Saturday 10 December 2016

കാസ്പർ ഷുൾട്സ് – 27



ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...



ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകൻ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.



റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.



ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അൽപ്പനേരം കഴിഞ്ഞ് മാർക്ക് ഹാഡ്ട് അവിടെയെത്തുന്നു. ട്രെയിനിൽ വച്ച് കൊല്ലപ്പെട്ടത് ഹാൻസ് മുള്ളർ അല്ല എന്ന വസ്തുത വെളിപ്പെടുന്നതോടെ കൂടുതൽ വിവരങ്ങൾക്കായി ട്രെയിനിലെ പരിചാരകൻ ഓട്ടോ ഷ്മിഡ്ടിന്റെ ഫ്ലാറ്റിൽ ഷാവേസും ഹാഡ്ടും എത്തുന്നു. ഏതാനും നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ വാതിലിൽ തട്ടുന്നു. കെട്ടിടത്തിന്റെ പിൻ‌ഭാഗത്തെ ഫയർ എസ്കേപ്പ് വഴി ഷാവേസും ഹാഡ്ടും രക്ഷപെടുന്നു. അവർക്ക് പിന്നാലെ രക്ഷപെടാനുള്ള ശ്രമത്തിൽ ഷ്മിഡ്ട് താഴെ വീണ് മരിക്കുന്നു.



പരസ്പരം സന്ധിച്ച് മടങ്ങുവാനൊരുങ്ങവെ ഇൻസ്പെക്ടർ സ്റ്റെയ്നറെ കണ്ട് ഷാവേസും സർ ജോർജ്ജും പരിഭ്രാന്തരാകുന്നു. സർ ജോർജ്ജിന്റെ കാറിന്റെ പിൻസീറ്റിനടിയിൽ ഒളിച്ചുകിടന്ന് രക്ഷപെട്ട ഷാവേസ് അന്നയുടെ ഫ്ലാറ്റിൽ എത്തുന്നു. ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്ക് കണ്ടുപിടിച്ച  മാർക്ക് ഹാഡ്ടിനെ കാണുവാനായി ബ്ലാങ്കെനീസിലേക്ക് പോകുവാൻ ഇരുവരും തീരുമാനിക്കുന്നു. അന്നയെ കാറിൽ ഇരുത്തിയ ശേഷം ഷാവേസും ഹാഡ്ടും കൂടി മതിൽ ചാടിക്കടന്ന് ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്കിനുള്ളിൽ പ്രവേശിക്കുന്നു. അപ്രതീക്ഷിതമായി എത്തിയ പരിചാരികയുടെ കണ്ണിൽപ്പെടാതിരിക്കാൻ ഷാവേസ് ഒരു അലമാരയുടെയുള്ളിൽ കയറി ഒളിക്കുന്നു. അലമാരയുടെ വാതിൽ തുറന്ന പരിചാരിക ജിസേലയിൽ നിന്നും മുള്ളറിന്റെ റൂം നമ്പർ മനസ്സിലാക്കി അവിടെയെത്തിയ ഷാവേസ് കണ്ടത് ഇൻസ്പെക്ടർ സ്റ്റെയ്നറുടെ പിടിയിലായ ഹാഡ്ടിനെയാണ്. മൽപ്പിടുത്തത്തിലൂടെ അയാളിൽ നിന്നും രക്ഷപെട്ട് ഇരുവരും മതിൽ ചാടുന്നതിനിടയിൽ ചുമലിൽ വെടിയേറ്റ ഹാഡ്ട് വീണ്ടും സ്റ്റെയ്നറുടെ പിടിയിലാകുന്നു. റോഡിലെത്തിയ ഷാവേസ് അന്നയെ വീട്ടിൽ കൊണ്ടുചെന്നാക്കിയിട്ട് കാറുമായി തിരികെയെത്തി ക്ലിനിക്കിന് എതിർവശത്തുള്ള ബാറിൽ കയറുന്നു. ക്ലിനിക്കിൽ നിന്നും പുറത്തേക്ക് വന്ന ആംബുലൻസ് പോയിരിക്കുന്നത് ബേൺ‌ഡോർഫിലുള്ള കുർട്ട് നാഗെലിന്റെ കൊട്ടാരത്തിലേക്കാണെന്ന് ഷാവേസ് മനസ്സിലാക്കുന്നു.



അന്നയുടെ അപ്പാർട്ട്മെന്റിൽ തിരികെയെത്തിയ ഷാവേസ് നേരം പുലർന്നതും അവളോടൊപ്പം  ബേൺ‌ഡോർഫിലേക്ക് പുറപ്പെടുന്നു. അന്നയെ അവിടെ നിർത്തിയിട്ട് തടാകത്തിന് നടുവിൽ നിലകൊള്ളുന്ന കൊട്ടാരം അടുത്ത് വീക്ഷിക്കുവാനായി ഷാവേസ് ഒരു ചെറുവള്ളത്തിൽ യാത്രയാകുന്നു. ഒരു മോട്ടോർ ബോട്ടിൽ അവിടെയെത്തിയ സ്റ്റെയ്നറും സഹായിയും ഷാവേസിനെ പിടികൂടി കൊട്ടാരത്തിനുള്ളിലേക്ക് കൊണ്ടുപോകുന്നു. സംഘത്തിന്റെ പിടിയിലായ അന്നയെയും ഹാഡ്ടിനെയും ഷാവേസ് അവിടെ കണ്ടുമുട്ടുന്നു. കാസ്പർ ഷുൾട്സിനെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തുവാനായി മറ്റൊരു മുറിയിൽ തടങ്കലിൽ കഴിയുന്ന മുള്ളറിനരികിലേക്ക് നാഗെൽ ഷാവേസിനെ  അയക്കുന്നു.





തുടർന്ന് വായിക്കുക...


ബോധമണ്ഡലത്തിലേക്ക് സാവധാനം തിരികെയെത്തിയ ഷാവേസ് കണ്ണുകൾ ഇറുക്കിയടച്ച് തറയിൽ അനങ്ങാതെ കിടന്നു. വാസ്തവത്തിൽ അധികനേരം അബോധാവസ്ഥയിൽ കഴിയുവാനാകുമായിരുന്നില്ല അദ്ദേഹത്തിന്. അവരെല്ലാവരും അപ്പോഴും ആ മുറിയിൽത്തന്നെ ഉണ്ടായിരുന്നു.

റബ്ബർ ദണ്ഡ് കൊണ്ടുള്ള പ്രഹരത്തിന്റെ ശബ്ദം അവസാനിച്ചിരിക്കുന്നു.  “അയാൾക്ക് കുഴപ്പമൊന്നുമില്ല എന്ന് നിങ്ങൾക്കുറപ്പാണോ...?”  നാഗലെലിന്റെ സ്വരത്തിൽ ദ്വേഷ്യം കലർന്നിരുന്നു.

“എന്ന് ചോദിച്ചാൽ... ഇപ്പോഴും ശ്വാസമുണ്ടെന്ന് പറയാം...” ഒരു നിമിഷത്തെ മൌനത്തിന് ശേഷം ക്രൂഗർ പറഞ്ഞു.

“എന്തൊരു മണ്ടനാണ് ഇയാൾ...!” നാഗെലിന് ദ്വേഷ്യം അടക്കാനായില്ല. “ഇത്രയുമൊക്കെ ചെയ്തിട്ടും ഒന്നും വിട്ടു പറയാതെ പിടിച്ച് നിൽക്കുമെന്ന് ആര് കരുതി...?”

“വീണ്ടും തുടങ്ങിയാലോ...?” സ്റ്റെയ്നർ ചോദിച്ചു.

നാഗെൽ തലയാട്ടി. “ജീവനില്ലാത്ത ഇയാളെക്കൊണ്ട് നമുക്ക് യാതൊരു പ്രയോജനവുമില്ല... ഇനിയും ഉപദ്രവിച്ചാൽ ഇയാളുടെ മരണത്തിലേ കലാശിക്കൂ... തൽക്കാലം ഒന്നും ചെയ്യേണ്ട... പ്രധാനപ്പെട്ട മറ്റൊരു വിഷയം ചർച്ച ചെയ്യാനുണ്ടെന്നത് മറക്കേണ്ട...”

“ഇന്ന് രാത്രിയിലെ പരിപാടികൾ എങ്ങനെ...?” ക്രൂഗർ ആരാഞ്ഞു.

“അതേക്കുറിച്ചാണ് ഞാൻ പറഞ്ഞു വരുന്നത്...” നാഗെൽ പറഞ്ഞു. “ഏഴു മണിക്കാണ് സ്വീകരണം ആരംഭിക്കുന്നത്... അത്താഴ വിരുന്ന് എട്ടു മണിക്കും... കൃത്യം ഒമ്പതരക്കായിരിക്കും ഹോപ്റ്റ്മാന്റെ പ്രസംഗം...”

“അപ്പോൾ എത്ര മണിക്കാണ് ഞാൻ അവിടെ എത്തേണ്ടത്...?” സ്റ്റെയ്നർ ചോദിച്ചു.

“ഒമ്പത് മണിക്ക്... നൃത്തശാലയുടെ ടെറസിനടിയിലുള്ള കുറ്റിച്ചെടികൾക്കിടയിൽ കാത്ത് നിൽക്കുക... ഹോപ്റ്റ്മാന് വേണ്ടി പ്രത്യേകം ക്രമീകരിച്ചിട്ടുള്ള ഒരു ടേബിൾ ടെറസിൽ ഉണ്ടായിരിക്കും... ഒമ്പതേകാലോടെ അദ്ദേഹത്തെ ഞാൻ അങ്ങോട്ട് കൂട്ടിക്കൊണ്ടു വരും... പ്രഭാഷണത്തിനുള്ള തയ്യാറെടുപ്പിനായി അല്പം സമയം നൽകുവാനെന്ന വ്യാജേന... ആ സമത്ത് കാണികളെ ഹാളിൽ കൊണ്ടു ചെന്നിരുത്തുന്ന തിരക്കിലായിരിക്കും മറ്റുള്ളവർ...”

“അദ്ദേഹം ടെറസ്സിലേക്ക് പോകുമെന്നത് തീർച്ചയാണോ താങ്കൾക്ക്...?” ക്രൂഗർ ചോദിച്ചു.

“ഒരു സംശയവുമില്ല... വർഷങ്ങളായി ഞാൻ അടുത്തറിയുന്ന വ്യക്തിയാണ് ഹോപ്റ്റ്മാൻ... മുൻ‌കൂട്ടി തയ്യാറാക്കിയ പ്രസംഗവുമായിട്ടല്ല അദ്ദേഹം എത്തുക... പതിനഞ്ച് മിനിറ്റ് മുമ്പ് ഒരിടത്ത് സ്വസ്ഥമായിരുന്ന് എല്ലാം മനസ്സിൽ അടുക്കി വയ്ക്കുന്നു... അതാണ് അദ്ദേഹത്തിന്റെ രീതി...” നാഗെൽ സ്റ്റെയ്നറുടെ നേർക്ക് തിരിഞ്ഞു. “ഈ വിഷയത്തിൽ ഒരു പിഴവും സംഭവിക്കാൻ പാടില്ല സ്റ്റെയ്നർ... നിങ്ങളുടെ വിശ്വാസ്യത തെളിയിക്കപ്പെട്ടിട്ടുള്ളതാണ്... അതുകൊണ്ട് തന്നെയാണ് നിങ്ങളെത്തന്നെ ഇതിനായി തെരഞ്ഞെടുത്തതും... ഇന്ന് രാത്രി ഹോപ്റ്റ്മാൻ കൊല്ലപ്പെട്ടിരിക്കണം...”

“താങ്കളുടെ ആഗ്രഹം അക്ഷരം പ്രതി നടന്നിരിക്കും, ഹെർ നാഗെൽ...” ആത്മവിശ്വാസത്തോടെ സ്റ്റെയ്നർ പറഞ്ഞു.

“ലഡ്‌‌വിഗ്സ്ബർഗിലുള്ള വാർ ക്രൈംസ് ഡിറ്റക്ഷൻ ഓഫീസിലെ സ്വാധീനം അദ്ദേഹത്തിന് ഒരു ദേശീയ നായകന്റെ പരിവേഷം തന്നെ നൽകിയിരിക്കുകയാണ്... ഈ ജനങ്ങളെ ഒരു പാഠം പഠിപ്പിച്ചേ മതിയാവൂ... നമ്മുടെ പ്രസ്ഥാനത്തിന്റെ ശക്തി ഇനിയും ക്ഷയിച്ചിട്ടില്ല എന്ന് ജനം മനസ്സിലാക്കണം...”

റൂമിന് പുറത്തേക്ക് നീങ്ങവെ നാഗെൽ ഷാവേസിന്റെ ശരീരത്തിൽ കാൽ കൊണ്ട് തട്ടി ചെറുതായി ഇളക്കി നോക്കി. “നിങ്ങൾ ഇയാളെ ശരിക്കും പെരുമാറി അല്ലേ...? ഇനിയും ബോധം തെളിഞ്ഞിട്ടില്ല... നാളെ ഞാൻ തിരികെയെത്തുമ്പോഴേക്കും നമ്മുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ സാധിക്കുന്ന നിലയിലേക്ക് ഇയാൾ എത്തുമെന്ന് പ്രതീക്ഷിക്കാം...”

ക്രൂഗർ ഷാവേസിനരികിലെത്തി. ഉച്ച കഴിഞ്ഞ് ഇയാളെ വിശദമായി ഒന്ന് പരിശോധിക്കുന്നുണ്ട്... ആട്ടെ, ഉച്ചഭക്ഷണത്തിന് നിൽക്കുന്നുണ്ടോ താങ്കൾ...?”

“ഇല്ല... ഹാംബർഗിൽ എത്തേണ്ടതുണ്ട്... ഇന്ന് രാത്രിയിലെ നമ്മുടെ ദൌത്യം... അതിനുള്ള തയ്യാറെടുപ്പുകൾ ഇനിയും ഏറെയുണ്ട്...”  നാഗെൽ പറഞ്ഞു.

അവർ വാതിലിന് നേർക്ക് നടന്നു. ഷാവേസ് ഒരു കണ്ണ് ചെറുതായി തുറന്ന് നോക്കി. ഹാൻസ് തുറന്നു കൊടുത്ത വാതിലിലൂടെ പുറത്ത് കടക്കവെ ക്രൂഗർ അയാളോട് പറഞ്ഞു. “ഭക്ഷണം കഴിക്കാൻ പോയ കാവൽക്കാർ തിരികെ വരുന്നത് വരെ നിങ്ങൾ ഗാലറിയുടെ അറ്റത്ത് നിന്നോളൂ...”  അടഞ്ഞ വാതിലിന്റെ ലോക്ക് വീഴുന്ന ശബ്ദം ഷാവേസ് കേട്ടു.
  
ഷാവേസ് സാവധാനം എഴുന്നേറ്റ് ഇരുന്നു. കഴുത്തിന്റെ പാർശ്വത്തിൽ നീറുന്ന ഭാഗത്ത് വിരൽത്തുമ്പ് കൊണ്ട് തൊട്ടു നോക്കി. സ്റ്റെയ്നറുടെ കാലിലുണ്ടായിരുന്നത് ക്യാൻ‌വാസ് ഷൂ ആയത് തന്റെ ഭാഗ്യം... എങ്കിലും നാഭിയിലെ മാംസപേശികൾക്ക് ചതവ് സംഭവിച്ചിരിക്കുന്നു. മുഖത്ത് ഏറ്റ മുറിവിലാണ് സഹിക്കാനാവാത്ത വേദന. വലതുഭാഗം വിങ്ങി രക്തം പുരണ്ട് ഒട്ടുന്നുണ്ട്.

പെട്ടെന്നാണ് മുള്ളറുടെ ഞരക്കം ഷാവേസിന്റെ ശ്രദ്ധയിൽ പെട്ടത്. തൊണ്ടയിൽ എന്തോ കുറുകുന്നത് പോലെ. ഷാവേസ് എഴുന്നേറ്റ് ഓപ്പറേഷൻ ടേബിളിനരികിലേക്ക് നടന്നു. മുള്ളറുടെ ദേഹമാസകലം അടിയേറ്റ പാടുകൾ. കണ്ണു തുറന്ന് ദയനീയമായി അദ്ദേഹം ഷാവേസിനെ നോക്കി.

എന്തോ മന്ത്രിക്കുവാനൊരുമ്പെടുന്നത് പോലെ തോന്നിയ അദ്ദേഹത്തിനരികിലേക്ക് ഷാവേസ് മുഖം താഴ്ത്തി.  “എന്റെ സഹോദരി...” മുള്ളർ വിതുമ്പി.  “അവൾ എവിടെയാണ് ഉള്ളതെന്ന് എപ്പോഴെങ്കിലും ഞാൻ വെളിപ്പെടുത്തുകയുണ്ടായോ മർദ്ദനത്തിനിടയിൽ...?”

 “ഇല്ല... അതെക്കുറിച്ച് ഒരക്ഷരം പോലും നിങ്ങളുടെ വായിൽ നിന്ന് പുറത്ത് വന്നില്ല...”

ഒരു ചെറു പുഞ്ചിരി പോലെ എന്തോ ഒന്ന് മുള്ളറുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടു. ആശ്വാസത്തിന്റെ ഒരു ദീർഘനിശ്വാസവുമായി അദ്ദേഹം കണ്ണുകളടച്ചു. പിന്നീടാണ് ഷാവേസ് അത് ശ്രദ്ധിച്ചത്... മുള്ളറുടെ ശ്വാസം എന്നെന്നേക്കുമായി നിലച്ചിരിക്കുന്നു...!

കുറേ നേരം... കുറേയേറെ നേരം മുള്ളറുടെ ചലനമറ്റ ശരീരം നോക്കി ഷാവേസ് അനങ്ങാതെ നിന്നു. പിന്നെ ഒരു നെടുവീർപ്പോടെ അദ്ദേഹം മന്ത്രിച്ചു. “വെൽ... യൂ ഹാഡ് ഗട്ട്സ്, മുള്ളർ... പറയാതിരിക്കാനാവില്ല അത്...” കട്ടിലിൽ കിടന്നിരുന്ന ബ്ലാങ്കറ്റ് എടുത്തു കൊണ്ടു വന്ന് അദ്ദേഹത്തിന്റെ ശരീരം മൂടിയിട്ടു.

ഷാവേസ് ആ മുറിയാകെ ഒന്ന് വിശദമായി നിരീക്ഷിച്ചു. നെരിപ്പോടില്ലാത്ത ആ മുറിയ്ക്ക് ഒരേയൊരു ജാലകമാണുള്ളത്. അതിന്റെ കനമുള്ള ഇരുമ്പഴികൾ ചുമരുകൾക്കുള്ളിലേക്ക് ഘടിപ്പിച്ചിരിക്കുന്നു. പിന്നെയുള്ള ഏകമാർഗ്ഗം വാതിലാണ്. അതിന്റെ ലോക്ക് സൂക്ഷ്മമായി പരിശോധിച്ചതിൽ നിന്നും അതു വഴിയുള്ള രക്ഷപെടൽ തീർത്തും അസാദ്ധ്യമാണെന്ന് അദ്ദേഹത്തിന് മനസ്സിലായി.

ഷാവേസ് വാച്ചിലേക്ക് നോക്കി. രണ്ടരയാകുന്നു... സാഹചര്യം വിലയിരുത്തിക്കൊണ്ട് അദ്ദേഹം കട്ടിലിൽ ഇരുന്നു. എങ്ങനെയും പുറത്ത് കടന്നേ മതിയാകൂ. അന്നയെ ദർശിച്ചപ്പോൾ ക്രൂഗറിന്റെ കണ്ണുകളിൽ പ്രകടമായ ആർത്തി വച്ച് നോക്കിയാൽ അധികം വൈകാതെ തന്നെ അയാൾ അവളുടെയടുത്ത് എത്താനാണ് സാദ്ധ്യത. പിന്നെ എന്താണ് സംഭവിക്കുക എന്നതിനെക്കുറിച്ചോർത്തപ്പോൾ ഷാവേസിന്റെ ഉള്ളം കിടുങ്ങി.

അടുത്തത് ഹോപ്റ്റ്മാൻ വിഷയം... മുമ്പ് എവിടെയോ അദ്ദേഹത്തെക്കുറിച്ച് വായിച്ചത് ഓർത്തെടുക്കുവാൻ ഷാവേസ് ശ്രമിച്ചു. പുരോഗമനവാദിയും വിശാലമനസ്കനുമായ രാഷ്ട്രീയ നേതാവ്... വളരെയേറെ ജനസമ്മതി നേടിയ വ്യക്തിത്വം... ഒരു പക്ഷേ, ജർമ്മനിയുടെ ഭാവി ചാൻസലർ  പോലും ആകാൻ സാദ്ധ്യതയുള്ള വ്യക്തി... അദ്ദേഹത്തിന്റെ കൊലപാതകം ലോകത്തെ ഞെട്ടിക്കുന്നതായിരിക്കും. അതും ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന സമ്മേളനം നടക്കുന്നയിടത്ത് വച്ച്...

നാഗെലും അയാളുടെ അനുയായികളും ഇത്തരം ഒരു സാഹസത്തിന് മുതിരുന്നത് തന്നെ അവരുടെ പ്രസ്ഥാനത്തിന്റെ ശക്തിയെ സൂചിപ്പിക്കുന്നു. അതിൽ അവർ വിജയിക്കുകയാണെങ്കിൽ പിന്നെ ജർമ്മനിയുടെ രാഷ്ട്രീയ ഭാവി തന്നെയായിരിക്കും അനിശ്ചിതത്വത്തിലാകുവാൻ പോകുന്നത്. ഭരണത്തിൽ നാസികൾ പിടി മുറുക്കിയാൽ എല്ലാം താറുമാറാകും. പൂർവ്വജർമ്മനിയും പശ്ചിമജർമ്മനിയും തമ്മിലുള്ള ബന്ധം...  അത് ലോക രാഷ്ട്രീയത്തിൽ ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ... ഒന്നും തന്നെ പ്രവചിക്കുവാൻ കഴിയില്ല.

അസ്വസ്ഥതയാൽ മുഷ്ടി ചുരുട്ടി മെത്തയിൽ ഇടിച്ചിട്ട് അദ്ദേഹം ചാടിയെഴുന്നേറ്റു. അപ്പോഴാണ് അത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. മുള്ളറിനെ അടിക്കുവാൻ ഉപയോഗിച്ചിരുന്ന റബ്ബർ ദണ്ഡുകളിലൊന്ന് തറയിൽ കിടക്കുന്നു.

സ്റ്റെയ്നറോ ഹാൻസോ അബദ്ധത്തിൽ ഉപേക്ഷിച്ചിട്ട് പോയതായിരിക്കണം. ഉരുണ്ടു പോയി ഓപ്പറേഷൻ ടേബിളിനടിയിൽ കിടക്കുകയാണത്. അതിൽ പുരണ്ടിരുന്ന രക്തം ബ്ലാങ്കറ്റിൽ തുടച്ചു കളഞ്ഞിട്ട് അതുമായി ഷാവേസ് മുറിയുടെ മദ്ധ്യത്തിലേക്ക് നീങ്ങി. ഏതാണ്ട് രണ്ടടിയോളം നീളമുള്ള ആ ദണ്ഡ് ഇരു വശത്തേക്കും മറിച്ചും തിരിച്ചും വളച്ച് പരിശോധിച്ചു കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ മസ്തിഷ്കത്തിൽ പദ്ധതികൾ ഓരോന്നായി രൂപം കൊള്ളുകയായിരുന്നു.

ഷാവേസ് വായ് തുറന്ന് ഉറക്കെ അലറി. ആ ശബ്ദത്തിന്റെ പ്രതിധ്വനി അടങ്ങുവാൻ കാത്തു നിന്നിട്ട് ഒരിക്കൽക്കൂടി അദ്ദേഹം അത് ആവർത്തിച്ചു. കാതോർക്കവെ, പുറത്ത് ഇടനാഴിയിലൂടെ ആരോ ഓടിയെത്തി വാതിലിന് മുമ്പിൽ വന്ന് നിന്നതായി മനസ്സിലായി. ഞരങ്ങിക്കൊണ്ട് ഷാവേസ് വീണ്ടും ഒച്ചയെടുത്തു.

“ആ വൃത്തികെട്ട അലർച്ച നിർത്തിയില്ലെങ്കിൽ ഞാൻ അങ്ങോട്ട് വന്ന് അത് അവസാനിപ്പിക്കും...!” കതകിനോട് മുഖം ചേർത്ത് ഹാൻസ് ശകാരിച്ചു.

വേദന കൊണ്ട് പുളയുന്നത് പോലെ ഒന്നു കൂടി അലറിയിട്ട് ശബ്ദമുണ്ടാക്കാതെ ഷാവേസ് കതകിനരികിലേക്ക് ഓടിച്ചെന്ന് ചുമരിനോട് ഒട്ടിച്ചേർന്ന് നിന്നു.

“എന്നാൽ ശരി... നിങ്ങൾ അനുഭവിക്കാനിരിക്കുന്നതേയുള്ളൂ... ചോദിച്ച് വാങ്ങുന്നതാണെന്ന് കൂട്ടിക്കോളൂ...” ദ്വേഷ്യത്തോടെ ഹാൻസ് മുരണ്ടു.

വാതിലിന്റെ ലോക്കിനുള്ളിൽ താക്കോൽ ഒന്ന് തിരിഞ്ഞു. കതകുകൾ മലർക്കെ തുറക്കപ്പെട്ടു. ഷാവേസിനെ ഇടിച്ച് നിലം‌പരിശാക്കാനുള്ള ദ്വേഷ്യത്തോടെ മുഷ്ടികൾ ചുരുട്ടി ഹാൻസ് മുറിക്കുള്ളിലേക്ക് ഇരച്ചു കയറി.

“യൂ ബാസ്റ്റർഡ്.... ഇതാ ഇവിടെ....” അയാളുടെ പിന്നിൽ നിന്നും ഷാവേസ് വിളിച്ചു പറഞ്ഞു.

ഞെട്ടിത്തിരിഞ്ഞ് അലറുവാൻ വായ് തുറന്ന ഹാൻസിന്റെ കഴുത്തിൽ ഷാവേസ് സകല ശക്തിയുമെടുത്ത് ആ റബ്ബർ ദണ്ഡ് കൊണ്ട് വീശിയടിച്ചു. ഒന്നും മിണ്ടാനാവാതെ കണ്ണുകൾ തള്ളി, വെട്ടിയിട്ട മരം കണക്കെ ഹാൻസ്  പിറകോട്ട് പതിച്ചു. അയാളുടെ വായിൽ നിന്നും പുറത്തേക്കൊഴുകിയ നുരയും പതയും താടി രോമങ്ങളിൽ കൊരുത്തു നിന്നു. ഏതാനും നിമിഷങ്ങൾ വിറച്ചു കൊണ്ടിരുന്ന ആ വിരലുകൾ ക്രമേണ നിശ്ചലമായി.

അയാൾക്കരികിൽ മുട്ടു കുത്തിയിരുന്ന് ഷാവേസ് പരിശോധിച്ചു. നിർഭാഗ്യമെന്ന് പറയട്ടെ, ഹാൻസിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നില്ല. പുറത്ത് കടന്ന അദ്ദേഹം അല്പ നേരം ചെവിയോർത്തു. ആരും തന്നെ പരിസരത്ത് ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം ഡോർ ലോക്ക് ചെയ്ത് താക്കോൽ പോക്കറ്റിലിട്ടു. തിരിഞ്ഞ് ഹാഡ്ടിനെ പൂട്ടിയിട്ടിരിക്കുന്ന റൂമിന് നേർക്ക് നീങ്ങവെയാണ് അധികമകലെയല്ലാതെ ഒരു സ്ത്രീയുടെ നിലവിളി ഉയർന്നത്.

നിലവിളി കേട്ട ഇടം ലക്ഷ്യമാക്കി ഇടനാഴിയിലൂടെ അദ്ദേഹം തിടുക്കത്തിൽ നീങ്ങി. ക്രൂഗറിനെ കൊല്ലുവാനുള്ള ദ്വേഷ്യമുണ്ടായിരുന്നു ഷാവേസിന്റെ ഉള്ളിൽ. അപ്പോഴാണ് അവളുടെ നിലവിളി വീണ്ടും ഉയർന്നത്. അതെ... ഗ്യാലറിയുടെ അറ്റത്തുള്ള റൂമിൽ നിന്നും... ഹാന്റിൽ പതുക്കെ തിരിച്ച് അദ്ദേഹം ആ റൂമിന്റെ ഡോർ തുറന്നു.


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

31 comments:

  1. ഷാവേസ്‌ രക്ഷപ്പെട്ടെങ്കിലും മുള്ളർ മരിച്ചല്ലോ.അന്നയെ എങ്കിലും രക്ഷപ്പെടുത്തിയാൽ മതിയാരുന്നു.പേറെടുക്കാൻ ചെന്നവൾ ഇരട്ടപെറ്റെന്ന് പറഞ്ഞതുപോലെയാ നമ്മുടെ ഷാവേസിന്റെ കാര്യം.

    ReplyDelete
    Replies
    1. മുള്ളർ യാത്രയായി.... ഇനി കൈയെഴുത്തുപ്രതി....?

      Delete
  2. പാവം മുള്ളർ... അപ്പൊ ആ രഹസ്യത്തിന്റെ കാര്യം?

    ഇനി അന്നയുടെ അടുത്തേയ്ക്ക്???

    ReplyDelete
    Replies
    1. അതെ... അന്നയെ രക്ഷിക്കാൻ പറ്റുമോ എന്ന് നോക്കാം...

      Delete
  3. ആകെ കൂടി ഒരു നിലവിളി ശബ്ദം ആണല്ലോ.... ജഗതി ശ്രീകുമാർ: ആ നിലവിളി ശബ്ദമൊന്നി ടൂ...........

    ReplyDelete
  4. അന്നയാണോ ആ നിലവിളിച്ചത്? :(

    ReplyDelete
  5. ഇനി കാര്യങ്ങള്‍ എളുപ്പം. എല്ലാവരേയും വകരുത്തി മിടുക്കന്‍ സ്ഥലം വിടും 

    ReplyDelete
  6. അന്ന.....!!??
    എങ്കിലും കുഴപ്പമില്ല, ഷാവേസ് തൊട്ടപ്പുറത്തുണ്ടല്ലൊ........

    ReplyDelete
  7. വായന തുടരുന്നു...ആകാക്ഷയോടെ...

    ReplyDelete
  8. അന്നയുടെ നിലവിളിയാണോ അത് ? ഷാവേസിന് അന്നയെ രക്ഷിക്കാൻ കഴിയുമോ ? സസ്പെൻസ് ത്രില്ലെർ....

    ReplyDelete
    Replies
    1. അതെ ഗീതാജീ... നിലവിളി അന്നയുടേത് തന്നെ...

      Delete
  9. എന്താ ചെയ്യാ...
    ഉപനായണ് പടായി അല്ലെ
    എന്തായാലും ചാത്തോടത്ത് നിന്നല്ല നെലോളി കേട്ടത് ..
    ഇനിയെങ്കിലും ശുഭ കാര്യങ്ങൾക്കായി കാത്തിരിക്കാം അല്ലെ

    ReplyDelete
    Replies
    1. കാത്തിരിക്കാം മുരളിഭായ്...

      Delete
  10. ഹാവൂ.. ഷാവേസേട്ടൻ രക്ഷപെട്ടൂല്ലോ..

    അന്നേമ്മേ, നീ പേടിക്കേണ്ട... നിന്റ്റെ രക്ഷകനിതാ എത്തിപ്പോയീ..

    (പശ്ചാത്തലത്തിൽ "മുരുകാ മുരുകാ പുലിമുരുകാ" സംഗീതം)

    ReplyDelete
    Replies
    1. നല്ല ആത്മവിശ്വാസം.... അല്ലേ ജിം....

      Delete
  11. അന്നയെ രക്ഷിക്കുക തന്നെ ചെയ്യും. ഞാനല്ലേ.
    ഒരു വിശ്വാസം. എല്ലാം ശരിയാവും.

    ReplyDelete
    Replies
    1. അധികം വൈകാതെ അറിയാം സുകന്യാജീ...

      Delete
  12. ഞാന്‍ ഇത് വായിച്ചതാണല്ലോ... ആരാ ന്‍റെ കമന്റ്‌ കൊണ്ടോയത്? അന്നയുടെ കരച്ചില്‍ കേട്ടപ്പോള്‍ ഇനി കമന്റ്‌ ഇടാന്‍ മറന്ന് ഞാനും ഓടിയോ??? വിനുവേട്ടാ ഇങ്ങള് വേഗം അടുത്ത ഭാഗം പോസ്റ്റിക്കോ...

    ReplyDelete
    Replies
    1. ദേ, ഇപ്പ ശരിയാക്കിത്തരാം.... മെയ്തീനേ.... ആ ചെറ്യേ സ്പാനർ ഇങ്ങട്ടെടുത്താളീ... :)

      Delete
  13. പതിവുകാരൊക്കെ ഉണ്ടല്ലോ. ഞാനും വന്നു. കഥ വായിച്ചിട്ടില്ല. വായിക്കാന്‍ പോവുന്നേയുള്ളൂ

    ReplyDelete
  14. ആഹാ... വന്നല്ലോ വനമാല... സന്തോഷം ട്ടോ...

    ReplyDelete
  15. ജർമ്മനിയുടെ രാഷ്ട്രീയ ഭാവി തന്നെയായിരിക്കും അനിശ്ചിതത്വത്തിലാകുവാൻ പോകുന്നത്. ഭരണത്തിൽ നാസികൾ പിടി മുറുക്കിയാൽ എല്ലാം താറുമാറാകും. പൂർവ്വജർമ്മനിയും പശ്ചിമജർമ്മനിയും തമ്മിലുള്ള ബന്ധം... അത് ലോക രാഷ്ട്രീയത്തിൽ ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ... ഒന്നും തന്നെ പ്രവചിക്കുവാൻ കഴിയില്ല.



    >>>>>>>>>>>> ഷാവെസിനെപ്പോലുള്ള ചില ഒറ്റമനുഷ്യർ ചില രാജ്യങ്ങളുടെ ഗതി തന്നെ നിർണ്ണയിച്ചിട്ടുണ്ടെന്നും തലേവര മാറ്റിവരച്ചിട്ടുണ്ടെന്നുമൊക്കെ വായിച്ചിട്ടുണ്ട്

    ReplyDelete
  16. ഹാവൂ...ഷാവേസ് വീണ്ടും കർമ്മപഥത്തിൽ

    ReplyDelete
  17. ഒറ്റയടിക്ക് വടി!

    ReplyDelete

ഈ ലക്കത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ കുറിക്കുമല്ലോ...