Saturday, 12 November 2016

കാസ്പർ ഷുൾട്സ് – 24



ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...



ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനായ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.



റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.



ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അൽപ്പനേരം കഴിഞ്ഞ് മാർക്ക് ഹാഡ്ട് അവിടെയെത്തുന്നു. ട്രെയിനിൽ വച്ച് കൊല്ലപ്പെട്ടത് ഹാൻസ് മുള്ളർ അല്ല എന്ന വസ്തുത വെളിപ്പെടുന്നതോടെ കൂടുതൽ വിവരങ്ങൾക്കായി ട്രെയിനിലെ പരിചാരകൻ ഓട്ടോ ഷ്മിഡ്ടിന്റെ ഫ്ലാറ്റിൽ ഷാവേസും ഹാഡ്ടും എത്തുന്നു. ഏതാനും നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ വാതിലിൽ തട്ടുന്നു. കെട്ടിടത്തിന്റെ പിൻ‌ഭാഗത്തെ ഫയർ എസ്കേപ്പ് വഴി ഷാവേസും ഹാഡ്ടും രക്ഷപെടുന്നു. അവർക്ക് പിന്നാലെ രക്ഷപെടാനുള്ള ശ്രമത്തിൽ ഷ്മിഡ്ട് താഴെ വീണ് മരിക്കുന്നു.



പരസ്പരം സന്ധിച്ച് മടങ്ങുവാനൊരുങ്ങവെ ഇൻസ്പെക്ടർ സ്റ്റെയ്നറെ കണ്ട് ഷാവേസും സർ ജോർജ്ജും പരിഭ്രാന്തരാകുന്നു. സർ ജോർജ്ജിന്റെ കാറിന്റെ പിൻസീറ്റിനടിയിൽ ഒളിച്ചുകിടന്ന് രക്ഷപെട്ട ഷാവേസ് അന്നയുടെ ഫ്ലാറ്റിൽ എത്തുന്നു. ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്ക് കണ്ടുപിടിച്ച  മാർക്ക് ഹാഡ്ടിനെ കാണുവാനായി ബ്ലാങ്കെനീസിലേക്ക് പോകുവാൻ ഇരുവരും തീരുമാനിക്കുന്നു. അന്നയെ കാറിൽ ഇരുത്തിയ ശേഷം ഷാവേസും ഹാഡ്ടും കൂടി മതിൽ ചാടിക്കടന്ന് ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്കിനുള്ളിൽ പ്രവേശിക്കുന്നു. അപ്രതീക്ഷിതമായി എത്തിയ പരിചാരികയുടെ കണ്ണിൽപ്പെടാതിരിക്കാൻ ഷാവേസ് ഒരു അലമാരയുടെയുള്ളിൽ കയറി ഒളിക്കുന്നു. അലമാരയുടെ വാതിൽ തുറന്ന പരിചാരിക ജിസേലയിൽ നിന്നും മുള്ളറിന്റെ റൂം നമ്പർ മനസ്സിലാക്കി അവിടെയെത്തിയ ഷാവേസ് കണ്ടത് ഇൻസ്പെക്ടർ സ്റ്റെയ്നറുടെ പിടിയിലായ ഹാഡ്ടിനെയാണ്. മൽപ്പിടുത്തത്തിലൂടെ അയാളിൽ നിന്നും രക്ഷപെട്ട് ഇരുവരും മതിൽ ചാടുന്നതിനിടയിൽ ചുമലിൽ വെടിയേറ്റ ഹാഡ്ട് വീണ്ടും സ്റ്റെയ്നറുടെ പിടിയിലാകുന്നു. റോഡിലെത്തിയ ഷാവേസ് അന്നയെ വീട്ടിൽ കൊണ്ടുചെന്നാക്കിയിട്ട് കാറുമായി തിരികെയെത്തി ക്ലിനിക്കിന് എതിർവശത്തുള്ള ബാറിൽ കയറുന്നു. ക്ലിനിക്കിൽ നിന്നും പുറത്തേക്ക് വന്ന ആംബുലൻസ് പോയിരിക്കുന്നത് ബേൺ‌ഡോർഫിലുള്ള കുർട്ട് നാഗെലിന്റെ കൊട്ടാരത്തിലേക്കാണെന്ന് ഷാവേസ് മനസ്സിലാക്കുന്നു.



അന്നയുടെ അപ്പാർട്ട്മെന്റിൽ തിരികെയെത്തിയ ഷാവേസ് നേരം പുലർന്നതും അവളോടൊപ്പം  ബേൺ‌ഡോർഫിലേക്ക് പുറപ്പെടുന്നു. അന്നയെ അവിടെ നിർത്തിയിട്ട് തടാകത്തിന് നടുവിൽ നിലകൊള്ളുന്ന കൊട്ടാരം അടുത്ത് വീക്ഷിക്കുവാനായി ഷാവേസ് ഒരു ചെറുവള്ളത്തിൽ യാത്രയാകുന്നു.



തുടർന്ന് വായിക്കുക...


മൂടൽമഞ്ഞിന്റെ പുകമറയ്ക്ക് മുകളിലായി ഉയർന്ന് നിൽക്കുന്ന കൂർത്ത ഗോപുരങ്ങളിലേക്ക് ഷാവേസ് കണ്ണോടിച്ചു. പിന്നെ അവിടം ലക്ഷ്യമാക്കി അതിവേഗം തുഴയുവാൻ തുടങ്ങി. വിങ്ങി നിൽക്കുന്ന നിശ്ശബ്ദത പരിപൂർണ്ണമായിരുന്നു. വെള്ളത്തിൽ നിന്നും പങ്കായം മുകളിലേക്കുയരുമ്പോൾ ഉണ്ടാകുന്ന ചെറിയ ശബ്ദം മാത്രമായിരുന്നു ഏക അപവാദം.

അല്പം കഴിഞ്ഞതോടെ ഒരു എൻ‌ജിന്റെ അവ്യക്തമായ ശബ്ദം ദൂരെ നിന്നും മുഴങ്ങുന്നത് പോലെ ഷാവേസിന് തോന്നി. തുഴച്ചിൽ നിർത്തി അദ്ദേഹം ചെവിയോർത്തു. അതെ... അതൊരു മോട്ടോർ ബോട്ടാണ്... ക്രമേണ ആ ശബ്ദം അടുത്തടുത്ത് വന്ന് അദ്ദേഹത്തിന് ഏതാനും വാര അകലെയായി കടന്നുപോയി. അതുണ്ടാക്കിയ ഓളങ്ങൾ മുടൽമഞ്ഞിന്റെ മറയ്ക്കുള്ളിലൂടെ കടന്ന് വന്ന് വള്ളത്തിന്റെ പാർശ്വഭാഗത്ത് അലതല്ലി.

പങ്കായം എടുത്ത് വള്ളത്തിനുള്ളിൽ വച്ചിട്ട് ഷാവേസ് ചൂണ്ടക്കോൽ എടുത്തു. അതിന്റെയറ്റത്തെ നൂൽ കെട്ടു പിണഞ്ഞ് അഴിക്കാൻ സാധിക്കാത്ത വിധം അലങ്കോലമായിട്ടായിരുന്നു കിടന്നിരുന്നത്. ആ നിമിഷമാണ് തന്നെ കടന്നുപോയ മോട്ടോർ ബോട്ട് തിരികെ വരുന്ന ശബ്ദം ശ്രദ്ധയിൽ പെട്ടത്. നൂലിലെ കുരുക്ക് അഴിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് അദ്ദേഹം അത് വെള്ളത്തിലേക്ക് നീട്ടിപ്പിടിച്ച് മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നത് പോലെ ഇരുന്നു. ക്ലിനിക്കിൽ നിന്നും ലഭിച്ച മോസർ ഏത് നിമിഷവും വലിച്ചെടുക്കാൻ പാകത്തിൽ  തന്റെ മറുകൈ അദ്ദേഹം പോക്കറ്റിൽ തിരുകി.

മോട്ടോർ ബോട്ട് അടുക്കുംതോറും ശക്തിയാർജ്ജിച്ചു തുടങ്ങിയ ഓളങ്ങളിൽ അദ്ദേഹത്തിന്റെ വള്ളം ചാഞ്ചാടിക്കൊണ്ടിരുന്നു. അടുത്ത നിമിഷം ബോട്ടിന്റെ എൻ‌ജിൻ ഓഫ് ചെയ്യപ്പെട്ടു. വെള്ളത്തിലേക്ക് നീട്ടിയ ചൂണ്ടക്കോലിലേക്ക് ശ്രദ്ധ ചെലുത്തുന്നതായി നടിച്ച് മുഖം കുനിച്ച് എന്തിനും തയ്യാറായി ഷാവേസ് ഇരുന്നു. മഞ്ഞിന്റെ മറയിൽ നിന്നും കൺ‌വെട്ടത്തിലേക്ക് പ്രവേശിച്ച ആ മോട്ടോർ ബോട്ട് പതുക്കെ വന്ന് അദ്ദേഹത്തിന്റെ വള്ളത്തിൽ മുട്ടി നിന്നു.

“ആവശ്യത്തിനുള്ള മത്സ്യം ലഭിച്ചെന്ന് തോന്നുന്നു...?”  പരിചിതമായിരുന്നു ആ സ്വരം.

ഷാവേസ് പതുക്കെ തല തിരിച്ച് ബോട്ടിലേക്ക് നോക്കി. ബോട്ടിന്റെ ഡെക്കിൽ റെയിലിനപ്പുറം ഒരു ഗൂഢസ്മിതത്തോടെ നിൽക്കുന്നുണ്ടായിരുന്നു അയാൾ... ഇൻസ്പെക്ടർ സ്റ്റെയ്നർ...!

“രാവിലെ തന്നെ മൌനവ്രതത്തിലാണോ, ഹെർ ഷാവേസ്...?”

“സത്യം പറഞ്ഞാൽ എന്ത് പറയണമെന്ന് അറിയില്ല...” ഷാവേസ് പറഞ്ഞു. പോക്കറ്റിനുള്ളിൽ വിശ്രമിക്കുന്ന വലത് കൈയുടെ ചൂണ്ടുവിരൽ മോസറിന്റെ ട്രിഗറിനെ വലയം ചെയ്തിരുന്നു.

“ഈ എസ്റ്റേറ്റിലെ മറ്റെല്ലാ താമസക്കാരെയും പോലെ തന്നെ ഫാസ്ബെൻഡെറും എന്നോട് അങ്ങേയറ്റം കൂറ് പുലർത്തുന്നവനാണ്...” സ്റ്റെയ്നർ പറഞ്ഞു.  “ആഹ്, അത് പോട്ടെ... കയറി വരൂ... നിങ്ങൾ തണുത്ത് വിറച്ചിരിക്കുകയല്ലേ... ഒരു ഗ്ലാസ് ഷ്നാപ്സ് മതി ഒന്ന് ചൂടാവാൻ...”

പതുക്കെ എഴുന്നേറ്റ ഷാവേസ് സ്റ്റെയ്നർക്ക് നേരെ തിരിഞ്ഞു.

“വിഡ്ഢിത്തരമൊന്നും കാണിക്കാൻ നിങ്ങൾ തുനിയില്ല എന്ന് ഞാൻ കരുതുന്നു...  ഇതാ കണ്ടില്ലേ... ഈ നിൽക്കുന്ന ഹാൻസിന്റെ കൈയിൽ എല്ലാത്തിനും ഉള്ള മരുന്നുണ്ട്...” സ്റ്റെയ്നർ പറഞ്ഞു.

ക്രൂരതയുടെ പര്യായം എന്ന മട്ടിലുള്ള മുഖവുമായി ഒരു താടിക്കാരൻ. മുക്കുവർ ഉപയോഗിക്കുന്ന നീല നിറത്തിലുള്ള സ്വെറ്റർ അണിഞ്ഞിരിക്കുന്ന അയാളുടെ കൈവശം നീട്ടിപ്പിടിച്ച ഒരു ഷോട്ട്ഗൺ ഉണ്ടായിരുന്നു.

ആ ഷോട്ട്ഗണ്ണിൽ നിന്നും വെടിയുതിർന്ന് തന്റെ തല പിളരുന്നതിന് മുമ്പായി പോക്കറ്റിൽ നിന്നും മോസർ പുറത്തെടുത്ത് നിറയൊഴിക്കുക എന്നത് തികച്ചും അസാദ്ധ്യമാണ് എന്ന് ഷാവേസിന് മനസ്സിലായി. എങ്കിലും അദ്ദേഹത്തിന്റെ മനസ്സിൽ ഒന്നുണ്ടായിരുന്നു... എങ്ങനെയും അന്നയ്ക്ക് ഒരു മുന്നറിയിപ്പ് കൊടുക്കണമെന്നത്... 

“ഈ കളിയിൽ നിങ്ങൾ വിജയിച്ചത് പോലെ തോന്നുന്നു, സ്റ്റെയ്നർ...”  നിസ്സഹായനെപ്പോലെ തളർന്ന് നിന്ന് അദ്ദേഹം നെടുവീർപ്പിട്ടു. അടുത്ത നിമിഷം നിന്ന നിലയിൽ തന്നെ പിറകോട്ട് ചാഞ്ഞ് മോസർ കൈയിലെടുത്ത് വെള്ളത്തിലേക്ക് മറിഞ്ഞിട്ട് ലക്ഷ്യമേതുമില്ലാതെ ആകാശത്തിലേക്ക് നിറയൊഴിച്ചു.

സാമാന്യം മുഴക്കമുണ്ടായിരുന്നു നിറയൊഴിഞ്ഞ ശബ്ദത്തിന്. എന്നാൽ ഷോട്ട്ഗണ്ണിൽ നിന്നും ഉതിർന്ന വെടിയുണ്ടയുടെ ഗർജ്ജനത്തിന് മുന്നിൽ ഒന്നുമായിരുന്നില്ല അത്. വെള്ളത്തിൽ തനിക്കരികിൽ വെടിയുണ്ട വന്ന് പതിച്ചത് തിരിച്ചറിഞ്ഞ അദ്ദേഹം പൊടുന്നനെ അടിയിലേക്ക് ഊളിയിട്ടു. ആവശ്യത്തിന് ശ്വാസമെടുക്കുവാൻ സമയം ലഭിച്ചിരുന്നില്ല ഷാവേസിന്. ബോട്ടിന്റെ അടിയിലൂടെ നീങ്ങിയ അദ്ദേഹം മറുഭാഗത്ത് ചെന്ന് പൊങ്ങിയിട്ട് അതിൽ തൂങ്ങിക്കിടന്നിരുന്ന കയറേണിയിൽ പിടിച്ച് കിടന്നു.

സ്റ്റെയ്നറുടെ ശാപവചനങ്ങൾ കേൾക്കാമായിരുന്നു ഷാവേസിന്. ശബ്ദമുണ്ടാക്കാതെ അദ്ദേഹം തന്റെ റെയിൻകോട്ട് ഊരി മാറ്റി. മൂടൽമഞ്ഞിന്റെ ആവരണം നൽകുന്ന സുരക്ഷിതത്വത്തിൽ നീന്തി കര പറ്റുക എന്നത് മാത്രമേയൂള്ളൂ ഏക മാർഗ്ഗം. റെയിൻകോട്ട് ഇവിടെ ഉപേക്ഷിച്ചാൽ ഒരു പക്ഷേ അവരെ വഴി തെറ്റിക്കാനായേക്കും.

ബോട്ടിന്റെ പാർശ്വത്തിൽ ചവിട്ടി ദൂരേയ്ക്ക് ഊളിയിടവെ അദ്ദേഹത്തിന്റെ ശിരസ്സിന് സമീപത്തായി ഒരു വെടിയുണ്ട വന്ന് പതിച്ചു. ഒപ്പം സ്റ്റെയ്നറുടെ അലർച്ചയും.  “ഷാവേസ്... വിഡ്ഢിത്തരം കാണിക്കരുത്... ഒരടി അനങ്ങിപ്പോകരുത് അവിടെ നിന്നും...”

ജലോപരിതലത്തിൽ തുഴഞ്ഞുകൊണ്ട് ഷാവേസ് നിന്നു. സ്റ്റെയ്നർ തുടർന്നു. “ഇനി നല്ല കുട്ടിയായി തിരിച്ച് നീന്തി കയറി വരൂ... രക്ഷപെടാൻ നോക്കിയാൽ അടുത്ത വെടിയുണ്ട നിങ്ങളുടെ തലയോട്ടി തുളച്ച് കടന്നു പോയിട്ടുണ്ടാകും...”

അസ്ഥികളിൽ അരിച്ചു കയറുന്ന തണുപ്പിൽ ഷാവേസ് തളർന്നു കഴിഞ്ഞിരുന്നു. തിരികെ നീന്തി അദ്ദേഹം ബോട്ടിന്റെ പാർശ്വത്തിൽ തൂങ്ങിക്കിടക്കുന്ന കയറേണിയിൽ കയറിപ്പിടിച്ചു. മുകളിലെത്തിയതും മുന്നോട്ട് വന്ന ഹാൻസ് അദ്ദേഹത്തെ പിടിച്ച് റെയിലിന് മുകളിലൂടെ ഡെക്കിലേക്ക് എടുത്തിട്ടു.

പതുക്കെ എഴുന്നേറ്റ അദ്ദേഹം തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു. നനഞ്ഞ വസ്ത്രങ്ങളിൽ തഴുകി കടന്നുപോകുന്ന തണുത്ത കാറ്റ്. നീട്ടിപ്പിടിച്ച ല്യൂഗർ തോക്കുമായി മുന്നോട്ട് വന്ന സ്റ്റെയ്നർ പുഞ്ചിരിച്ചു.

“നിങ്ങളുടെ ധൈര്യത്തെ സമ്മതിച്ചിരിക്കുന്നു... വിവിധ സന്ദർഭങ്ങളിൽ മുന്നിൽ വന്ന് പെട്ടിട്ടും മുടിനാരിഴക്ക് രക്ഷപെടുകയായിരുന്നു നിങ്ങൾ... എന്നിട്ടും മതിയാവാതെ നിങ്ങൾ വീണ്ടും തെറ്റായ വഴി തിരഞ്ഞെടുത്തു...”

“ഞാനൊരു വിഡ്ഡി തന്നെ, അല്ലേ...?” ഷാവേസ് ചോദിച്ചു.

“അത് നിങ്ങൾ വഴിയേ അറിഞ്ഞോളും...” സ്റ്റെയ്നർ പറഞ്ഞു. “ഞാനൊരു പരുക്കനാണ്... ഒരു കടവും ഞാൻ ബാക്കി വയ്ക്കാറില്ല... നിങ്ങളുടെ കണക്ക് ഇപ്പോൾ തന്നെ തീർത്തേക്കാം...” പ്രതീക്ഷിക്കാത്ത വേഗതയിലാണ് അയാൾ ഷാവേസിന് നേർക്ക് കുതിച്ചത്. ഒന്ന് ഒഴിഞ്ഞ് മാറാൻ പോലും കഴിയുന്നതിന് മുമ്പ് അയാളുടെ കൈയിലിരുന്ന തോക്കിന്റെ പാത്തി ഷാവേസിന്റെ മുഖത്ത് ആഞ്ഞ് പതിച്ചു. അടിയേറ്റ മുറിഞ്ഞ ഭാഗത്ത് നിന്നും രക്തം ഒഴുകുവാൻ തുടങ്ങി. അതേ നിമിഷം തന്നെയാണ് പിന്നിൽ നിന്നിരുന്ന ഹാൻസ് അദ്ദേഹത്തിന്റെ കഴുത്തിന് പിന്നിലായി കനത്ത ഒരു പ്രഹരമേൽപ്പിച്ചത്. മുന്നോട്ട് വേച്ച് പോയ ഷാവേസ് മുഖമടച്ച് ഡെക്കിലേക്ക് വീണു.

അല്പ നേരത്തേക്ക് അസഹനീയമായ വേദനയല്ലാതെ മറ്റൊരു വികാരവും അറിയുന്നുണ്ടായിരുന്നില്ല ഷാവേസ്. നനവുള്ള ഡെക്കിൽ നീറുന്ന വേദനയോടെ മുഖമടച്ച് അദ്ദേഹം കിടന്നു. പിന്നെ എൻ‌ജിൻ സ്റ്റാർട്ടാവുന്ന ശബ്ദം പതുക്കെ അദ്ദേഹത്തിന്റെ കർണ്ണപുടങ്ങളിലേക്ക് പ്രവേശിച്ചു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും ഒരു ബക്കറ്റ് വെള്ളം ഷാവേസിന്റെ മുഖത്തേക്ക് വന്ന് പതിച്ചു. തല കുടഞ്ഞ് പതുക്കെ അദ്ദേഹം എഴുന്നേറ്റു.

ഒഴിഞ്ഞ ബക്കറ്റ് ഡെക്കിന്റെ ഒരു മൂലയിലേക്കിട്ടിട്ട് സ്റ്റെയ്നർ പൊട്ടിച്ചിരിച്ചു. “നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ഒന്ന് കാണേണ്ടത് തന്നെ...  നിങ്ങൾക്ക് സ്വയം അത് കാണാൻ കഴിയുന്നില്ലല്ലോ എന്ന വിഷമമേയുള്ളൂ എനിക്ക്...”

അയാളെ അവഗണിച്ച ഷാവേസ് റെയിലിൽ പിടിച്ച് പുറത്തേക്ക് നോക്കി നിന്നു. കൊട്ടാരത്തിന്റെ വളരെ അടുത്തെത്തിക്കഴിഞ്ഞിരുന്നു അവർ. വെള്ളത്തിലേക്ക്  കുത്തനെ ഇറക്കി പണിതിരിക്കുന്ന മതിൽ. മതിലിൽ തീർത്ത കമാനത്തിനടിയിലൂടെ ഉള്ളിലേക്ക് നീങ്ങവെ ഹാൻസ് ബോട്ടിന്റെ വേഗത കുറച്ചു.

അസഹനീയമായ തണുപ്പ്. അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന ഈർപ്പവും കുളിർകാറ്റും അദ്ദേഹത്തിന്റെ ശരീരത്തെ കിടുകിടെ വിറപ്പിച്ചു. പുറംകൈ കൊണ്ട് അദ്ദേഹം മുഖത്തെ രക്തം വടിച്ചു മാറ്റി.

ജെട്ടിയിൽ എത്തിയ ബോട്ട് പതുക്കെ കൽച്ചുമരിൽ മുട്ടി നിന്നു. റെയിലിനു മുകളിലൂടെ ചാടി കരയിലെത്തിയ ഹാൻസ് വലിയൊരു ഇരുമ്പ് വളയത്തിൽ ബോട്ടിനെ ബന്ധിച്ചു.

“ഇറങ്ങൂ...!”  സ്റ്റെയ്നർ ആജ്ഞാപിച്ചു.

മുന്നോട്ട് നീങ്ങിയ ഷാവേസ് റെയിലിന് മുകളിലൂടെ ജെട്ടിയിലേക്ക് കയറി. അവിടെ നിന്നും ആരംഭിക്കുന്ന കൽപ്പടവുകൾ ഏതാണ്ട് ഒരാൾ പൊക്കമുള്ള പ്ലാറ്റ്ഫോമിലേക്കാണ് എത്തുന്നത്. പതുക്കെ പടവുകൾ കയറിത്തുടങ്ങിയ ഷാവേസിന്റെ തൊട്ടുപിന്നിൽത്തന്നെ സ്റ്റെയ്നറും ഹാൻസും ഉണ്ടായിരുന്നു.

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

29 comments:

  1. പണി പാളിയോ!!!

    ഷാവേസണ്ണൻ ആയതുകൊണ്ട് പ്രതീക്ഷയുണ്ട്, മറുഷോക്ക് കൊടുത്ത് ചെങ്ങായി തിരികെ വരും.. കാത്തിരിക്കാം...

    ReplyDelete
    Replies
    1. പ്രതീക്ഷ... അതാണല്ലോ നമ്മെ മുന്നോട്ട് നയിക്കുന്നത്....

      Delete
    2. ഇനി വല്യ പ്രതീക്ഷയൊന്നും വേണ്ട ..
      ഓൻ ചത്തെടാ ചത്ത് ..

      Delete
  2. സ്റ്റെയിനർ ആള് അത്ര നിസ്സാരനല്ലാല്ലെ. ഭയങ്കരൻ തന്നെ .. ഷാവേസിനേക്കാൾ മുന്നേ ഷാവേസിനെത്തേടി.... ഹോ..!??

    ReplyDelete
    Replies
    1. പഴയ നാസിയല്ലേ അശോകേട്ടാ....

      Delete
  3. പിന്നേം അപകടം..... ന്നാലും രക്ഷപെടും എന്ന് പ്രതീക്ഷിക്കാം ല്ലേ...

    ReplyDelete
    Replies
    1. അത്ര എളുപ്പമൊന്നും അല്ലാട്ടോ...

      Delete
  4. സ്റ്റെയ്നർ നല്ലൊരു എതിരാളി തന്നെയാണെന്ന് തോന്നുന്നല്ലോ...

    എന്തായാലും ഷാവേസിന് ഇമ്മാതിരി സാഹചര്യങ്ങൾ ഇപ്പൊ പുതുമായല്ലാതായിക്കഴിഞ്ഞല്ലോ
    ...

    ReplyDelete
    Replies
    1. കാര്യമൊക്കെ ശരി തന്നെ ശ്രീ... പക്ഷേ....

      Delete
  5. ഇപ്പോ ഉഷാറായിട്ടുണ്ട്...

    ReplyDelete
    Replies
    1. അപ്പോൾ മുബി ആരുടെ ഭാഗത്താ?....

      Delete
  6. ബാലൻ കെ നായർ , ജോസ് പ്രകാശ് , പ്രേം നസീർ , ഷീല .... കാ ഥാ പാത്രങ്ങൾക്ക് ഞാൻ മുഖവും നൽകി
    ഒരു സിനിമ കാണുന്ന പോലെ തന്നെ ണ്ട്: ..

    ReplyDelete
    Replies
    1. ആര് ആരൊക്കെ എന്നും കൂടി പറയൂ സതീഷ്....

      Delete
  7. വിനുവേട്ടാ.ഇതാകെ പ്രശ്നമായല്ലോ.ഇനിയെന്നാ ചെയ്യും?ഇനിയെങ്ങനെ രക്ഷപ്പെടുമോ ആവോ!!!?

    ReplyDelete
    Replies
    1. ഇനിയിപ്പോൾ... വരുന്നത് പോലെ വരട്ടെ.... അല്ലാതിപ്പോൾ എന്ത് പറയാനാ...

      Delete
  8. njan njettippoyi vinuvettaa...:(

    ReplyDelete
  9. എലി കെണിയില്‍ പെട്ടു. പക്ഷെ അതിന് ചാവാനാവില്ലല്ലോ. അടുത്ത അദ്ധ്യായം ത്രില്ലിങ്ങ് ആവും 

    ReplyDelete
    Replies
    1. പ്രത്യാശ.... അല്ലേ കേരളേട്ടാ....

      Delete
  10. ഷാവേസ് എങ്ങിനെയെങ്കിലും രെക്ഷപെടും.. പാവം നമ്മുടെ നായികയെ ആവര്‍ പിടിച്ചു കാണുമല്ലോ എന്നോര്‍ക്കുമ്പോ..

    ReplyDelete
    Replies
    1. അത് പേടിക്കണ്ട ശ്രീജിത്തേ.... നമ്മുടെ ഉണ്ടാപ്രി ആ പരിസരത്ത് തന്നെ ചുറ്റിത്തിരിയുന്നുണ്ട്....

      Delete
    2. അതും പറഞ്ഞു ഇങ്ങോട്ടു ആരും വരണ്ട.
      എല്ലാരും വേഗം ഷാവേസിന്റെ പുറകെ പോയാട്ടെ ...
      വാ മോളൂ ...ഇവിടെ നിന്ന് തണുപ്പടിക്കേണ്ട ...

      Delete
    3. അതാണ് ഉണ്ടാപ്രിയുടെ കെയറിങ്ങ് കെയറിങ്ങ് എന്ന് പറയുന്നത്.... :)

      Delete
  11. അതിനായകനും അതുക്കും മേലെയുള്ള ഉപനായകനും /വില്ലനും
    ഉദ്വേഗജനകകരം എന്നോ മറ്റോ പറയാവുന്ന ഒരദ്ധ്യായം ( ആ വാക്ക് ഇത്
    തന്നെയാണോ അതോ വേറെ ഉന്തുട്ടാണാവോ )
    വെടിവെപ്പ് ,വെള്ളത്തിൽ ചാടൽ , തണപ്പ് , കീഴടങ്ങൽ ...
    അടുത്തത് കാത്തിരുന്ന കാണാം

    ReplyDelete
    Replies
    1. എല്ലാം അനുഭവിക്കാൻ ചാരന്മാരുടെ ജീവിതം ഇനിയും ബാക്കി... അല്ലേ മുരളിഭായ്?

      Delete
  12. ശരിക്കും ത്രില്ലിംഗ്. ഒരു പുലിമുരുകന്‍ എഫ്ഫക്റ്റ്‌ :D

    ReplyDelete
    Replies
    1. നമ്മുടെ ജാക്ക് ഹിഗിൻസല്ലേ സുകന്യാജീ...

      Delete
  13. ഒറ്റിയവനെ ഷാവേസ് വെറുതെ വിടും എന്ന് എനിക്ക് തോന്നുന്നില്ല...

    ReplyDelete
  14. ഹാസ്‌ബെൻഡർ ചതിച്ചാശാനെ !!!

    ReplyDelete

ഈ ലക്കത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ കുറിക്കുമല്ലോ...