Friday 3 February 2017

കാസ്പർ ഷുൾട്സ് – 34



ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...



ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകൻ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.



റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.



ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അൽപ്പനേരം കഴിഞ്ഞ് മാർക്ക് ഹാഡ്ട് അവിടെയെത്തുന്നു. ട്രെയിനിൽ വച്ച് കൊല്ലപ്പെട്ടത് ഹാൻസ് മുള്ളർ അല്ല എന്ന വസ്തുത വെളിപ്പെടുന്നതോടെ കൂടുതൽ വിവരങ്ങൾക്കായി ട്രെയിനിലെ പരിചാരകൻ ഓട്ടോ ഷ്മിഡ്ടിന്റെ ഫ്ലാറ്റിൽ ഷാവേസും ഹാഡ്ടും എത്തുന്നു. ഏതാനും നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ വാതിലിൽ തട്ടുന്നു. കെട്ടിടത്തിന്റെ പിൻ‌ഭാഗത്തെ ഫയർ എസ്കേപ്പ് വഴി ഷാവേസും ഹാഡ്ടും രക്ഷപെടുന്നു. അവർക്ക് പിന്നാലെ രക്ഷപെടാനുള്ള ശ്രമത്തിൽ ഷ്മിഡ്ട് താഴെ വീണ് മരിക്കുന്നു.



പരസ്പരം സന്ധിച്ച് മടങ്ങുവാനൊരുങ്ങവെ ഇൻസ്പെക്ടർ സ്റ്റെയ്നറെ കണ്ട് ഷാവേസും സർ ജോർജ്ജും പരിഭ്രാന്തരാകുന്നു. സർ ജോർജ്ജിന്റെ കാറിന്റെ പിൻസീറ്റിനടിയിൽ ഒളിച്ചുകിടന്ന് രക്ഷപെട്ട ഷാവേസ് അന്നയുടെ ഫ്ലാറ്റിൽ എത്തുന്നു. ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്ക് കണ്ടുപിടിച്ച  മാർക്ക് ഹാഡ്ടിനെ കാണുവാനായി ബ്ലാങ്കെനീസിലേക്ക് പോകുവാൻ ഇരുവരും തീരുമാനിക്കുന്നു. അന്നയെ കാറിൽ ഇരുത്തിയ ശേഷം ഷാവേസും ഹാഡ്ടും കൂടി മതിൽ ചാടിക്കടന്ന് ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്കിനുള്ളിൽ പ്രവേശിക്കുന്നു. അപ്രതീക്ഷിതമായി എത്തിയ പരിചാരികയുടെ കണ്ണിൽപ്പെടാതിരിക്കാൻ ഷാവേസ് ഒരു അലമാരയുടെയുള്ളിൽ കയറി ഒളിക്കുന്നു. അലമാരയുടെ വാതിൽ തുറന്ന പരിചാരിക ജിസേലയിൽ നിന്നും മുള്ളറിന്റെ റൂം നമ്പർ മനസ്സിലാക്കി അവിടെയെത്തിയ ഷാവേസ് കണ്ടത് ഇൻസ്പെക്ടർ സ്റ്റെയ്നറുടെ പിടിയിലായ ഹാഡ്ടിനെയാണ്. മൽപ്പിടുത്തത്തിലൂടെ അയാളിൽ നിന്നും രക്ഷപെട്ട് ഇരുവരും മതിൽ ചാടുന്നതിനിടയിൽ ചുമലിൽ വെടിയേറ്റ ഹാഡ്ട് വീണ്ടും സ്റ്റെയ്നറുടെ പിടിയിലാകുന്നു. റോഡിലെത്തിയ ഷാവേസ് അന്നയെ വീട്ടിൽ കൊണ്ടുചെന്നാക്കിയിട്ട് കാറുമായി തിരികെയെത്തി ക്ലിനിക്കിന് എതിർവശത്തുള്ള ബാറിൽ കയറുന്നു. ക്ലിനിക്കിൽ നിന്നും പുറത്തേക്ക് വന്ന ആംബുലൻസ് പോയിരിക്കുന്നത് ബേൺ‌ഡോർഫിലുള്ള കുർട്ട് നാഗെലിന്റെ കൊട്ടാരത്തിലേക്കാണെന്ന് ഷാവേസ് മനസ്സിലാക്കുന്നു.



അന്നയുടെ അപ്പാർട്ട്മെന്റിൽ തിരികെയെത്തിയ ഷാവേസ് നേരം പുലർന്നതും അവളോടൊപ്പം  ബേൺ‌ഡോർഫിലേക്ക് പുറപ്പെടുന്നു. അന്നയെ അവിടെ നിർത്തിയിട്ട് തടാകത്തിന് നടുവിൽ നിലകൊള്ളുന്ന കൊട്ടാരം അടുത്ത് വീക്ഷിക്കുവാനായി ഷാവേസ് ഒരു ചെറുവള്ളത്തിൽ യാത്രയാകുന്നു. ഒരു മോട്ടോർ ബോട്ടിൽ അവിടെയെത്തിയ സ്റ്റെയ്നറും സഹായിയും ഷാവേസിനെ പിടികൂടി കൊട്ടാരത്തിനുള്ളിലേക്ക് കൊണ്ടുപോകുന്നു. സംഘത്തിന്റെ പിടിയിലായ അന്നയെയും ഹാഡ്ടിനെയും ഷാവേസ് അവിടെ കണ്ടുമുട്ടുന്നു. കാസ്പർ ഷുൾട്സിനെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തുവാനായി മറ്റൊരു മുറിയിൽ തടങ്കലിൽ കഴിയുന്ന മുള്ളറിനരികിലേക്ക് ഷാവേസിനെ സംഘം അയക്കുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് കാസ്പർ ഷുൾട്സ് മരണമടഞ്ഞുവെന്നും അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ ഇപ്പോൾ തന്റെ സഹോദരിയുടെ കൈവശമാണുള്ളതെന്നും പറഞ്ഞിട്ട് മുള്ളർ അന്ത്യശ്വാസം വലിക്കുന്നു. തന്ത്രത്തിൽ ഹാൻസിനെ മുറിയിലേക്കെത്തിച്ച ഷാവേസ് അയാളെ കൊലപ്പെടുത്തിയിട്ട് പുറത്ത് കടന്ന് തന്റെ കൂട്ടാളികളെ രക്ഷിക്കുവാൻ ശ്രമിക്കുന്നു. അന്നയെയും ഹാഡ്ടിനെയും സ്വതന്ത്രരാക്കി തടാകത്തിൽ ചാടി നീന്തി കരയിലെത്തിയ മൂവരെയും തേടി സ്റ്റെയ്നറും സംഘവും വേട്ടനായ്ക്കളോടൊപ്പം എത്തുന്നു. ജർമ്മൻ നവീകരണ പ്രസ്ഥാനത്തിന്റെ നായകൻ ഹോപ്റ്റ്മാന് നേർക്കുള്ള വധശ്രമം തടയുന്നതിനായി അവരിലൊരാളെങ്കിലും ഹാംബർഗിൽ എത്തിയേ തീരൂ എന്നത് കൊണ്ട് രണ്ട് ഗ്രൂപ്പുകളായി നീങ്ങുവാൻ അവർ തീരുമാനിക്കുന്നു. വേട്ടനായ്ക്കളോടൊപ്പമുള്ള സ്റ്റെയ്നറെയും സംഘത്തെയും വഴി തെറ്റിക്കാനായി ഹാഡ്ട് ഒറ്റയ്ക്ക് ഇറങ്ങിപ്പെടുന്നു.



തിരികെ സത്രത്തിൽ എത്തിയ ഷാവേസും അന്നയും സഹായത്തിനായി സർ ജോർജ്ജിനെ ഫോണിൽ ബന്ധപ്പെടുന്നു. സർ ജോർജിന്റെ കാറിൽ ഹാംബർഗിൽ എത്തിയ ഷാവേസ് അന്നയെ അവളുടെ താമസസ്ഥലത്ത് വിട്ടിട്ട് സർ ജോർജിന്റെ ഹോട്ടലിലേക്ക് പോകുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി മുള്ളറുടെ സഹോദരി തപാൽ വഴി എത്തിച്ച വിവരം അന്ന ഹോട്ടലിലേക്ക് വിളിച്ച് ഷാവേസിനെ അറിയിക്കുന്നു. ഹോപ്റ്റ്മാൻ വിഷയം ചർച്ച ചെയ്യുവാനായി ജർമ്മൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ വോൺ ക്രോളിനെ കാത്ത് ഷാവേസ് ഹോട്ടലിൽ ഇരിക്കുന്നു.



ഷാവേസിൽ നിന്നും കാര്യങ്ങൾ ഗ്രഹിച്ച വോൺ ക്രോൾ അദ്ദേഹത്തെയും കൂട്ടി ഹോപ്റ്റ്മാനെ രക്ഷിക്കാനായി പുറപ്പെടുന്നു. പോകുന്ന വഴിയിൽ അന്നയുടെ അപ്പാർടെമെന്റിൽ കയറിയ ഷാവേസ് അവളെ ആരോ തട്ടിക്കൊണ്ടു പോയി എന്നറിയുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി അഗ്നിക്കിരയാക്കിയതായും അന്നയെ കൊലപ്പെടുത്തിയതായും സ്റ്റെയ്നർ ഷാവേസിനെ ഫോണിൽ വിളിച്ചറിയിക്കുന്നു.



നാഗെലിന്റെ വസതിയിലെ പൂന്തോട്ടത്തിൽ എത്തിയ ഇരുവരും സ്റ്റെയ്നറെയും കാത്ത് ഇരിക്കുന്നു. ഹോപ്റ്റ്മാനെ വധിക്കുവാൻ എത്തിയ സ്റ്റെയ്നറെയും സ്റ്റെയ്നർക്ക് അടയാളം കൊടുക്കുവാനായി ടെറസിന് മുകളിൽ എത്തിയ നാഗെലിനെയും വോൺ ക്രോൾ വെടിവച്ച് കൊല്ലുന്നു. ശേഷം തോക്ക് സ്റ്റെയ്നറുടെ കൈകളിൽ പിടിപ്പിച്ചിട്ട് ഇരുവരും പുറത്ത് കടക്കുന്നു.



തുടർന്ന് വായിക്കുക...

അല്പദൂരം താണ്ടി ഒരു ബിയർ ഷോപ്പിന് മുന്നിലെത്തിയപ്പോൾ കാർ നിർത്തിയിട്ട് വോൺ ക്രോൾ ചോദിച്ചു. “ഒരു ഡ്രിങ്ക് ആയാലോ സുഹൃത്തേ...?”

ഷാവേസ് തല കുലുക്കി. വോൺ ക്രോൾ അദ്ദേഹത്തിന് ഒരു ഷെറൂട്ട് നൽകി. ബാറിലെ നിശ്ശബ്ദതയിൽ ബ്രാണ്ടി ഗ്ലാസിന് മുന്നിൽ ഒന്നും ഉരിയാടാതെ ഷാവേസ് ഇരുന്നു. ഒടുവിൽ വോൺ ക്രോൾ മൌനം ഭഞ്ജിച്ചു.

“അല്പമെങ്കിലും ആശ്വാസം തോന്നുന്നുണ്ടോ ഇപ്പോൾ...?”

ബുദ്ധിമുട്ടിയിട്ടാണെങ്കിലും ഷാവേസ് മുഖത്ത് ഒരു പുഞ്ചിരി വരുത്തി. “ഐ ആം സോറി... ഒരു തുടക്കക്കാരനെപ്പോലെ എടുത്ത് ചാടിയതിന്... അന്നയെ വകവരുത്തിയതിനെക്കുറിച്ചുള്ള അയാളുടെ വീരവാദം കേട്ടപ്പോൾ എനിക്ക് നിയന്ത്രിക്കാനായില്ല...”

“അപ്പോഴത്തെ സാഹചര്യം എനിക്ക് മനസിലാക്കാൻ കഴിയുന്നതേയുള്ളൂ...” വോൺ ക്രോൾ പറഞ്ഞു. “പക്ഷേ, എന്റെ പ്രവൃത്തി തന്നെയായിരുന്നു നല്ലത്... ബുദ്ധിഭ്രമം ബാധിച്ച ഒരു പോലീസ് ഇൻസ്പെക്ടർ ഹാംബർഗിലെ പ്രമുഖ വ്യവസായിയെ വെടിവെച്ച് കൊന്നിട്ട് ആത്മഹത്യ ചെയ്തു... ഹെഡ് ലൈൻസ് എന്ത് കൊടുത്താലും വേണ്ടില്ല... റിസൽട്ടാണല്ലോ മുഖ്യം...”

“എങ്കിലും, ഈ കഥയ്ക്ക് ഇത്തരത്തിൽ ഒരു അന്ത്യം നൽകുവാൻ എന്തു കൊണ്ട് താങ്കൾ തീരുമാനിച്ചു...?”

വോൺ ക്രോൾ ഒരു നെടുവീർപ്പിട്ടു. “ആലോചിച്ചു നോക്കിയിട്ടുണ്ടോ...? നാഗെലിന് എതിരെ ഇത്രയും കടുത്ത ആരോപണങ്ങൾ തെളിയിക്കുക എത്ര ശ്രമകരമായിരിക്കുമെന്ന്...? അതുപോലെ തന്നെ സ്റ്റെയ്നർക്ക് എതിരെയും...? നിർഭാഗ്യവശാൽ ഇത്തരം ആൾക്കാർക്കും അനുയായികളുണ്ടെന്നതാണ് സത്യം... കോടതി മുറികളിലെ നിയമയുദ്ധം ഒരു പക്ഷേ വർഷങ്ങളോളം നീണ്ടുപോയേക്കാം...”

“ശരിയാണ്...” ഷാവേസ് പറഞ്ഞു. “ഇതോടെ എന്റെ ദൌത്യത്തിനും തിരശീല വീണിരിക്കുന്നു... ഷുൾട്സ് മുമ്പ് തന്നെ മരണമടഞ്ഞിരിക്കുന്നു... അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ ഒരു പിടി ചാരവുമായി മാറിയിരിക്കുന്നു...”

“എങ്കിലും ജർമ്മനി എന്ന രാഷ്ട്രത്തിന് താങ്കൾ ഒരു സഹായമായി എന്ന് പറയാം...” വോൺ ക്രോൾ പറഞ്ഞു.

“വേണമെങ്കിൽ അങ്ങനെയും പറയാം...” ഷാവേസ് നിർവികാരനായി പറഞ്ഞു.

വോൺ ക്രോൾ തന്റെ ഗ്ലാസ് പതുക്കെ മേശപ്പുറത്ത് വച്ചു. പിന്നെ അല്പം വികാരാധീനനായി പറഞ്ഞു. “എന്ന് വച്ചാൽ താങ്കൾക്കിതിൽ ഒരു സന്തോഷവുമില്ലെന്നോ...? യുദ്ധം അവസാനിച്ച് പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു... ഇനിയും നാം പരസ്പര ശത്രുക്കളാണെന്നാണോ...?”

“താങ്കൾക്ക് ആ രീതിയിൽ തോന്നിയെങ്കിൽ ഞാൻ നിർവ്യാജം ഖേദിക്കുന്നു... ആ അർത്ഥത്തിലല്ല ഞാൻ പറഞ്ഞത്...” ഷാവേസ് ഖേദം പ്രകടിപ്പിച്ചു.

കാലിയാക്കിയ ഗ്ലാസിലേക്ക് തുറിച്ചു നോക്കി അല്പനേരം ഇരുന്നിട്ട് വോൺ ക്രോൾ തുടർന്നു. “താങ്കൾക്കറിയുമോ ഷാവേസ്... ഒരു ഘട്ടത്തിലും ഈ നാസികൾക്ക് മുപ്പത്തിയേഴ് ശതമാനത്തിലേറെ ജനപിന്തുണ ലഭിച്ചിരുന്നില്ല എന്ന വസ്തുത...?”

“ഇല്ല... എനിക്കറിയില്ലായിരുന്നു...” ഷാവേസ് അത്ഭുതം കൊണ്ടു.

“എന്നാലിനി വേറൊരു കാര്യം ഞാൻ ചോദിക്കാം... മറുപടി സത്യസന്ധമായിരിക്കണം...” വോൺ ക്രോൾ പറഞ്ഞു. “ജന്മം കൊണ്ട് ഫ്രഞ്ചുകാരനും കർമ്മം കൊണ്ട് ബ്രിട്ടീഷുകാരനുമാണ് താങ്കൾ... മഹത്തായ രണ്ട് രാഷ്ട്രങ്ങളുടെ പാരമ്പര്യം പേറുന്നവൻ... ഈ രണ്ട് രാഷ്ട്രങ്ങളിലും ജനിച്ച് യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ എസ്. എസ് സേനയ്ക്കോ അതു പോലുള്ള മറ്റ് സംഘടനകൾക്കോ വേണ്ടി പ്രവർത്തിക്കുന്ന എത്ര പേരെ താങ്കൾ കണ്ടിട്ടുണ്ട്...?”

“ധാരാളം...” ഷാവേസ് പറഞ്ഞു.

“താങ്ക് യൂ...!”  വോൺ ക്രോൾ മന്ദഹസിച്ചു. “ഭാവിയിൽ ഒരു പക്ഷേ ഞങ്ങളോട് ഇടപെടുമ്പോൾ താങ്കൾ ഇത്രയും പാരുഷ്യം പ്രകടിപ്പിക്കില്ലെന്ന് പ്രതീക്ഷിക്കാം...”  അദ്ദേഹം എഴുന്നേറ്റു. “എന്നാലിനി ഇറങ്ങിയാലോ സുഹൃത്തേ...?”

ഷാവേസ് നിഷേധരൂപേണ തലയാട്ടി. “ഇല്ല... ഒരു ഡ്രിങ്ക് കൂടി കഴിച്ചിട്ടാവാം...  എന്നെക്കുറിച്ചോർത്ത് വിഷമിക്കണ്ട... ഞാൻ തനിയേ പൊയ്ക്കോളാം...”

വോൺ ക്രോൾ എഴുന്നേറ്റ് അദ്ദേഹത്തിന് നേർക്ക് കൈ നീട്ടി. “താങ്കളെ സന്ധിക്കാനും പരിചയപ്പെടാനും സാധിച്ചതിൽ വളരെ സന്തോഷം ഹെർ ഷാവേസ്... ഒരു പക്ഷേ, ഇനിയും നമ്മൾ പരസ്പരം കണ്ടുമുട്ടാൻ ഇട വന്നേക്കാം... അങ്ങനെയൊരവസരം ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായും ആശിക്കുന്നു...” ഒരു നിമിഷം അദ്ദേഹം സംശയിച്ചു. “എന്റെ വാക്കുകളിൽ ഏതെങ്കിലും താങ്കളെ വേദനിപ്പിച്ചുവെങ്കിൽ ക്ഷമ ചോദിക്കുന്നു... കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ...” മറുപടിക്കായി കാത്തു നിൽക്കാതെ അദ്ദേഹം പുറത്തിറങ്ങി പോയി.

ഒരു ബ്രാണ്ടി കൂടി ഓർഡർ ചെയ്ത്, വോൺ ക്രോൾ അവസാനം പറഞ്ഞ വാക്കുകളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ഷാവേസ് അല്പനേരം ഇരുന്നു. പക്ഷേ, ഒട്ടും തന്നെ ആശ്വാസമേകിയില്ല അത്. ബാറിലെ പൊട്ടിച്ചിരികളും അട്ടഹാസവും താങ്ങാവുന്നതിലും അധികമായിരുന്നു അദ്ദേഹത്തിന്. ബാറിലേക്ക് പ്രവേശിച്ചു കൊണ്ടിരുന്നവരെ വകഞ്ഞ് മാറ്റി ഷാവേസ് പുറത്തേക്ക് നടന്നു.

ചാഞ്ഞ് പെയ്യുന്ന മഴയ്ക്കെതിരെ കോളർ ഉയർത്തി വച്ച് അദ്ദേഹം നടപ്പാതയിലൂടെ നീങ്ങി. പെട്ടെന്നാണ് ഒരു കാർ വന്ന് അദ്ദേഹത്തിനരികിൽ ബ്രേക്ക് ചെയ്തത്. സർ ജോർജ് ഹാർവി ആയിരുന്നു അത്. “ഹലോ ഷാവേസ്... ദൂരെ നിന്ന് കണ്ടപ്പോൾ തോന്നിയിരുന്നു നിങ്ങളായിരിക്കുമെന്ന്... വരൂ...”

ഒന്ന് സംശയിച്ചിട്ട് ഒന്നും മിണ്ടാതെ ഷാവേസ് ഡോർ തുറന്ന് ഉള്ളിൽ കയറി. കാർ മുന്നോട്ട് നീങ്ങവെ ആവേശത്തോടെ സർ ജോർജ് പറഞ്ഞു. “നാഗെലിന്റെ സ്വീകരണത്തിനിടെ അതിദാരുണമായ ഒരു സംഭവമുണ്ടായി... ആരോ അദ്ദേഹത്തിന് നേർക്ക് നിറയൊഴിച്ചിട്ട് ആത്മഹത്യ ചെയ്തു...!”

സിഗരറ്റിന് തീ കൊളുത്തിയിട്ട് കരുതലോടെ ഷാവേസ് ചോദിച്ചു. “മൃതദേഹങ്ങൾ കണ്ടെടുക്കുമ്പോൾ താങ്കളവിടെ ഉണ്ടായിരുന്നോ...?”

“ഇല്ല... ഞങ്ങളോട് പെട്ടെന്ന് സ്ഥലം കാലിയാക്കുവാൻ അവർ ആവശ്യപ്പെട്ടു... നാഗെലിന് എന്തോ അപകടം പിണഞ്ഞു എന്നാണവർ പറഞ്ഞത്... പുറത്തേക്കിറങ്ങവെ ആകാംക്ഷയടക്കാനാവാതെ ഒരു പരിചാരകനോട് ഞാൻ കാര്യം തിരക്കി. അവനാണ് വിവരങ്ങൾ പറഞ്ഞത്...”

“അദ്ദേഹത്തെ കൊലപ്പെടുത്തിയ ആൾ ആരാണെന്നവർ തിരിച്ചറിഞ്ഞോ...?”

“എന്റെയറിവിൽ ഇല്ല... ഞാൻ പുറത്തിറങ്ങുമ്പോഴേക്കും പോലീസ് എത്തുന്നതേയുണ്ടായിരുന്നുള്ളൂ...” സർ ജോർജ് പറഞ്ഞു.

ഷാവേസ് ഒന്നും മിണ്ടിയില്ല. സർ ജോർജ് തല ചരിച്ച് പ്രതീക്ഷയോടെ അദ്ദേഹത്തെ നോക്കി. “നിങ്ങൾക്ക് ഈ സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലല്ലോ അല്ലേ...?”

ഷാവേസ് തല കുലുക്കി. “മിക്കവാറും ഇപ്പോൾ അവർ തിരിച്ചറിഞ്ഞിട്ടുണ്ടാകും... ആത്മഹത്യ ചെയ്തത് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ ആണെന്ന്...”

നിയന്ത്രണം നഷ്ടമായി കാർ ഒരു വശത്തേക്ക് തെന്നി മാറിയത് പെട്ടെന്നായിരുന്നു. മനഃസാന്നിദ്ധ്യം വീണ്ടെടുത്ത സർ ജോർജ് ഒരു വിധം കാർ സൈഡിലേക്കൊതുക്കി നിർത്തി. പിന്നെ ഹാന്റ്കർച്ചീഫ് എടുത്ത് നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുടച്ചു. “സോറി... സത്യം പറയാമല്ലോ... നിങ്ങൾ ശരിക്കും എന്നെ പരിഭ്രമിപ്പിച്ചു കളഞ്ഞു...”

ഷാവേസ് ഒന്നും ഉരിയാടില്ല. ഒരു നിമിഷത്തെ മൌനത്തിന് ശേഷം സർ ജോർജ് തുടർന്നു. “എനിക്ക് തോന്നുന്നത് ഇതും ആ ഷുൾട്സ് വിഷയവും തമ്മിൽ എന്തോ ബന്ധമുണ്ടെന്നാണ്... ശരിയല്ലേ...?”

കാറിന്റെ ചില്ല് താഴ്ത്തി ഷാവേസ് സിഗരറ്റിന്റെ ചാരം മഴയത്തേക്ക് തട്ടിക്കളഞ്ഞു. “ഇനി ഷുൾട്സ് എന്നൊരു വിഷയം ഇല്ല... എല്ലാം അവസാനിച്ചിരിക്കുന്നു...”

അമ്പരപ്പോടെ സർ ജോർജ് പുരികം ചുളിച്ചു. “അപ്പോൾ പിന്നെ ആ കൈയെഴുത്തുപ്രതി...?”

“ഒരു പിടി ചാരം മാത്രം...” ഷാവേസ് പറഞ്ഞു. “എന്നേക്കാൾ ഒരു പടി മുന്നിലായിരുന്നു സ്റ്റെയ്നർ അക്കാര്യത്തിൽ...”

“അപ്പോൾ മിസ് ഹാർട്മാൻ...?”  സർ ജോർജ് ആരാഞ്ഞു.

ഒരു നിമിഷം വാക്കുകൾ മടി കാണിച്ചത് പോലെ തോന്നി. പിന്നെ വിഷമിച്ച് അത് പുറത്ത് വന്നു. “സ്റ്റെയനർ അവളെയും....”

പതുക്കെ തല തിരിച്ച് ഭീതിയോടെ സർ ജോർജ് അദ്ദേഹത്തെ നോക്കി. “അവൾ കൊല്ലപ്പെട്ടു എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്...?”

മറുപടി പറയാൻ ഷാവേസ് തുനിഞ്ഞില്ല. കുറേ നേരം ഒന്നും ഉരിയാടാതെ അവർ ഇരുവരും അങ്ങനെ ഇരുന്നു. പിന്നെ സർ ജോർജ് ചോദിച്ചു. “നിങ്ങൾക്ക് പോകേണ്ടയിടത്ത് ഞാൻ ഡ്രോപ്പ് ചെയ്യാം...”

“അതെ... അവളുടെ അപ്പാർട്മെന്റിലേക്ക് ഒന്നു കൂടി പോയാൽ കൊള്ളാമെന്നുണ്ടെനിക്ക്... താങ്കൾക്ക് വിരോധമില്ലെങ്കിൽ...”

എന്തെല്ലാമോ വികാരങ്ങൾ കൊണ്ട് കലുഷിതമായ മുഖത്തോടെ തല കുലുക്കിയിട്ട് സർ ജോർജ് കാർ സ്റ്റാർട്ട് ചെയ്തു. കോരിച്ചൊരിയുന്ന മഴയത്ത് അവർ ഹാംബർഗ് നഗരം ലക്ഷ്യമാക്കി യാത്ര തുടർന്നു.

അന്നയുടെ വസതിയുടെ മുന്നിലെത്തിയതും ഷാവേസ് പെട്ടെന്ന് തന്നെ പുറത്തിറങ്ങി. എൻ‌ജിൻ ഓഫ് ചെയ്യാതെ തല പുറത്തിട്ട് സർ ജോർജ് ചോദിച്ചു. “ഇനി എന്തെങ്കിലും സഹായം ഞാൻ ചെയ്യേണ്ടതുണ്ടോ...?”

ഷാവേസ് തലയാട്ടി. “ഇല്ല... ഐ വിൽ ബീ ഫൈൻ... താങ്ക്സ്...”

“നാളെ ഉച്ച തിരിഞ്ഞുള്ള ട്രെയിനിൽ ഞാൻ തിരികെ പോകുകയാണ്... പോകുന്നതിന് മുമ്പ് വീണ്ടും കാണാൻ കഴിയുമോ...?” സർ ജോർജ് ചോദിച്ചു.

ഷാവേസ് പതുക്കെ തല കുലുക്കി. “മിക്കവാറും ഞാനും ആ ട്രെയിനിൽ തന്നെ ഉണ്ടാകും... ഇനി ഇവിടെ നിൽക്കേണ്ടതായി പ്രത്യേകിച്ചൊന്നും തന്നെയില്ല...”

സർ ജോർജ് ചെറുതായി പുഞ്ചിരിച്ചു. “എങ്കിൽ പിന്നെ യാത്ര പറയുന്നില്ല... ഇനി അഥവാ ട്രെയിനിൽ വച്ച് നിങ്ങളെ കാണാൻ സാധിച്ചില്ലെങ്കിൽ ഫെറിബോട്ടിൽ വച്ച് തീർച്ചയായും നമുക്കൊന്ന് കൂടണം...”

ഷാവേസിനെ നടപ്പാതയിൽ തനിച്ചാക്കി ആ മെഴ്സെഡിസ് കാർ പാഞ്ഞു പോയി.

ആളൊഴിഞ്ഞ അപ്പാർടെമെന്റിലേക്ക് കയറുവാനുള്ള വൈക്ലബ്യത്തിൽ ഷാവേസ് ഓരോ പടിയും സമയമെടുത്ത് പതുക്കെ കയറി. പിന്നെ ഒരു നിമിഷം വാതിലിന് മുന്നിൽ വിഷാദത്തോടെ നിന്നിട്ട് മാസ്റ്റർ കീ എടുത്ത് കതകിന്റെ ലോക്ക് തുറന്നു.

വാതിലിന്റെ ഹാന്റിൽ തിരിച്ചതും ഉള്ളിൽ എന്തോ തിടുക്കത്തിലുള്ള ആളനക്കം പോലെ അദ്ദേഹത്തിന് തോന്നി. ഒരു നിമിഷം സംശയിച്ചിട്ട് വാതിൽ മലർക്കെ തുറന്ന് നീട്ടിപ്പിടിച്ച റിവോൾവറുമായി ഷാവേസ് പാതി കുനിഞ്ഞ് മുന്നോട്ട് നീങ്ങി.

റൂമിന്റെ മദ്ധ്യത്തിൽ നിന്നിരുന്നത് മാർക്ക് ഹാഡ്ട് ആയിരുന്നു. ഒരു ഡ്രൈവിങ്ങ് കോട്ട് ധരിച്ചിരുന്ന അയാളുടെ ട്രൌസേഴ്സ് നനഞ്ഞ് കുതിർന്ന് കാലിനോട് ഒട്ടിയിരുന്നു. വിളറി വെളുത്തിരുന്ന ആ മുഖത്ത് ഷാവേസിനെ കണ്ടതോടെ ആശ്വാസത്തിന്റെ കിരണങ്ങൾ പ്രകാശിച്ചു.

“ഞാൻ വല്ലാതെ ഭയന്നു പോയി...” അയാൾ ഒരു ദീർഘശ്വാസമെടുത്തു.

കോട്ടിന്റെ ബട്ടണുകൾ അഴിച്ചു കൊണ്ട് ഷാവേസ് ചോദിച്ചു. “ആ വേട്ടനായ്ക്കളിൽ നിന്നും എങ്ങനെ രക്ഷപെട്ടു നിങ്ങൾ...?”

ഹാഡ്ട് ചുമൽ വെട്ടിച്ചു. “അത് എളുപ്പമായിരുന്നു... നിങ്ങളുടെ ഭാഗത്ത് നിന്നും അവയുടെ ശ്രദ്ധ തിരിച്ച് ദൂരേയ്ക്ക് കൊണ്ടുപോയതിന് ശേഷം ഞാൻ പിന്നെ ഒച്ചപ്പാടൊന്നും ഉണ്ടാക്കാൻ തുനിഞ്ഞില്ല... കനത്ത മഴയുണ്ടായിരുന്നത് കൊണ്ട് എന്റെ ഗന്ധം പിടിച്ചെടുക്കാനും അവയ്ക്ക് കഴിഞ്ഞില്ല... മെയിൻ റോഡ് ക്രോസ് ചെയ്ത് ഒരു ധാന്യപ്പുരയുടെ മച്ചിൻ പുറത്ത് കയറി രണ്ട് മൂന്ന് മണിക്കൂർ ഞാൻ ഒളിച്ചിരുന്നു... പിന്നെ അത് വഴി വന്ന ഒരു ട്രക്കിന് കൈ കാണിച്ച് ലിഫ്റ്റ് ചോദിച്ചു... വനത്തിൽ ക്യാമ്പിങ്ങിന് വന്നതായിരുന്നുവെന്നും കനത്ത മഴ കാരണം തിരിച്ച് പോകുകയാണെന്നും ഞാനയാളോട് പറഞ്ഞു... അയാളത് വിശ്വസിച്ചു എന്ന് എനിക്ക് തോന്നുന്നില്ല... എങ്കിലും ഈ കോട്ടും തന്നിട്ട് അയാൾ എന്നെ ഹാംബർഗിൽ ഡ്രോപ്പ് ചെയ്തു...”

“നിങ്ങളുടെ ചുമലിലെ പരിക്ക് എങ്ങനെയുണ്ട്...?”

“സഹിക്കാനാവാത്ത വേദനയുണ്ട്... എങ്കിലും സാരമില്ല...  അന്ന എവിടെ...?”

ഷാവേസ് അയാളെ ഒന്ന് നോക്കി. “മാർക്ക്... നിങ്ങൾ ആ കസേരയിൽ ഇരിക്കൂ... നല്ല വാർത്തയല്ല ഞാൻ പറയുവാൻ പോകുന്നത്...” അദ്ദേഹം പതുക്കെ പറഞ്ഞു.

“എന്താണ് നിങ്ങൾ പറഞ്ഞു വരുന്നത്...?” ഹാഡ്ടിന്റെ പുരികം ചുളിഞ്ഞു.

“അവൾ കൊല്ലപ്പെട്ടു...” വേദനയോടെ ഷാവേസ് പറഞ്ഞു. “സ്റ്റെയ്നറും സംഘവുമാണ് അവളെ പിടിച്ചു കൊണ്ടുപോയത്...”

ഞെട്ടിത്തരിച്ചു പോയ ഹാഡ്ട് ഒരു അന്ധനെപ്പോലെ വേച്ച് വേച്ച് കസേരയിൽ ചെന്ന് കുഴഞ്ഞ് ഇരുന്നു. കുറേ നേരം കഴിഞ്ഞ് അയാൾ തലയുയർത്തി. “എങ്ങനെയാണത് സംഭവിച്ചത്...?”

ചുരുങ്ങിയ വാക്കുകളിൽ ഷാവേസ് എല്ലാം വിവരിച്ചു. എല്ലാം പൂർത്തിയാക്കിയ ശേഷം ഒന്ന് സംശയിച്ചിട്ട് അദ്ദേഹം തുടർന്നു. “അല്പമെങ്കിലും ആശ്വാസം നൽകുന്ന ഒരു വാർത്ത കൂടിയുണ്ട്... സ്റ്റെയ്നറും നാഗെലും... അവർ ഇരുവരും കൊല്ലപ്പെട്ടിരിക്കുന്നു... നാഗെലിന്റെ വസതിയിലെ പൂന്തോട്ടത്തിൽ ഞാനും ആ ജർമ്മൻ ഇന്റലിജൻസുകാരനും കൂടി കാത്തിരിക്കുകയായിരുന്നു... ഹോപ്റ്റ്മാനെ വധിക്കുവാൻ വരുന്ന സ്റ്റെയ്നറെയും കാത്ത്...”

ഹാഡ്ട് പതുക്കെ എഴുന്നേറ്റു. “എന്ത് ആശ്വാസം...? സ്റ്റെയ്നർ, നാഗെൽ, കാസ്പർ ഷുൾട്സ്... അവരൊന്നും എന്റെ ആരുമല്ലല്ലോ... പക്ഷേ, അന്ന......” വേദനയോടെ ഒരു പുഞ്ചിരി അയാൾ മുഖത്ത് വരുത്തി. “നമ്മൾ കളിക്കുന്ന ഈ കളി... എത്ര നിരർത്ഥകമാണ് അത്...! എന്തൊക്കെയാണ് നമ്മെ കാത്തിരിക്കുന്നത്...!”

ജാലകത്തിനരികിലേക്ക് പതുക്കെ നടന്ന് ചെന്ന് അയാൾ മേശപ്പുറത്ത് കിടന്നിരുന്ന ഹീബ്രു നോട്ടുപുസ്തകത്തിൽ സ്പർശിച്ചു. “ഗൃഹപാഠം... അങ്ങനെയാണ് അവൾ ഇതിനെ വിശേഷിപ്പിച്ചിരുന്നത്... എന്നും അവളത് ചെയ്യുമായിരുന്നു... അവൾ കൊല്ലപ്പെട്ടു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല... കഴിയുന്നുണ്ടോ ഷാവേസ്...?”

അയാളുടെ ശരീരമാകെ ഒരു വിറയൽ അനുഭവപ്പെടുന്നത് പോലെ തോന്നി. മുഖം വിളറി വെളുത്തു. പിന്നെ പതുക്കെ കസേരയിലേക്ക് കുഴഞ്ഞ് ഇരുന്നിട്ട് മുഖം പൊത്തി വിതുമ്പുവാൻ തുടങ്ങി.

വിങ്ങുന്ന ഹൃദയത്തോടെ ഷാവേസ് കുറേ നേരം അയാളെയും നോക്കി അവിടെ നിന്നു. പിന്നെ പുറത്ത് കടന്ന് വാതിൽ പതുക്കെ ചാരിയിട്ട് മഴയത്തേക്ക് ഇറങ്ങി.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

28 comments:

  1. വിങ്ങുന്ന മനസ്സുകളേ... നിങ്ങൾ ഒറ്റയ്ക്കല്ല... :(

    ReplyDelete
  2. അന്നയ്ക്ക് മരണമില്ല; അവളെക്കുറിച്ചുള്ള ഓർമ്മകൾക്കും..

    മാർക്കിന്റ്റെ മടങ്ങിവരവ് ശരിക്കും അമ്പരപ്പിച്ചു.

    ReplyDelete
    Replies
    1. ഓർമ്മകൾക്ക് മരണമില്ല....

      Delete
  3. അന്ന മരിച്ചിട്ടില്ല....!!!!!

    ReplyDelete
    Replies
    1. അതെ... നമ്മുടെ ഓർമ്മകളിൽ എന്നുമുണ്ടാകും..

      Delete
  4. Anna a brave lady. We salute you.

    ReplyDelete
  5. ഇനിയെന്ത് ?? അന്ന ...............?

    ReplyDelete
    Replies
    1. ഇനിയും ചിലതൊക്കെയുണ്ട് ഫൈസൽഭായ്....

      Delete
  6. hummmm. angane athavasaanichu. enthokke veeravaadangalaayirunnu. shooltz, shaves, anna,steiner...!!!! iny...?

    ReplyDelete
    Replies
    1. ഇനിയും കഥ തുടരും അക്കോസേട്ടാ...

      Delete
  7. ഇനിയാണ് യഥാർത്ഥ ക്ലൈമാക്സ്.....

    ReplyDelete
  8. അതെ. ഒറ്റയ്ക്കല്ല. അന്ന വിങ്ങലായി മനസ്സില്‍..

    ReplyDelete
  9. മഴ പെയ്തു തോര്‍ന്നതുപോലെ. പക്ഷെ അന്ന.

    ReplyDelete
    Replies
    1. അതെ.... അന്ന... നോവുന്നൊരോർമ്മയായ്....

      Delete
  10. ഞാനോർത്ത്‌ കഥ തീർന്നെന്ന്.അന്ന പ്രത്യക്ഷപ്പെടുമോ????

    ReplyDelete
  11. പ്രതീക്ഷ ഇനിയും കൈവെടിഞ്ഞിട്ടില്ല അല്ലേ...?

    ReplyDelete
  12. നേരിയ പ്രതീക്ഷ എനിക്കുമുണ്ട്... കാത്തിരിക്കുന്നു

    ReplyDelete
    Replies
    1. കാത്തിരുന്ന് കാത്തിരുന്ന് പുഴ മെലിഞ്ഞു... കടവൊഴിഞ്ഞു... കാലവും കടന്നു പോയ്....

      Delete
  13. കഥ ഇനി എങ്ങോട്ട് ?? പാവം അന്ന..... അവൾ പോയില്ലേ....

    ReplyDelete
  14. അന്നയുടെ ഹീബ്രു നോട്ട് ബുക്ക്!!!

    ReplyDelete
  15. കഥ ഗതി തിരിയുകയാണല്ലോ
    വീണ്ടും വേണ്ടപ്പെട്ട കഥപാത്രങ്ങൾ
    തിരിച്ച വരുന്നു ...
    ക്ളൈമാക്സ് അടുക്കാറെയെന്ന് തോന്നുന്നു ..?

    ReplyDelete
  16. Came back after a short vacation..Anna
    evidunnenkilum thirichu vannirunnekil??!!!

    ReplyDelete
  17. ഇവിടെ ഒന്നും പറയാനില്ല. അടുത്ത ചാപ്റ്റർ നോക്കട്ടെ

    ReplyDelete
    Replies
    1. ഞാനും പാഞ്ഞു പോകുന്നു..

      Delete

ഈ ലക്കത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ കുറിക്കുമല്ലോ...