Sunday, 11 September 2016

കാസ്പർ ഷുൾട്സ് - 17



ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



കഥ ഇതു വരെ...



ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനായ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.



റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.



ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അൽപ്പനേരം കഴിഞ്ഞ് മാർക്ക് ഹാഡ്ട് അവിടെയെത്തുന്നു. ട്രെയിനിൽ വച്ച് കൊല്ലപ്പെട്ടത് ഹാൻസ് മുള്ളർ അല്ല എന്ന വസ്തുത വെളിപ്പെടുന്നതോടെ കൂടുതൽ വിവരങ്ങൾക്കായി ട്രെയിനിലെ പരിചാരകൻ ഓട്ടോ ഷ്മിഡ്ടിന്റെ ഫ്ലാറ്റിൽ ഷാവേസും ഹാഡ്ടും എത്തുന്നു. ഏതാനും നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ വാതിലിൽ തട്ടുന്നു. കെട്ടിടത്തിന്റെ പിൻ‌ഭാഗത്തെ ഫയർ എസ്കേപ്പ് വഴി ഷാവേസും ഹാഡ്ടും രക്ഷപെടുന്നു. അവർക്ക് പിന്നാലെ രക്ഷപെടാനുള്ള ശ്രമത്തിൽ ഷ്മിഡ്ട് താഴെ വീണ് മരിക്കുന്നു.



പരസ്പരം സന്ധിച്ച് മടങ്ങുവാനൊരുങ്ങവെ ഇൻസ്പെക്ടർ സ്റ്റെയ്നറെ കണ്ട് ഷാവേസും സർ ജോർജ്ജും പരിഭ്രാന്തരാകുന്നു.



തുടർന്ന് വായിക്കുക...


തെല്ല് സന്ദേഹത്തോടെ ഷാവേസ് തിരിഞ്ഞ് നോക്കി. ശരിയാണ്... സ്റ്റെയ്നറും സംഘവും അപ്പോൾ എത്തിയതേയുള്ളൂ എന്ന് തോന്നുന്നു. ഗേറ്റിനരികിൽ തനിക്ക് ചുറ്റും കൂടി നിൽക്കുന്ന പോലീസ് സംഘത്തിന് എന്തൊക്കെയോ നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടിരിക്കുകയാണ് അയാൾ. അടുത്ത നിമിഷം സ്റ്റെയ്നറുടെ നിർദ്ദേശപ്രകാരം പലവഴിക്കായി നീങ്ങിയ പോലീസുകാർ ഗ്രൌണ്ടിന്റെ വിവിധ കവാടങ്ങൾക്ക് മുന്നിലായി നിലയുറപ്പിച്ചു.

“ഇങ്ങോട്ട് നടക്ക് മനുഷ്യാ... പ്ലീസ്...” ഷാവേസിന്റെ കൈകളിൽ പിടിച്ച് വലിച്ച് സർ ജോർജ് പാർക്കിങ്ങ് ഏരിയയിലേക്ക് നടന്നു.

“ഇവിടെ നിന്ന് പുറത്ത് കടക്കാൻ വേറെ എന്തെങ്കിലും മാർഗ്ഗം നോക്കേണ്ടിയിരിക്കുന്നു...” എമ്പാടും നിരന്ന് കിടക്കുന്ന വാഹനങ്ങൾക്കിടയിലൂടെ നീങ്ങവെ ഷാവേസ് പറഞ്ഞു.

“അതോർത്ത് വിഷമിക്കേണ്ട നിങ്ങൾ...” ആ വലിയ മെർസിഡിസ് സലൂൺ കാറിനരികിലെത്തിയതും സർ ജോർജ്ജ് പറഞ്ഞു. “മെയിൻ ഗേറ്റിൽക്കൂടിത്തന്നെ നിങ്ങളെ ഞാൻ പുറത്തെത്തിക്കാൻ പോകുന്നു...”

“പക്ഷേ, താങ്കളുടെ ജീവൻ അപകടത്തിലാക്കിയിട്ട് വേണ്ട അത്... താങ്കളെ ഇതിൽ വലിച്ചിഴക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല...” ഷാവേസ് പറഞ്ഞു.

തിരിഞ്ഞ് നടക്കാനാരംഭിച്ച ഷാവേസിനെ അസാമാന്യ ശക്തിയോടെ സർ ജോർജ്ജ് പിടിച്ച് നിർത്തി. അദ്ദേഹത്തിന്റെ മുഖം ദ്വേഷ്യത്താൽ ചുവന്നിരുന്നു. “ഞാൻ ഏത് തരക്കാരനാണാണെന്നാണ് നിങ്ങൾ കരുതിയത്...?” രോഷത്തോടെ അദ്ദേഹം ചോദിച്ചു. “നാസികൾ നിങ്ങളെയും കൊണ്ട് പോകുന്നത് ഒരു കാഴ്ച്ചക്കാരനെപ്പോലെ നോക്കിക്കൊണ്ട് നിൽക്കാൻ എനിക്കാവില്ല... എന്റെ കാറിനുള്ളിൽ പിൻസീറ്റിനോട് ചേർന്ന് താഴെ കിടക്കുക...  എന്നിട്ട് നാം മെയിൻ ഗേറ്റിലൂടെ പുറത്തേക്ക് പോകുന്നു... മനസ്സിലായോ...?”

വർഷങ്ങളുടെ നിഷ്ക്രിയത്വം എങ്ങോ പോയ്മറഞ്ഞത് പോലെയായിരുന്നു സർ ജോർജ്ജിന്റെ ഭാവം കണ്ടാൽ. തനിക്ക് ചുറ്റും നിൽക്കുന്ന സൈനികർക്ക് ആത്മവിശ്വാസത്തോടെ നിർദ്ദേശങ്ങൾ നൽകുന്ന യുവത്വം തുളുമ്പുന്ന പഴയ കേണലായി മാറുകയായിരുന്നു ആ നിമിഷം അദ്ദേഹം.

“ഗെറ്റ് ഇൻ...!”  കാറിന്റെ ബാക്ക് ഡോർ തുറന്നു പിടിച്ച് അദ്ദേഹം ആജ്ഞാപിച്ചു.

എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്ന ഷാവേസ് ചുമൽ വെട്ടിച്ചിട്ട് അദ്ദേഹം പറഞ്ഞത് പോലെ ചെയ്തു.  സീറ്റിന് താഴെയായി നിവർന്ന് കിടന്നതും പഴയ ഒരു പരവതാനി എടുത്ത് സർ ജോർജ്ജ് അദ്ദേഹത്തിന്റെ മുകളിലൂടെ ഇട്ടു. ഏതാനും നിമിഷങ്ങൾക്ക് ശേഷം ആ കാർ പാർക്കിങ്ങ് ഏരിയയിൽ നിന്നും പതുക്കെ മെയിൻ ഗേറ്റ് ലക്ഷ്യമായി നീങ്ങി.

കാർ നിന്നതും ബൂട്‌സിന്റെ ശബ്ദം അടുത്ത് വരുന്നത് ശ്വാസമടക്കിപ്പിടിച്ചു കൊണ്ട് കിടന്നിരുന്ന ഷാവേസ് കേട്ടു. പോലീസുകാരന്റെ ചോദ്യശരങ്ങൾ പുറപ്പെട്ടതിന് പിന്നാലെ സ്റ്റെയ്നറുടെ പരുക്കൻ സ്വരം ഷാവേസ് തിരിച്ചറിഞ്ഞു.  “ഇത് ഞാൻ നോക്കിക്കോളാം... നിങ്ങൾ നിങ്ങളുടെ പോസ്റ്റിലേക്ക് ചെല്ലൂ...”  ശേഷം സ്റ്റെയ്നർ വിൻഡോയ്ക്ക് സമീപം വന്ന് അല്പം കുനിഞ്ഞ്  മുറി ഇംഗ്ലീഷിൽ ശ്രദ്ധയോടെ പറഞ്ഞു. “ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം, സർ ജോർജ്ജ്...”

“ഓ, ഇൻസ്പെക്ടർ സ്റ്റെയ്നറോ...!” സർ ജോർജ്ജ് ആശ്ചര്യം പ്രകടിപ്പിച്ചു. “ഇത്തവണ ആരെ അന്വേഷിച്ചാണ്...?”

സ്റ്റെയ്നറുടെ അപ്പോഴത്തെ മുഖഭാവം ഷാവേസിന് ഊഹിക്കാമായിരുന്നു.  “അങ്ങനെ പ്രത്യേകിച്ച് ആരെയുമല്ല സർ ജോർജ്ജ്... വലിയൊരു ജനാവലി ഉള്ളയിടത്ത് വല വിരിക്കുക എന്ന ആ പഴയ പോലീസ് മുറ... കുറേയധികം വമ്പൻ മത്സ്യങ്ങൾ ആ വലയിൽ കുടുങ്ങാറുണ്ട് എന്നത് പലപ്പോഴും അത്ഭുതപ്പെടുത്തുന്ന ഒരു സത്യമാണ്...  താങ്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഞാൻ ഖേദിക്കുന്നു...”

മുന്നോട്ട് നീങ്ങിയ കാർ പതുക്കെ വേഗതയാർജ്ജിച്ചു. പിന്നെയും ഏതാണ്ട് അഞ്ച് മിനിറ്റ് കൂടി ഷാവേസ് തറയിൽ തന്നെ കിടന്നു. പിന്നെ ആ പരവതാനി എടുത്ത് മാറ്റി സീറ്റിൽ കയറി ഇരുന്നു.

“ഭാഗ്യം കൊണ്ട് മാത്രമുള്ള രക്ഷപെടൽ...” ഷാവേസ് അഭിപ്രായപ്പെട്ടു.

സർ ജോർജ് തലയാട്ടി. “ഒട്ടും ഭയമുണ്ടായിരുന്നില്ല എനിക്ക്...” അദ്ദേഹം ആവേശത്തോടെ പൊട്ടിച്ചിരിച്ചു.  “സത്യം പറഞ്ഞാൽ ഞാനിതൊക്കെ ശരിക്കും ആസ്വദിക്കുകയായിരുന്നു ഷാവേസ്... വർഷങ്ങളായി അടുക്കും ചിട്ടയുമുള്ള സുരക്ഷിതമായ ജീവിതം നയിക്കുന്നതിനിടയിൽ റിസ്ക് എന്നാൽ എന്താണെന്ന് തന്നെ ഞാൻ മറന്നു തുടങ്ങിയിരുന്നു...”

“എന്തായാലും താങ്കൾ ഇന്ന്‌ ആവശ്യത്തിലധികം റിസ്ക് എടുത്തു... എവിടെ വേണമെങ്കിലും ഇറക്കിവിടാം എന്നെ... അണ്ടർഗ്രൌണ്ട് ട്രെയിൻ പിടിച്ച് ഞാൻ ടൌണിലേക്ക് പൊയ്ക്കൊള്ളാം...”  ഷാവേസ് പറഞ്ഞു.

സർ ജോർജ്ജ് തലയാട്ടി. “നത്തിങ് ഡൂയിങ്ങ്, മൈ ബോയ്... നിങ്ങൾ പറയുന്നയിടത്ത് കൊണ്ടു ചെന്ന് വിടും ഞാൻ...”

“അപ്പോൾ താങ്കളുടെ കൂടെ വന്ന സുഹൃത്തുക്കളോ...?  എവിടെപ്പോയി എന്ന് അവർ അന്വേഷിക്കില്ലേ...?”  ഷാവേസ് ഓർമ്മിപ്പിച്ചു.

“ഓ, അത് ശരിയാണല്ലോ...” അദ്ദേഹം സ്വയം ശപിച്ചു. “അപ്പോൾ പിന്നെ എവിടെയാണ് ഞാൻ ഡ്രോപ്പ് ചെയ്യേണ്ടത്...?”

“നാം ഇപ്പോൾ ഹെൽബ്രൂക്കിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്... അണ്ടർഗ്രൌണ്ട് സ്റ്റേഷന് സമീപത്തായി നിർത്തിയാൽ മതി... ബാക്കി കാര്യം ഞാൻ നോക്കിക്കോളാം...” ഷാവേസ് പറഞ്ഞു.

ഏതാനും നിമിഷങ്ങൾക്ക് ശേഷം സർ ജോർജ്ജ് കാർ സൈഡിലേക്കാക്കി നിർത്തി. പുറത്തിറങ്ങിയ ഷാവേസ് വിൻഡോയിലൂടെ ഉള്ളിലേക്ക് തലയിട്ട് പുഞ്ചിരിച്ചു. “താങ്ക്സ് ഫോർ എവ്‌രി തിങ്ങ്... യൂ ഡിസർവ് എ മെഡൽ...”

“മെഡൽ...!” സർ ജോർജ്ജ് ചീറി. “ആർക്ക് വേണം അതൊക്കെ... പിന്നെ... എന്ത് സഹായം വേണ്ടി വന്നാലും മടിക്കണ്ട... എന്നെ വിളിക്കാം... നിങ്ങളൊരു പുതിയ അനുഭവമാണ് എനിക്ക് തന്നത്... എത്ര വർഷങ്ങൾക്ക് ശേഷമാണെന്നറിയുമോ ഇങ്ങനെയൊന്ന്...”

യൂ ടേൺ എടുത്ത് ആ വലിയ കാർ ഫാംസെൻ ലക്ഷ്യമാക്കി കുതിച്ചു. സർ ജോർജ്ജിനെക്കുറിച്ച് ചിന്തിച്ചുകൊണ്ട് അല്പനേരം ഷാവേസ് അവിടെത്തന്നെ നിന്നു. എന്തുകൊണ്ടും എടുത്തു പറയത്തക്ക വ്യക്തിത്വം... സംശയമില്ല... അങ്ങ് ദൂരെ വളവ് തിരിഞ്ഞ് കാർ അപ്രത്യക്ഷമായതും ഷാവേസ് തിരിഞ്ഞ് വാൻഡ്സ്ബെക്ക് സ്റ്റേഷനിലേക്കുള്ള പടവുകൾ ഓടിയിറങ്ങി.

                                   * * * * * * * *
അന്നാ ഹാർട്ട്മാന്റെ അപ്പാർട്ട്മെന്റിലേക്കുള്ള പടവുകൾ കയറുമ്പോൾ സമയം ഏതാണ്ട് നാലരയോട് അടുത്തിരുന്നു.  വാതിലിൽ മുട്ടിയ ഉടൻ തന്നെ കതക് തുറന്ന അന്ന അദ്ദേഹത്തെ ഉള്ളിലേക്ക് വലിച്ച് കയറ്റി. അവളുടെ മുഖം വിളറി വെളുത്തിരുന്നു.

“എവിടെയായിരുന്നു നിങ്ങൾ...? വല്ലാതെ ഭയന്ന് പോയി ഞാൻ...” പരിഭ്രമത്തോടെ അവൾ ചോദിച്ചു.

“അതെന്താ പ്രത്യേകിച്ച്...?” അദ്ദേഹം തന്റെ കോട്ട് ഊരി എടുത്തു.

അവൾ തലയാട്ടി. “ആ ട്രെയിൻ സംഭവത്തെക്കുറിച്ച് റേഡിയോ വാർത്തകളിൽ ഒരു വാക്കും പോലും ഇല്ല... ഒറ്റ ബുള്ളറ്റിൻ പോലും വിടാതെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... അതാണെനിക്ക് മനസ്സിലാവാത്തത്...”

“നീ ആവശ്യമില്ലാതെ വിഷമിക്കുകയാണ്...” ഷാവേസ് പറഞ്ഞു. “ഈ കേസ് താൻ സ്വയം പരിഹരിച്ചോളാമെന്ന് സ്റ്റെയ്നർ മേലധികാരികളോട് പറഞ്ഞിട്ടുണ്ടാകാം... എന്നെ പിടികൂടുന്നതിന്റെ ക്രെഡിറ്റ് മറ്റാരെങ്കിലും കൊണ്ടുപോകുന്നത് അയാൾ സഹിക്കില്ല... മാത്രമല്ല, അയാൾക്കത് സ്വന്തം നിലനില്പിന്റെ കൂടി ആവശ്യമാണ്...”

ഷാവേസ് അവളുടെ കൈയിൽ പിടിച്ച് സോഫയിൽ തനിക്കരികിൽ ഇരുത്തി.  “ആട്ടെ, കാത്തി ഹോൾട്ടിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചുവോ...?”

അവൾ തലയാട്ടി. “ഇല്ല്ല... അവൾ പോകുന്നത് വീട്ടുടമസ്ഥ കണ്ടത് പോലുമില്ലത്രെ... കൊടുക്കുവാനുള്ള വാടക ഒരു കവറിലാക്കി, അത്യാവശ്യമായി പോകേണ്ടി വന്നു എന്നൊരു കുറിപ്പും വച്ചിട്ടാണ് പോയത് പോലും... പുതിയ മേൽ‌വിലാസം കൊടുത്തിട്ടുമില്ലത്രെ...”

“കഷ്ടം...” ഷാവേസ് പറഞ്ഞു. “അവളെക്കൊണ്ട് എന്തെങ്കിലും പ്രയോജനം ലഭിക്കുമെന്ന് കരുതിയതായിരുന്നു... സാരമില്ല... ഇപ്പോൾ മനസ്സിലായല്ലോ, ഷുൾട്സുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി മുള്ളർ ആണെന്ന്...”

ആശ്ചര്യത്തോടെ നോക്കിയ അവളോട് തന്റെ ഫാംസെൻ ട്രിപ്പിൽ ഉണ്ടാ‍യ സംഭവങ്ങളെല്ലാം അദ്ദേഹം വിശദീകരിച്ചു.

“എന്തിനാണ് ഇത്രയും റിസ്കെടുത്ത് നിങ്ങൾ അങ്ങോട്ട് പോയത്...?” എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവൾ ആരാഞ്ഞു. “സർ ജോർജ്ജിന് ഫോൺ വഴി അറിയിക്കാനും മാത്രമുള്ള സന്ദേശമല്ലേ ഉണ്ടായിരുന്നുള്ളൂ...?”

ചാടിയെഴുന്നേറ്റ ഷാവേസ് ജാലകത്തിനരികിലേക്ക് നടന്നു. “അതെ... അത്രയേ ഉണ്ടായിരുന്നുള്ളൂ... പക്ഷേ, ഞാനാണ് അക്ഷമ കാണിച്ചത്... കാര്യങ്ങളുടെ നടുവിൽ ഇറങ്ങിച്ചെന്നാലേ എനിക്ക് സമാധാനമാകൂ...” അദ്ദേഹം തിരിഞ്ഞ് അവളെ നോക്കി പുഞ്ചിരിച്ചു. “എന്റെ കാര്യം വിട്ടു കളയൂ... ഹാഡ്ടിന്റെ എന്തെങ്കിലും വിവരമുണ്ടോ...?”

അവൾ തല കുലുക്കി. “ഇന്ന് രാത്രി ബ്ലാങ്കെനീസിലുള്ള എൽബെ കഫേയിൽ വച്ച് നമുക്ക് അദ്ദേഹത്തെ സന്ധിക്കണം... എനിക്കറിയുന്ന സ്ഥലമാണ്... ക്രൂഗറിനെയും അയാളുടെ ക്ലിനിക്കിനെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും കണ്ടെത്തി എന്നാണ് പറഞ്ഞത്...”

“വളരെ നല്ല കാര്യം... എപ്പോഴാണ് നാം ഹാഡ്ടിനെ കാണുന്നത്...?”

“ഒമ്പത് മണിക്ക്... അപ്പോഴേക്കും ഒരു വിധം ഇരുട്ടായിക്കഴിഞ്ഞിരിക്കും...” അവൾ പറഞ്ഞു.

സോഫയുടെ അരികിൽ ചെന്ന് അദ്ദേഹം അവളെ പിടിച്ചെഴുന്നേൽപ്പിച്ചു. “എന്ന് വച്ചാൽ സമയം കൊല്ലുവാനായി നമുക്ക് ഏതാണ്ട് അഞ്ച് മണിക്കൂറോളം ഉണ്ടെന്നർത്ഥം...”  ഷാവേസ് അവളുടെ കൈകൾ മുറുക്കെ ചേർത്ത് പിടിച്ചു. “വാട്ട് ഓൺ ദി എർത്ത് ക്യാൻ വീ ഫൈൻഡ് റ്റു ഡൂ...?”

ലജ്ജിച്ച് തല താഴ്ത്തിയ അവൾ അദ്ദേഹത്തെ തള്ളി മാറ്റി. “അതാ, അവിടെ ന്യൂസ് പേപ്പർ കിടക്കുന്നുണ്ട്... അത് വായിച്ച് കഴിയുമ്പോഴേക്കും നിങ്ങൾക്കുള്ള ഭക്ഷണം തയ്യാറാക്കാം ഞാൻ...”

കിച്ചണിലേക്ക് നടന്ന അവളെ ഷാവേസ് അനുഗമിച്ചു. “ഭക്ഷണമുണ്ടാക്കുന്ന നിന്നെയും കണ്ടുകൊണ്ട് ഞാനിവിടെ നിന്നോളാം...”  വാതിൽക്കൽ ചാരി നിന്ന് മന്ദഹസിച്ചു.

തല തിരിച്ച് അവൾ ഷാവേസിനെ നോക്കി. പെട്ടെന്നായിരുന്നു അവളുടെ ഭാവമാറ്റം. വിതുമ്പുവാൻ വെമ്പുന്ന മുഖത്തോടെ ഓടി വന്ന് അവൾ ഷാവേസിന്റെ മാറിലേക്കൊട്ടിച്ചേർന്നു. “ഓ, പോൾ... നിങ്ങളെയോർത്ത് ഞാൻ എന്ത് മാത്രം തീ തിന്നുവെന്നറിയുമോ..?”  അവളുടെ സ്വരം ഇടറിയിരുന്നു. “അത്രയ്ക്കും ഭയന്നു പോയിരുന്നു ഞാൻ...”

അവളെ നെഞ്ചോടെ ചേർത്ത് പിടിച്ച് മുടിയിഴകളിൽ തലോടി ആശ്വസിപ്പിക്കവെ അദ്ദേഹത്തിന്റെ ദൃഷ്ടികൾ ജാലകത്തിനപ്പുറം വിദൂരതയിലേക്ക് ലക്ഷ്യമേതുമില്ലാതെ തറഞ്ഞു നിന്നു. മനസ്സ് കലുഷമാകുന്നു... താജ്മഹൽ ക്ലബ്ബിലെ സ്റ്റേജിൽ ആദ്യമായി അവളെ കണ്ടതും തന്റെയുള്ളിൽ അവളോട് തോന്നിയ അദ‌മ്യമായ അഭിനിവേശം... അത് അടക്കാനാവുന്നില്ല എന്ന യാഥാർത്ഥ്യം അംഗീകരിക്കുവാനുള്ള മനസ്സിന്റെ വൈമുഖ്യം...

നീർച്ചാലുകളാൽ ആർദ്രമായ അവളുടെ മുഖം പതിയെ പിടിച്ചുയർത്തവെ തന്റെ ചീഫ് എന്ത് വിചാരിക്കും എന്ന ചിന്ത ഒരു നിമിഷം ഷാവേസിന്റെ മനസ്സിലൂടെ പാഞ്ഞുപോയി. പിന്നെ അവരുടെ അധരങ്ങൾ ഒന്നുചേർന്നു. സകലതും മറന്നു കഴിഞ്ഞിരുന്നു പിന്നെ അദ്ദേഹം... മുള്ളർ, സ്റ്റെയ്നർ, ഷുൾട്സിന്റെ ലിഖിതം... തന്റെ ചുംബനത്തിൽ മയങ്ങി നിൽക്കുന്ന ഈ പെൺകൊടിയെയല്ലാതെ മറ്റൊന്നും തന്നെ ഓർമ്മയുണ്ടായിരുന്നില്ല അദ്ദേഹത്തിന്... അവളുടെ കൈകൾ പതുക്കെ അദ്ദേഹത്തിന്റെ കഴുത്തിനെ വലയം ചെയ്തതും അവളെ പൊക്കിയെടുത്ത് ഷാവേസ് ബെഡ്‌റൂമിലേക്ക് നടന്നു.

(തുടരും)

അടുത്ത ലക്കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക...

29 comments:

 1. കാത്തിരുന്ന് കാത്തിരുന്ന്...

  ReplyDelete
 2. അമ്പട പുൾസൂ.കഷ്ടിച്ച്‌ രക്ഷപെട്ട്‌ വന്നിട്ട്‌ അയാൾ ചെയ്യുന്ന പണി കണ്ടില്ലേ ?ആ നടക്കട്ടെ നടക്കട്ടെ !!!!!.

  ReplyDelete
 3. എത്ര തണുപ്പിലും അത്യാവശ്യം ചൂട് നിലനിർത്താൻ ഷാവേസിനറിയാം എന്നാലും അന്ന എന്തിനായിരിയ്ക്കും തീ തിന്നെ?

  ReplyDelete
  Replies
  1. കത്തിപ്പിടിച്ച പ്രണയം...

   Delete
 4. രക്ഷപ്പെട്ട് വീട്ടിലെത്തിയല്ലോ...

  ReplyDelete
 5. കൊള്ളാം. ഷാവോസും ഒരു മനുഷ്യനല്ലെ. എന്തായാലും ഇവിടെ പേടിക്കാനില്ലല്ലൊ. പക്ഷേ.സ്റ്റെയിനർ പിൻതുടർന്ന് വരില്ലെന്ന് പറയാനാവില്ല.

  ReplyDelete
  Replies
  1. അശോകേട്ടനെങ്കിലും ഷാവേസിനെ മനസ്സിലാക്കിയല്ലോ... :)

   Delete
 6. കൊള്ളാം. ഷാവോസും ഒരു മനുഷ്യനല്ലെ. എന്തായാലും ഇവിടെ പേടിക്കാനില്ലല്ലൊ. പക്ഷേ.സ്റ്റെയിനർ പിൻതുടർന്ന് വരില്ലെന്ന് പറയാനാവില്ല.

  ReplyDelete
 7. കൊള്ളാം. ജീവനും കൊണ്ട് കഷ്ടിച്ച് രക്ഷപ്പെട്ടതേയുള്ളൂ... അപ്പോഴേയ്ക്കും... :)

  നാട്ടിൽ ആയതു കൊണ്ട് ഇങ്ങെത്താതാൻ കുറച്ച് വൈകി

  ReplyDelete
  Replies
  1. മ്മ്ടെ ഷാവേസല്ലേന്ന്... ക്ഷമിച്ച്‌ കള ശ്രീ...

   Delete
 8. മരണം എനിക്ക് പുല്ലാണ് എന്ന മുദ്രാവാക്യം സദാ ചുണ്ടിലുള്ളവന്‍ 

  ReplyDelete
  Replies
  1. കേരളേട്ടൻ ഷാവേസിനെ ശരിക്കും മനസ്സിലാക്കി...

   Delete
 9. എവിടെയൊക്കെയോ മിസ്സായിപ്പോയെങ്കിലും പിറകെ ഓടി എത്തി. ആ പെങ്കൊച്ച്.....? അല്ല..... അപകടം ഒന്നും ഇനി ഉണ്ടാവില്ല എന്ന് കരുതാം ല്ലേ?

  ReplyDelete
  Replies
  1. ആർക്ക്‌ അപകടം? അന്നയ്ക്കോ അതോ ഷാവേസിനോ? :)

   Delete
 10. ഈ ചാരന്മാർക്കെല്ലാം എവിടെ ചെന്നാലും ഒരു കമ്പനി കിട്ടൂല്ലോ. 007 എവിടെ പോയാലും ഇതു തന്നെയാ സ്വഭാവം. ഇപ്പം ദേ ഷാവെസും!!

  (നമ്മടെ ബിലാത്തിക്കാരൻ ചാരനോട് ഇതിന്റെ രഹസ്യം ഒന്നന്വേഷിക്കണം)

  ReplyDelete
  Replies
  1. അതെയതെ... മുരളിഭായ്‌ തീർച്ചയായും ഈ ചോദ്യത്തിനുത്തരം തരണം... അറിയാനുള്ള ആഗ്രഹം കൊണ്ടാ... :)

   Delete
  2. ചാരന്മാർ ഒട്ടുമിക്കവരും സകലകലാ വല്ലഭരാണ് ..
   വീണിടം വിഷ്ണു ലോകം എന്ന് തന്നെ കരുതുന്നവർ ...
   അപ്പോൾ പിന്നെ അല്ലറ ചില്ലറ ആരാധന ഓട്ടോമാറ്റിക്കായി കിട്ടും ,,,!

   പിന്നെ

   ഇവിടങ്ങളിലൊക്കെ ചാരന്മാരെയൊക്കെ ജാരൻ എന്ന് കരുതി
   പൂവിട്ട് പൂജിക്കുന്ന പെൺ വർഗ്ഗം തന്നെയാണ് ഞങ്ങൾ ചാരന്മാർക്ക്
   പണി തരുന്നവരും പണിയാൻ തരുന്നവരും ...!

   Delete
  3. നോട്ട്‌ ദി പോയിന്റ്‌, അജിത്‌ഭായ്‌... :)

   Delete
  4. 007 നായികേം വില്ലത്തിയേം വിടൂല്ല.

   Delete

 11. ഭാഗ്യം കൊണ്ട് മാത്രമുള്ള രക്ഷപെടൽ..

  ReplyDelete
 12. Replies
  1. എന്താവാൻ... അവരൊന്നായില്ലേ വിൻസന്റ്‌ മാഷേ...

   Delete
 13. അവളെ പൊക്കിയെടുത്ത് ഷാവേസ് ബെഡ്‌റൂമിലേക്ക് നടന്നു.
  അടുത്ത ലക്കം ഇവിടുന്നു തന്നെ തുടങ്ങണം.. ഇല്ലെങ്കില്‍ ഫൌള്‍ ആണേ..

  ReplyDelete
  Replies
  1. എന്തായാലും അടുത്ത ലക്കം ഇന്നുണ്ടാവും കേട്ടോ... :)

   Delete
 14. സ്റ്റൌ കത്തിച്ചില്ലെങ്കിലെന്താ, തീ ആളിപ്പടർന്നില്ലേ..!!

  ReplyDelete

ഈ ലക്കത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ കുറിക്കുമല്ലോ...