Friday 23 December 2016

കാസ്പർ ഷുൾട്സ് – 29



ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഥ ഇതു വരെ...

ബ്രിട്ടീഷ് ഇന്റലിജൻസ് ബ്യൂറോയിലെ ഏറ്റവും സമർത്ഥനായ ചാരപ്രവർത്തകൻ പോൾ ഷാവേസിനെ പുതിയ ദൌത്യം ഏറ്റെടുക്കുവാനായി ചീഫ് വിളിപ്പിക്കുന്നു... രണ്ടാം ലോക മഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഇന്റലിജൻസ് മിനിസ്റ്റർ പദവി അലങ്കരിക്കുകയും ഇപ്പോൾ സ്വന്തം ബിസിനസുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന സർ ജോർജ്ജ് ഹാർവിയുമായി അവിടെ വച്ച് ഷാവേസ് സന്ധിക്കുന്നു.



നാസി ഉന്നതന്മാരിൽ ഒരാളായ കാസ്പർ ഷുൾട്സിന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുവാൻ സാധിക്കുമോ എന്നാരാഞ്ഞുകൊണ്ട്  സർ ജോർജ്ജ് ഹാർവി ഡയറക്ടറായിട്ടുള്ള പബ്ലിഷിങ്ങ് കമ്പനിയിലേക്ക് ഒരു കത്ത് ലഭിക്കുന്നു. ഹാൻസ് മുള്ളർ എന്നൊരു ജർമ്മൻ‌കാരന്റേതായിരുന്നു ആ കത്ത്. ഒരു യു.എൻ. പീസ് കോൺഫറൻസിൽ പങ്കെടുക്കുവാൻ ഹാംബർഗിലേക്ക് പോകാനൊരുങ്ങുകയാണ് സർ ജോർജ്ജ്. അതേ ട്രെയിനിൽ തന്നെ പബ്ലിഷിങ്ങ് കമ്പനിയുടെ വക്താവ് എന്ന നിലയിൽ  ഹാൻസ് മുള്ളറെ സന്ധിക്കുവാനായി ഹാംബർഗിലേക്ക് പോകാൻ ഷാവേസിനോട് ചീഫ് ആവശ്യപ്പെടുന്നു. ടിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ഷാവേസ് യാത്രക്കൊരുങ്ങുന്നു.



റിയെൻ സ്റ്റേഷനിൽ വച്ച് ഹാംബർഗ് പോലീസിലെ ഇൻസ്പെക്ടർ സ്റ്റെയ്നർ, ഡോക്ടർ ക്രൂഗർ എന്നിവർ സ്ട്രച്ചറിലേറ്റിയ ഒരു കുറ്റവാളിയുമായി ട്രെയിനിൽ കയറുന്നു. സർ ജോർജ്ജ് ഹാർവിയുടെ അടുത്ത് പോയി തിരികെയെത്തിയ ഷാവേസ് തന്റെ കമ്പാർട്ട്മെന്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു അമേരിക്കൻ ആർമി സെർജന്റിനെ കണ്ടുമുട്ടുന്നു. അയാൾ പോയതിന് ശേഷം പരിചാരകൻ കൊണ്ടുവന്ന് കൊടുത്ത കോഫി കുടിച്ച ഷാവേസ് അബോധാവസ്ഥയിലാകുന്നു.  ഏതാണ്ട് അര മണിക്കൂറിന് ശേഷം ബോധം വീണ്ടെടുത്ത ഷാവേസ് കാണുന്നത് തന്റെ കമ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചു കിടക്കുന്ന മുള്ളറെയാണ്. നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. അപ്രതീക്ഷിതമായി ഇൻസ്പെക്ടറെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച ഷാവേസിനെ ആരോ ഒരാൾ തന്റെ കമ്പാർട്ട്മെന്റിലേക്ക് വലിച്ച് കയറ്റുന്നു. ഷാവേസിന്റെ കമ്പാർട്ട്മെന്റിൽ വച്ച് കണ്ടുമുട്ടിയ ആ അമേരിക്കൻ സെർജന്റ് ആയിരുന്നു അത്. ഇസ്രയേലി ഇന്റലിജൻസ് ഏജന്റായ മാർക്ക് ഹാഡ്ട് ആണ് താനെന്ന് അയാൾ പരിചയപ്പെടുത്തുന്നു. കാസ്പർ ഷുൾട്സിന്റെ കൈയെഴുത്തുപ്രതി നേടിയെടുക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുവാൻ ഇരുവരും തീരുമാനത്തിലെത്തുന്നു.



ഹാംബർഗ് സ്റ്റേഷനിൽ നിന്നും പുറത്ത് കടന്ന ഷാവേസ്, മാർക്ക് ഹാഡ്ടിന്റെ സഹായിയായ അന്നാ ഹാർട്ട്മാൻ എന്ന യുവതിയെ തേടി താജ് മഹൽ നൈറ്റ് ക്ലബ്ബിൽ എത്തുന്നു. ഷാവേസിനെ അവൾ തന്റെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അൽപ്പനേരം കഴിഞ്ഞ് മാർക്ക് ഹാഡ്ട് അവിടെയെത്തുന്നു. ട്രെയിനിൽ വച്ച് കൊല്ലപ്പെട്ടത് ഹാൻസ് മുള്ളർ അല്ല എന്ന വസ്തുത വെളിപ്പെടുന്നതോടെ കൂടുതൽ വിവരങ്ങൾക്കായി ട്രെയിനിലെ പരിചാരകൻ ഓട്ടോ ഷ്മിഡ്ടിന്റെ ഫ്ലാറ്റിൽ ഷാവേസും ഹാഡ്ടും എത്തുന്നു. ഏതാനും നിമിഷങ്ങൾക്കകം അവിടെയെത്തിയ ഇൻസ്പെക്ടർ സ്റ്റെയ്നർ വാതിലിൽ തട്ടുന്നു. കെട്ടിടത്തിന്റെ പിൻ‌ഭാഗത്തെ ഫയർ എസ്കേപ്പ് വഴി ഷാവേസും ഹാഡ്ടും രക്ഷപെടുന്നു. അവർക്ക് പിന്നാലെ രക്ഷപെടാനുള്ള ശ്രമത്തിൽ ഷ്മിഡ്ട് താഴെ വീണ് മരിക്കുന്നു.



പരസ്പരം സന്ധിച്ച് മടങ്ങുവാനൊരുങ്ങവെ ഇൻസ്പെക്ടർ സ്റ്റെയ്നറെ കണ്ട് ഷാവേസും സർ ജോർജ്ജും പരിഭ്രാന്തരാകുന്നു. സർ ജോർജ്ജിന്റെ കാറിന്റെ പിൻസീറ്റിനടിയിൽ ഒളിച്ചുകിടന്ന് രക്ഷപെട്ട ഷാവേസ് അന്നയുടെ ഫ്ലാറ്റിൽ എത്തുന്നു. ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്ക് കണ്ടുപിടിച്ച  മാർക്ക് ഹാഡ്ടിനെ കാണുവാനായി ബ്ലാങ്കെനീസിലേക്ക് പോകുവാൻ ഇരുവരും തീരുമാനിക്കുന്നു. അന്നയെ കാറിൽ ഇരുത്തിയ ശേഷം ഷാവേസും ഹാഡ്ടും കൂടി മതിൽ ചാടിക്കടന്ന് ഡോക്ടർ ക്രൂഗറിന്റെ ക്ലിനിക്കിനുള്ളിൽ പ്രവേശിക്കുന്നു. അപ്രതീക്ഷിതമായി എത്തിയ പരിചാരികയുടെ കണ്ണിൽപ്പെടാതിരിക്കാൻ ഷാവേസ് ഒരു അലമാരയുടെയുള്ളിൽ കയറി ഒളിക്കുന്നു. അലമാരയുടെ വാതിൽ തുറന്ന പരിചാരിക ജിസേലയിൽ നിന്നും മുള്ളറിന്റെ റൂം നമ്പർ മനസ്സിലാക്കി അവിടെയെത്തിയ ഷാവേസ് കണ്ടത് ഇൻസ്പെക്ടർ സ്റ്റെയ്നറുടെ പിടിയിലായ ഹാഡ്ടിനെയാണ്. മൽപ്പിടുത്തത്തിലൂടെ അയാളിൽ നിന്നും രക്ഷപെട്ട് ഇരുവരും മതിൽ ചാടുന്നതിനിടയിൽ ചുമലിൽ വെടിയേറ്റ ഹാഡ്ട് വീണ്ടും സ്റ്റെയ്നറുടെ പിടിയിലാകുന്നു. റോഡിലെത്തിയ ഷാവേസ് അന്നയെ വീട്ടിൽ കൊണ്ടുചെന്നാക്കിയിട്ട് കാറുമായി തിരികെയെത്തി ക്ലിനിക്കിന് എതിർവശത്തുള്ള ബാറിൽ കയറുന്നു. ക്ലിനിക്കിൽ നിന്നും പുറത്തേക്ക് വന്ന ആംബുലൻസ് പോയിരിക്കുന്നത് ബേൺ‌ഡോർഫിലുള്ള കുർട്ട് നാഗെലിന്റെ കൊട്ടാരത്തിലേക്കാണെന്ന് ഷാവേസ് മനസ്സിലാക്കുന്നു.



അന്നയുടെ അപ്പാർട്ട്മെന്റിൽ തിരികെയെത്തിയ ഷാവേസ് നേരം പുലർന്നതും അവളോടൊപ്പം  ബേൺ‌ഡോർഫിലേക്ക് പുറപ്പെടുന്നു. അന്നയെ അവിടെ നിർത്തിയിട്ട് തടാകത്തിന് നടുവിൽ നിലകൊള്ളുന്ന കൊട്ടാരം അടുത്ത് വീക്ഷിക്കുവാനായി ഷാവേസ് ഒരു ചെറുവള്ളത്തിൽ യാത്രയാകുന്നു. ഒരു മോട്ടോർ ബോട്ടിൽ അവിടെയെത്തിയ സ്റ്റെയ്നറും സഹായിയും ഷാവേസിനെ പിടികൂടി കൊട്ടാരത്തിനുള്ളിലേക്ക് കൊണ്ടുപോകുന്നു. സംഘത്തിന്റെ പിടിയിലായ അന്നയെയും ഹാഡ്ടിനെയും ഷാവേസ് അവിടെ കണ്ടുമുട്ടുന്നു. കാസ്പർ ഷുൾട്സിനെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തുവാനായി മറ്റൊരു മുറിയിൽ തടങ്കലിൽ കഴിയുന്ന മുള്ളറിനരികിലേക്ക് ഷാവേസിനെ സംഘം അയക്കുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് കാസ്പർ ഷുൾട്സ് മരണമടഞ്ഞുവെന്നും അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ ഇപ്പോൾ തന്റെ സഹോദരിയുടെ കൈവശമാണുള്ളതെന്നും പറഞ്ഞിട്ട് മുള്ളർ അന്ത്യശ്വാസം വലിക്കുന്നു. തന്ത്രത്തിൽ ഹാൻസിനെ മുറിയിലേക്കെത്തിച്ച ഷാവേസ് അയാളെ കൊലപ്പെടുത്തിയിട്ട് പുറത്ത് കടന്ന് തന്റെ കൂട്ടാളികളെ രക്ഷിക്കുവാൻ ശ്രമിക്കുന്നു. അന്നയെയും ഹാഡ്ടിനെയും സ്വതന്ത്രരാക്കി തടാകത്തിൽ ചാടി നീന്തി കരയിലെത്തിയ മൂവരെയും തേടി സ്റ്റെയ്നറും സംഘവും വേട്ടനായ്ക്കളോടൊപ്പം എത്തുന്നു. ജർമ്മൻ നവീകരണ പ്രസ്ഥാനത്തിന്റെ നായകൻ ഹോപ്റ്റ്മാന് നേർക്കുള്ള വധശ്രമം തടയുന്നതിനായി അവരിലൊരാളെങ്കിലും ഹാംബർഗിൽ എത്തിയേ തീരൂ എന്നത് കൊണ്ട് രണ്ട് ഗ്രൂപ്പുകളായി നീങ്ങുവാൻ അവർ തീരുമാനിക്കുന്നു. വേട്ടനായ്ക്കളോടൊപ്പമുള്ള സ്റ്റെയ്നറെയും സംഘത്തെയും വഴി തെറ്റിക്കാനായി ഹാഡ്ട് ഒറ്റയ്ക്ക് ഇറങ്ങിപ്പെടുന്നു.

തുടർന്ന് വായിക്കുക...


“എന്തുകൊണ്ടും യോഗ്യനായൊരു മനുഷ്യൻ...”  ഷാവേസ് മൌനം ഭഞ്ജിച്ചു.

അന്ന തല കുലുക്കി. “ഞാനത് വളരെ മുമ്പ് തന്നെ മനസ്സിലാക്കിയതാണ്... നമ്മുടെ അടുത്ത നീക്കം എന്താണ്...?”

“തിരികെ സത്രത്തിലേക്ക്...” ഷാവേസ് പറഞ്ഞു. “നമ്മുടെ ഫോക്സ്‌വാഗൺ അവിടെ കിടപ്പുണ്ടല്ലോ... ഏറിയാൽ പതിനഞ്ച് മിനിറ്റ് കൊണ്ട് ഹാംബർഗിലെത്താൻ കഴിയും...”

നിഷേധരൂപേണ അവൾ തലയാട്ടി. “ഇല്ല പോൾ... ഫാസ്ബെൻഡർ അത് കൊട്ടാരത്തിലേക്ക് കൊണ്ടു വന്നിരുന്നു... എന്നെ അങ്ങോട്ട് കൂട്ടിക്കൊണ്ട് ചെന്ന സമയത്ത് കൊട്ടാരത്തിന്റെ മുറ്റത്ത് നമ്മുടെ കാർ കിടക്കുന്നത് ഞാൻ കണ്ടിരുന്നു...”

ആദ്യം ഒന്ന് അമ്പരന്ന ഷാവേസ് അടുത്ത നിമിഷം മനഃസാന്നിദ്ധ്യം വീണ്ടെടുത്തു. “എങ്കിലും നാം സത്രത്തിലേക്ക് തന്നെ പോകുന്നു... ഫാസ്ബെൻഡർ ഇപ്പോൾ അവിടെയുണ്ടാകാൻ സാദ്ധ്യതയില്ല. നമ്മളെ അന്വേഷിച്ചിറങ്ങിയിരിക്കുന്ന സംഘത്തിനൊപ്പമായിരിക്കും അയാളും... അവരാണെങ്കിൽ എതിർദിശയിലേക്കാണ് പോയിരിക്കുന്നതും... പെട്ടെന്ന് നീങ്ങിയേ മതിയാവൂ നമുക്ക്...”

വാതിൽ തുറന്ന് പുറത്ത് കടന്ന അവർ മരങ്ങൾക്കിടയിലൂടെ നടന്ന് ഒറ്റയടിപ്പാതയിലെത്തി. അവളുടെ കൈ പിടിച്ച് അദ്ദേഹം ഓടുവാനാരംഭിച്ചു.

സത്രത്തിന്റെ ചിമ്മിനിയിൽ നിന്നും ഉയരുന്ന പുകച്ചുരുളുകളിൽ നിന്നും അടുക്കളയിൽ ആളുണ്ടെന്നത് വ്യക്തം. പിൻഭാഗത്ത് മുറ്റത്തിന് അരികിൽ ഫിർ മരച്ചില്ലകളുടെ മറവിൽ നിന്നു കൊണ്ട് ഷാവേസ് പരിസരം ഒന്ന് വീക്ഷിച്ചു. പിന്നെ അവളുടെ കൈ പിടിച്ച് പാതി കുനിഞ്ഞ് പിൻ‌വാതിലിന് നേർക്ക് ഓടി. കതക് തുറന്ന് അന്നയുടെ പിന്നാലെ ഉള്ളിൽ കയറിയ അദ്ദേഹം വാതിൽ ചാരി.

സാമാന്യം വലിപ്പമുള്ള ഒരു അടുക്കളയായിരുന്നു അത്. പാത്രം കഴുകിക്കൊണ്ട് കുനിഞ്ഞ് നിന്നിരുന്ന ആ വൃദ്ധ തലയുയർത്തി അവരെ നിർവ്വികാരതയോടെ നോക്കി. “ഉച്ചഭക്ഷണത്തിന് കണ്ടില്ലല്ലോ നിങ്ങളെ...?”

ഷാവേസ് പുഞ്ചിരിച്ചു. “തടാകത്തിൽ ബോട്ടിങ്ങിന് പോയതായിരുന്നു ഞങ്ങൾ... പക്ഷേ, ചെറിയൊരു അപകടമുണ്ടായി... കണ്ടില്ലേ ഞങ്ങൾ നനഞ്ഞിരിക്കുന്നത്...? ഫാസ്ബെൻഡർ ഇല്ലേ ഇവിടെ...?”

അവർ തലയാട്ടി. “ഇല്ല... കൊട്ടാരത്തിലേക്ക് പോയിരിക്കുകയാണ്... ഇരുട്ടാവാതെ തിരികെയെത്തില്ല എന്നാണ് പറഞ്ഞത്...”

“വേറെയാരുമില്ലേ ഇവിടെ...?”

“ഹെർ... വേറെ ആരുണ്ടാവാനാണ് ഇവിടെ...?” അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കിയിട്ട് അവർ തന്റെ ജോലിയിൽ മുഴുകി.

“ഭാഗ്യം... എത്ര നിഷ്കളങ്കയായ സ്ത്രീ...” മറുഭാഗത്തെ വാതിൽ തുറന്ന് പുറത്തെ കല്ലുപാകിയ ഇടനാഴിയിലേക്ക് ഇറങ്ങവെ ഷാവേസ് പറഞ്ഞു.

“ഇനി എന്ത് ചെയ്യും നമ്മൾ...?”  അന്ന ആരാഞ്ഞു.

“മുകളിലത്തെ നിലയിൽ ചെന്ന് ഈ നനഞ്ഞ വസ്ത്രമൊക്കെ മാറിയിട്ട് വരൂ... പെട്ടെന്നായിക്കോട്ടെ... വരുന്ന വഴിക്ക് ആ ഫാസ്ബെൻഡറുടെ റൂമിൽ കയറി എനിക്ക് പാകമാകുന്ന വസ്ത്രങ്ങൾ വല്ലതുമുണ്ടോ എന്നു കൂടി പരിശോധിക്കണം... എന്റെ ഏതാണ്ട് സൈസ് തന്നെയാണ് അയാളും...”

“അപ്പോൾ നിങ്ങളെന്ത് ചെയ്യാൻ പോകുന്നു...?”

“ഒരു ഫോൺ ചെയ്യാനുണ്ട്...” പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം അവളെ സ്റ്റെയർകെയ്സിനരികിലേക്ക് കൊണ്ടു ചെന്നാക്കി. “ഹറി അപ്പ്, എയ്ഞ്ചൽ... എത്രയും പെട്ടെന്ന് ഈ നശിച്ച സ്ഥലത്ത് നിന്നും പുറത്ത് കടക്കണം നമുക്ക്...”

അവൾ പോയ ഉടൻ ഷാവേസ് റിസപ്ഷനിൽ ചെന്ന് ഫോണെടുത്ത് ലണ്ടനിലേക്ക് ഡയൽ ചെയ്തു. തിരിച്ച് വിളിക്കാമെന്ന ഓപ്പറേറ്ററുടെ മറുപടി കേട്ട അദ്ദേഹം ബാറിൽ ചെന്ന് ഗ്ലാസിലേക്ക് ഒരു ഡബിൾ ബ്രാണ്ടി പകർന്നിട്ട് ഒരു പാക്കറ്റ് സിഗരറ്റും കൂടി എടുത്തു.

ബ്രാണ്ടി ഉള്ളിലെത്തിയതോടെ അദ്ദേഹത്തിന്റെ സിരകൾ ഉണർന്നു. വീണ്ടും ഒരു ഡബിൾ കൂടി അകത്താക്കി ഗ്ലാസ് മേശപ്പുറത്ത് വച്ച നിമിഷമാണ് ഫോൺ റിങ്ങ് ചെയ്യുവാനാരംഭിച്ചത്.

റിസീവർ എടുത്ത് ഏതാനും മാത്ര കഴിഞ്ഞതും അപ്പുറത്ത് നിന്ന് ജീൻ ഫ്രേസറുടെ മധുരസ്വരം അദ്ദേഹത്തിന്റെ കാതിൽ മുഴങ്ങി. “ബ്രൌൺ ആന്റ് കമ്പനി ഹിയർ... ക്യാൻ ഐ ഹെൽപ്പ് യൂ...?”

“ദിസ് ഈസ് കണ്ണിങ്ങ്ഹാം സ്പീക്കിങ്ങ്...” ഷാവേസ് പറഞ്ഞു. “മിസ്റ്റർ ടെയ്ലറുമായി ഒന്ന് സംസാരിക്കണമായിരുന്നു...”

“ജസ്റ്റ് എ മോമന്റ് പ്ലീസ്, മിസ്റ്റർ കണ്ണിങ്ങ്ഹാം...” അവൾ പറഞ്ഞു.

രണ്ട് നിമിഷങ്ങൾക്ക് ശേഷം ചീഫിന്റെ സ്വരം അദ്ദേഹത്തിന്റെ കാതിലെത്തി. “ടെയ്ലർ ഹിയർ... ഈസ് ദാറ്റ് യൂ, കണ്ണിങ്ങ്ഹാം...? ഹൌ ഈസ് ദി ബിസിനസ്...?”

“പുരോഗമിക്കുന്നു...!”  ഷാവേസ് പറഞ്ഞു. “പക്ഷേ, ചെറിയൊരു സഹായം ഇപ്പോൾ ആവശ്യമായി വന്നിരിക്കുന്നു... എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ താങ്കൾക്ക്...? ഇറ്റ്സ് എ ബിറ്റ്  അർജന്റ്...”

“കാര്യങ്ങൾ നേരായ ദിശയിൽ പുരോഗമിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം...” ചീഫ് പറഞ്ഞു. “എന്നെക്കൊണ്ട് കഴിയുന്ന സഹായം തീർച്ചയായും ചെയ്യുന്നതായിരിക്കും... എവിടെയാണ് നിങ്ങളെ കോൺ‌ടാക്റ്റ് ചെയ്യാൻ സാധിക്കുക...?”

“അറ്റ്‌ലാന്റിക്ക് ഹോട്ടലിൽ സർ ജോർജ്ജിനൊപ്പം ഉണ്ടാകും ഞാൻ... വൈകിട്ട് എട്ട് മണി വരെ ... അതിന് ശേഷം  വേറെ അത്യാവശ്യ കാര്യമുണ്ട്...”

“ദാറ്റ് ഷുഡ് ബീ ഫൈൻ...”  ചീഫ് പറഞ്ഞു. “ഹാംബർഗിൽ ഒരു ലോക്കൽ കോൺ‌ടാക്റ്റ് ഉണ്ട് ... ഒരു മിസ്റ്റർ വോൺ ക്രോൾ... അദ്ദേഹത്തെ ബന്ധപ്പെടുവാൻ പറ്റുമോ എന്ന് നോക്കട്ടെ...”

“ഓകെ... ഞാൻ കാത്തിരിക്കാം... എന്നാൽ ശരി... ഞാൻ വയ്ക്കുന്നു... വളരെ വേഗത്തിലാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്...” ഷാവേസ് പറഞ്ഞു.

“വെൽ... ദാറ്റ്സ് നൈസ് റ്റു നോ, കണ്ണിങ്ങ്ഹാം... തിരിച്ചെത്തുമ്പോൾ നല്ലൊരു തുകയായിരിക്കും ബോണസായി നിങ്ങളെയും കാത്ത് ഇരിക്കുന്നത്... സീ യൂ...”

മന്ദസ്മിതത്തോടെ ഷാവേസ് ഫോൺ ക്രാഡിലിൽ വച്ചു. ഒരു കാര്യം തീർച്ച... ചീഫ് പറഞ്ഞാൽ പറഞ്ഞതാണ്... ഒരു കാര്യം ചെയ്യാമെന്ന് ഏറ്റാൽ അത് ചെയ്തിരിക്കും...

ടെലിഫോൺ ഡയറക്ടറി തുറന്ന് അറ്റ്ലാന്റിക്ക് ഹോട്ടലിന്റെ നമ്പർ കണ്ടുപിടിച്ച് ഡയൽ ചെയ്തിട്ട് അദ്ദേഹം സർ ജോർജ്ജ് ഹാർവിയെ കണക്റ്റ് ചെയ്യുവാനാവാശ്യപ്പെട്ടു. ഏതാണ്ട് പത്ത് മിനിറ്റ് വേണ്ടി വന്നു അവർക്ക് ബാറിലായിരുന്ന സർ ജോർജ്ജിനെ കണ്ടുപിടിക്കുവാൻ.

മദ്യശാലയിൽ നിന്നും വിളിപ്പിച്ചതിന്റെ അലോസരം അദ്ദേഹത്തിന്റെ സ്വരത്തിൽ പ്രകടമായിരുന്നു. “ഹാർവി ഹിയർ.... ഹൂ ഈസ് സ്പീക്കിങ്ങ്...?”  അദ്ദേഹം മുരണ്ടു. ഷാവേസ് ആണെന്ന് തിരിച്ചറിഞ്ഞതും അദ്ദേഹത്തിന്റെ സ്വരം മൃദുവായി. “മൈ ഡിയർ ചാപ്... നിങ്ങളെക്കുറിച്ച് ഒരു വിവരവുമില്ലല്ലോ എന്നോർത്ത് വിഷമിച്ചിരിക്കുകയായിരുന്നു ഞാൻ...”

“ഏത് സമയത്ത് എന്ത് ആവശ്യമുണ്ടെങ്കിലും ഒരു ഫോൺ കോൾ മതിയെന്ന് താങ്കൾ പറഞ്ഞിരുന്നു... അതാണ് ഞാനിപ്പോൾ ചെയ്യുന്നത്... ആ വാഗ്ദാനം ഇപ്പോഴും നില നിൽക്കുന്നുണ്ടോ...?”

“തീർച്ചയായും...” സർ ജോർജ്ജ് ഉറപ്പിച്ചു പറഞ്ഞു. “പാലിക്കാൻ പറ്റാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല...”

“എങ്കിൽ ഈ നിമിഷം ഹോട്ടൽ വിട്ട് പുറത്തിറങ്ങണം...” ഷാവേസ് പറഞ്ഞു. “കാറെടുത്ത് താങ്കൾ ല്യൂബെക്കിലേക്കുള്ള മെയിൻ റോഡ് പിടിക്കുക... ഹാംബർഗ് കഴിഞ്ഞ് ഏതാണ്ട് ഇരുപത് മൈൽ ആകുമ്പോൾ ഇടതുഭാഗത്തായി ബേൺ‌ഡോർഫ് എന്നൊരു സൈൻ ബോർഡ് കാണാം... താങ്കളെയും കാത്ത് ഞാനവിടെ നില്പുണ്ടാകും...”

“അത്രയ്ക്കും അത്യാവശ്യമാണോ സംഗതി...?” സർ ജോർജ്ജ് ചോദിച്ചു.

“ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള നിമിഷങ്ങളാണിതെന്ന് കൂട്ടിക്കോളൂ... ഞാൻ അതിശയോക്തി പറയുകയല്ല...”

“എങ്കിൽ ഞാനിതാ എത്തിക്കഴിഞ്ഞു...” സർ ജോർജ്ജ് ഫോൺ കട്ട് ചെയ്തു.

ഷാവേസ് മുകളിലത്തെ നിലയിലുള്ള തങ്ങളുടെ റൂമിലേക്ക് ചെന്നു. തനിക്കായി ഒരു സ്യൂട്ടും അടിവസ്ത്രങ്ങളും ഒക്കെ കിടക്കയിൽ എടുത്തു വച്ചിട്ടുണ്ടായിരുന്നു അവൾ. “ഒരു ജോഡി ഷൂസും നിങ്ങൾക്കായി ഞാൻ കണ്ടെത്തി... പാകമാകുമോ എന്നറിയില്ല...” അന്ന പറഞ്ഞു.

നനഞ്ഞ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു മാറ്റിയ ഷാവേസിന്റെ ദേഹത്തെ ജലകണങ്ങൾ അവൾ ടവൽ കൊണ്ട് ഒപ്പിയെടുത്തു.

“സർ ജോർജ്ജ് ഹാർവിയെ ഞാൻ വിളിച്ചിരുന്നു...” അദ്ദേഹം പറഞ്ഞു. “മെയിൻ റോഡിൽ ആ സൈൻ‌ ബോർഡിന് മുന്നിൽ നിന്നും നമ്മളെ പിക്ക് ചെയ്യാൻ എത്താമെന്ന് ഏറ്റിട്ടുണ്ട്...” ഷാവേസ് വസ്ത്രങ്ങൾ ധരിക്കുവാൻ തുടങ്ങി.

“ഹാംബർഗിൽ എത്തിക്കഴിഞ്ഞാൽ പിന്നെ എന്തു ചെയ്യാനാണ് പരിപാടി...?” അവൾ ചോദിച്ചു.

“നിന്നെ നിന്റെ അപ്പാർട്ട്മെന്റിൽ വിട്ടിട്ട് അദ്ദേഹത്തോടൊപ്പം ഞാൻ ഹോട്ടലിലേക്ക് പോകും... ഞാൻ ലണ്ടനിലേക്ക് വിളിച്ചിരുന്നു... വോൺ ക്രോൾ എന്നൊരു ജർമ്മൻ ഇന്റലിജൻസ് ഉദ്യോഗസ്ഥനുമായി അവിടെ വച്ച് സന്ധിക്കാനുള്ള ഏർപ്പാടാക്കിയിട്ടുണ്ട് ചീഫ്... ഈ പറഞ്ഞ വോൺ ക്രോളിനെക്കുറിച്ച് നീ കേട്ടിട്ടുണ്ടോ...?”

നിഷേധരൂപേണ അവൾ തലയാട്ടി. “കഴിയുന്നതും അവരുടെയൊക്കെ കണ്ണിൽ പെടാതെ മാറി നടക്കാനാണ് ഞങ്ങൾ എന്നും ശ്രമിച്ചിട്ടുള്ളത്...” നനഞ്ഞ ടവൽ കൊണ്ട് അദ്ദേഹത്തിന്റെ മുഖത്തെ അഴുക്ക് ഒപ്പിയെടുക്കവെ അവൾ പറഞ്ഞു. പിന്നെ മുറിവിന് മേൽ പ്ലാസ്റ്റർ വച്ച് ഒട്ടിച്ചു.

“അതുകൊണ്ട് തന്നെയാണ് നിന്നെ അപ്പാർട്ട്മെന്റിൽ ആക്കിയിട്ട് പോകാമെന്ന് ഞാൻ തീരുമാനിച്ചതും... ജർമ്മനിയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന ഇസ്രയേലി ഗ്രുപ്പുകളെക്കുറിച്ച് അയാൾ അധികം അറിയാതിരിക്കുന്നതാണ് നല്ലത്... മറ്റൊന്ന്... ആ വേട്ടനായ്ക്കളിൽ നിന്നും രക്ഷപ്പെടാനായെങ്കിൽ മാർക്ക് തീർച്ചയായും നിന്നെ തേടിയെത്തും...”

“അദ്ദേഹത്തിനതിന് കഴിയുമെന്ന് തോന്നുന്നുണ്ടോ...?” അവൾ ചോദിച്ചു.

“തീർച്ചയായും പ്രത്യാശയ്ക്ക് വകയുണ്ട്... ഈ കനത്ത മഴയത്ത് ഗന്ധം പിടിക്കുവാൻ നായ്ക്കൾക്ക് ബുദ്ധിമുട്ടായിരിക്കും... പിന്നെ മൂടൽ മഞ്ഞും നല്ലൊരു മറയായി വർത്തിക്കും...”

“കുഴപ്പമൊന്നുമില്ലാതെ എത്തിയാൽ മതിയായിരുന്നു...” ഉള്ളിൽ തട്ടിയായിരുന്നു അവൾ പറഞ്ഞത്.

“മാർക്കിനെക്കുറിച്ച് നീ വല്ലാതെ ഉത്ക്കണ്ഠപ്പെടുന്നു അല്ലേ...?”

അവൾ തല കുലുക്കി. “തീർച്ചയായും...  ജനിക്കാതെ പോയ സഹോദരനാണ് എനിക്കയാൾ... അത്രയ്ക്ക് ആത്മബന്ധമുണ്ട് ഞങ്ങൾ തമ്മിൽ...”

വാക്കുകൾക്കായി ഷാവേസ് പരതി. പിന്നെ ഇരുവരും മൌനമായി താഴോട്ടിറങ്ങി. ഹാളിൽ കൊളുത്തിയിട്ടിരുന്ന കോട്ടുകൾക്കിടയിൽ നിന്നും മുട്ടിന് മുകൾ വരെ എത്തുന്ന, മഴ കൊണ്ടാൽ നനയാത്ത തരത്തിലുള്ള ഒരെണ്ണം അദ്ദേഹം തെരഞ്ഞെടുത്തു. പിന്നെ ചേരുന്ന ഒരെണ്ണം കണ്ടെടുക്കാൻ അന്നയെ സഹായിച്ചു.

ഗ്രാമത്തിൽ നിന്നും പുറത്തേക്കുള്ള പാതയിലൂടെ നടക്കുമ്പോഴും അദ്ദേഹം മൌനം വെടിഞ്ഞിരുന്നില്ല. അപഗ്രഥിക്കാനാവാത്ത വിധം വിഷാദം പിടിമുറുക്കിയിരിക്കുന്നു... ഒരു പക്ഷേ, ഉറക്കക്കുറവായിരിക്കാം കാരണം... പേശികളില്ലെല്ലാം വേദന ആരംഭിച്ചിരിക്കുന്നു... മുഖത്തെ മുറിവിന്റെ നൊമ്പരം വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നു...

ഏതാനും മൈലുകൾ താണ്ടിയതും അദ്ദേഹം നിന്നു. “ഇനിയുള്ള ദൂരം റോഡിൽ നിന്നും മാറി മരങ്ങൾക്കിടയിലൂടെ നടക്കുന്നതായിരിക്കും ബുദ്ധി... നമ്മെ തേടി മെയിൻ റോഡിലൂടെ എങ്ങാനും അവർ വന്നാലോ...?”

ഒന്നും ഉരിയാടാതെ അവൾ തല കുലുക്കി. ഇരുവരും റോഡിൽ നിന്നും ഇറങ്ങി ഫിർ മരങ്ങളുടെ ചില്ലകളിലെ ജലകണങ്ങൾ തട്ടി മാറ്റി യാത്ര തുടർന്നു. കുറേ ദൂരം താണ്ടിയതും വേട്ടക്കാർ വിശ്രമത്തിനായി ഉപയോഗിച്ചു വരുന്ന തരത്തിലുള്ള ഒരു ചെറിയ കെട്ടിടം ഷാവേസിന്റെ കണ്ണിൽപ്പെട്ടു. അതിനുമപ്പുറത്തായി കടന്നു പോകുന്ന മെയിൻ റോഡ്... അടുത്ത് ചെന്നപ്പോഴാണ് ആ താവളം ഏറെ നാളായി ഉപയോഗിക്കാതെ കിടക്കുന്നതാണെന്ന് മനസ്സിലായത്. ഒറ്റ വിജാഗിരിയിൽ ഇളകിയാടുന്ന ജാലകപ്പാളി...

ഷാവേസ് വാച്ചിലേക്ക് നോക്കി. നാലര കഴിഞ്ഞതേയുള്ളു. അഞ്ച് മണിക്ക് മുമ്പായി സർ ജോർജ്ജ് എത്തുവാനുള്ള സാദ്ധ്യത കുറവാണ്. 

“ഇനിയുമുണ്ട് അര മണിക്കൂർ...” അദ്ദേഹം അന്നയോട് പറഞ്ഞു. “അതു വരെ നമുക്ക് ഇതിനകത്ത് തങ്ങാം... ഏറിയാൽ അമ്പത് വാരയേയുള്ളൂ മെയിൻ റോഡിലേക്ക്...”

“നിങ്ങളുടെ ഇഷ്ടം പോലെ...” ഷാവേസിന്റെ പിന്നാലെ അവളും കെട്ടിടത്തികത്തേക്ക് കയറി.

ഈർപ്പത്തിന്റെയും പഴമയുടെയും ഗന്ധം അവരുടെ നാസാരന്ധ്രങ്ങളിലേക്കടിച്ചു കയറി. ജാലകപ്പടിയിൽ ഇരുന്ന അവളുടെ നേർക്ക് ഷാവേസ് ഒരു സിഗരറ്റ് നീട്ടി.

സിഗരറ്റ് പുകച്ചു കൊണ്ട് ഒന്നും ഉരിയാടാതെ ഇരുവരും കുറേ നേരം പുറത്തേക്ക് നോക്കി ഇരുന്നു. പതിവിലും മ്ലാനമായിരുന്നു അവളുടെ മുഖം. അല്പം കഴിഞ്ഞ് ഷാവേസ് ചോദിച്ചു. “എന്തു പറ്റി...?”

അവൾ തലയാട്ടി. “ഒന്നുമില്ല... എന്നെക്കൊണ്ട് പരിഹരിക്കാൻ സാധിക്കുന്ന വിഷയങ്ങളല്ലോ ഒന്നും എന്നോർത്ത്...” തിരിഞ്ഞ് അദ്ദേഹത്തെ നോക്കി വിഷാദഛായയിൽ അവൾ പുഞ്ചിരിച്ചു. തനിക്ക് പാകമല്ലാത്ത ആ വലിയ കോട്ടിനുള്ളിൽ ഒരു കോമാളിയെപ്പോലെ തോന്നി അവളുടെ അപ്പോഴത്തെ രൂപം.

“ഈ കോട്ട് ഒട്ടും തന്നെ ചേരുന്നില്ല നിനക്ക്... വളരെ വലുതായിപ്പോയി...” ഷാവേസ് ചിരിച്ചു.

അവൾ തല കുലുക്കി. “ലേബലിൽ മെയ്ഡ് ഇൻ ഇംഗ്ലണ്ട് എന്ന് കണ്ടു...  ഇവിടുത്തെ സത്രത്തിൽ ഇത് എങ്ങനെ വന്നു എന്നാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്...”

“ഏതെങ്കിലും ടൂറിസ്റ്റ് പണ്ടെങ്ങോ ഉപേക്ഷിച്ച് പോയതായിരിക്കും...” അദ്ദേഹം ചുമൽ വെട്ടിച്ചു.

പണ്ടെങ്ങോ.... ആ വാക്കിന് തന്നെയുണ്ട് ഒരു വിഷാദഛായ... നീളത്തിൽ മുഴങ്ങുന്ന ബ്യൂഗിളിന്റെ ശബ്ദം... ശേഷം അണയുന്ന വിളക്കുകൾ... കൂരാക്കൂരിരുട്ട്... ആ ഓർമ്മകൾ ഇപ്പോഴും വേട്ടയാടുന്നു...” അവളുടെ സ്വരത്തിൽ നൊമ്പരമുണ്ടായിരുന്നു.

സിഗരറ്റ് താഴെയിട്ട് അദ്ദേഹം അവളുടെ കൈകളിൽ കയറിപ്പിടിച്ചു. “എന്ത് പറ്റി അന്നാ...? ഒരിക്കലും നിന്നെ ഇതു പോലെ കണ്ടിട്ടില്ല്ലല്ലോ...?”

“അതെ... ശരിയാണ്...” അവൾ പറഞ്ഞു. “പോൾ... നിങ്ങളെ സസൂക്ഷ്മം വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാൻ... ഓരോ ആപൽഘട്ടത്തിലും പ്രകടിപ്പിക്കുന്ന മനഃസാന്നിദ്ധ്യം... ആ സാഹചര്യത്തോടുള്ള പ്രതികരണം... വിജയത്തിന് അവശ്യമായ മനക്കരുത്ത്...” അവൾ തല കുലുക്കി. “ഇല്ല, പോൾ... നിങ്ങൾ ഒരിക്കലും മാറാൻ പോകുന്നില്ല... വേണമെന്ന് നിങ്ങൾ വിചാരിച്ചാൽ പോലും... മുമ്പ് നമ്മൾ ചർച്ച ചെയ്ത കാര്യങ്ങൾ... ഈ ദൌത്യം കഴിഞ്ഞാൽ എന്തൊക്കെയായിരിക്കണം നമ്മുടെ ഭാവി പരിപാടികൾ എന്നൊക്കെ... എല്ലാം വെറും സ്വപ്നങ്ങൾ മാത്രമായി അവശേഷിക്കും...”

ഷാവേസ് അവളുടെ കൈകളിലെ പിടി മുറുക്കി. അദ്ദേഹത്തിന്റെയുള്ളിൽ ദ്വേഷ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു. “എനിക്ക് മാറുവാൻ കഴിയും അന്നാ... ഞാൻ വാക്ക് തരുന്നു... ഈ ദൌത്യം കഴിയുന്നതും എന്നെന്നേക്കുമായി ഈ രംഗത്തോട് ഞാൻ വിട ചൊല്ലും...”

അദ്ദേഹത്തിന്റെ കവിളിൽ തഴുകിയിട്ട് അവൾ തലയാട്ടി. “ഇല്ല പോൾ... നിങ്ങൾക്കതിനാവില്ല... നിങ്ങളും ഞാനും... ഇതാ, ഈ കെട്ടിടവും... കഴിഞ്ഞ ഏതാനും ദിവസങ്ങളായി നമ്മുടെ ജീവിതത്തിലൂടെ കടന്നു പോയ സംഭവങ്ങളും എല്ലാം...  എല്ലാം മിഥ്യ ആയിരുന്നുവെന്ന് നിങ്ങൾ തിരിച്ചറിയും... എന്നെങ്കിലും ഒരിക്കൽ നിങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ ഇതെല്ലാം പണ്ടെങ്ങോ നടന്ന വെറും ഓർമ്മകളായി  അവശേഷിക്കും...” ശോകഭാവത്തിൽ അവൾ പുഞ്ചിരിച്ചു. “മാർലോയുടെ നാടകങ്ങളിലെ ആ ഡയലോഗ് ഓർമ്മയില്ലേ...? പണ്ടെങ്ങോ ആയിരുന്നു അത്... അതും വേറെ ഏതോ ഒരു രാജ്യത്ത് വച്ച്...
 
ഷാവേസ് അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു. ദ്വേഷ്യവും നൊമ്പരവും എല്ലാം അദ്ദേഹത്തിന്റെയുള്ളിൽ തികട്ടി വരുന്നുണ്ടായിരുന്നു. അപ്പോഴാണ് മെയിൻ റോഡിൽ അടുത്തു കൊണ്ടിരിക്കുന്ന ഒരു കാറിന്റെ ശബ്ദം അദ്ദേഹത്തിന്റെ കാതിലെത്തിയത്.

അദ്ദേഹത്തിന്റെ കരവലയത്തിൽ നിന്നും അകന്നു മാറുവാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു. “വരൂ പോൾ... നമുക്ക് പോകാം... സർ ജോർജ്ജ് ആണെന്ന് തോന്നുന്നു അത്...”

തന്നിലേക്ക് വീണ്ടും വലിച്ചടുപ്പിച്ചെങ്കിലും കുതറി മാറുവാൻ ശ്രമിച്ചുകൊണ്ടിരുന്ന അവളെ പതുക്കെ അദ്ദേഹം വിട്ടയച്ചു. ഒന്നും ഉരിയാടാതെ തിരിഞ്ഞ് പുറത്തേക്കിറങ്ങി മരങ്ങൾക്കിടയിലൂടെ മെയിൻ റോഡിലേക്ക് നടന്നു തുടങ്ങിയ അവളെ അദ്ദേഹം അനുഗമിച്ചു.

(തുടരും)

അടുത്ത ലക്കത്തിന്‌ ഇവിടെ ക്ലിക്ക് ചെയ്യുക...

29 comments:

  1. “ഇല്ല പോൾ... നിങ്ങൾക്കതിനാവില്ല... നിങ്ങളും ഞാനും... ഇതാ, ഈ കെട്ടിടവും... കഴിഞ്ഞ ഏതാനും ദിവസങ്ങളായി നമ്മുടെ ജീവിതത്തിലൂടെ കടന്നു പോയ സംഭവങ്ങളും എല്ലാം... എല്ലാം മിഥ്യ ആയിരുന്നുവെന്ന് നിങ്ങൾ തിരിച്ചറിയും... എന്നെങ്കിലും ഒരിക്കൽ നിങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ ഇതെല്ലാം പണ്ടെങ്ങോ നടന്ന വെറും ഓർമ്മകളായി അവശേഷിക്കും...” :(

    ReplyDelete
  2. :(

    സംഭവബഹുലമായ അദ്ധ്യായങ്ങള്‍ക്കിടെ കുറച്ചു സമാധാനപൂര്‍ണ്ണമായ ഒരെണ്ണം .

    ഇനിയോ?

    ReplyDelete
    Replies
    1. കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത...

      Delete
  3. ഹൊ.. സമാധാനമായി.... പക്ഷെ എവിടെയോ ഒരു ചതി പതുങ്ങി ഇരിക്കുന്ന പോലേ...

    ReplyDelete
  4. ഈ വരുന്നവന്‍ ലവന്‍ തന്നെയാണോ?

    ReplyDelete
  5. അടിയും ഇടിയുമില്ലാതെ ക്രിസ്മസ് ലക്കം അവസാനിച്ചു.. ഇനി?

    ReplyDelete
  6. ഇത് ലാസ്റ്റ് പണിയാണെന്ന് ഷാവെസ് പറഞ്ഞത് ഞാൻ വിശ്വസിക്കുന്നില്ല. അതൊന്നും നടക്കേലെന്നേ. അപ്പഴേക്കും വേറൊരു അസൈൻമെന്റുമായിട്ട് ചീഫ് വരും

    ReplyDelete
    Replies
    1. ആ അസൈന്മെന്റാണല്ലോ അജിത്‌ഭായിയുടെ കൈയിൽ ഇരിക്കുന്നത് അല്ലേ...?

      Delete
  7. അന്ന ഷാവേസിനെ ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്.

    ReplyDelete
  8. lavan thanneyaano sreejith..?? athaa samshayam:)

    ReplyDelete
    Replies
    1. ദേ വരുന്നു ലവന്റെ പിന്നാലെ അടുത്തയാൾ... ലവൻ ഇത് വല്ലതും കാണുന്നുണ്ടോ ആവോ...

      Delete
  9. വളരെ ശാന്തമായ ഒരദ്ധ്യായം. കഴിഞ്ഞ അടിപൊളിക്കു ശേഷമുള്ള ഒരു കുഞ്ഞു ശാന്തത. ഒരു തെയ്യാറെടുപ്പിനു മുൻപുള്ള വിശ്രമവസ്ഥ അല്ലെ .....?

    ReplyDelete
  10. അവർ പ്രതീക്ഷിക്കുന്ന ആൾ തന്നെയാവുമോ വരുന്നത് ?

    ReplyDelete
    Replies
    1. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ അറിയാം ഗീതാജീ....

      Delete
  11. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള നിമിഷങ്ങളാണിതെന്ന് കൂട്ടിക്കോളൂ... ഞാൻ അതിശയോക്തി പറയുകയല്ല...”

    ഈ അധ്യായത്തില്‍ ഏറ്റവും ആകര്‍ഷിച്ച വരികള്‍ ... കൊടുംകാറ്റിനു മുമ്പുള്ള ശാന്തതപോലെ ഒരദ്ധ്യായം..
    കാത്തിരിക്കുന്നു..

    ReplyDelete
    Replies
    1. മനസ്സിൽ തട്ടിയോ മാഷേ.... സന്തോഷം...

      Delete
  12. ഈ ഗെഡി അവളെ അനുഗമിക്കുന്നത്
    അടുത്ത കെണിയിൽ പെടാനാണോ അതോ
    മറ്റുള്ളവരെ പെടുത്താനാണോ എന്ന് കണ്ടറിയണം അല്ലെ

    ReplyDelete
    Replies
    1. അന്ന ചതിക്കില്ല മുരളിഭായ്...

      Delete
  13. അതെയതെ. എന്തോ പതുങ്ങിയിരിക്കുന്നുണ്ട്. കണ്ടുപിടിക്കാന്‍ ഇപ്പോഴാ ഈയുള്ളവള്‍ വന്നെ എന്നുമാത്രം. ക്ഷമിക്കൂ.
    നവവത്സരാശംസകള്‍ സഹോദരി സഹോദരന്മാരെ.

    ReplyDelete
    Replies
    1. അതെ... ആരോ എവിടെയോ പതുങ്ങിയിരിക്കുന്നുണ്ട്... ഒഴിവാക്കാനാവാത്ത ദുരന്തം... :(

      Delete
  14. ഇല്ല, പോൾ... നിങ്ങൾ ഒരിക്കലും മാറാൻ പോകുന്നില്ല... വേണമെന്ന് നിങ്ങൾ വിചാരിച്ചാൽ പോലും... മുമ്പ് നമ്മൾ ചർച്ച ചെയ്ത കാര്യങ്ങൾ... ഈ ദൌത്യം കഴിഞ്ഞാൽ എന്തൊക്കെയായിരിക്കണം നമ്മുടെ ഭാവി പരിപാടികൾ എന്നൊക്കെ... എല്ലാം വെറും സ്വപ്നങ്ങൾ മാത്രമായി അവശേഷിക്കും...”


    പാവം അന്ന.മനുഷ്യനെ ദെണ്ണപ്പെടുത്താനായി …………………

    ReplyDelete
    Replies
    1. മനസ്സിൽ തട്ടി... അല്ലേ സുധീ...?

      Delete
  15. ഇടക്ക് അല്പം പ്രേമവും...

    ReplyDelete
  16. പ്രണയവും വിരഹവും ഇഴചേര്‍ന്ന നല്ല ഒരദ്ധ്യായം.

    ReplyDelete

ഈ ലക്കത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഇവിടെ കുറിക്കുമല്ലോ...