തെ വലയം ചെയ്തു കഴിഞ്ഞിരുന്നു.

ജിസേലയുടെ വാക്കുകൾ ഓർമ്മയിലെത്തിയ ഷാവേസ്, അവൾ സൂചിപ്പിച്ച കാൾ ഇതു തന്നെയാണ് എന്ന് അനുമാനിച്ചു. തന്നെ പിടിച്ചുയർത്തിയ കാളിന്റെ മുഖത്തേക്ക് പെട്ടെന്നാണ് ഷാവേസ് ആഞ്ഞു തുപ്പിയത്. അപ്രതീക്ഷിതമായ ആ പ്രവൃത്തിയിൽ ഷാവേസിന്റെ കഴുത്തിലെ പിടി വിട്ട അയാളുടെ മർമ്മസ്ഥാനം നോക്കി കാൽ‌മുട്ട് ഉയർത്തി കണക്കിനൊരു താഡനം കൊടുത്തു അദ്ദേഹം.

വേദന കൊണ്ട് പുളഞ്ഞ് അലറിയ കാൾ പക്ഷേ, തന്റെ ആത്മനിയന്ത്രണം കൈവെടിഞ്ഞില്ല. ഇടത് കൈ കൊണ്ട് ആഞ്ഞ് വീശിയപ്പോൾ കിട്ടിയ അടിയേറ്റ് ഹാഡ്ട് ചുമരിൽ ചെന്നിടിച്ച് വീണു. തന്നെ വീണ്ടും എത്തിപ്പിടിക്കാൻ തുനിഞ്ഞ കാളിന്റെ വലതുകൈ സകല ശക്തിയുമെടുത്ത് ഷാവേസ് ജാപ്പനീസ് ഷോൾഡർ ലോക്ക് മുറയിൽ പിടിച്ച് തിരിച്ചു. അസഹനീയമായ വേദനയാൽ പുളയുന്ന അയാളെ അതേ നിലയിൽ തന്നെ പിടിച്ച് ഇടനാഴിയിലൂടെ മുന്നോട്ട് തള്ളിക്കൊണ്ടുപോയി സ്റ്റെയർകെയ്സിന് സമീപത്തെ റെയിലിനരികിൽ എത്തിച്ചു. ശേഷം കൈയിൽ നിന്നും പിടി അയച്ച് ഇടതുകാൽ മുട്ടിന് പിന്നിൽ ആഞ്ഞൊരു ചവിട്ട്... അലറി വിളിച്ച കാൾ, കൈവരികൾക്ക് മുകളിലൂടെ തല കീഴായി താഴേക്ക് പതിച്ചു.

താഴെ മാർബിൾ തറയിൽ അയാളുടെ ശരീരം പതിച്ച ശബ്ദം കേട്ട് ഹാളിന്റെ വാതിൽ തുറന്ന് ഓടിയെത്തിയ ഒരു സ്ത്രീ ഉച്ചത്തിൽ നില വിളിച്ചു. സ്റ്റെയർകെയ്സിൽ നിന്നും സ്റ്റെയ്നറുടെ മോസർ കൈക്കലാക്കിയ ഷാവേസ്, ലിഫ്റ്റിന്റെ ബട്ടൺ ഞെക്കിക്കൊണ്ടിരുന്ന ഹാഡ്ടിനടുത്തേക്ക് കുതിച്ചു.

വാതിൽ തുറന്നതും ഇരുവരും ലിഫ്റ്റിനകത്തേക്ക് ഓടിക്കയറി. നിമിഷങ്ങൾക്കകം താഴത്തെ നിലയിലെത്തിയ അവർ സെല്ലാറുകളുടെ ഇടയിലൂടെ ബോയ്‌ലർ ഹൌസ് ലക്ഷ്യമാക്കി ഓടി. പുറത്ത് കടന്ന് പുൽത്തകിടിയിലൂടെ കോമ്പൌണ്ട് വാളിന് നേർക്ക് കുതിക്കവെ ക്ലിനിക്കിനുള്ളിൽ നിന്നും ഒച്ചയും ബഹളവും കേട്ടു തുടങ്ങിയിരുന്നു.

അവർക്ക് പിന്നിൽ കെട്ടിടത്തിന്റെ ഏതോ ഒരു വാതിൽ ചവിട്ടിത്തുറന്ന് ആരോ അലറുന്ന ശബ്ദം കേട്ടു. കുറ്റിച്ചെടികൾക്കിടയിൽ പ്രവേശിച്ചതും സൈലൻസർ ഘടിപ്പിച്ച ഓട്ടോമാറ്റിക്ക് ഗണ്ണിന്റെ അടക്കിയ കുര ഷാവേസ് തിരിച്ചറിഞ്ഞു. അടുത്ത മാത്രയിൽ ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ തലയ്ക്ക് മുകളിലൂടെ ഇലപ്പടർപ്പുകളെ തുളച്ച് കടന്നു പോയി. കൈയിലെ മോസർ പോക്കറ്റിൽ തിരുകി ഷാവേസ് ഓട്ടം തുടർന്നു.

കോമ്പൌണ്ട് വാളിനരികിലെത്തിയതും ഹാഡ്ട് ഇരു കൈകളും പരസ്പരം ചേർത്ത് പിടിച്ച് കൊളുത്തു പോലെയാക്കി ഷാവേസിന് നേരെ ആംഗ്യം കാണിച്ചു. അദ്ദേഹം തർക്കിക്കാൻ നിന്നില്ല. ആ കൈകൾ തീർത്ത കൊളുത്തിൽ ചവിട്ടി ഷാവേസ് മതിലിന് മുകൾഭാഗത്ത് ചാടിപ്പിടിച്ചു. ഒപ്പം ഹാഡ്ട് അദ്ദേഹത്തെ മുകളിലേക്ക് ഉയർത്തുവാനും ശ്രമിച്ചു. മതിലിൽ പിടിച്ച് കയറാൻ ശ്രമിക്കവെ ചാക്ക് മെത്തയുടെ കനമുണ്ടായിട്ടും മൂർച്ചയേറിയ കുപ്പിച്ചില്ലുകൾ ഷാവേസിന്റെ കൈത്തണ്ടയിൽ കുത്തി വേദനിപ്പിക്കുന്നുണ്ടായിരുന്നു.

മതിലിനു മുകളിലൂടെ ഷാവേസ് അപ്പുറത്തെ ഔട്ട് ഹൌസിന്റെ ടെറസിലേക്ക് ചാടി. പിന്നെ ഒട്ടും സമയം പാഴാക്കാതെ തിരിഞ്ഞ് ചാക്ക് മെത്തയുടെ മുകളിൽ കമഴ്ന്ന് കിടന്ന് ഹാഡ്ടിന്‌ എത്തിപ്പിടിക്കാനായി കൈ നീട്ടിക്കൊടുത്തു. ഹാഡ്ട് അൽപ്പം പിറകോട്ട് പോയി ഓടി വന്ന് ചുമരിൽ ചവിട്ടി മുകളിലേക്ക് പൊങ്ങി ഷാവേസിന്റെ കൈകളിൽ എത്തിപ്പിടിച്ചു. ഒന്ന് നീട്ടി ശ്വാസമെടുത്തിട്ട് ഷാവേസ് അയാളെ മുകളിലേക്ക് വലിച്ചുയർത്തുവാൻ ശ്രമിച്ചു.

മതിലിന്റെ മുകൾഭാഗത്ത് പിടി കിട്ടിയ ഹാഡ്ട് ഒരു മാത്ര ആ നിലയിൽ പിടിച്ച് നിന്നു. അപ്പോഴാണ് താഴെ കുറ്റിക്കാട്ടിൽ ഇലയനങ്ങുന്ന ശബ്ദം അവർ ശ്രദ്ധിച്ചത്. അടുത്ത നിമിഷം സൈലൻസർ ഘടിപ്പിച്ച ഓട്ടോമാറ്റിക്ക് ഗൺ ഒന്നു കൂടി കുരച്ചു. പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്നും ആയിരുന്നു വെടിയുതിർന്നത്. ഒന്ന് വിറച്ച ഹാഡ്ട് പതുക്കെ താഴോട്ട് ഊർന്നു പോകുന്നത് പോലെ തോന്നി ഷാവേസിന്.

“എന്റെ ചുമലിലാണ് വെടിയേറ്റിരിക്കുന്നത്...” ഹാഡ്ട് പറഞ്ഞു.  

അവിടെ പിടിച്ചു തൂങ്ങി നിൽക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു ഹാഡ്ട്. ഷാവേസ് തന്റെ കഴിവിന്റെ പരമാവധി അയാളെ മുകളിലേക്ക് വലിച്ചുയർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ, ഫലമുണ്ടായില്ല.

“ഗെറ്റ് ഔട്ട് ഓഫ് ഇറ്റ്, യൂ ഫൂൾ...”  പല്ല് കടിച്ചു പിടിച്ചുകൊണ്ട് ഹാഡ്ട് പറഞ്ഞു. അടുത്ത നിമിഷം അയാളുടെ കൈ ഷാവേസിന്റെ കരങ്ങളിൽ നിന്നും വേർപെട്ടു.

താഴെ കുറ്റിക്കാട്ടിലേക്ക് ഹാഡ്ട് വീണതും അയാളെ പിന്തുടർന്നവരുടെ വിജയാഹ്ലാദം ഉയർന്നു.
   
(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

29 comments:

  1. ഹാഡ്ട് രക്ഷപെടുമോ...?

    ReplyDelete
  2. അയ്യോ... ഹാഡ്ട് പിടിയിലായല്ലോ.

    നല്ലൊരു ആക്ഷന്‍ എപിസോഡ് ആയിരുന്നു...

    ReplyDelete
    Replies
    1. ആക്ഷൻ എഴുതി ഫലിപ്പിക്കാൻ ഇത്തിരി കഷ്ടപ്പെട്ടു, ശ്രീ....

      Delete
    2. മിനക്കെട്ടതിന് ഗുണമുണ്ട്. കൊള്ളാംട്ടോ

      Delete
  3. സത്യത്തിൽ ആഞ്ഞുതുപ്പിയതാണോ വിനുവേട്ടാ?മോശമായിപ്പോയി.

    ഗംഭീരം അധ്യായം.ഇനി അടുത്ത ആഴ്ചയ്ക്കായി കാത്തിരിക്കണമല്ലോ!!!!

    ReplyDelete
    Replies
    1. കഴുത്തിന് പിടി മുറുക്കിയാൽ പിന്നെ എന്ത് ചെയ്യും സുധീ?

      Delete
  4. പുലിമുരുകനേക്കാൾ ആക്ഷനായിപ്പോയല്ലൊ. ശ്വാസം പിടിച്ച് വായിച്ചിട്ടും അവസാനം സങ്കടായിപ്പോയി. ഹാഡ്ട്ട്....???

    കയ്യിലെ ആട്ടോമാറ്റിക് ഗൺ എന്തേ ഷാവോസ് ഉപയോഗിച്ചില്ല. മതിലിനു മുകളിൽ നിന്ന് സുഖമായീട്ട് ' ദുഖ് ... ദുഖ് ...' അടിച്ച് അവന്മാരെ അവസാനിപ്പിച്ച് ഹഡ്ട്ടിനേയും കൊണ്ടു പോരായിരുന്നു ....

    ReplyDelete
    Replies
    1. ഹാഡ്ടിനെ വലിച്ച് മുകളിലെത്തിക്കാനുള്ള തത്രപ്പാടിൽ അവർ താഴെയെത്തിയതൊന്നും ഷാവേസ് അറിഞ്ഞില്ല അക്കോസേട്ടാ....

      Delete
  5. പുലിമുരുകനേക്കാൾ ആക്ഷനായിപ്പോയല്ലൊ. ശ്വാസം പിടിച്ച് വായിച്ചിട്ടും അവസാനം സങ്കടായിപ്പോയി. ഹാഡ്ട്ട്....???

    കയ്യിലെ ആട്ടോമാറ്റിക് ഗൺ എന്തേ ഷാവോസ് ഉപയോഗിച്ചില്ല. മതിലിനു മുകളിൽ നിന്ന് സുഖമായീട്ട് ' ദുഖ് ... ദുഖ് ...' അടിച്ച് അവന്മാരെ അവസാനിപ്പിച്ച് ഹഡ്ട്ടിനേയും കൊണ്ടു പോരായിരുന്നു ....

    ReplyDelete
  6. അയ്യോ... ഇനിയെന്താവും? വിനുവേട്ടാ വേഗം...

    ReplyDelete
    Replies
    1. ഇനിയിപ്പോൾ.... ഞാനായിട്ടത് പറഞ്ഞ് എന്തിനാ എല്ലാവരെയും കരയിക്കുന്നത് മുബീ.....

      Delete
  7. ഹോ... കിടുക്കൻ സീനുകളായിരുന്നല്ലോ... ഒറ്റ ശ്വാസത്തിൽ വായിച്ച് തട്ടിപ്പോയേനെ..

    ആരും ടെൻഷൻ അടിക്കേണ്ട.. അടുത്ത ലക്കത്തിൽ ഷാവേസ് ഹാഡ്ട്-നെ രക്ഷപ്പെടുത്തും... ഹല്ല പിന്നെ...

    (എന്നാലും ന്റെ ഷാവേസണ്ണാ.. വന്ന് 10 മിനിറ്റായില്ല, അപ്പോളേയ്ക്കും ജിസേല ജിങ്കാലാലാ..)

    ReplyDelete
    Replies
    1. ജിങ്കാലാല ജിമ്മി മാത്രമേ ശ്രദ്ധിച്ചുള്ളുവെന്ന് തോന്നുന്നു... :)

      Delete
    2. ഉണ്ടാപ്രി എന്ന് പേരുള്ള ഒരുറ്റ സുഹൃത്ത് ഉണ്ടായിരുന്നു നമുക്കെല്ലാം... എവിടെയാണാവോ ഇപ്പോൾ.... ? :(

      Delete
  8. ശരിക്കും ത്രില്‍ അടിച്ച ഒരു ഭാഗം ..എന്തായാലും എനിക്ക് പ്രതീക്ഷയുണ്ട് രക്ഷപെടും എന്ന് :)

    ReplyDelete
    Replies
    1. പ്രതീക്ഷയാണല്ലോ നമ്മെ മുന്നോട്ട് കൊണ്ടുപോകുന്നത് ഫൈസൽഭായ്....

      Delete
  9. കഥ സംഭ്രമാജനകമായി വരുന്നു...വായനക്കാരനെ ആകാംക്ഷയില്‍ എത്തിച്ചിരിക്കുന്നു..

    ReplyDelete
  10. Hadds....??!!!vinuvetta kadha onnu mattiyekkanam ketto..kollathe vittere..:)

    ReplyDelete
    Replies
    1. സങ്കടമായോ വിൻസന്റ് മാഷേ?

      Delete
  11. കുറച്ചു തിരക്കായി പോയി.. എന്നാലും വായിച്ചിരുന്നു.. നല്ല ത്രില്ലുള്ള അധ്യായം.. ഈ ഷാവേസണ്ണന്‍ ജെയിംസ് ബോണ്ടിന്റെ ആരായിട്ടു വരും?

    ReplyDelete
    Replies
    1. ഈ ലക്കത്തിൽ ഇത് താൻ അല്ലയോ അത് എന്ന് വർണ്യത്തിലാശങ്ക തോന്നിയോ ശ്രീജിത്തേ....?

      Delete
  12. എല്ലാവർക്കും പ്രതീക്ഷയുണ്ട് രക്ഷപെടും എന്ന് ... ല്ലേ... അപ്പൊ പ്രതീക്ഷക്കു വകയുണ്ട്.

    ReplyDelete
    Replies
    1. വിചാരിക്കുന്ന അത്ര എളുപ്പമാകുമോ അത്.... !

      Delete
  13. ആക്ഷന്‍ ത്രില്ലര്‍ എപിസോഡ്!!!

    ReplyDelete
  14. നല്ലൊരു ഫൈറ്റ് സീന്‍ 

    ReplyDelete
  15. മുന്നിൽ നിന്നും പിറകിലേക്ക്
    വായന നടത്തിയ കാരണം ജസ്റ്റ്
    ഹാജർവെക്വാൻ ഇവിടെ വന്നതാട്ടാ

    ReplyDelete
  16. വല്ലഭൻ ഷാവെസിന് തുപ്പലും ആയുധം!!!!
    ഞാൻ എന്നാൽ ഇബിഡെ നിന്നങ്ങട് തുടങ്ങ്വാ

    ReplyDelete

ഈ ലക്കത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ കുറിക്കുമല്ലോ...