Friday, 23 September 2016

കാസ്പർ ഷുൾട്സ് – 18



ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...



ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകനായ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.



റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.



ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അൽപ്പനേരം കഴിഞ്ഞ് മാർക്ക് ഹാഡ്ട് അവിടെയെത്തുന്നു. ട്രെയിനിൽ വച്ച് കൊല്ലപ്പെട്ടത് ഹാൻസ് മുള്ളർ അല്ല എന്ന വസ്തുത വെളിപ്പെടുന്നതോടെ കൂടുതൽ വിവരങ്ങൾക്കായി ട്രെയിനിലെ പരിചാരകൻ ഓട്ടോ ഷ്മിഡ്ടിന്റെ ഫ്ലാറ്റിൽ ഷാവേസും ഹാഡ്ടും എത്തുന്നു. ഏതാനും നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ വാതിലിൽ തട്ടുന്നു. കെട്ടിടത്തിന്റെ പിൻ‌ഭാഗത്തെ ഫയർ എസ്കേപ്പ് വഴി ഷാവേസും ഹാഡ്ടും രക്ഷപെടുന്നു. അവർക്ക് പിന്നാലെ രക്ഷപെടാനുള്ള ശ്രമത്തിൽ ഷ്മിഡ്ട് താഴെ വീണ് മരിക്കുന്നു.



പരസ്പരം സന്ധിച്ച് മടങ്ങുവാനൊരുങ്ങവെ ഇൻസ്പെക്ടർ സ്റ്റെയ്നറെ കണ്ട് ഷാവേസും സർ ജോർജ്ജും പരിഭ്രാന്തരാകുന്നു. സർ ജോർജ്ജിന്റെ കാറിന്റെ പിൻസീറ്റിനടിയിൽ ഒളിച്ചുകിടന്ന് രക്ഷപെട്ട ഷാവേസ് അന്നയുടെ ഫ്ലാറ്റിൽ എത്തുന്നു. ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്ക് കണ്ടുപിടിച്ച  മാർക്ക് ഹാഡ്ടിനെ കാണുവാനായി ബ്ലാങ്കെനീസിലേക്ക് പോകുവാൻ ഇരുവരും തീരുമാനിക്കുന്നു.



തുടർന്ന് വായിക്കുക...


വൈകിട്ട് എട്ടരയോടെ ബ്ലാങ്കെനീസിൽ എത്തിച്ചേർന്ന അവർ മെയിൻ റോഡിൽ കാർ പാർക്ക് ചെയ്തു. അവളുടെ പിന്നാലെ ആ ഇടുങ്ങിയ തെരുവിലൂടെ ഷാവേസ് നടന്നെത്തിയത് എൽബ നദിയുടെ തീരത്തേക്കായിരുന്നു.

ചായം പൂശി മോടിയാക്കിയ ധാരാളം കഫേകൾ കണ്ണഞ്ചിപ്പിക്കുന്ന വൈദ്യുത വിളക്കുകളുടെ അകമ്പടിയോടെ ബീച്ചിൽ പ്രവർത്തിക്കുന്നുണ്ട്. അവയെല്ലാം തന്നെ നല്ല നിലയിൽ പ്രവർത്തിച്ചു പോരുന്നു എന്ന് അവിടുത്തെ തിരക്കിൽ നിന്നും മനസ്സിലാക്കാം. അവയിലൊന്നിലേക്ക് കയറിയ അന്നയെ ഷാവേസ് അനുഗമിച്ചു. നദിയിലേക്ക് ഇറക്കി വാർത്തിരിക്കുന്ന അതിന്റെ ടെറസിന് മുകളിൽ കോർണറിൽ ഇട്ടിരിക്കുന്ന മേശയ്ക്കിരുവശത്തുമായി അവർ ഇരിപ്പുറപ്പിച്ചു. രണ്ട് ബിയറിന് ഓർഡർ ചെയ്തിട്ട് ഷാവേസ് സിഗരറ്റ് പാക്കറ്റ് അവൾക്ക് നേരെ നീട്ടി.

ഓരോ മേശയും വിവിധ വർണ്ണങ്ങളിലുള്ള ചൈനീസ് ലാമ്പുകളാൽ അലംകൃതമായിരുന്നു. ഇടപാടുകാരുടെ സ്വകാര്യതയ്ക്ക് കോട്ടം തട്ടാത്ത വിധം മങ്ങിയ വെട്ടം മാത്രം. നദിയിലെ വെള്ളത്തെ തഴുകിയെത്തുന്ന കുളിർകാറ്റ് ശരത്കാലത്തിന്റെ സുഗന്ധം മുഴുവനും ആ‍വാഹിച്ച് വരുന്നത് പോലെ അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഈർപ്പം നിറഞ്ഞ ആ അന്തരീക്ഷവായു ആവോളം ഉള്ളിലേക്കെടുത്ത് അദ്ദേഹം അവിടുത്തെ നിശ്ശബ്ദതയിൽ ഒരു നിമിഷം തന്നിലേക്കൊതുങ്ങിക്കൂടി.

“എനിക്കിഷ്ടപ്പെട്ടു, ഈ സ്ഥലം...  നീയിവിടെ വരാറുണ്ടോ...?”  ഷാവേസ് ചോദിച്ചു.

അവൾ തല കുലുക്കി. “എനിക്കേറ്റവും ഇഷ്ടപ്പെട്ട ഇടങ്ങളിലൊന്നാണ് ബ്ലാങ്കെനീസ്... യുവമിഥുനങ്ങൾക്കിടയിൽ ഏറ്റവും പ്രശസ്തിയാർജ്ജിച്ച സ്ഥലം എന്നൊരു ഖ്യാതി കൂടിയുണ്ട്...”

അല്പം മുന്നോട്ടാഞ്ഞ് അദ്ദേഹം കൈപ്പടം അവളുടെ ഇടതു കൈയുടെ മുകളിൽ വച്ചു.  “ഈ യുവമിഥുനങ്ങൾ എന്ന വിഭാഗത്തിലേക്ക് നമുക്കും പ്രവേശനമുണ്ടോ പോലും...?”

പെട്ടെന്നായിരുന്നു അവളുടെ മുഖം തിളങ്ങിയതും മനോഹരമായ പുഞ്ചിരി വിടർന്നതും. തന്റെ ഇടതുകൈപ്പടത്തിന് മേൽ വിശ്രമിക്കുന്ന അദ്ദേഹത്തിന്റെ കരം മറുകൈയാൽ കവർന്ന് അവൾ മുറുകെ പിടിച്ചു.  

“എത്ര മനോഹരമായിരിക്കും അത്... അല്ലേ പോൾ...? ഒന്നോർത്തു നോക്കൂ... മറ്റെല്ലാ കമിതാക്കളെയും പോലെ പരസ്പരം സ്നേഹിച്ച് മറ്റൊന്നിനെക്കുറിച്ചും വേവലാതിപ്പെടാതെ ഈ തീരത്ത് കൂടി എല്ലാം മറന്ന് അങ്ങനെ ചുറ്റിനടക്കുക...”

ഒരു നിമിഷം അദ്ദേഹത്തിന് പറയണമെന്നുണ്ടായിരുന്നു... വേവലാതിപ്പെടുവാൻ ധാരാളമുണ്ടെന്ന്... പണം, അസുഖങ്ങൾ, ദാരിദ്ര്യം, വാർദ്ധക്യം... പക്ഷേ, മനസ്സനുവദിച്ചില്ല. മന്ദഹാസത്തോടെ അദ്ദേഹം മന്ത്രിച്ചു. “മാർക്ക് വരുവാൻ ഒമ്പത് മണിയാകും... അതായത് നമുക്ക് അഭിനയിക്കുവാൻ ഏതാണ്ട് അര മണിക്കൂറോളം ഉണ്ടെന്നർത്ഥം...”

“എന്നാൽ പിന്നെ നമുക്ക് അഭിനയിക്കാം...” അവൾ പുഞ്ചിരിച്ചു.

വെയ്റ്റർ കൊണ്ടുവന്ന് വച്ച ബിയർ എടുത്ത് ഷാവേസ് പതുക്കെ നുണഞ്ഞു. കടൽ ലക്ഷ്യമാക്കി നദിയിലൂടെ കടന്നു പോകുന്ന ഒരു യാത്രാക്കപ്പൽ... മുന്നറ്റം മുതൽ പിന്നറ്റം വരെയുള്ള ജാലകങ്ങളിലൂടെ മങ്ങിയെത്തുന്ന പ്രകാശം... ഡെക്കിൽ നിൽക്കുന്ന യാത്രക്കാരുടെ ചിരിയും ഉല്ലാസവും എൻ‌ജിന്റെ ശബ്ദത്തിന് മുകളിലും അദ്ദേഹത്തിന് കേൾക്കാമായിരുന്നു.

“അതെങ്ങോട്ടാണാവോ പോകുന്നത്...!”  ഷാവേസ് സംശയം കൊണ്ടു.

“അതെവിടെ പോയാൽ എന്താ...?”  അവൾ വിഷാദഭാവത്തോടെ പുഞ്ചിരിച്ചു.

ഷാവേസ് അവളുടെ കരങ്ങൾ കവർന്നു. “അഭിനയമാണെന്ന കാര്യം നീ മറന്നു എന്ന് തോന്നുന്നു...?”

ബിയർ നുരയുന്ന ഗ്ലാസിലേക്ക് ഒരു നിമിഷം അവൾ നോക്കി. തെല്ലൊരു അമ്പരപ്പോടെ അദ്ദേഹത്തിന്റെ കൈകളിൽ നിന്നും തന്റെ കരങ്ങൾ വേർപെടുത്തിയിട്ട് ഒരു സിഗരറ്റിന് തീ കൊളുത്തി.

“ഒന്നോർത്താൽ വിരോധാഭാസം തന്നെ...” അവളുടെ പുഞ്ചിരിയിൽ വേദനയുടെ ലാഞ്ഛനയുണ്ടായിരുന്നു. “ഇന്നലെ വരെ എനിക്ക് എന്നെക്കുറിച്ച് നല്ല ബോദ്ധ്യമുണ്ടായിരുന്നു... ഞാൻ ചെയ്യുന്നതൊക്കെ ശരിയാണെന്നും പരോപകാരപ്രദം ആണെന്നുമോർത്ത് ആഹ്ലാദം കൊണ്ടിരുന്നു... മറ്റൊന്നും തന്നെ ഞാൻ കാര്യമാക്കിയിരുന്നില്ല...”

“എന്നിട്ട് ഇപ്പോൾ അങ്ങനെയല്ലേ...?”

അവൾ നെടുവീർപ്പിട്ടു. “നൌ ഐ ആം ഇൻ ലവ്... ഇറ്റ്സ് ആസ് സിംപ്‌ൾ ആസ് ദാറ്റ്...” അവൾ പൊട്ടിച്ചിരിച്ചു. “എനിക്കിത് ആദ്യത്തെ അനുഭവമാണ്... സമയമുണ്ടായിരുന്നില്ല എനിക്കതിന്... പക്ഷേ, ഇപ്പോൾ നിങ്ങൾ എന്റെ ജീ‍വിതത്തിലേക്ക് ഒറ്റക്കുതിപ്പിന് പ്രവേശിച്ചിരിക്കുന്നു... എന്റെ ചിന്തകളുമായി കൂടിച്ചേർന്ന് പോകുന്ന കാഴ്ച്ചപ്പാടുകളുമായി... നിങ്ങളെ അവഗണിക്കാൻ എനിക്കാവുമായിരുന്നില്ല...”

“എന്നെ കണ്ടുമുട്ടിയതിൽ ഖേദം തോന്നുന്നുണ്ടോ ഇപ്പോൾ...?”

ഒരു മാത്ര സംശയിച്ചിട്ട് അവൾ സിഗരറ്റ് കുറ്റി വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു. പിന്നെ തലയാട്ടി.

“ഒരിക്കലുമില്ല... നിങ്ങളെ കണ്ടുമുട്ടിയതിൽ ഞാൻ ഖേദിക്കുന്നുവെങ്കിൽ ജീവിതത്തെത്തന്നെ ഓർത്തായിരിക്കും ഞാൻ ഖേദിക്കേണ്ടത്...”  

ഒരു നീണ്ട മാത്ര അവൾ അങ്ങകലെ ഇരുട്ടിൽ അപ്രത്യക്ഷമാകുന്ന കപ്പലിനെ ഉറ്റു നോക്കി. പിന്നെ തിരിഞ്ഞ് പതിഞ്ഞ സ്വരത്തിൽ അദ്ദേഹത്തോട് ചോദിച്ചു.  “നമുക്കായി എന്തെങ്കിലും ഉണ്ടോ പോൾ ഈ ലോകത്ത്...? ഇതിൽ നിന്നെല്ലാം മോചനം നേടുവാൻ എന്നെങ്കിലും നമുക്കാവുമോ...?”

ഇരുളിന്റെ അനന്തതയിലേക്ക് നോട്ടമെയ്ത് ഷാവേസ് അതെക്കുറിച്ച് ചിന്തിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ എത്ര വട്ടം താൻ ഈ അവസ്ഥയിലൂടെ കടന്ന് പോയിരിക്കുന്നു... വരാനിരിക്കുന്ന സൌഭാഗ്യങ്ങളെക്കുറിച്ചോർത്ത് വീണ്ടും വീണ്ടും വാൾമുനയ്ക്ക് മുകളിലെ ഈ ഞാണിന്മേൽ കളിയിലേക്ക് തന്നെ തിരിച്ച് പോകുന്നു...  പിന്നിട്ട ജീവിതത്തിലേറെയും ഇരുട്ടിൽ തന്നെ കഴിച്ചുകൂട്ടാനായിരുന്നു വിധി... അപരിചിതമായ ഇടങ്ങളിൽ അപരിചിതരുമായുള്ള അപകടകരമായ കൂടിക്കാഴ്ച്ചകളും ഏറ്റുമുട്ടലുകളും... എല്ലാം തീർത്ത് തിരികെയെത്തുമ്പോൾ എന്താണ് താൻ നേടുന്നത്...? എന്തിന് വേണ്ടിയായിരുന്നു എല്ലാം...? ഇത്രയും കാലം നേടിയതെന്തെങ്കിലും തന്റെ കൈവശമുണ്ടോ ഇപ്പോൾ...? പ്രത്യാശയോടെ തന്നെയും ഉറ്റുനോക്കി അല്പം മുന്നോട്ടാഞ്ഞിരിക്കുന്ന അവളെ നിസ്സംഗതയോടെ അദ്ദേഹം വീക്ഷിച്ചു. ഒരു ദീർഘശ്വാസമെടുത്ത് അവൾ നിവർന്നിരുന്നു.

“മാർക്ക് സമയത്തിനെത്തുമോ ആവോ...?”  അവൾ പുഞ്ചിരിച്ചു.

ശപിച്ചുകൊണ്ട് അദ്ദേഹം അവളുടെ കൈകളിൽ മുറുക്കെ പിടിച്ചു. വേദന കൊണ്ട് അവൾ തെല്ലുറക്കെ കരഞ്ഞു. “മാർക്ക്... പോയിത്തുലയട്ടെ...  മുള്ളർ, ഷുൾട്സ്... പോയി തുലയട്ടെ എല്ലാവരും... നമുക്ക് നിന്റെ ഫോക്സ്‌വാഗണിൽ ഹോളണ്ട് അതിർത്തിയിലേക്ക് ഡ്രൈവ് ചെയ്യാം... പ്രഭാതമാകുന്നതിന് മുമ്പ് കാൽ‌നടയായി അതിർത്തി കടക്കാം... റോട്ടർഡാമിൽ എനിക്ക് സുഹൃത്തുക്കളുണ്ട്... നല്ല സുഹൃത്തുക്കൾ...” ഷാവേസ് പറഞ്ഞു.

അവൾ സാവധാനം തലയാട്ടി. “പക്ഷേ, നിങ്ങളത് ചെയ്യില്ല... അതല്ലേ വാസ്തവം, പോൾ...? പ്രൊഫഷനാണ് എല്ലാറ്റിനും മേലെ... മുമ്പ് എന്നോട് പറഞ്ഞതോർമ്മയുണ്ടോ...? അതാണ് നിങ്ങളുടെ ആദർശം... അതിനോടാണ് മറ്റെന്തിനെക്കാളും നിങ്ങൾക്ക് ആത്മാർത്ഥതയും...”

ഷാവേസ് ഒന്നുകൂടി മുന്നോട്ടാഞ്ഞ് ഇരുന്നു. ഇരുവരുടെയും മുഖങ്ങൾ ഏതാണ്ട് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ... “പക്ഷേ, അന്നാ... ഏറിയാൽ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ ഈ ദൌത്യം പൂർണ്ണമാകും... അതോടെ ഞാൻ ഫ്രീയാകും...”

അദ്ദേഹത്തിന്റെ ആവേശം കണ്ട് അവളും ഉത്സാഹഭരിതയായി. ആ മുഖം ചുവന്ന് തുടുത്തു. “സത്യമായിട്ടും, പോൾ...? പക്ഷേ, നമ്മൾ എങ്ങോട്ട് പോകും...?”

ഒരു കൌമാരക്കാരനെപ്പോലെ ഷാവേസ് മന്ദഹസിച്ചു. “അതിനാണോ ബുദ്ധിമുട്ട്...? നിനക്ക് ഇഷ്ടമാണെങ്കിൽ ഇസ്രയേലിലേക്ക്... ഒരു പക്ഷേ, നിന്റെ ഹീബ്രു യൂണിവേഴ്സിറ്റിയിൽ എനിക്കൊരു ലെക്ച്ചറർ ഉദ്യോഗം നേടിയെടുക്കുവാനായേക്കും...”

നിഷേധരൂപേണ അവൾ തലയാട്ടി. “ബുദ്ധിമുട്ടാണ്... ബുദ്ധിജീവികളുടെ ആധിക്യമാണ് ഞങ്ങളെ അലട്ടുന്ന പ്രശ്നം...”

അദ്ദേഹം ചുമൽ വെട്ടിച്ചു. “ഓൾ റൈറ്റ് ദെൻ... നാം കൃഷിയിലേക്കിറങ്ങുന്നു... എന്റെ മുത്തച്ഛൻ ഒരു കർഷകനായിരുന്നു... നീ പറഞ്ഞ ആ കർഷകഗ്രാമത്തിൽ എനിക്കും ഒരു കൃഷിയിടം നോക്കി നടത്തുവാൻ സാധിക്കും...”

“എവിടെ...? ഞാൻ വളർന്ന മിഗ്‌ദൽ ഗ്രാമത്തിലോ...? ദാറ്റ് വുഡ് ബീ വണ്ടർഫുൾ, പോൾ... ജീവിതത്തിലെ ഏറ്റവും സുരഭിലമായ കാലമായിരിക്കും അത്...”

“നിന്റെ വീടിനടുത്തുള്ള ആ കുന്നിൻ‌മുകളിലേക്ക് പതിവായി പോകാം നമുക്ക്... എല്ലാം കൺ‌മുന്നിലെന്ന പോലെ കാണാൻ കഴിയുന്നു എനിക്ക്... നാഴികകളോളം പരന്ന് കിടക്കുന്ന വിജനമായ കൃഷിയിടത്തിൽ നാം ഇരുവരും മാത്രം... ഹൃദയഹാരിയായ സായാഹ്നങ്ങളായിരിക്കും അത്...”

“കുന്നിൻ‌മുകളിൽ എത്തിയാൽ എന്ത് ചെയ്യും നിങ്ങൾ...?” അവൾ കുസൃതിയോടെ ചോദിച്ചു.

ഷാവേസ് പുഞ്ചിരിച്ചു. “ഓ, എനിക്കറിയില്ല... എന്തെങ്കിലുമൊക്കെ ചെയ്യാം നമുക്ക് അപ്പോൾ...”

അദ്ദേഹത്തിന്റെ കവിളിൽ തലോടിയിട്ട് അവൾ തലയാട്ടി. “തീർത്തും വഷളൻ തന്നെ നിങ്ങൾ...”

തൊട്ടടുത്ത കഫേയിൽ ആരോ വായിക്കുന്ന അക്കോഡിയനിൽ നിന്നും പുറപ്പെടുന്ന ഇമ്പമുള്ള ഈണം അവിടെങ്ങും പരന്നു. ശരത്കാല മാരുതൻ കൊഴിയിച്ച  ഇലകൾ ജലപ്പരപ്പിൽ ചിതറിവീണ് താളം തുള്ളുന്നത് പോലെ മനോജ്ഞമായിരുന്നു അത്. ഷാവേസ് അവളെ പിടിച്ചെഴുന്നേൽപ്പിച്ച്  നെഞ്ചോട് ചേർത്ത് ചുവട് വയ്ക്കുവാനാരംഭിച്ചു. അദ്ദേഹത്തിന്റെ ചുമലിൽ തല ചായ്ച്ച് അവളും താളം ചവിട്ടി.

പിന്നെ കുറേ നേരത്തേക്ക് അവൾ ആഗ്രഹിച്ചത് പോലെയായിരുന്നു എല്ലാം. മറ്റൊന്നും തന്നെ അവർക്ക് മുന്നിൽ ഉണ്ടായിരുന്നില്ല. പ്രണയാർദ്രരായ യുവമിഥുനങ്ങൾ മാത്രമേ ആ ടെറസിൽ അപ്പോൾ ഉണ്ടായിരുന്നുള്ളൂ. എല്ലാം മറന്ന് ചുവട് വച്ചു കൊണ്ടിരിക്കവെയാണ് ഉപചാരപൂർവ്വം ആരോ ചെറുതായി ഒന്ന് ചുമയ്ക്കുന്ന ശബ്ദം കേട്ടത്. ഞെട്ടി അടർന്ന് മാറിയ അവർ കണ്ടത് ആശ്ചര്യത്തോടെ അവരെത്തന്നെ നോക്കിക്കൊണ്ട് നിൽക്കുന്ന മാർക്ക് ഹാഡ്ടിനെയാണ്.

  
(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

31 comments:

  1. അനുരാഗത്തിൻ വേളയിൽ..
    വരമായ് വന്നൊരു സന്ധ്യയിൽ...
    മനമേ നീ പാടൂ... പ്രേമാർദ്രം...

    ReplyDelete
  2. അവരുടെ ഇടയിലേക്ക് തീർത്തും അപ്രതീക്ഷിതമായി ?

    ReplyDelete
    Replies
    1. ഗീതച്ചേച്ചീ.ഇതെപ്പോ ?????

      Delete
    2. @ ഗീതാജി - അപ്രതീക്ഷിതമായിട്ടല്ലല്ലോ... 9 മണിക്ക് കണ്ടുമുട്ടാമെന്ന് നേരത്തെ പറഞ്ഞിരുന്നതല്ലേ... പ്രണയജ്വരത്തിനിടയിൽ അവരത് ഓർത്തില്ലെന്ന് മാത്രം...

      @ സുധി - വെങ്കല മെഡൽ കൊണ്ട് തൃപ്തിപ്പെടൂ തൽക്കാലം... ഇനിയും വരുമല്ലോ കാവിലെ മത്സരം... :)

      Delete
  3. ……………ഉലയുന്നുണ്ടെൻ നെഞ്ചകം അവളീ മണ്ണിന്‍ വിസ്മയം
    ഇനി എന്റെ മാത്രം എന്റെ മാത്രം
    അനുരാഗത്തിന്‍ വേളയില്‍ വരമായ്‌ വന്നൊരു സന്ധ്യയില്‍
    മനമേ നീ പാടൂ പ്രേമാര്‍ദ്രം..

    നല്ലൊരു
    പ്രേമത്തിനിടയ്ക്കോട്ട്‌
    കല്ലുകടിയായി ആ ദുഷ്ടൻ വന്നല്ലോ!!!!

    ReplyDelete
    Replies
    1. ങ്‌ഹും... ട്രെയിനിൽ വച്ച് ഷാവേസിന്റെ ജീവൻ രക്ഷിച്ചപ്പോൾ നല്ലവൻ... ഇപ്പോൾ ദുഃഷ്ടൻ, അല്ലേ...

      Delete
  4. പിന്നേം ഒരു വിധം അവര്‍ ഫോമിലായപ്പോഴേയ്ക്കും മാര്‍ക്ക് വന്നല്ലോ...

    എന്തായാലും വ്യത്യസ്തമായ ഒരദ്ധ്യായം :)

    ReplyDelete
    Replies
    1. മാർക്കിനെ കാണാനാണല്ലോ ശ്രീ, അവർ വന്നത് തന്നെ... :)

      Delete
    2. ശ്ശെടാ, അതും നേരാണല്ലേ ;)

      Delete
  5. ഈ ബ്ലോഗിനോടും കൂട്ടുകാരോടും സ്നേഹാര്‍ദ്രമായ് വീണ്ടുമെത്തിയതിന്
    നന്ദിയോടെ.

    ReplyDelete
    Replies
    1. സ്നേഹസ്വാഗതം സുകന്യാജീ... സുഖം പ്രാപിച്ചു എന്ന് കരുതട്ടെ...?

      Delete
    2. Welcome Back, ചേച്ചീ

      Delete
    3. വന്നല്ലോ വനമാല!!

      Delete
  6. തൊണ്ടയില്‍ കിച്ച് കിച്ചുമായി അപ്പോഴേക്കും മാര്‍ക്കെത്തി... ശോ!

    ReplyDelete
  7. ശ്ശെ .... കുറച്ചു കഴിഞ്ഞിട്ട് വന്നാപ്പോരായിരുന്നോ ആപഹയന്.

    ബുദ്ധിജീവികളെ തട്ടിയിട്ട് വഴി നടക്കാൻ വയ്യത്രെ ഇസ്രായേലിന് ....!!

    ReplyDelete
    Replies
    1. സമയനിഷ്ഠ ഹാഡ്ടിന്റെ ഒരു ദൗർബല്യമായിപ്പോയി അശോകേട്ടാ... :)

      Delete
  8. അനുരാഗത്തിൻ വേളയിൽ..വരമായ് വന്നൊരു സന്ധ്യയിൽ...മനമേ നീ പാടൂ... പ്രേമാർദ്രം

    athaanu..ee katturbukal illenkil...:)

    ReplyDelete
    Replies
    1. ഈ ഗാനം സന്ദർഭത്തിന്‌ നന്നായി ചേരുന്നുണ്ടല്ലേ വിൻസന്റ്‌ മാഷേ...?

      Delete
  9. “നിന്റെ വീടിനടുത്തുള്ള ആ കുന്നിൻ‌മുകളിലേക്ക് പതിവായി പോകാം നമുക്ക്... എല്ലാം കൺ‌മുന്നിലെന്ന പോലെ കാണാൻ കഴിയുന്നു എനിക്ക്... നാഴികകളോളം പരന്ന് കിടക്കുന്ന വിജനമായ കൃഷിയിടത്തിൽ നാം ഇരുവരും മാത്രം... ഹൃദയഹാരിയായ സായാഹ്നങ്ങളായിരിക്കും അത്...”

    ജാക്കേട്ടാ... നമിച്ചു!! ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിച്ചാൽ ഏത് വിനുവേട്ടവും പ്രേമാർദ്രനായിപ്പോവും... :)

    ReplyDelete
  10. കഥ രസകരമായി തുടരുന്നു, ആകാംക്ഷാഭരിതമായ അധ്യായങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  11. പെട്ടെന്നായിരുന്നു അവളുടെ മുഖം തിളങ്ങിയതും മനോഹരമായ പുഞ്ചിരി വിടർന്നതും. തന്റെ ഇടതുകൈപ്പടത്തിന് മേൽ വിശ്രമിക്കുന്ന അദ്ദേഹത്തിന്റെ കരം മറുകൈയാൽ കവർന്ന് അവൾ മുറുകെ പിടിച്ചു. “എത്ര മനോഹരമായിരിക്കും അത്... അല്ലേ പോൾ...? ഒന്നോർത്തു നോക്കൂ... മറ്റെല്ലാ കമിതാക്കളെയും പോലെ പരസ്പരം സ്നേഹിച്ച് മറ്റൊന്നിനെക്കുറിച്ചും വേവലാതിപ്പെടാതെ ഈ തീരത്ത് കൂടി എല്ലാം മറന്ന് അങ്ങനെ ചുറ്റിനടക്കുക...” ഒരു നിമിഷം അദ്ദേഹത്തിന് പറയണമെന്നുണ്ടായിരുന്നു... വേവലാതിപ്പെടുവാൻ ധാരാളമുണ്ടെന്ന്... പണം, അസുഖങ്ങൾ, ദാരിദ്ര്യം, വാർദ്ധക്യം... പക്ഷേ, മനസ്സനുവദിച്ചില്ല. മന്ദഹാസത്തോടെ അദ്ദേഹം മന്ത്രിച്ചു. “മാർക്ക് വരുവാൻ ഒമ്പത് മണിയാകും... അതായത് നമുക്ക് അഭിനയിക്കുവാൻ ഏതാണ്ട് അര മണിക്കൂറോളം ഉണ്ടെന്നർത്ഥം...” “എന്നാൽ പിന്നെ നമുക്ക് അഭിനയിക്കാം...” അവൾ പുഞ്ചിരിച്ചു.
    ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
    .........................................,,,
    /////////////////////////////////////////////
    പിന്നെ കുറേ നേരത്തേക്ക് അവൾ ആഗ്രഹിച്ചത് പോലെയായിരുന്നു എല്ലാം. മറ്റൊന്നും തന്നെ അവർക്ക് മുന്നിൽ ഉണ്ടായിരുന്നില്ല. പ്രണയാർദ്രരായ യുവമിഥുനങ്ങൾ മാത്രമേ ആ ടെറസിൽ അപ്പോൾ ഉണ്ടായിരുന്നുള്ളൂ....!


    ReplyDelete
    Replies
    1. വരികൾക്കിടയിൽ വായിക്കാനാണോ മുരളിഭായ്...?

      Delete
  12. പ്രണയ സാഗരത്തില്‍ ഒരു മാര്‍ക്ക് !!!

    ReplyDelete
    Replies
    1. മാർക്ക് ഒരു ശാപമാകുന്നത് ഇത്തരം അവസരത്തിലാണല്ലേ മാഷേ...? :)

      Delete
  13. ആവശ്യമുള്ളപ്പം മാർക്ക്‌ വരൂല്ല
    ആവശ്യം ഇല്ലാത്തപ്പം ഇഷ്‌ടം പോലെ മാർക്ക്‌ വരും
    അതാ ഈ മാർക്കിന്റെ കുഴപ്പം

    ReplyDelete
    Replies
    1. മാർക്ക് എന്നും പ്രശ്നക്കാരൻ... അല്ലേ... :)

      Delete
  14. സോളമന്റെ ഉത്തമ ഗീതം ഓര്‍മ്മവന്നു. മുന്തിരിവള്ളികള്‍ തളിര്‍ക്കും...

    ReplyDelete

ഈ ലക്കത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ കുറിക്കുമല്ലോ...